വധശിക്ഷ റഷ്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Russia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ ഇപ്പോൾ റഷ്യയിൽ താൽക്കാലിക നിരോധനത്തിലാണ്. റഷ്യൻ പ്രസിഡന്റ് നടപ്പിലാക്കിയ ഒരു നിരോധനവും റഷ്യയിലെ പർമോന്നത കോടതി നടപ്പാക്കിയ നിരോധനവും നിലവിലുണ്ട്. എങ്കിലും റഷ്യൻ നിയമത്തിൽ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്. വെടിവച്ചുകൊല്ലലായിരുന്നു നിയമപരമായി നൽകാവുന്ന ശിക്ഷാരീതി. 1996-നു ശേഷം റഷ്യയിൽ ആരും വധിക്കപ്പെട്ടിട്ടില്ല. യൂറോപ്യൻ കൌൺസിലിന്റെ നിയന്ത്രണങ്ങൾ ഭാവിയിലും റഷ്യയിൽ വധശിക്ഷ നിലവിൽ വരുന്നതിനെതിരാണ്.

ചരിത്രം[തിരുത്തുക]

മദ്ധ്യകാല റഷ്യയിൽ വധശിക്ഷ അപൂർവ്വമായിരുന്നു. മിക്ക പ്രദേശങ്ങളിലും ഇത് നിരോധിതവുമായിരുന്നു. യാരോസ്ലാവിന്റെ നിയമം ഏതൊക്കെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാമെന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയമങ്ങൾ ഭേദഗതി ചെയ്ത് പിൽക്കാലത്ത രാജ്യത്തിന്റെ മിക്ക ഭാഗത്തും വധശിക്ഷ പൂർണ്ണമായി നിരോധിക്കപ്പെട്ടു.

റഷ്യൻ സാമ്രാജ്യം[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിനും മുൻപ് മിക്ക രാജ്യങ്ങളും ചെയ്തിരുന്ന പോലെ റഷ്യൻ സാമ്രാജ്യവും വ്യാപകമായി വധശിക്ഷ നടപ്പിൽ വരുത്തിയിരുന്നു. 1398-ൽ നിലവിലുണ്ടായിരുന്ന ഒരു നിയമസംഹിത ഒരൊറ്റക്കുറ്റത്തിനാണ് വധശിക്ഷ വ്യവസ്ഥ ചെയ്തിരുന്നത്; രണ്ട് ശിക്ഷകൾക്കു ശേഷമുള്ള മോഷണം മാത്രം.

1497-ൽ നിലവിൽ വന്ന പ്സ്കോവ് കോഡ് കുറ്റങ്ങളുടെ പട്ടിക വികസിപ്പിച്ചു. പള്ളിയിൽ മോഷ്ടിക്കുക, കുതിരയെ മോഷ്ടിക്കുക, കൊള്ളിവയ്പ്പ്, രാജ്യദ്രോഹം എന്നിവയും ശിക്ഷയർഹിക്കുന്ന കുറ്റങ്ങളായി മാറി. 1649-ൽ ഈ പട്ടികയിൽ 63 കുറ്റങ്ങളുണ്ടായിരുന്നു. സർ പീറ്റർ ഒന്നാമന്റെ ഭരണകാലത്ത് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളുടെ എണ്ണം ഇരട്ടിയായത്രേ.

ശിക്ഷാരീതിലൾ മുക്കിക്കൊല്ലലും, ജീവനോടെ കുഴിച്ചുമൂടലും ഉരുക്കിയ ലോഹം തൊണ്ടയിലേയ്ക്കൊഴിക്കലും മറ്റുമായിരുന്നു. ഇന്നത്തെ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂരമാണെങ്കിലും ഈ രീതികൾ അക്കാലത്ത് ലോകത്ത് നിലനിന്നിരുന്ന രീതികളുമായി നോക്കുമ്പോൾ അത്ര ക്രൂരമല്ല എന്നു കാണാം. [1]

റോമനോവ് റാജവംശത്തിന്റെ കാലത്ത് റഷ്യൻ സാമ്രാജ്യത്തിൽ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ശുലത്തിൽ കയറ്റലിനു (ഇംപേൽമെന്റ്) പകരം തൂക്കുശിക്ഷ റഷ്യയിൽ പ്രചാരത്തിലായി.

തൂക്കിക്കൊല്ലലും പാട്ടകൃഷിയും (സെർഫ്ഡം) അലക്സാണ്ടർ II എന്ന ഭരണാധികാരിയുടെ കാലത്ത് ഇല്ലാതാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അവ പുനസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളികളെ തൂക്കിക്കൊല്ലുകയാണുണ്ടായത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പലരുടെയും ശിക്ഷ സാധാരണ ജീവപര്യന്തമായി ഇളവു ചെയ്തു കൊടുത്തിരുന്നുവെങ്കിലും രാജദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ സാധാരണ തൂക്കിക്കൊന്നിരുന്നു. ഫിൻലാന്റിലെ ഗ്രാന്റ് ഡച്ചി, പോളണ്ട് രാജ്യം എന്നിങ്ങനെ റഷ്യൻ സാംമ്രാജ്യത്തിന് കീഴിലായിരുന്ന സ്ഥലങ്ങളിലും ഇതായിരുന്നു സ്ഥിതി. ടാവെറ്റി ലൂക്കാരിനെൻ എന്ന ഫിൻലന്റുകാരനെ ചാരപ്രവർത്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷയായി1916-ൽ തൂക്കിക്കൊന്നതാണ് ഇത്തരത്തിൽ ഒരു ഫിൻലന്റുകാരൻ മരിക്കുന്ന അവസാന സംഭവം.

എലിസബത്ത് രാജ്ഞി 1744-ൽ വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചു. ഇത് 11 വർഷം നീണ്ടുനിന്നു. കുലീന വംശജർക്ക് വധശിക്ഷ നിർത്തലാക്കിയതിനോടുള്ള എതിർപ്പുകാരണം ഇത് വീണ്ടും ആരംഭിക്കേണ്ടി വന്നു. [1]

കാതറിൻ (രണ്ടാമെത്തെ) രാജ്ഞി വധശിക്ഷയോടുള്ള പുച്ഛം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഉചിതമല്ലാത്ത ശിക്ഷയാണെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. "സാധാരണ സമൂഹത്തിൽ വധശിക്ഷ ഉപയോഗമില്ലാത്തതും അനാവശ്യവുമാണ്" എന്നായിരുന്നു കാതറിന്റെ അഭിപ്രായം. തുറുങ്കിൽ കിടക്കുമ്പോഴും പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥതകളുണ്ടാക്കാൻ കഴിവുള്ള വരെ വധിക്കുന്നതിൽ തെറ്റില്ല എന്നും കാതറിൻ രാജ്ഞി അഭിപ്രായപ്പെട്ടിട്ടുണ്ട്. [2] 1824-ൽ പുതിയ പീനൽ കോഡ് നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ വധശിക്ഷയ്ക്കുള്ള വകുപ്പ് അതിലുണ്ടായിരുന്നതുകൊണ്ട് ജനപ്രാതിനിദ്ധ്യ സഭ അതു പാസാക്കാൻ വിസമ്മതിച്ചു. അടുത്ത വർഷം ഡിസംബറിസ്റ്റ് കലാപം പരാജയപ്പെടുകയും 36 വിമതരെ വധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. [1] നിക്കോളാസ് I ചക്രവർത്തി അഞ്ച് വധശിക്ഷകളൊഴികെ മറ്റെല്ലാം ഇളവുചെയ്ത് കൊടുത്തിരുന്നു. 1890-കളുടെ അവസാനത്തോടെ കൊലപാതകക്കുറ്റത്തിന് വധശിക്ഷ സാധാരണഗതിയിൽ നടപ്പാക്കപ്പെടാറില്ലായിരുന്നു. 10–15 വർഷത്തേയ്ക്ക് കഠിനതടവായിരുന്നു കൊലപാതകത്തിനുള്ള ശിക്ഷ. രാജ്യദ്രോഹത്തിന് അപ്പോഴും വധശിക്ഷ നൽകപ്പെടുമായിരുന്നു. വ്ലാഡിമിർ ലെനിന്റെ സഹോദരനെ 1889-ൽ തൂക്കിക്കൊന്നിരുന്നു. 1910-ൽ വധശിക്ഷ വ്യാപകമായി ഉപയോഗിക്കാൻ വീണ്ടും തുടങ്ങി.

സോവിയറ്റ് യൂണിയൻ[തിരുത്തുക]

1917 ഫെബ്രുവരിയിലെ വിപ്ലവത്തിനു ശേഷം നിലവിൽ വന്ന സർക്കാർ വധശിക്ഷ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടിരുന്നു. മാർച്ച് 12-ന് വധശിക്ഷ നിർത്തലാക്കിയെങ്കിലും രണ്ടു മാസത്തിനു ശേഷം യുദ്ധഭൂമിയിൽ വധശിക്ഷ നടപ്പാക്കാമെന്ന തീരുമാനമെടുത്തു. [3] സർക്കാർ പക്ഷേ ഒരു വർഷത്തിൽ താഴെയേ നിലനിന്നുള്ളൂ.

സോവിയറ്റ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉടൻ തന്നെ വധശിക്ഷ നിർത്തലാക്കൽ ശരിവച്ചു. പക്ഷേ വളരെപ്പെട്ടെന്നു തന്നെ ചില കുറ്റങ്ങൾക്ക് വധശിക്ഷ വീണ്ടും കൊണ്ടു വരുകയും ചെയ്തു. ഫാന്നി കാപ്ലാനെ 1918 സെപ്റ്റംബർ 4-ന് ലെനിനെ കൊല്ലാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് വധിച്ചു. അടുത്ത കുറച്ചു പതിറ്റാണ്ടുകൾ വധശിക്ഷ നിരോധിക്കുകയും പുനസ്ഥാപിക്കുകയും ചെയ്തുവന്നിരുന്നു. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ഇങ്ങനെ മാറിമറിഞ്ഞു വന്നിരുന്നു.

ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന ശുദ്ധീകരണത്തിൽ (Great Purge) വളരെപ്പേരെ വധിക്കുകയുണ്ടായി. ചിലപ്പോൾ വിചാരണ പോലുമില്ലാതെയാണ് വധശിക്ഷ നടത്തപ്പെട്ടിരുന്നത്. സാധാരണ ഗതിയിൽ വളരെപ്പെട്ടെന്നു തീർപ്പാക്കുന്ന തരം വിചാരണയാണ് നടത്തിയിരുന്നത്. മൂന്നു പേരടങ്ങിയ ഒരു കമ്മീഷനാണ് മിക്കപ്പോഴും വധശ്ക്ഷ വിധിച്ചിരുന്നത് (NKVD troika). [4] കൃത്യമായി എത്ര വധശിക്ഷ നടപ്പാക്കപ്പെട്ടിരുന്നു എന്ന് വ്യക്തമല്ല. വെടിവച്ചു കൊല്ലലായിരുന്നു സാധാരണ ശിക്ഷാരീതി.

1947 മേയ് 26-ന് വധശിക്ഷ വീണ്ടും നിരോധിക്കപ്പെട്ടു. അതിനു ശേഷം കൂടിയ ശിക്ഷ 25 വർഷത്തെ തടവായിരുന്നു. 1950-ൽ വധശിക്ഷ പുനസ്ഥാപിക്കപ്പെട്ടു. [5] ആദ്യം രാജ്യദ്രോഹത്തിനും പിന്നീട് ചാരവൃത്തിക്കുമായിരുന്നു വധശിക്ഷ പുനസ്ഥാപിക്കപ്പെട്ടത്. അക്രമത്തോടെയുള്ള കൊലപാതകത്തിനും വധശിക്ഷ നൽകാൻ ആരംഭിച്ചു. [1][3] 1960-ലെ പീനൽ കോഡ് വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം കാര്യമായി വർദ്ധിപ്പിച്ചു.

രീതി[തിരുത്തുക]

വാസിലി ഇവാനോവിച്ച് സൂരികോവ് രചിച്ച സ്ട്രെൽറ്റ്സി വധശിക്ഷയുടെ പുലർച്ച എന്ന ചിത്രം.

സാധാരണ പൊതുജനങ്ങൾക്കുമുന്നിൽ വച്ച് ദൈർഘ്യം കുറഞ്ഞ വീഴ്ച്ചയുള്ള തുക്കിക്കൊല്ലലായിരുന്നു ഉപയോഗിച്ചിരുന്നത്. ലൂക്കാറിനെന്റെ കേസിലേതുപോലെ മരക്കൊമ്പിലോ പ്രത്യേകമായി തയ്യാറാക്കിയ തൂക്കുമരത്തിലോ ആയിരുന്നു തൂക്കിക്കൊന്നിരുന്നത്.

1917-ലെ വിപ്ലവത്തിന് ശേഷം മരണശിക്ഷ കടലാസിൽ നിറുത്തലാക്കിയെങ്കിലും ഭരണകൂടത്തിന്റെ ശത്രുക്കളെന്നു കരുതുന്നവർക്കെതിരെ തുടർച്ചയായി ഉപയോഗിച്ചു വന്നിരുന്നു. ബോൾഷെവിക്കുകൾക്ക് കീഴിൽ മിക്ക വധശിക്ഷകളും വെടിവയ്പ്പിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. റഷ്യയിൽ അവസാനം തൂക്കിക്കൊല്ലപ്പെട്ടത് 1946-ൽ ആന്ദ്രേ വ്ലാസോവ് എന്നയാളും അനുയായികളുമായിരുന്നു.

റഷ്യയിൽ ഇപ്പോൾ നിലവിലുള്ള ശിക്ഷാരീതി വെടിവച്ചുള്ള വധശിക്ഷയാണ്. എങ്ങനെയാണ് വധശിക്ഷ നടപ്പാക്കേണ്ടത് എന്ന് ഇതുസംബന്ധിച്ച ചട്ടം വ്യക്തമാക്കുന്നില്ല. രഹസ്യസ്വഭാവം കാരണം ശിക്ഷ നടപ്പാക്കുന്നതെങ്ങിനെ എന്ന് വ്യക്തമല്ല. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നടന്നിരുന്ന ശിക്ഷാരീതി ഇങ്ങനെയാണ്. പ്രതിയ വധശിക്ഷയെക്കുറിച്ചറിയിക്കാതെ ശബ്ദം പുറത്തു കടക്കാത്ത ശിക്ഷാമുറിയിലേയ്ക്ക് കൊണ്ടുപോകും. ഇവിടെവച്ച് അപ്പീൽ തള്ളപ്പെട്ടകാര്യം വെളിപ്പെടുത്തും. ഉടൻ തന്നെ കണ്ണ് മൂടിക്കെട്ടി മണൽച്ചാക്കുകൾക്കു മുന്നിൽ മുട്ടു കുത്തിയിരിക്കാൻ ആവശ്യപ്പെട്ട ശേഷം കഴുത്തിൽ ഒറ്റ വെടി വയ്ക്കും. പിസ്റ്റൾ കൊണ്ടാണ് വെടിയുതിർക്കുക. വധശിക്ഷ നടപ്പാക്കപ്പെട്ട ശേഷമായിരിക്കും കുടുംബത്തിനെ വിവരമറിയിക്കുക. ശവശരീരം രഹസ്യമായി കുഴിച്ചുമൂടുകയും ചെയ്യും. ജയിലുദ്യോഗസ്ഥരല്ലാതെ ആരെയും വധശിക്ഷ കാണാനനുവദിക്കുകയുമില്ല. [6]

ഇപ്പോഴത്തെ നില[തിരുത്തുക]

നിയമപരമായ നിയന്ത്രണങ്ങൾ[തിരുത്തുക]

റഷ്യൻ ഭരണഘടനയുടേ ആർട്ടിക്കിൾ 20 വ്യവസ്ഥ ചെയ്യുന്നത് എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ്. "നിർത്തലാക്കും വരെ മനുഷ്യജീവനെതിരായ ഏറ്റവും ഗുരുതരമായ കുറ്റങ്ങൾക്കേ വധശിക്ഷ നടപ്പാക്കാവൂ" എന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. വധശിക്ഷകൾ ജൂറി വിചാരണയിലൂടെയേ നൽകാവൂ എന്നും നിഷ്കർഷിക്കുന്നുണ്ട്. [7] വധശിക്ഷ ഭാവിയിൽ നിരോധിക്കണമെന്ന് ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടെന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. [3]

നിലവിലുള്ള പീനൽ കോഡിൽ[8] അഞ്ചു കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ അനുവാദമുണ്ട്:

  • അക്രമത്തോടെയുള്ള കൊലപാതകം(ആർട്ടിക്കിൾ 105.2)
  • പാർലമെന്ററി അന്വേഷണത്തിലോ, നിയമപാലനത്തിലോ മുഴുകിയിരിക്കുന്നവരുടെ ജീവൻ അപകടത്തിൽ പെടുത്തുക (ആർട്ടിക്കിൾ 295)
  • നിയമപാലകന്റെ ജീവൻ അപകടത്തിൽ പെടുത്തുക (ആർട്ടിക്കിൾ 317)
  • പൊതുജീവിതം നയിക്കുന്നവരുടെയോ രാഷ്ട്രീയ നേതാക്കളുടേയോ ജീവൻ അപകടത്തിൽ പെടുത്തുക (ആർട്ടിക്കിൾ 277)
  • വംശഹത്യ (സെക്ഷൻ 357).

ഒരു കുറ്റത്തിനും വധശിക്ഷ നിർബന്ധമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കും ജീവപര്യന്തം തടവും നൽകാവുന്നതാണ്. ഇരുപതു വർഷത്തിൽ കൂടുതലുള്ള തടവ് നൽകാൻ സാദ്ധ്യവുമല്ല. കുറ്റം നടക്കുമ്പോൾ 18 വയസിൽ താഴെയോ 65 വയസിനു മുകളിലോ പ്രായമുള്ളവരെയും സ്ത്രീകളെയും വധശിക്ഷ നൽകാനുള്ള വിധി പുറപ്പെടുവിക്കാനും പാടില്ല. [1] However, there were a few cases of women executed anyway, such as Antonina Makarova in 1978.[9]

പൊതുജനാഭിപ്രായം[തിരുത്തുക]

അടുത്തകാലത്തായി നടന്നഒരു അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നത് 75% ആൾക്കാരും വധശിക്ഷ നടപ്പാക്കുന്നതിനോട് വിരോധമില്ലാത്തവരാണെന്നാണ്. വെറും 4% ആൾക്കാർക്കേ വധശിക്ഷയ്ക്കെതിരായ ശക്തമായ നിലപാടുള്ളൂ. 44% ആൾക്കാർക്കും വധശിക്ഷ ന്യായമാണെന്ന അഭിപ്രായമാണുണ്ടായിരുന്നത്. 9% പേർക്കും വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്ന അഭിപ്രായമാണുണ്ടായിരുന്നത്. 5% പേർക്ക് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവു നടപ്പിലാക്കുന്നതിന്റെ സാമ്പത്തികച്ചെലവ് അംഗീകരിക്കാൻ സാദ്ധ്യമല്ല എന്ന അഭിപ്രായമായിരുന്നു. 4% പേർ നീണ്ട തടവുശിക്ഷയുടെ അർത്ഥമില്ലായ്മയാണ് ചൂണ്ടിക്കാണിച്ചത്. കൈക്കൂലി കൊടുത്ത് ജയിലിൽ നിന്ന് രക്ഷപെടാൻ സാദ്ധ്യതയുള്ളിടത്തോളം കാലം വധശിക്ഷ മാത്രമാണ് അർത്ഥപൂർണ്ണമായ ശിക്ഷയെന്നാണ് 3% ആൾക്കാരുടെ അഭിപ്രായം. 1% ആൾക്കാരുടെ വിശ്വാസം വധശിക്ഷയാണ് ജീവപര്യന്തത്തേക്കാൾ കൂടുതൽ മനുഷ്യത്വമുള്ള ശിക്ഷാരീതി എന്നാണ്.

വധശിക്ഷയെ എതിർക്കുന്നവരും മരണം കുറ്റവാളികളെ എളുപ്പത്തിൽ രക്ഷപെടാനനുവദിക്കുന്നതിനാൽ ജീവപര്യന്തമാണ് കൂടുതൽ നല്ല ശിക്ഷ എന്ന അഭിപ്രായക്കാരാണ്. 3% പേരും ജീവനെടുക്കാൻ ദൈവത്തിനേ അവകാശമൂള്ളൂ എന്ന അഭിപ്രായമുള്ളവരാണ്. 1% പേർ പറയുന്നത് റഷ്യയിലെ ജനസംഖ്യ കുറയുന്നതുകാരണം ആളുകളെ വധിക്കുന്നതിൽ അർത്ഥമില്ല എന്നാണ്.

ഇപ്പോൾ വധശിക്ഷ നിർത്തിവച്ചിരിക്കുന്നത് 55% പേർ എതിർക്കുമ്പോൾ 28% പേരേ അനുകൂലിക്കുന്നുള്ളൂ. [10] ചില രാഷ്ട്രീയക്കാർ വധശിക്ഷ പുനരാരംഭിക്കാണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. [11] വധശിക്ഷ സ്ഥിരമായി നിർത്തലാക്കണെമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. [12]

ശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

യൂറോപ്യൻ കൗൺസിലിൽ അംഗത്വം കിട്ടാനുള്ള ഒരു വ്യവസ്ഥ മരണശിക്ഷ ഒരു കുറ്റത്തിനും നൽകാൻ പാടില്ല എന്നതാണ്. വധശിക്ഷ സ്ഥിരമായി നിർത്തലാക്കുന്നതാണ് സാധാരണ രീതിയെങ്കിലും താൽക്കാലിക നിരോധനവും അംഗത്വത്തിനുള്ള യോഗ്യതയായി പരിഗണിക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ നിയമപ്രകാരം 1996 ജനുവരി 25-ന് താൽക്കാലിക നിരോധനം കൊണ്ടുവരാനും മൂന്നു വർഷത്തിനുള്ളിൽ വധശിക്ഷ നിർത്തലാക്കാനും ആവശ്യപ്പെട്ടു. ഇതംഗീകരിച്ചതോടെ റഷ്യ കൗൺസിൽ അംഗമായി. [13] യധാർത്ഥത്തിൽ നിരോധനം നിലവിൽ വന്നോ എന്നത് വിവാദത്തിനിടയാക്കിയ വിഷയമാണ്. [14]

1996 മേയ് 16-ന് പ്രസിഡന്റ് ബോറിസ് യെൽറ്റ്സിൻ വധശിക്ഷ പടിപടിയായി കുറച്ച് ഇല്ലാതാക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവിൽ വധശിക്ഷ നിരോധിച്ചുകൊണ്ടുള്ള ഒരു നിയമം പാസാക്കാൻ നിയമസഭയോട് ആവശ്യപ്പെടുന്നുണ്ട്. [14] ഈ ഉത്തരവ് നിരോധനമായി അംഗീകരിച്ചുകൊണ്ട് യൂറോപ്യൻ കൗൺസിലിൽ റഷ്യയ്ക്ക് അംഗത്വം കൊടുത്തുവെങ്കിലും ഇതിനു ശേഷവും വധശിക്ഷകൾ നടന്നിട്ടുണ്ട്. ഇതിനു ശേഷം റഷ്യയ്ക്ക് പല അന്ത്യശാസനങ്ങളും നൽകപ്പെട്ടു. ഇതുകാരണം പുതിയ നിയമങ്ങൾ പാസാക്കപ്പെടുകയും 1996-നു ശേഷം വധശിക്ഷകൾ നിലയ്ക്കുകയും ചെയ്തു. [13] റഷ്യയിൽ വധിക്കപ്പെട്ട അവസാന വ്യക്തി തുടർക്കൊലപാതകിയായ സെർജി ഗോലോവ്കിൻ എന്നയാളാണ്. 1996 ആഗസ്റ്റ് 2-നാണ് ഇയാളെ വെടിവച്ച് കൊന്നത്.

1999 ഫെബ്രുവരി 2-ന് റഷ്യയിലെ ഭരണഘടനാ കോടതി വധശിക്ഷകൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ഉത്തരവിറക്കി. ജൂറികളെ ഉപയോഗിച്ച് വിചാരണ രാജ്യത്തിന്റെ എല്ലാ ഭാഗത്തും തുടങ്ങിയിട്ടില്ലാത്തതിനാലായിരുന്നു സ്റ്റേ. [14]

2006 നവംബർ 15ന് റഷ്യയിലെ ഡ്യൂമ ജൂറി വിചാരണ നടപ്പാക്കുന്നതും വധശിക്ഷയുടെ നിരോധനവും മൂന്ന് വർഷത്തേയ്ക്ക് നീട്ടി. [15]

ഇതിനു ശേഷം 2009 നവംബർ 19-ന് ഭരണഘടനാ കോടതി മനുഷ്യാവകാശങ്ങളുടെ യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോൾ രാജ്യം അംഗീകരിക്കുന്നതുവരെ വധശിക്ഷാ നിരോധനം നീട്ടി. സമാധാനകാലത്ത് വധശിക്ഷ നടക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായി. [16] T

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 казнь (правовое регулирование)archived on November 3, 2005 from the original
  2. Екатерина II Великая: Статьи: Императрица Екатерина II и ее "Наказ"
  3. 3.0 3.1 3.2 Army soul of Russia Archived 2009-05-10 at the Wayback Machine. Yakov Krotov
  4. Stalinism.ru: Смертная казнь в СССР в 1937-38 годах[പ്രവർത്തിക്കാത്ത കണ്ണി]
  5. The Soviet Penal System in the USSR and the SBZ/GDR Retrieved 3 April 2010.
  6. Gypsy Laborer Faces Execution In Belarus CBS News, October 13, 2009
  7. Глава 2. Права и свободы человека и гражданина | Конституция Российской Федерации
  8. "Уголовный кодекс Российской Федерации". Archived from the original on 2001-12-24. Retrieved 2001-12-24.
  9. Woman who executed 1,500 people in WWII faced death sentence in 30 years
  10. Lenta.ru: В России: Три четверти россиян поддерживают смертную казнь
  11. Lenta.ru: Кавказ: Замгенпрокурора Колесников призвал восстановить смертную казнь
  12. Сергей Пашин. О природе смертной казни
  13. 13.0 13.1 Смерть - Тайны Смерти :: Tanatos :: Дневники Живых - Мертвые И Призраки :: Жизнь После Смерти. Смертная Казнь
  14. 14.0 14.1 14.2 "7 МЕСЯЦЕВ ДО СМЕРТНОЙ КАЗНИ". Archived from the original on 2008-09-04. Retrieved 2012-06-24.
  15. Госдума отсрочила введение смертной казни в России
  16. Lenta.ru: Конституционный суд запретил применять в России смертную казнь
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_റഷ്യയിൽ&oldid=3910532" എന്ന താളിൽനിന്ന് ശേഖരിച്ചത്