താലിക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grey Breasted Prinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Grey-breasted Prinia
eyeing Lannea coromandelica fruit in Shamirpet, Rangareddy district, Andhra Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. hodgsonii
Binomial name
Prinia hodgsonii
Blyth, 1844

ആകൃതിയിലും വലിപ്പത്തിലും തുന്നാരൻ പക്ഷികളോടു സാദൃശ്യമുളള പക്ഷികളാണ്‌ താലിക്കുരുവികൾ‍. സിസ്റ്റികോളിഡെ (Cisticolidae) പക്ഷികുടുംബത്തിന്റെ ഉപകുടുംബമായ ഡ്രൈമോയ്സിനേയിൽ (Drymoicinae)പ്പെടുന്നു. ശാസ്ത്രനാമം: പ്രിനിയ ഹോഡ്സോനൈഅൽബോഗുലാരിസ് (Prinia hodgsoniialbogularis). താലിവാലൻ കുരുവി എന്നും അറിയപ്പെടുന്നു. ഇവ സാധാരണ കുരുവികളേക്കാൾ വലിപ്പം കുറഞ്ഞവയാണ്. മ്യാന്മാർ‍‍, ആസാം, മൈസൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. വടക്കൻ കേരളത്തിൽ പുല്ലും മുൾച്ചെടികളും വളർന്നു നില്ക്കുന്ന ചെങ്കൽ കുന്നുകൾ, കശുമാവിൻ തോട്ടങ്ങൾ, 1500 മീറ്റർ വരെ ഉയരമുളള മലകൾ തുടങ്ങിയ പ്രദേശങ്ങളിൽ ഫെബ്രുവരി മുതൽ നവംബർ വരെയുളള കാലയളവിൽ ഇവയെ കാണാം. പൊന്തകളും പുൽക്കൂട്ടങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം.

3-5 പക്ഷികളുടെ ചെറുകൂട്ടങ്ങളായോ 10-20 പക്ഷികളുടെ കൂട്ടങ്ങളായോ ഇവയെ കാണാം. ഇവ എപ്പോഴും ചലിച്ചു കൊണ്ടിരിക്കും. സദാസമയവും താഴ്ന്ന സ്വരത്തിൽ ശബ്ദിച്ചുകൊണ്ടുമിരിക്കും. യൂസി-യൂസി-യൂസി-വിച്ച്-വിച്ച്-ച്വി-ച്വി-ച്വിച്ച് എന്നിങ്ങനെ നീട്ടിപ്പാടുന്നു. ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലിരിക്കും. പ്രജനനകാലത്ത് പക്ഷിയുടെ ഉപരിഭാഗമെല്ലാം മങ്ങിയ കറുപ്പും അടിഭാഗം വെളുപ്പും നിറമാകുന്നു. മാറിൽ ചാരനിറത്തിൽ ചങ്ങല പോലെ തോന്നിക്കുന്ന ഒരു പട്ട ഉണ്ട്. നീണ്ട വാലിന്റെ അഗ്രഭാഗത്ത് വെളുപ്പു നിറത്തിലുളള പുളളികളും അതിനു തൊട്ടുതാഴെ കടും തവിട്ടുനിറത്തിലുളള പുളളികളുമുണ്ട്. പ്രജനനകാലമല്ലാത്തപ്പോൾ വാലിനറ്റത്തുളള പൊട്ടുകൾ കൂടുതൽ തെളിഞ്ഞു കാണാം. ഇവ സദാസമയവും വാൽ പൊക്കിപ്പിടിച്ച് വിറപ്പിച്ചുകൊണ്ടിരിക്കും.

കീടങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. പുഷ്പങ്ങളിൽ നിന്ന് തേൻ നുകരാറുമുണ്ട്. ഏപ്രിൽ-ജൂലൈ. വരെയുളള മാസങ്ങളിൽ ഇവ തുന്നാരൻ പക്ഷിയുടെ കൂടിനോടു സാദൃശ്യമുളള കൂടു കെട്ടുന്നു. 90-300 മീറ്റർ വരെ ഉയരമുളള സ്ഥലങ്ങളിലാണ് കൂടുകെട്ടുക. വലിയ ഇലകൾ ഒന്നോ രണ്ടോ പ്രാവശ്യം മടക്കി കോണാകൃതിയിലാക്കി പുല്ലും നാരുകളും ചുറ്റി അരികുകൾ തുന്നിയെടുക്കുന്നു. ഇവ വിവിധ നിറങ്ങളിലുളള മൂന്നോ നാലോ മുട്ടകളിടുന്നു. വെളുപ്പ്, നീല, ഇളംചുവപ്പുകലർന്ന വെളള, പച്ച കലർന്ന വെളള എന്നീ നിറങ്ങളിലുളള മുട്ടകളായിരിക്കും. മുട്ടയുടെ വീതികൂടിയ അറ്റത്ത് ഒരു ചെറിയ തൊപ്പി പോലെ തോന്നിക്കത്തക്കവിധത്തിലാണ് മുട്ടയിൽ പൊട്ടുകൾ കാണുക. 14.7 x 11.7 മി.മീറ്ററാണ് മുട്ടയുടെ വലിപ്പം.

ആൺ പെൺ പക്ഷികൾ ഒരുമിച്ച് കൂടുകെട്ടുകയും അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. 11 ദിവസമാണ് അടയിരിപ്പു കാലം.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താലിക്കുരുവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താലിക്കുരുവി&oldid=3115568" എന്ന താളിൽനിന്ന് ശേഖരിച്ചത്