കുട്ടിയും കോലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gilli-danda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടിയും കോലും കളിക്കുന്നതിന്റെ രേഖാചിത്രം (ചിള്ളോൻ അല്ലെങ്കിൽ കുത്തിക്കോരി കളിക്കുന്ന രംഗം)

കേരളത്തിലെ ഒരു നാടൻ കളിയാണ്‌ കുട്ടിയും കോലും. ഇതിനെ ചിലയിടങ്ങളിൽ കൊട്ടിയും പുള്ളും, ചുട്ടിയും കോലും, ചൊട്ടയും മണിയും, ഇട്ടിയും കോലും[1] എന്നൊക്കെയും വിളിക്കുന്നു[അവലംബം ആവശ്യമാണ്]. മലപ്പുറം ജില്ലയിൽ ചുള്ളീം വടിയും എന്ന് പറയുന്നു. ഉത്തരേന്ത്യയിൽ ഇത് ഗുല്ലി ഡൻഡാ എന്നാണ് അറിയപ്പെടുന്നത്. സമാന നിയമങ്ങൾ തന്നെയാണ് അവിടേയും. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു [2] വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു. [3] ഈ കളി ക്രിക്കറ്റിനോടും ബേസ്‌ബോളിനോടും സാദൃശ്യം പുലർത്തുന്നുണ്ട്[4]

പേരിനു പിന്നിൽ[തിരുത്തുക]

ഒരു മുഴം നീളമുള്ള മരക്കമ്പിനെയാണ്‌ കൊട്ടി അഥവാ കോല്‌ എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ രണ്ടര ഇഞ്ച്‌ നീളമുള്ള ഒരു ചെറിയ മരക്കമ്പിനെ പുള്ള്‌ അഥവാ കുട്ടി എന്നും വിളിക്കുന്നു. പുള്ള് എന്നത് ചെറിയ പക്ഷിയാണ്, മരക്കമ്പ് ഈ പക്ഷിയെ ഓർമ്മിപ്പിക്കുന്നതിനാൽ പുള്ള് എന്ന പേർ. ഈ ചെറിയ മരക്കമ്പിനെ (കുട്ടി)) കൊട്ടാൻ ഉപയോഗിക്കുന്നത് കൊണ്ട് കമ്പിന് കൊട്ടി എന്ന പേർ.

ചരിത്രം[തിരുത്തുക]

മഹാഭാരതത്തിൽ പാണ്ഡവരും കൗരവരും കുട്ടിയും കോലും കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടി എടുത്തു കൊടുക്കുന്നതിനായി ഗുരുനാഥനായ ദ്രോണാചാര്യർ രംഗത്തെത്തുന്നതായി പരാമർശമുണ്ട്. [അവലംബം ആവശ്യമാണ്]

കളിക്കുന്ന വിധം[തിരുത്തുക]

നിലത്ത്‌ ഒരു ചെറിയ കുഴിയിൽ പുള്ള്‌/കുട്ടി വെച്ച്‌ കൊട്ടി/കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. [5] പുള്ളിനെ പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കൊട്ടിയെ കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. പുള്ള്‌ വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിർഭാഗം കൊട്ടിയിൽ പുള്ള്‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള്‌ കൊട്ടിയിൽ കൊണ്ടാൽ കളിക്കാരൻ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാൻ. പുള്ളിനെ കൊട്ടികൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണ പുള്ള്‌ എതിർ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയിൽനിന്നും എത്രകൊട്ടി ദൂരത്തിൽ പുള്ള്‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാൾക്ക്‌ 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട്‌ അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ.

കുട്ടനാട് ഭാഗത്ത് കുട്ടിയും കോലും കളിക്കുന്ന രീതി

ഒന്നു മുതൽ ഒൻപത്‌ വരെയുള്ള സംഖ്യകൾക്ക്‌ താഴെ കാണും പ്രകാരം വിളിപ്പേർ[അവലംബം ആവശ്യമാണ്] കൊടുത്തിട്ടുണ്ട്‌. ഈ പേരുകൾക്ക് പ്രാദേശിക വകഭേദങ്ങളുണ്ട്.

സംഖ്യ വിളിപ്പേർ അടിക്കുന്ന രീതി
1 ചൊട്ട്‌ ഉയർത്തിപ്പിടിച്ച കൊട്ടിയും കൈപ്പത്തിയും ചേരുന്ന ഭാഗത്ത്‌ പുള്ള്‌ വെച്ച്‌ അടിക്കുന്ന രീതി.
2 കാളക്കൊമ്പ്‌ ഇടതുകൈയ്യിലെ ചെറുവിരലിനും ചൂണ്ടുവിരലിനും മുകളിൽ പുള്ള്‌ വെച്ച്‌ അടിക്കുന്ന രീതി. (ഇടം കൈയ്യൻമാർക്ക്‌ നേരെ തിരിച്ച്‌)
3 മുക്കാപ്പുറം ഒരു കൈയ്യിൽ കൊട്ടിയും മറുകൈ മുഷ്ടി ചുരുട്ടി കമിഴ്ത്തിപ്പിടിച്ച്‌ അതിനു മുകളിൽ പുള്ള്‌ വെച്ച്‌ അടിക്കുന്ന രീതി.
4 പറമണി ഒരുകൈ കൊണ്ട്‌ പുള്ളിനെ വായുവിൽ വിട്ട്‌ മറുകൈ കൊണ്ട്‌ അടിക്കുന്ന സ്വാഭാവികമായ രീതി.
5 പിഞ്ചം ഒരു കൈ മുഷ്ടി ചുരുട്ടി മലർത്തിപ്പിടിച്ച്‌ അതിനു മുകളിൽ പുള്ള്‌ വെച്ച്‌ അടിക്കുന്ന രീതി.
6 ആനപ്പുറം പുള്ളിനെ തലക്കു മുകളിലേക്ക്‌ എടുത്തെറിഞ്ഞ്‌ തലക്കു മുകളിൽ വെച്ച്‌ തന്നെ അടിക്കുന്ന രീതി.
7 കോഴിക്കാൽ കാൽപ്പാദത്തിൽ പുള്ളിനെ വെച്ച്‌ അടിക്കുന്ന രീതി.
8 മുട്ട്‌ കൈമുട്ടിനു മുകളിൽ പുള്ളിനെ വെച്ച്‌ അടിക്കുന്ന രീതി.
9 ഹോമക്കുറ്റി നിലത്ത്‌ കൂട്ടിവെച്ച മണ്ണിനു മുകളിൽ പുള്ള്‌ വെച്ച്‌ മണ്ണ്‌ തൂളിപ്പോകാതെ അടിക്കുന്ന രീതി.
0 ഒന്നിന്റെ അതേ രീതിയിൽ തന്നെയാണ്‌ കളിക്കുന്നത്‌.

ആദ്യത്തെ പത്തു പോയിന്റുകൾ കളിക്കാരൻ ഇടക്കു പരാജയപ്പെടാതെ ഒന്നിച്ച്‌ നേടേണ്ടതാണ്‌. ഇതിനു പറയുന്ന പേരാണ്‌ ചൊട്ടയിൽ കേറുക. ചൊട്ടയിൽ കേറിക്കഴിഞ്ഞാൽ വീണ്ടും ചൊട്ടു തൊട്ടു തുടങ്ങാം. തെറിച്ച്‌ വീഴുന്ന പുള്ള്‌ എതിർഭാഗം എടുത്തെറിയുമ്പോൾ കളിക്കാരന്‌ അതിനെ തിരിച്ച്‌ അടിച്ച്‌ തെറിപ്പിക്കാവുന്നതാണ്‌. പുള്ള്‌ എത്ര ദൂരത്ത്‌ ചെന്നു വീഴിന്നുവോ അത്രയും കൊട്ടി അളവ്‌ പോയിന്റ് ലഭിക്കും. പക്ഷേ പുള്ള്‌ കൊട്ടിയിൽ തട്ടി പുറകോട്ട്‌ പോയാൽ ഉള്ള്‌ പോയിന്റും പോകും. ഇതിനെ പിങ്കം പോകുക എന്നു പറയുന്നു

വിവിധ പേരുകൾ[തിരുത്തുക]

പ്രാദേശികമായി പലവിധ പേരുകളിലാണ് കളിയുടെ ഓരോ ഭാഗവും അറിയപ്പെടുന്നത്.

തൃശ്ശൂർ ഭാഗത്ത്[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ഭാഗങ്ങളിൽ കാണുന്ന കുട്ടിയും കോലും കളിയും.

ഒറ്റ, സാദാ, മുറി, നാഴി, ഐറ്റി, ആറേങ്ക്, (വില്ലീസ് ഒന്നേ).

ഒറ്റ - ഒരു കയ്യിൽ തന്നെ കുട്ടിയും കൊലും പിടിച്ച്, കുറ്റി മുകളിലേക്ക് ഇട്ട് അടിക്കണം. സാദാ - കാൽ പാദത്തിൽ വെച്ചിരിക്കുന്ന കുട്ടി മുകളിലേക്ക് തെറ്റിച്ച് കോല് കൊണ്ട് അടിക്കണം. മുറി - ഒരു കയ്യിൽ കുട്ടി പിടിച്ച് മറ്റേ കയ്യിലെ കോല് കൊണ്ട് അടിക്കണം നാഴി - ഒരു കയ്യിലിങ്ങനെ മാൻ മുദ്ര പോലെ പിടിച്ചിട്ട് അതിൽ കുട്ടി വെച്ച് തെറ്റിച്ച് കോല് കൊണ്ട് അടിക്കണം ഐറ്റി - ഒരു കൈ മുട്ട് മടക്കി കുട്ടി അതിൽ വെച്ച് തെറ്റിച്ച് മറുകൈ കൊണ്ട് അടിക്കണം. ആറേങ്ക് - കണ്ണിനു മുകളിൽ കുട്ടി വെച്ച് അത് താഴേക്ക് വീഴിച്ച് കോല് കൊണ്ട് അടിക്കണം.

വില്ലീസ് - ഇത് അളവാണ്. അടിച്ച് തെറിപ്പിച്ച കുട്ടിയുടെ അടുത്തേക്ക് കോല് കൊണ്ട് അളക്കുന്നത്. വില്ലീസ് ഒന്ന്, വില്ലീസ് രണ്ട് എന്ന് പറഞ്ഞ് അളക്കുക.

കായംകുളം ഭാഗത്ത്[തിരുത്തുക]

തേക്കൂട്ട, ചാത്തി, മുറി, നാക്കോൺ, ഐറ്റി, ആറാങ്ക്, കുടുക്കുടാ.

മറ്റു ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ബാലരമ ഡൈജസ്റ്റ്,(കേരളത്തിലെ നാടൻകളികൾ)പുസ്തകം4, ലക്കം38
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-23. Retrieved 2007-07-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-28. Retrieved 2007-07-04.
  4. http://www.india9.com/i9show/Kuttiyum-Kolum-72520.htm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-08. Retrieved 2007-07-04.

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടിയും_കോലും&oldid=3803099" എന്ന താളിൽനിന്ന് ശേഖരിച്ചത്