ഹോസിയായുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Book of Hosea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിന്റേയും പഴയ നിയമം എന്നു ക്രിസ്ത്യനികൾ വിളിക്കുന്ന രചനാസഞ്ചയത്തിന്റെയും ഭാഗമായ ഒരു ഗ്രന്ഥമാണ് ഹോസിയായുടെ പുസ്തകം. ചെറിയ പ്രവചകന്മാർ(minor prophets) എന്ന പേരിൽ അറിയപ്പെടുന്ന 12 പുസ്തകങ്ങളിൽ ആദ്യത്തേതായാണ് ഇതു ബൈബിൾ സംഹിതകളിൽ കാണാറ്. ഏകീകൃത ഇസ്രായേലിന്റെ വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാഷ്ട്രത്തിന്റെ ക്ഷതിപതനങ്ങൾക്കിടെ, എബ്രായ ചരിത്രത്തിലെ ഇരുണ്ടതും വിഷാദപൂർണ്ണവുമായ ക്രി.മു. എട്ടാം നൂറ്റാണ്ടിലെ ഒരു കാലഘട്ടമാണ് ഹോസിയാ പ്രവാചകന്റെ പശ്ചാത്തലം. അന്യദേവന്മാരെ ആരാധിക്കുക വഴി യഹോവയോട് ഇസ്രായേൽ ജനം കാട്ടിയതായി കരുതപ്പെട്ട അവിശ്വസ്തതയും അതിന്റെ പ്രത്യാഖ്യാതങ്ങളുമാണ് ഈ കൃതിയുടെ വിഷയം. ജനവും ദൈവവുമായുള്ള ബന്ധത്തെ ചിത്രീകരിക്കാൻ വിവാഹബന്ധത്തിലെ വിശ്വസ്തതയുടേയും വഞ്ചനയുടേയും രൂപകങ്ങൾ ബൈബിളിൽ സാധാരണമാണ്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഈ കൃതി.

ഉള്ളടക്കം[തിരുത്തുക]

ഹോസിയായുടെ പുസ്തകത്തിന്റെ മൂലപാഠം ഏറെ വിഷമം പിടിച്ചതാണ്. അതിന്റെ മിക്കവാറും പരിഭാഷകൾ ഏറിയ അളവിൽ വ്യാഖ്യാനങ്ങളേയും ഊഹങ്ങളേയും ആശ്രയിച്ചുള്ളതാണ്. അവ്യക്തതയുടെ കുപ്രസിദ്ധിയിൽ ഇത് ബൈബിളിലെ എല്ലാ ഗ്രന്ഥങ്ങളേയും അതിലംഘിക്കുന്നതായി പറയപ്പെടുന്നു.[1]

ജെറൊബോവാം രണ്ടാമൻ രാജാവിന്റെ വൃഷഭദൈവങ്ങളുടേയും (calves), കാനാനിയെ ദേവനായ ബാലിന്റേയും ആരാധനയിലേക്കു തിരിഞ്ഞ ഇസ്രായേൽ ജനം യഹോവയോട് കാട്ടിയ അവിശ്വസ്തതയുടെ ചിത്രീകരണവും വിമർശനവും, അവിശ്വസ്തത മൂലം വന്ന ദുരവസ്ഥയിൽ നിന്നു മോചനത്തിന്റെ സദ്വാർത്തയുമാണ് ഹോസെയായുടെ പുസ്തകത്തിന്റെ ഉള്ളടക്കം.[2] ബാലിന്റെ ആരാധനയിൽ ലൈംഗികതക്രിയകൾ കൂടി ഉൾപ്പെട്ടിരുന്നതിനാൽ അതിനെ ആത്മീയമായ അവിശ്വസ്തതയെന്ന പോലെ അക്ഷരാർത്ഥത്തിലുള്ള വ്യഭിചാരമായിപ്പോലും ചിത്രീകരിക്കാൻ സാധിക്കുമായിരുന്നു. ദൈവവുമായുള്ള ബന്ധത്തിൽ ജനങ്ങൾ കാട്ടിയ അസ്ഥിരതയുടെ വിവരണത്തിന് പ്രവാചകന്റെ തന്നെ തിക്താനുഭവങ്ങൾ നിറഞ്ഞ ദാമ്പദ്യജീവിതത്തെ ആശ്രയിക്കുന്നതിന് ഇതും ന്യായീകരണമായി.[1]

വിവാഹം, മക്കൾ[തിരുത്തുക]

ചഞ്ചലയും ദുഷ്കീർത്തിയും ആയ ഗോമേർ എന്ന പെണ്ണിനെ വിവാഹം കഴിക്കാൻ പ്രവാചകനോട് ദൈവം നിർദ്ദേശിക്കുന്നതു പറഞ്ഞാണ് ഹോസിയായുടെ പുസ്തകം തുടങ്ങുന്നത്. ഈ നിർദ്ദേശം പ്രവാചകൻ അനുസരിക്കുന്നു. ദൈവവും ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുകയായിരുന്നു ഈ ദാമ്പദ്യം. ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിച്ച് അവിശ്വസ്തത കാട്ടിയ ഇസ്രായേലിന്റെ പ്രതീകമായിരുന്നു ദുഷ്കീർത്തിയും അവിശ്വസ്തയുമായ ആയ പത്നി. പ്രവാചകന് ഗോമേറിൽ പിറന്ന ആദ്യസന്താനമായ മകന് 'ജെസ്രീൽ' എന്നു പേരിടാൻ യഹോവ കല്പിച്ചു. ഇസ്രായേലിലെ ഉത്തരരാജ്യത്തെ രാജാക്കന്മാർ ഏറെ രക്തച്ചൊരിച്ചിലുകൾ നടത്തിയിട്ടുള്ള ജെസ്രീൽ താഴ്വരയെ ആണ് ആ പേരു സൂചിപ്പിച്ചത്.[3] 'ജെസ്രീൽ' എന്ന പേരിന് "ദൈവം വിതയ്ക്കുന്നു" എന്നും അർത്ഥമുണ്ട്. ഇസ്രായേലിൽ അപ്പോൾ ഭരണം നടത്തിക്കൊണ്ടിരുന്ന രാജാക്കന്മാർക്ക് അവർ ചൊരിഞ്ഞ രക്തത്തിന് സമാധാനം പറയേണ്ടി വരുമെന്ന സൂചനയായിരുന്നു ഈ പേരിൽ.


തുടർന്ന് ഗോമേർ ഒരു മകളെ പ്രസവിക്കുന്നു. അവൾക്ക് ദൈവം നിർദ്ദേശിച്ചത് 'ലോ റുഹാമാ" എന്ന പേരാണ്; "സ്നേഹിക്കപ്പെടാത്തത്", "ദയനീയമായത്" എന്നൊക്കെയാണ് ആ പേരിനർത്ഥം. യഹോവ ദക്ഷിണരാജ്യമായ യൂദയായോട് കരുണകാണിക്കുമെങ്കിലും ഉത്തര ഇസ്രായേൽ രാഷ്ട്രത്തോട് നിർദ്ദയം പെരുമാറുമെന്നും അതിന്റെ നാശം അടുത്തിരിക്കുന്നെന്നും ആയിരുന്നു ആ പേരിന്റെ സൂചന. പിന്നെ ഗോമേർ ഒരു മകനെക്കൂടി പ്രസവിക്കുന്നു. അവന് ദൈവം നിർദ്ദേശിച്ച "ലോ അമ്മി" എന്ന പേരിന് "എന്റേതല്ലാത്തത്" എന്നാണർത്ഥം. അവൻ പ്രവാചകന്റെ പുത്രനാണോ എന്നു തന്നെ വ്യക്തമല്ല. ഉത്തര ഇസ്രായേലിനെ യഹോവ കൈവിടുമെന്നും ദൈവത്തിന്റെ ജനം എന്നറിയപ്പെടുകപോലും ചെയ്യത്ത മാനക്കേടിൽ ആ ദേശം അകപ്പെടും എന്നുമുള്ളതിന്റെ സുചനയായിരുന്നു ആ പേര്. "ഞൻ ആകുന്നവനല്ല" എന്നും പ്രവചനത്തിന്റെ ഈ ഭാഗത്ത് കാണാം. ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിൽ ദൈവം സ്വന്തം പേരു മാറ്റി എന്നാണ് അതിലെ സൂചന.

ഒരു നാൾ ഈ അവസ്ഥ മാറി ദൈവം ഇസ്രായേലിനോട് കരുണ കാണിക്കും എന്ന പ്രവചനവും തുടർന്നു കാണാം.

ഉപേക്ഷ, വീണ്ടെടുപ്പ്[തിരുത്തുക]

രണ്ടാം അദ്ധ്യായത്തിൽ പ്രവാചകൻ, അവിശ്വസ്തതകാട്ടിയ ഗോമേറുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നു. എങ്കിലും, ദൈവം ഒരിക്കൽ ഇസ്രായേലിനെ അന്വേഷിച്ചു കണ്ടെത്തി സ്വീകരിച്ച് അവരുമായുള്ള ഉടമ്പടി പ്രേമപൂർവം നവീകരിക്കുമെന്ന പ്രവചനത്തിലാണ് ഈ അദ്ധ്യായം സമാപിക്കുന്നത്.

മൂന്നാം അദ്ധ്യായത്തിൽ ദൈവത്തിന്റെ നിർദ്ദേശം അനുസരിച്ച് ഹോസെയാ ഗോമേറിനെ തേടിപ്പോകുന്നു. അവൾ സ്വയം അടിമയായി വിൽക്കുകയോ, വിട്ടുകൊടുക്കാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ഒരു കാമുകന്റെ കയ്യിൽ പെടുകയോ ചെയ്തിരിക്കാം. ഏതായാലും പ്രവാചകന് അവളെ പതിനഞ്ചു വെള്ളിനാണയങ്ങളും ഒന്നര ഹോമർ യവവും വിലയായി കൊടുത്തു വാങ്ങേണ്ടി വരുന്നു.[4] ഹോസെയാ ഭാര്യയെ വീട്ടിൽ കൊണ്ടു പോകുന്നെങ്കിലും ദിവസങ്ങളോളം അവളുമായുള്ള ശാരീരികബന്ധത്തിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുന്നു. ഇസ്രായേലിനെ ദൈവം ഒടുവിൽ എന്തു വിലകൊടുത്തും വീണ്ടെടുക്കുമെങ്കിലും ഏറെക്കാലം അതിന് രാജാവില്ലാതിരിക്കും എന്നതിനെയാണ് ഇതു സൂചിപ്പിച്ചത്.

വിപുലീകരണം[തിരുത്തുക]

ഒന്നു മുതൽ മൂന്നു വരെ ആദ്ധ്യായങ്ങളിലുള്ള ദാമ്പദ്യരൂപകത്തിന്റെ വിപുലീകരണമാണ് അവശേഷിക്കുന്ന 11 അദ്ധ്യായങ്ങളിൽ.

4 മുതൽ 10 വരെ അദ്ധ്യയങ്ങളിൽ ഉത്തര ഇസ്രായേൽ രാജ്യത്തെ തള്ളിക്കളയുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ അരുളപ്പാടുകൾ (oracles) ആണ്. താൻ ഏറെ സ്നേഹിച്ച ഉത്തരരാജ്യത്തെ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചുള്ള ദൈവത്തിന്റെ പരിതാപമാണ് പതിനൊന്നാം അദ്ധ്യായത്തിൽ. അവരെ പൂർണ്ണമായും കൈവിടുകയില്ലെന്ന വാഗ്ദാനവും അതിലുണ്ട്. പന്ത്രണ്ടാം അദ്ധ്യായത്തിൽ പ്രവാചകൻ ഇസ്രായേലിനോട് പശ്ചാത്താപിക്കാൻ ഇരക്കുന്നു. പശ്ചത്തപിക്കാതിരുന്ന ആ രാജ്യത്തെ അസീറിയ നശിപ്പിക്കുമെന്ന പ്രവചനമാണ് 13-ആം അദ്ധ്യായത്തിൽ. 14-ആം അദ്ധ്യായത്തിൽ, ദൈവത്തോടു മാപ്പിരക്കാനും വിശ്വസ്തത പുലർത്താനും ഇസ്രായേലിനോടാവശ്യപ്പെടുന്ന പ്രവാചകൻ വീണ്ടെടുപ്പിന്റെ വാഗ്ദാനം ആവർത്തിക്കുന്നു.

വിലയിരുത്തൽ[തിരുത്തുക]

പരസ്പരവിരുദ്ധമായ ഭാവങ്ങൾ നിറഞ്ഞ രചനയാണ് ഹോസിയായുടെ പുസ്തകം. അതിരില്ലാത്ത ക്രോധത്തിന്റേയും തരളമായ ദയാപ്രേമങ്ങളുടേയും ഭാവങ്ങൾ ഇടവിട്ട് പ്രകടിപ്പിക്കുന്ന ദൈവത്തെയാണ് അതിൽ കാണാനാകുന്നത്. "വിരുദ്ധവികാരങ്ങളുടെ മത്സരത്തിൽ വലിഞ്ഞുകീറുന്ന ദൈവഹൃദയത്തിന്റെ ചിത്രം" എന്ന് ഈ രചന വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്ന ദൈവനീതിയും ക്ഷമക്കായി നിലവിളിക്കുന്ന ദൈവകോപവുമാണ് അതിലെ വിരുദ്ധഭാവങ്ങൾ.[1] ബൈബിൾ പണ്ഡിതനായ മൈക്കൽ ഡി. കൂഗൻ, ഹോസെയായുടെ പുസ്തകത്തെ അതിലെ ദാമ്പദ്യരൂപകത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക സാഹിത്യജനുസ്സിൽ പെടുത്തിയിട്ടുണ്ട്. ദൈവം ഇസ്രായേലിൽ അവിശ്വസ്തത ആരോപിക്കുന്ന ഈ കൃതി "ഉടമ്പടിവ്യവഹാരം" (covenant lawsuit) എന്ന ജനുസ്സിൽ പെടുന്നതായി അദ്ദേഹം കരുതി.[5]


ഹോസിയായുടെ പുസ്തകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദാമ്പദ്യം ദൈവവും ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രമാണെന്ന കാര്യത്തിൽ മിക്കവാറും പണ്ഡിതന്മാർ യോജിക്കുന്നുണ്ടെങ്കിലും ആ രൂപകം, പ്രത്യേകിച്ച് സ്ത്രീപക്ഷവായനയിൽ, ആധുനിക സംവേദനത്തെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. രണ്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രവാചകപത്നി ഗോമേർ, സ്ത്രീവർഗ്ഗത്തിന്റേയും വിവാഹബന്ധത്തിൽ അവർക്കുള്ള പങ്കിന്റേയും പ്രതികൂലചിത്രമാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്. “അവളെ ഞാൻ തുണിയുരിച്ച് പിറന്ന ദിനത്തിലെന്ന പോലെ നഗ്നയാക്കും. വേശ്യലോകത്തിന്റെ സന്തതികളായ അവളുടെ മക്കളോട് ഞാൻ കരുണകാട്ടുകയില്ല" (2:3-4) എന്നും മറ്റുമുള്ള വാക്യങ്ങൾ ഈ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹബന്ധത്തേയും അതിൽ സ്ത്രീക്കുള്ള പങ്കിനേയും കുറിച്ച്, 'ഹോസിയാ'-യുടെ പുരുഷനായ എഴുത്തുകാരൻ, ബഹുഭൂരിപക്ഷം പുരുഷന്മാരായ അക്കാലത്തെ വായനക്കാരുമായി പങ്കുവച്ചിരുന്ന ധാരണകളാണ് ഈ ഈ രൂപകത്തിൽ പ്രതിഫലിച്ചു കാണുന്നതെന്ന് ബൈബിൾ പണ്ഡിതനായ എഹൂദ് ബെൻ സ്വി അഭിപ്രായപ്പെടുന്നു. [6] വിവാഹബന്ധത്തിൽ ഭാര്യയുടെ മേലുള്ള ഭർത്താവിന്റെ സമ്പൂർണ്ണമേധാവിത്വം അംഗീകരിച്ചിരുന്ന ഒരു സമൂഹത്തെ ലക്ഷ്യമാക്കിയാണ് 'ഹോസിയാ' എഴുതിയത്. സ്ത്രീപക്ഷ ബൈബിൾ പണ്ഡിതയായ ട്രിസ്റ്റാൻ ജെ. കോണലിയും ഈ അഭിപ്രായത്തെ അംഗീകരിച്ചിട്ടുണ്ട്.[7]യഹോവയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ അസന്തുലിത സ്വഭാവം അക്കാലത്തെ ദാമ്പദ്യസങ്കല്പങ്ങളുമായി ചേർന്നു പോകുന്നതായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു.[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഹോസിയായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറങ്ങൾ 290-92)
  2. 1 രാജാക്കന്മാർ 12:26-30; ഹോസിയായുടെ പുസ്തകം 8:4-6
  3. 1 രാജാക്കന്മാർ 21; 2 രാജാക്കന്മാർ 9:21-35)
  4. ഹോസിയായുടെ പുസ്തകം 3:2
  5. Coogan, Michael David Coogan, A Brief Introduction to the Old Testament: The Hebrew Bible in Its Context (New York: Oxford University Press, 2009), 265.
  6. Ben Zvi, Ehud. 2004. "Observations on the marital metaphor of YHWH and Israel in its ancient Israelite context: general considerations and particular images in Hosea 1.2." Journal for the Study of the Old Testament 28, no. 3: 363-384.
  7. Connolly, Tristanne J. 1998. "Metaphor and Abuse in Hosea." Feminist Theology no. 18: 58.
  8. Connolly, Tristanne J. 1998. "Metaphor and Abuse in Hosea." Feminist Theology no. 18: 60.
"https://ml.wikipedia.org/w/index.php?title=ഹോസിയായുടെ_പുസ്തകം&oldid=2286870" എന്ന താളിൽനിന്ന് ശേഖരിച്ചത്