ബോഡിലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bodyline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിൽ വുഡ്ഫുൾ ഒരു ബോഡിലൈൻ പന്ത് ഒഴിവാക്കുന്നു.

ബോഡിലൈൻ അഥവാ ഫാസ്റ്റ് ലെഗ് തിയറി എന്നത് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം രൂപംകൊടുത്ത ഒരു ബൗളിങ് തന്ത്രമാണ്‌. 1932 - 33 ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ (ആഷസ് പരമ്പര) ഓസ്ട്രേലിയയുടെ വിഖ്യാത ബാറ്റ്സ്മാനായ ഡോൺ ബ്രാഡ്മാനെതിരെ പ്രയോഗിക്കാനാണ്‌ പ്രധാനമായും ഈ തന്ത്രം ആവിഷ്കരിച്ചത്.[1] പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി (In the line of body) ഉയർത്തുന്നു. സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രം. ഈ തന്ത്രം ശാരീരിക ഭീഷണിയുയർത്തുന്നവയായി പരിഗണിക്കുന്നു.

ബോഡിലൈൻ ബൗളിങ് മൂലം ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ സംഭവം ഇപ്പോഴും ഒരു വിവാദ വിഷയമായി നിൽക്കുന്നു. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ ഈ തന്ത്രം തടയുന്നതിനായി ക്രിക്കറ്റ് നിയമങ്ങളിൽ ധാരാളം മാറ്റങ്ങൾ വരുത്തി. നിയമം 41.5 അനുശാസിക്കുന്നത് ഇങ്ങനെയാണ്; ഒരു ബൗളർ പന്ത് എറിയുന്ന സമയത്ത് വിക്കറ്റ് കീപ്പറെ കൂടാതെ രണ്ടിൽ കൂടുതൽ ഫീൽഡർമാർ ക്രീസിന്റെ ഓൺസൈഡിൽ നിൽക്കാൻ പാടില്ല,[2] ഈ സ്ഥാനത്തിന് ക്രിക്കറ്റിൽ സാധാരണമായി പറയുന്നത് സ്ക്വയർ-ലെഗിന്റെ പിറകിൽ എന്നാണ്. ഇതു കൂടാതെ 42.6 നിയമം അനുശാസിക്കുന്നത്: വേഗത്തിലുള്ള ഷോർട്ട് പിച്ച് പന്തുകൾ അപകടകരവും അയോഗ്യവുമാണ്. നോൺ സ്ട്രൈക്ക് എൻഡിലെ അമ്പയറാണ് ഇത്തരത്തിലുള്ള പന്തുകളുടെ ലെങ്തും, ദിശയും ബാറ്റ്സ്മാന് അപകടം വരുത്തുന്നതല്ല എന്ന് നിശ്ചയിക്കേണ്ടത്.[3]

ബാറ്റ്സ്മാനുനേരെ എറിയുന്ന ഷോർട്ട് പിച്ച് പന്തുകൾ (ബൗൺസർ) ഒരിക്കലും അയോഗ്യമല്ല, ബൗൺസർ പന്തുകൾ ഫീൽഡിംഗ് ടീമിന്റെ ഒരു തന്ത്രമായാണ്‌ കണക്കാക്കുന്നത്.

ഉദ്ഭവം[തിരുത്തുക]

ബോഡിലൈൻ രീതി

1930 ലെ ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ 5 മത്സരങ്ങളുണ്ടായിരുന്ന ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 2 - 1 ന്‌ വിജയിച്ചു.[4] ആ പരമ്പരയിൽ ബ്രാഡ്മാന്റെ പ്രകടനം ഗംഭീരമായിരുന്നു - 139.14 ശരാശരിയിൽ 974 റണ്ണുകൾ (ഇതൊരു റെക്കോർഡാണ്‌).[5][6] 1932 - 33 ലെ ആഷസ് പരമ്പരയുടെ സമയത്ത് ബ്രാഡ്മാന്റെ ശരാശരി 100 ഓളമെത്തി - (ലോകത്തുള്ള മറ്റു ബാറ്റ്സ്മാന്മാരുടെ ഇരട്ടിയോളം).[7][8] പുതിയൊരു തന്ത്രം മെനയാതെ ബ്രാഡ്മാൻ വിരമിക്കുന്നത് വരെ ഓസ്ട്രേലിയയെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് ഇംഗ്ലണ്ട് ആശങ്കപ്പെട്ടു. എന്നാൽ ബ്രാഡ്മാന്‌ അപ്പോൾ വെറും 24 വയസ്സായിരുന്നു പ്രായം.[7] അതായത് ബ്രാഡ്മാന്റെ വിരമിക്കലിനായി ഏകദേശം ഒരു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വരുമായിരുന്നു. ബ്രാഡ്മാനെ ലെഗ് സ്പിന്നിൽ വീഴ്ത്താമെന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തന്ത്രം. അതിനാൽ ബ്രാഡ്മാനെ നേരിടാനായി അവർ രണ്ട് ലെഗ് സ്പിന്നർമാരെ ടീമിലുൾപ്പെടുത്തി[9] (വാൾട്ടർ റോബിൻസും ഇയാൻ പീബിൾസും).

ബോഡിലൈൻ എന്ന ആശയം ആദ്യമായി രൂപപ്പെട്ടത് 1930 ൽ ഓവലിൽ നടന്ന ആഷസ് ടെസ്റ്റിലാണ്‌. ബ്രാഡ്മാൻ ബാറ്റ് ചെയ്യുമ്പോൾ മഴ പെയ്തതിനാൽ പിച്ച് മോശമായിരുന്നു. സാധാരണയിൽ കൂടിയ വേഗത്തിലും ഉയരത്തിലും വരുന്ന പന്തുകൾ നേരിടാൻ ബ്രാഡ്മാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മിക്ക പന്തുകളും ലൈനിൽ നിന്നു മാറി ഒഴിവാക്കുകയായിരുന്നു ബ്രാഡ്മാൻ ചെയ്തിരുന്നത്. അത് ഇംഗ്ലണ്ട് നായകൻ പേഴ്സി ഫെൻഡറുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹമത് സഹ കളിക്കാരുമായി പങ്കുവെക്കുകയും ചെയ്തു.

1932 - 33 ആഷസ് പരമ്പരയിൽ ഡഗ്ലസ് ജാർഡീൻ ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ നായകൻ. അദ്ദേഹം, നോട്ടിങാംഷെയർ നായകൻ ആർതർ കാർ, ഫാസ്റ്റ് ബൗളർമാരായ ഹരോൾഡ് ലാർവുഡ്, ബിൽ വോക് എന്നിവരുമായി 1932 ൽ ലണ്ടനിൽ ഒരു സമ്മേളനം വിളിച്ചു ചേർത്തു. ബ്രാഡ്മാന്റെ അതുല്യമായ ബാറ്റിങ് കഴിവിനെ തടഞ്ഞു നിർത്താനുള്ള തന്ത്രം മെനയുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശ്യം.[10] ബ്രാഡ്മാന്റെ ശരീരത്തിനു നേരെയായി ലെഗ് സ്റ്റമ്പ് ലൈനിൽ കുത്തിയുയർന്നു വരുന്ന പന്തുകളെറിയാൻ ജാർഡിൻ ലാർവുഡിനോടും ബില്ലിനോടും ആവശ്യപ്പെട്ടു. അവർ അത് സമ്മതിച്ചു.[11][12][13] അതിനു ശേഷം ഓസ്ട്രേലിയയിലെ ഫീൽഡിങ് വിന്യാസത്തെപ്പറ്റി അറിയാനായി 1911 - 12 ൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇംഗ്ലണ്ട് ടീമിൽ അംഗമായ ഫ്രാങ്ക് ഫോസ്റ്ററെ ജാർഡിൻ സന്ദർശിച്ചു. ജോർജ് ഹഴ്സ്റ്റ് 1903 - 04 ൽ ചെയ്തതു പോലെ 1911 - 12 പര്യടനത്തിൽ ഫോസ്റ്ററും ഫീൽഡർമാരെ ലെഗ് സൈഡിൽ അടുത്തു നിർത്തി ലെഗ് സ്റ്റമ്പ് ലൈനിൽ പന്തെറിഞ്ഞിരുന്നു.[14]

ഇത്തരം പന്തുകളെറിയുമ്പോൾ ലെഗ് സൈഡിൽ അടുത്തായി ധാരാളം ഫീൽഡർമാരെ വിന്യസിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബാറ്റ്സ്മാന്റെ മുന്നിലുള്ള രണ്ട് വഴികൾ ശരീരത്തിന്‌ അപകടം സംഭവിക്കാതിരിക്കാനായി ഒഴിഞ്ഞുമാറുക അല്ലെങ്കിൽ പന്ത് ലെഗ് സൈഡിലേക്ക് കളിക്കുക എന്നുള്ളവയാണ്‌. പ്രതിരോധാത്മക ഷോട്ടുകൾ (Defensive Shots) കളിക്കുമ്പോൾ റണ്ണുകൾ കിട്ടുകയില്ല മാത്രമല്ല പുറത്താവാനുള്ള സാധ്യത കൂടുതലുമായിരുന്നു. റൺ സ്കോർ ചെയ്യാൻ ബാറ്റ്സ്മാന്റെ മുന്നിലുള്ള വഴി ഹുക്ക് ഷോട്ടുകൾ മാത്രമാണ്‌. അതിനാൽത്തന്നെ ഇത്തരം പന്തുകളെറിയുന്ന സമയത്ത് ഫീൽഡിങ് ടീം ലെഗ് സൈഡ് അതിർത്തിയിൽ രണ്ട് ഫീൽഡർമാരെ വിന്യസിച്ചിരുന്നു.[8][15][16] അതിനാൽ ഹുക്ക് ഷോട്ട് പുറത്താകാൻ വളരെയധികം സാധ്യത ഉണ്ടായിരുന്നു. മാത്രവുമല്ല തലയിൽ പന്ത് കൊള്ളാനുള്ള സാധ്യതയും ഈ ഷോട്ടിന്‌ കൂടുതലാണ്‌.

ഓസ്ട്രേലിയയോടുള്ള ജാർഡിന്റെ മനോഭാവം[തിരുത്തുക]

ബോഡിലൈൻ എന്ന തന്ത്രത്തിന്റെ ഉദ്ഭവം ഇംഗ്ലണ്ട് നായകനായിരുന്ന ജാർഡിന്റെ മനോഭാവവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഓസ്ട്രേലിയൻ സമൂഹത്തോടും കാണികളോടുമുള്ള ജാർഡിന്റെ വെറുപ്പ് കുപ്രസിദ്ധമാണ്.

1921 ൽ ജാർഡിൻ അംഗമായിരുന്ന ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് സന്ദർശിച്ച ഓസ്ട്രേലിയൻ ടീമിനെതിരെ കളിച്ചിരുന്നു. അതായിരുന്നു ജാർഡിന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം. കളി നിർത്തുമ്പോൾ ജാർഡിൻ 96 റണ്ണുകളെടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു. അദ്ദേഹമാണ് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. സന്ദർശകർ, ജാർഡിനെ, ശതകം തികയ്ക്കാൻ അനുവദിച്ചില്ല എന്ന് പത്രസമ്മേളനത്തിൽ വിമർശിക്കപ്പെട്ടു.[17] എന്നിരുന്നാലും അവർ ജാർഡിനെ സഹായിക്കാൻ നോക്കിയിരുന്നു. ഈ സംഭവത്തോടുകൂടി ജാർഡിന്റെ മനസ്സിൽ ഓസ്ട്രേലിയക്കെതിരായ വിരോധം ഉണ്ടായി. എന്നാൽ ജാർഡീന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫർ ഡഗ്ലസ് ഇത് നിഷേധിക്കുന്നു.[18] ഓസ്ട്രേലിയൻ നായകനായിരുന്ന വാർവിക്ക് ആംസ്ട്രോംഗിന്റെ കുത്തുവാക്കുകളാവാം ജാർഡിനെ ഇത്തരത്തിലാക്കിയതെന്ന് ക്രിക്കറ്റ് ചരിത്രകാരനായ ഡേവിഡ് ഫ്രിത്ത് വിശ്വസിക്കുന്നു. എന്നാൽ ജാർഡിന്റെ തന്നെ മെല്ലെപ്പോക്കാണു സ്വന്തം ശതകം നിഷേധിച്ചതെന്ന് വിസ്ഡൻ കരുതുന്നു.[19]

1928 - 29 ലെ ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ജാർഡിൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[20] തുടർച്ചയായി മൂന്ന് ശതകങ്ങളോടെയായിരുന്നു അദ്ദേഹം ആ പര്യടനം ആരംഭിച്ചത്.[21] അദ്ദേഹം ആദ്യശതകം നേടിയ മത്സരത്തിൽ ഓസ്ട്രേലിയൻ കാണികൾ അദ്ദേഹത്തെ കളിയാക്കുന്നതിൽ വ്യാപൃതരായിരുന്നു. രണ്ടാം ശതകം നേടിയ മത്സരത്തിൽ അദ്ദേഹത്തിന്റെ വേഗത കുറഞ്ഞ ബാറ്റിംഗിനെ ഓസ്ട്രേലിയൻ കാണികൾ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്. മൂന്നാം ശതകത്തിന്റേയും തുടക്കം പതുക്കെയായിരുന്നെങ്കിലും അതിനു ശേഷം അദ്ദേഹം ഇന്നിംഗ്സിന് വേഗത കൂട്ടി.[22] കാണികൾക്ക് അദ്ദേഹത്തിനോടുള്ള രോഷം കൂടി വന്നു. ഈ രോഷത്തിനുള്ള പ്രധാന കാരണങ്ങൾ അദ്ദേഹത്തിന്റെ മേധാവിത്വമനോഭാവം, അദ്ദേഹത്തിന്റെ മോശം ഫീൽഡിംഗ്, അദ്ദേഹത്തിന്റെ തൊപ്പി എന്നിവയായിരുന്നു.[23] കൂടാതെ അദ്ദേഹം, ദക്ഷിണഓസ്ട്രേലിയൻ ടീമിലെ കളിക്കാരെ ഓക്സ്ഫോർഡ് സർവകലാശാലയിലോ കേംബ്രിഡ്ജ് സർവകലാശാലയിലോ ടീമിലെടുത്തിലിരുന്നില്ല. ഓക്സ്ഫോർഡിലെ നല്ല കളിക്കാർക്ക് കൊടുത്തിരുന്ന ഹാർലെക്വിം തൊപ്പികളാണ് അദ്ദേഹം ധരിച്ചിരുന്നത്. ഓക്സ്ഫോർഡിലേയും കേംബ്രിഡ്ജിലേയും കളിക്കാർ ഇത്തരം തൊപ്പികൾ ധരിച്ച് ബാറ്റ് ചെയ്തിരുന്നു. ആ പര്യടനത്തിൽ ജാർഡിനും എം. സി. സി. നായകൻ പേഴ്സി ചാപ്മാനും അത്തരം തൊപ്പികൾ ധരിച്ച് ബാറ്റ് ചെയ്തിരുന്നു. എന്നാൽ ഫീൽഡിംഗിനിടയിൽ ഇത്തരം തൊപ്പികൾ ധരിക്കുന്നത് യാഥാസ്ഥിതികമായിരുന്നില്ല. ഈ സമ്പ്രദായം ഓസ്ട്രേലിയൻ കാണികൾക്ക് അപരിചിതവും അസ്വീകാര്യവുമായിരുന്നു. ജാർഡിന്റെ തൊപ്പി, ആ പരമ്പരയിൽ മുഴുവനും അദ്ദേഹത്തെ കളിയാക്കാനുള്ള ആയുധമായി ഓസ്ട്രേലിയൻ കാണികൾ കണ്ടു.[24][25] ഓസ്ട്രേലിയൻ കാണികളോട് നല്ല രീതിയിൽ പെരുമാറിയിരുന്നെങ്കിൽ അവർക്കു മേൽ ജാർഡിന് വിജയം കൈവരിക്കാമായിരുന്നുവെന്ന് ജാക്ക് ഫിംഗിൾട്ടൺ പിന്നീട് പ്രസ്താവിച്ചു.[26] ഈ സംഭവം മുതൽ ജാർഡിന്റെ മനസ്സിൽ ഓസ്ട്രേലിയയോടുള്ള വെറുപ്പ് അധികരിച്ചു. ആ പരമ്പരയിൽ അതിർത്തിവരയ്ക്കടുത്തായാണ് ജാർഡിൻ ഫീൽഡ് ചെയ്തത്. അദ്ദേഹത്തിന്റെ മോശമായ ഫീൽഡിംഗിനെ കാണികൾ സ്ഥിരമായി കളിയാക്കിക്കൊണ്ടിരുന്നു, പ്രത്യേകിച്ചും പന്തിനായി ഓടുമ്പോൾ.[27] അതിർത്തിവരയ്ക്കടുത്തായി ഫീൽഡ് ചെയ്യുമ്പോൾ അദ്ദേഹം ഓസ്ട്രേലിയൻ കാണികൾക്ക് നേരെ തുപ്പി. അവസാനം അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റി.[23]

ഓസ്ട്രേലിയയെ തോൽപ്പിക്കണമെങ്കിൽ അവരെ വെറുക്കണമെന്ന് ജാർഡിൻ സ്വന്തം ടീമംഗങ്ങളോട് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടയിൽ പറഞ്ഞു. ബ്രാഡ്മാനെ ലിറ്റിൽ ബാസ്റ്റഡ് (The Little Bastard) എന്ന് വിളിക്കാനും നിർദ്ദേശിച്ചു.[28] ഓസ്ട്രേലിയക്കെതിരായുള്ള പ്രധാന തന്ത്രമായി അദ്ദേഹം ലെഗ് തിയറിയെ കണ്ടു.അത് പൂർണ്ണമായും ബോഡിലൈൻ ആയിരുന്നില്ല.[29]

ടീം ഓസ്ട്രേലിയയിൽ എത്തിയപ്പോൾ, അദ്ദേഹം പത്രസമ്മേളനത്തിൽ ടീം വിവരങ്ങൾ നൽകിയില്ല. അദ്ദേഹം അഭിമുഖങ്ങളിൽ സഹകരിച്ചിരുന്നുമില്ല. അതിനാൽ പത്രങ്ങൾ അദ്ദേഹത്തിനെതിരായി ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു. തത്ഫലമായി കാണികൾ കഴിഞ്ഞ പരമ്പരയിൽ അദ്ദേഹത്തോട് ചെയ്തത് ആവർത്തിച്ചു. ഇത് അദ്ദേഹത്തെ കോപാകുലനാക്കി.[30][31]

ഓസ്ട്രേലിയയിൽ[തിരുത്തുക]

ഓസ്ട്രേലിയൻ നായകൻ ബിൽ വുഡ്ഫുൾ (ഇടത്) മോണ്ടി നോബിളിനും (നടുവിൽ) ടിം വോളിനുമൊപ്പം (വലത്)

പര്യടനത്തിലെ ആദ്യസന്നാഹ മത്സരത്തിൽ ഇംഗ്ലീഷ് ബൗളർമാർ ഓസ്ട്രേലിയക്കാർക്കെതിരെ ശരീരത്തിനു നേരെ പന്തുകളെറിഞ്ഞെങ്കിലും ലെഗ് സൈഡിൽ ഫീൽഡർമാരെ വിന്യസിച്ചിരുന്നില്ല.[15] എന്നാൽ അടുത്ത മത്സരത്തിൽ സ്ഥിതി മാറി. നവംബർ 18 - 22 വരെ നടന്ന മത്സരത്തിൽ സന്ദർശകർക്കെതിരെ ഓസ്ട്രേലിയൻ XI നെ നയിച്ചത് ബിൽ വുഡ്ഫുൾ ആയിരുന്നു. ഇംഗ്ലണ്ട് നായകൻ ജാർഡിൻ ഈ മത്സരം കളിച്ചിരുന്നില്ല. അദ്ദേഹത്തിന്‌ പകരം ബോബ് വ്യാറ്റ് ആണ്‌ ഇംഗ്ലണ്ടിനെ നയിച്ചത്. ഈ മത്സരത്തിൽ ബോബ്, ബോഡിലൈൻ തന്ത്രം മുഴുവനായും പുറത്തെടുത്തു.[15][32][33] മത്സരം സമനിലയിൽ കലാശിച്ചു. എന്നാൽ ഓസ്ട്രേലിയൻ നായകൻ വുഡ്ഫുളിന്‌ ആ മത്സരത്തിൽ ശോഭിക്കാനായില്ല. അദ്ദേഹത്തിന്റെ രണ്ടിന്നിങ്സുകളിലെ സ്കോറുകൾ 18, 0 എന്നിവയായിരുന്നു.[34] ടെന്നീസിലെ സ്മാഷിങ്ങിനെ അനുസ്മരിപ്പിക്കും വിധമുള്ള ഷോട്ടുകൾ കൊണ്ട് ബ്രാഡ്മാന്‌ ആ മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.[15] ഈ മത്സരത്തിൽ പല പ്രാവശ്യം പന്ത് ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ ദേഹത്ത് കൊണ്ടിരുന്നു.[35]

ആദ്യടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന്‌ പരാജയപ്പെട്ടു. ഹാരോൾഡ് ലാർവുഡ് പത്ത് വിക്കറ്റുകളെടുത്ത ആ കളിയിൽ ബോഡിലൈൻ ബൗളിങ് ആയിരുന്നു അവരുടെ ബൗളിങ്ങിന്റെ കുന്തമുന.[36] അസുഖം മൂലം ആദ്യടെസ്റ്റ് കളിക്കാൻ ബ്രാഡ്മാന്‌ കഴിഞ്ഞില്ല. എന്നാൽ ജാർഡിൻ ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. തങ്ങളുടെ തന്ത്രത്തോടുള്ള ഭയം മൂലമാണ്‌ ബ്രാഡ്മാൻ കളിക്കാതിരുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു.[32][37] ആദ്യടെസ്റ്റിൽ ഓസ്ട്രേലിയൻനിരയിൽ നല്ല പ്രകടനം കാഴ്ചവെച്ചത് സ്റ്റാൻ മക് കേബ് ആയിരുന്നു. അദ്ദേഹം നാല്‌ മണിക്കൂറിനുള്ളിൽ 187 റണ്ണുകളെടുത്ത് പുറത്താകാതെ നിന്നു. ആ ഇന്നിങ്സിനിടയിൽ അദ്ദേഹത്തിനു നേരെയും ബോഡിലൈൻ പന്തുകൾ വന്നെങ്കിലും അവയെല്ലാം ഹുക്കുകളിലൂടെയും (Hook) പുള്ളുകളിലൂടേയും (Pull) അദ്ദേഹം നേരിട്ടു.[38] ആ ഇന്നിങ്സിനെ "ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രകമ്പനപരമായ ഇന്നിങ്സ്" എന്ന് പ്രശസ്ത ചരിത്രകാരനായ ഡേവിഡ് ഫ്രിത്ത് വിശേഷിപ്പിച്ചു.[32][36][37]

മെൽബണിലെ രണ്ടാം ടെസ്റ്റിനു മുമ്പ് നായകൻ താൻ തന്നെയാണെന്ന് വുഡ്ഫുളിന്‌ തീർച്ചയുണ്ടായിരുന്നില്ല. മത്സരം തുടങ്ങുന്നതിന്‌ കുറച്ച് നിമിഷങ്ങൾക്ക് മുമ്പാണ്‌ വുഡ്ഫുളിന്റെ നായകത്വം സ്ഥിരീകരിക്കപ്പെട്ടത്.[39] ഇത് ടോസ്സ് വൈകുന്നതിന്‌ ഇടയാക്കി. ബോഡിലൈൻ പോലുള്ള തന്ത്രങ്ങൾ ഇംഗ്ലണ്ടിനെതിരെ പ്രയോഗിക്കുന്നതിൽ വിമുഖത കാണിച്ചതിനാൽ ഓസ്ട്രേലിയൻ ബോർഡ് വുഡ്ഫുളിനെ നായക സ്ഥാനത്ത് നിന്നും നീക്കം ചെയ്തു എന്ന അഭ്യൂഹവും പരന്നു.[40][41] ഇതിനെപ്പറ്റിയുള്ള വുഡ്ഫുളിന്റെ വ്യക്തിഗതഅഭിപ്രായം ഇതായിരുന്നു :

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ബ്രാഡ്മാൻ, ബിൽ ബൗസിന്റെ ബോഡിലൈൻ അല്ലാത്ത ഒരു പന്ത് ഹുക്ക് ചെയ്ത് ഗോൾഡൻ ഡക്ക് നേടി.[40][43] മൈതാനം മുഴുവനും നടുങ്ങി. വളരെ വാശിക്കാരനായ ബൗസ്, ബ്രാഡ്മാന്റെ വീഴ്ചയിൽ വളരെയധികം ആഹ്ലാദപ്രകടനങ്ങൾ നടത്തി. എന്നിരുന്നാലും രണ്ടാം ഇന്നിങ്സിൽ ബ്രാഡ്മാൻ ശതകം നേടി (ആ പരമ്പരയിലൊട്ടാകെ ബ്രാഡ്മാന്റെ ഒരേയൊരു മൂന്നക്കസ്കോറായിരുന്നു ഇത്[44]). ഈ ശതകം ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു.[40][45] ഈ വിജയത്തോടു കൂടി ബോഡിലൈൻ പന്തുകളെ അഥവാ തന്ത്രത്തെ നേരിടാൻ ഓസ്ട്രേലിയ പ്രാപ്തരായി എന്നൊരു സംസാരം പൊതുവിൽ ഉണ്ടായി.

മുൻനിര ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ ബോഡിലൈൻ പരമ്പരയിലേയും അല്ലാത്തവയിലേയും ശരാശരികൾ കാണിക്കുന്ന ചിത്രം

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തോടു കൂടി വിവാദം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ജനുവരി 14 ന്‌ ഓസ്ട്രേലിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കുന്നത് കാണാൻ 50,962 കാണികൾ അഡ്‌ലൈഡ് ഓവലിൽ എത്തിയിരുന്നു. അതൊരു സർവകാല റെക്കോർഡായിരുന്നു.[41][46] ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് തുടങ്ങി അല്പം കഴിയുമ്പോഴേക്കും ലാർവുഡിന്റെ ഒരു പന്ത് വുഡ്ഫുള്ളിന്റെ ദേഹത്ത് കൊണ്ടു.[46][47][48][49][50][51] ബോഡിലൈൻ തന്ത്രപ്രകാരമായിരുന്നില്ല അപ്പോൾ ഫീൽഡിങ്ങ് വിന്യാസം. വുഡ്ഫുൾ വേദനയാൽ കുറച്ച് നേരം നിലത്തിരുന്നു. ആ ചിത്രം മുഴുവൻ പരമ്പരയുടെ തന്നെ ഒരു പ്രതീകമായിരുന്നു. ഓസ്ട്രേലിയൻ കാണികൾ രോഷാകുലരായി. അവർ ഇംഗ്ലീഷ് ടീമിനെ കൂവുകയും വാക്കുകൾ കൊൺദു അധിക്ഷേപിക്കുകയും ചെയ്തു.[46] എന്നാൽ ജാർഡിൻ ലാർവുഡിനോട് പറഞ്ഞു, "ഹാരോൾഡ്, താങ്കൾ നന്നായി പന്തെറിഞ്ഞു".[46][48][51][52] അതേ സമയം, രോഷാകുലരായ കാണികൾ ഒരു കലാപത്തിനു തന്നെ മുതിരിടുമെന്ന അവസ്ഥ വന്നു. പോലീസ്, കളിക്കാരുടേയും കാണികളുടേയും ഇടയിലായി നിലകൊണ്ടു.[53][49][50][51]

വുഡ്ഫുള്ളിന്‌ പരിക്ക് പറ്റിയതിനു ശേഷം ജാർഡിൻ കളിക്കാരെ ബോഡിലൈൻ തന്ത്രത്തിനനുസരിച്ചുള്ള രീതിയിൽ വിന്യസിച്ചു.[50][52] ലാർവുഡ് ആ ഫീൽഡിങ്ങ് വിന്യാസം ആവശ്യപ്പെട്ടതായി ജാർഡിൻ എഴുതി.[54] എന്നാൽ ആ തീരുമാനം തീർത്തും ജാർഡിന്റേതായിരുന്നു എന്നായിരുന്നു ലാർവുഡിന്റെ പക്ഷം. ഒരു മനുഷ്യൻ വീണ്‌ കിടക്കുമ്പോൾ അദ്ദേഹത്തെ അടിക്കുക എന്ന രീതിയാണത് എന്നതായിരുന്നു കാണികളുടെ വീക്ഷണം.[46][55] ജാർഡിന്റെ ആ പ്രവൃത്തിയെപ്പറ്റി പ്രശസ്ത ജേർണലിസ്റ്റും ക്രിക്കറ്റ് കളിക്കാരനുമായ ഡിക്ക് വിറ്റിങ്ങ്ടൺ എഴുതി, " ഓസ്ട്രേലിയയുടെ കണ്ണിൽ അത് ക്ഷമാർഹമല്ലാത്ത കുറ്റമാണ്‌. തീർച്ചയായും അത് ക്രിക്കറ്റിന്റെ ഭാഗമല്ല ".[56] ഓരോ പന്തിനു ശേഷവും കാണികളിൽ നിന്ന് കൂക്കിവിളികളും ആക്രോശങ്ങളും ഉണ്ടായി.[46][56] വലിയൊരു കലാപം തന്നെ സംഭവിക്കുമെന്നും പോലീസിന് അത് തടയാൻ കഴിയുകയില്ലെന്നും കരുതിയതായി ചില ഇംഗ്ലീഷ് കളിക്കാർ പിന്നീട് വെളിപ്പെടുത്തി.[46][57]

ബെർട്ട് ഓൾഡ്ഫീൽഡിന്റെ തലയിൽ ഹാരോൾഡ് ലാർവുഡിന്റെ പന്ത് കൊണ്ടപ്പോൾ

ലാർവുഡിന്റെ കുത്തിയുയർന്ന മറ്റൊരു പന്ത് വുഡ്ഫുള്ളിന്റെ കൈയ്യിൽ നിന്നും ബാറ്റ് തെറിപ്പിച്ചു. വുഡ്ഫുൾ 89 മിനിറ്റുകൾ ക്രീസിൽ നിന്നു. പുറത്താവുന്നതിന് മുമ്പായി 22 റണ്ണുകളെടുക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.[58] ആ ദിവസം തന്നെ ഇംഗ്ലീഷ് ടീം മാനേജറായിരുന്ന പെൽഹാം വാർണർ ഓസ്ട്രേലിയൻ ഡ്രസ്സിംഗ് മുറി സന്ദർശിച്ചു. വുഡ്ഫുള്ളിനേറ്റ പരിക്കിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു ഉദ്ദ്യേശം.[46][55] വുഡ്ഫുൾ, പൊതുസ്ഥലങ്ങളിൽ ശാന്തനായി നിലകൊണ്ടു. ജാർഡിന്റെ തന്ത്രത്തെ അദ്ദേഹം വിമർശിച്ചില്ല. വാർണറുടെ സന്ദർശനത്തിനോടുള്ള വുഡ്ഫുള്ളിന്റെ പ്രതികരണം വളരെ രഹസ്യമായിരുന്നു. പക്ഷേ അത് പുറത്താവുകയും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഉദ്ധരണികളിലൊന്നാവുകയും ചെയ്തു.[59][60][61] പ്രതികരണം ഇപ്രകാരമായിരുന്നു :

തന്റെ പ്രതികരണം പരസ്യമായത് ഓസ്ട്രേലിയൻ നായകനെ വല്ലാതെ ചൊടിപ്പിച്ചു. അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു. എല്ലാ വിരലുകളും ബ്രാഡ്മാന് നേരെയായിരുന്നു. (ബ്രാഡ്മാൻ അത് നിരസിച്ചു. ബ്രാഡ്മാന്റെ സഹകളിക്കാരനും പത്രപ്രവർത്തകനുമായ ജാക്ക് ഫിംഗിൾടൺ ആണ് ഇതിന് ഉത്തരവാദി എന്ന് വാർണറും പറഞ്ഞു. സിഡ്നി സൺ റിപ്പോർട്ടറായിരുന്ന ക്ലോഡ് കോർബറ്റ് ആണ് ബ്രാഡ്മാനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതെന്ന് ഫിംഗിൾടൺ തന്റെ ആത്മകഥയിൽ പറഞ്ഞു).[63])

ബെർട്ട് ഓൾഡ്ഫീൽഡ് പൊട്ടിയ തലയോടോടുകൂടി

കളിയിലെ അടുത്ത ദിവസം ലാർവുഡ്, ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറായ ബെർട്ട് ഓൾഡ്ഫീൽഡിന്റെ തലയോട് തകർത്തു. ഹുക്ക് ഷോട്ടിന് ശ്രമിച്ച ഓൾഡ്ഫീൽഡിന്റെ ശ്രമം പരാജയപ്പെട്ടതാണ് ഈ പരിക്കിന് കാരണമായത്. അത് ഒരു ബോഡിലൈൻ പന്തായിരുന്നില്ല. അതെ തന്റെ തെറ്റാണെന്ന് ഓൾഡ്ഫീൽഡ് പിന്നീട് സമ്മതിക്കുകയുണ്ടായി.[62][64][65] പരിക്കുകൾ പതിവായതോടെ കളിക്കാരുടെ ഇൻഷുറൻസ് തുക ഇരട്ടിയായി.[66]

എന്നാൽ ജാർഡിൻ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. താൻ പരിക്കുകൾക്കു വേണ്ടിയല്ല ഈ തന്ത്രം സ്വീകരിച്ചതെന്നും പരിക്കുകൾ സംഭവിക്കുന്നത് ഓസ്ട്രേലിയൻ കളിക്കാർക്ക് ഈ തന്ത്രത്തെ അതിജീവിക്കാൻ കഴിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, അദ്ദേഹം രഹസ്യമായി ഓൾഡ്ഫീൽഡിന്റെ ഭാര്യക്ക് ഓൾഡ്ഫീൽഡിന്റെ പരിക്കിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഒരു സന്ദേശവും ഓൾഡ്ഫീൽഡിന്റെ മക്കൾക്ക് സമ്മാനങ്ങളും നൽകി.[67]

ഇംഗ്ലണ്ട് ബോഡിലൈൻ തന്ത്രം ഉപേക്ഷിച്ചില്ല. അവർ അത് തുടരുകയും പരമ്പരയിലെ ശേഷിച്ച രണ്ട് മത്സരങ്ങളും അതോടെ പരമ്പരയും അവർ നേടി.[4] എന്നാൽ ഓസ്ട്രേലിയൻ കാണികൾ ഈ തന്ത്രത്തെ കായിക സംസ്കാരത്തിനെതിരായി കണ്ടു. എന്നാൽ വേഗം കുറഞ്ഞ പിച്ചുകളിലായിരുന്നു കളി എന്നതിനാൽ കൂടുതൽ പരിക്കുകൾ ഉണ്ടായില്ല.

ഇംഗ്ലണ്ടിൽ[തിരുത്തുക]

ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളിൽ ബോഡിലൈൻ ബൗളിങ്ങ് തുടർന്നു. പ്രധാനമായും നോട്ടിംഗ്‌ഹാംഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിലാണ് ഇത് കൂടുതലായും കണ്ടത്.[68] ഇംഗ്ലണ്ട് ദേശീയ ടീമിലുൾപ്പെട്ട ലാർവുഡ്, കാർ, വോക് തുടങ്ങിയവർ നോട്ടിംഗ്‌ഹാംഷെയറിൽ ഉണ്ടായിരുന്നു. ഈ തന്ത്രത്തെപ്പറ്റി ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതെന്തിനാണെന്ന് ഇംഗ്ലീഷ് കാണികൾക്ക് കാണാൻ ലഭിച്ച ആദ്യ അവസരമായിരുന്നു ഇത്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഫാസ്റ്റ് ബൗളറായിരുന്ന കെൻ ഫാർനെസ് സർവകലാശാല മത്സരങ്ങളിൽ ബോഡിലൈൻ പന്തുകൾ എറിഞ്ഞു. ഓക്സ്ഫോർഡ് സർവകലാശാലയിലെ ധാരാളം ബാറ്റ്സ്മാൻ‌മാരുടെ ദേഹത്ത് ഇതിനാൽ പന്ത് കൊണ്ടു.

ബോഡിലൈൻ പരമ്പരയിലെ ഇംഗ്ലീഷ് നായകനായിരുന്ന ജാർഡിനും ഒരിക്കൽ ബോഡിലൈൻ പന്തുകളെ നേരിടേണ്ടതായി വന്നു. 1933 ലെ വെസ്റ്റ് ഇൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായി ബോഡിലൈൻ തന്ത്രം പ്രയോഗിക്കാൻ വെസ്റ്റ് ഇൻഡീസ് നായകൻ ജാക്കി ഗ്രാന്റ് തീരുമാനിച്ചു. അവർക്ക് രണ്ട് ഫാസ്റ്റ് ബൗളർമാരുണ്ടായിരുന്നു : മാനി മാർട്ടിൻഡെയ്‌ലും ലീറി കോൺസ്റ്റന്റൈനും.[68] ആദ്യമായി ബോഡിലൈൻ പന്തുകളെ നേരിട്ട ഇംഗ്ലണ്ട് 134 റണ്ണെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ചയെ അഭിമുഖീകരിച്ചു.[69] വാലി ഹാമണ്ടിന്റെ മുഖത്ത് പന്ത് കൊണ്ടെങ്കിലും[68] അദ്ദേഹം തന്റെ ഇന്നിംഗ്സ് തുടർന്നു. മാർട്ടിൻഡെയ്‌ലിന്റേയും കോൺസ്റ്റന്റൈനിന്റേയും പന്തുകളെ ജാർഡിനും നേരിടേണ്ടതായി വന്നു. എന്നാൽ ജാർഡിൻ ആ പന്തുകളെ നേരിടുന്നതിൽ ഭയപ്പെട്ടില്ല.[68] എന്നാൽ ഒപ്പമുണ്ടായിരുന്ന ലെസ് അമെസ് ഈ തന്ത്രത്തിനെതിരെ ബാറ്റ് ചെയ്യാൻ വിഷമിച്ചു. ജാർഡിൻ അമെസിനോട് പറഞ്ഞു : " താങ്കൾ ഈ എൻഡിൽ തന്നെ നിന്നാൽ മതി. ഈ അസംബന്ധത്തെ ഞാൻ കൈകാര്യം ചെയ്തു കൊള്ളാം".[70] ക്രിക്കറ്റ് ലോകം കാണാത്ത ഷോട്ടുകളിലൂടെ ജാർഡിൻ ആ പന്തുകളെ നേരിട്ടു.[70] പലപ്പോഴും കൂടുതൽ നിയന്ത്രണത്തിനായി ഒരു കൈ കൊണ്ടായിരുന്നു ഷോട്ടുകൾ കളിച്ചിരുന്നത്. ഓൾഡ് ട്രാഫോർഡ് പിച്ച് ബോഡിലൈൻ തന്ത്രത്തെ തുണക്കുന്നതായിരുന്നില്ല്ല. മാർട്ടിൻഡെയ്‌ൽ 73 റണ്ണുകൾ വഴങ്ങി 5 വിക്കറ്റുകൾ നേടിയപ്പോൾ, 55 റണ്ണുകൾ വഴങ്ങി 1 വിക്കറ്റ് നേടാനേ കോൺസ്റ്റന്റൈനിന് കഴിഞ്ഞുള്ളൂ.[69] ജാർഡിൻ ടെസ്റ്റിലെ തന്റെ ഒരേയൊരു ശതകം[68] ആ മത്സരത്തിൽ നേടി. അദ്ദേഹം 127 റണ്ണുകൾ വാരിക്കൂട്ടി. വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ ക്ലാർക്ക്, വെസ്റ്റ് ഇൻഡീസുകാർക്കെതിരായി ബോഡിലൈൻ തന്ത്രം പ്രയോഗിച്ചു. അദ്ദേഹം 64 റണ്ണുകൾ വഴങ്ങി 2 വിക്കറ്റുകൾ നേടി. ആ മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ ബോഡിലൈൻ തന്ത്രത്തിനെതിരായി ഇംഗ്ലണ്ടിൽ അഭിപ്രായങ്ങൾ വരാൻ ഈ മത്സരം ഇടയാക്കി. ദി ടൈംസ് പത്രം ബോഡിലൈൻ എന്ന വാക്ക് ആദ്യമായി നേരിട്ട്[71] പ്രയോഗിച്ചു. വിസ്ഡൻ പറഞ്ഞു : " ആദ്യമായി ഈ തന്ത്രം കാണുന്ന ഒരാൾ തന്നെ ഇത് ശരിയല്ല എന്ന നിഗമനത്തിലെത്തും ".[71][72]

1934 ൽ ബിൽ വുഡ്ഫുൾ നയിച്ച ഓസ്ട്രേലിയൻ ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തി. അവസാനം നടന്ന ആഷസ് പരമ്പരയിലെ ബോഡിലൈൻ തന്ത്രവും വിവാദങ്ങളും മൂലം ആരാധകർ വളരെയധികം കാത്തിരുന്ന ഒരു പരമ്പരയായിരുന്നു അത്. ജാർഡിൻ 1934 ന്റെ ആദ്യത്തിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതിനാൽ 1934 ലെ ആഷസ് പരമ്പരയിൽ ബോബ് വ്യാറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ. അതിനാൽ ബോഡിലൈൻ തന്ത്രം ഉപയോഗിക്കപ്പെടില്ല എന്ന് അംഗീകരിക്കപ്പെട്ടിരുന്നു.[73][74][75] എന്നാൽ ആഥിതേയർ ബോഡിലൈൻ തന്ത്രത്തിനോട് സാ‌മ്യമുള്ള പന്തുകൾ എറിഞ്ഞ് നിയമത്തിന്റെ അതിരുകൾ ലംഘിക്കുന്നുവെന്ന് ഓസ്ട്രേലിയൻ കളിക്കാർക്ക് തോന്നി.[73]

വാക്കിന്റെ ഉദ്ഭവം[തിരുത്തുക]

താനാണ് ബോഡിലൈൻ എന്ന പദം സൃഷ്ടിച്ചതെന്ന് ജാക്ക് വോറൽ പറയുന്നുണ്ടെങ്കിലും, ഈ പദത്തിന്റെ അവകാശിയായി കൂടുതൽ പറയപ്പെടുന്നത് ഹ്യൂഗ് ബഗ്ഗിയുടെ പേരാണ്. അദ്ദേഹം സിഡ്നിയിലെ ദി സൺ എന്ന പത്രത്തിലെ ലേഖകനായിരുന്നു. മാത്രവുമല്ല അദ്ദേഹം ജാക്ക് ഫിംഗിൾടണിന്റെ സഹപ്രവർത്തകനുമായിരുന്നു. അദ്ദേഹം ടെസ്റ്റിന്റെ ഒരു ദിവസത്തെ കളി കഴിഞ്ഞപ്പോൾ പത്രത്തിലേക്ക് ഒരു ടെലിഗ്രാം അയച്ചു. അതിൽ "ബോഡിയുടെ ലൈനിൽ (In the line of body)" എന്നതിനു പകരം അദ്ദേഹം ബോഡിലൈൻ എന്ന പദം ഉപയോഗിച്ചു. അതോടെ ആ പദം വളരെ പെട്ടെന്ന് പ്രശസ്തവും ക്രിക്കറ്റ് ലോകത്തിന് ചിരപരിചിതവുമായി.[76]

ക്രിക്കറ്റിലെ നിയമങ്ങളുടെ മാറ്റം[തിരുത്തുക]

1932 - 33 ലെ പര്യടനത്തിനിടയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 1935 ൽ ക്രിക്കറ്റിലെ നിയമങ്ങളിൽ എം. സി. സി. പുതിയ പരിഷ്കാരങ്ങൾ വരുത്തി.[77] പ്രധാനമായും അമ്പയർമാർക്ക് കൂടുതൽ അധികാരവും ഉത്തരവാദിത്തവും നൽകപ്പെട്ടു. ഒരു ബൗളർ ബാറ്റ്സ്മാനെ പരിക്കേൽപ്പിക്കാവുന്ന തരത്തിൽ അഥവാ ബാറ്റ്സ്മാന്മാന്റെ ദേഹത്തിനു നേരെ ഒരു പന്തെറിയുകയാണെങ്കിൽ അതിൽ അമ്പയർക്ക് കൂടുതലായി ഇടപെടാനുള്ള അധികാരം നൽകപ്പെട്ടു.

25 വർഷങ്ങൾക്ക് ശേഷം മറ്റൊരു നിയമം കൂടി അവതരിപ്പിക്കപ്പെട്ടു. സ്ക്വയർ ലെഗ്ഗിനു പിന്നിലായി രണ്ടിൽ കൂടുതൽ ഫീൽഡർമാരെ വിന്യസിക്കുന്ന രീതി തടയപ്പെട്ടു. എന്നാൽ ഇത് ലെഗ് തിയറി തടയാൻ പര്യാപ്തമായിരുന്നില്ലെങ്കിലും ആ തന്ത്രത്തിന്റെ വീര്യം ഈ നിയമത്തിലൂടെ കുറക്കാൻ കഴിഞ്ഞു. എന്തെന്നാൽ ലെഗ് സൈഡിൽ ക്യാച്ചിനായുള്ള ഫീൽഡർമാരുടെ എണ്ണം ഈ നിയമത്തിലൂടെ പരിമിതപ്പെട്ടു.[78]

നിയമങ്ങൾ പിന്നേയും മാറി. ഒരു ഓവറിൽ എറിയാവുന്ന ബൗൺസറുകളുടെ എണ്ണത്തിൽ നിയന്ത്രണം വന്നു.

പൈതൃകം[തിരുത്തുക]

1932 - 33 പരമ്പരക്ക് ശേഷം ധാരാളം എഴുത്തുകാർ പ്രധാനമായും ആ പരമ്പരയിലെ കളിക്കാർ, ബോഡിലൈനിനെപ്പറ്റിയുള്ള അവരുടെ കാഴ്ചപ്പാട് പുസ്തകങ്ങളാക്കുകയുണ്ടായി. ധാരാളം പേർ ബോഡിലൈൻ, ക്രിക്കറ്റിൽ നിന്ന് ഒഴിവാക്കപ്പെടണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ഈ വിവാദമൊക്കെ എന്തിനാണെന്ന അഭിപ്രായക്കാരായിരുന്നു. ആ പരമ്പരയെ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും വിവാദപരമായ പരമ്പരയായി വിവരിക്കപ്പെട്ടു. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ പ്രമുഖർ ആ പരമ്പരയെ ഓസ്ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭമായി തിരഞ്ഞെടുത്തു.

ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കണമെങ്കിൽ ഓസ്ട്രേലിയയോട് മാപ്പ് പറയാൻ എം. സി. സി. ഹാരോൾഡ് ലാർവുഡിനോട് ആവശ്യപ്പെട്ടു. എന്നാൽ ലാർവുഡ് അത് നിരസിച്ചു. പിന്നീടദ്ദേഹം ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടില്ല. അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി. ഡഗ്ലസ് ജാർഡിൻ വിവാദ പരമ്പരയെപ്പറ്റി എഴുതിയ ഇൻ ദി ക്വസ്റ്റ് ഓഫ് ദി ആഷസ് (In the Quest of the Ashes) എന്ന പുസ്തകത്തിൽ സ്വന്തം തന്ത്രത്തെപ്പറ്റി വിവരിക്കുകയുണ്ടായി. ഇംഗ്ലീഷ് ബൗളർമാർ, ശാരീരിക പരിക്കുകൾ ബാറ്റ്സ്മാന്മാരിൽ ഏൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ആക്രമണം അഴിച്ചുവിട്ടത്.

ഈ സംഭവം കായിക മേഖലക്ക് പുറത്തും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വീഴാൻ ബോഡിലൈൻ തന്ത്രം ഒരു കാരണമായി. ഈ രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യത്തിലും ഈ സ്പർധ പ്രകടമായിരുന്നു. ഒരു രാജ്യത്തിലെ പൗരന്മാർ മറ്റു രാജ്യത്ത് ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ വാങ്ങുന്നതിൽ മടി കാണിച്ചു. ഓസ്ട്രേലിയൻ വാണിജ്യമേഖല, ഏഷ്യയിലെ ബ്രിട്ടീഷ് കോളനികളിൽ നേട്ടമുണ്ടാക്കാനാകാതെ ഉഴറി. നോർത്ത് ചൈന ഡെയ്ലി ന്യൂസ് (North China Daily News) ബോഡിലൈനിനോട് അനുബന്ധിച്ച് ഒരു മുഖപ്രസംഗം എഴുതി. അതിൽ അവർ ഓസ്ട്രേലിയയെ പരിക്കേറ്റവർ എന്ന് ആക്ഷേപിച്ചിരുന്നു. ഒരു ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ എഴുതി, ഹോങ്ങ് കോങ്ങിലേയും ഷാങ്ങ്ഹായിലേയും പല വാണിജ്യ കരാറുകളും ഓസ്ട്രേലിയക്ക് നഷ്ടപ്പെട്ടത് പ്രാദേശിക പ്രശ്നങ്ങൾ മൂലമാണ് എന്ന്.


ഓസ്ട്രേലിയയിലെ നെറ്റ്‌വർക്ക് 10 എന്ന ചാനലിൽ വന്ന ബോഡിലൈൻ എന്ന മിനിസീരീസിൽ ജാർഡിനെ അവതരിപ്പിച്ച ഹ്യൂഗോ വീവിങ്ങ്

ഓസ്ട്രേലിയയിലെ ഇംഗ്ലീഷ് കുടിയേറ്റക്കാർക്ക് ഓസ്ട്രേലിയക്കാരിൽ നിന്ന് പല ദ്രോഹങ്ങളും അനുഭവിക്കേണ്ടി വന്നു. ഇംഗ്ലണ്ടിലെ ഓസ്ട്രേലിയക്കാരുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. 1934 - 35 ൽ സിഡ്നിയിലുണ്ടായിരുന്ന, ആൽബർട്ട് രാജകുമാരന്റെ പ്രതിമ നശിപ്പിക്കപ്പെട്ടു. പ്രതിമയുടെ ഒരു ചെവി നശിപ്പിച്ച് അതിനു പകരം ബോഡിലൈൻ എന്ന വാക്ക് എഴുതിവെച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പും ശേഷവും ബോഡിലൈനുമായി ബന്ധപ്പെടുത്തിക്കൊണ്ട് രൂക്ഷമായി പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂണുകളും ഹാസ്യ പരിപാടികളും മറ്റും ഓസ്ട്രേലിയയിൽ അവതരിപ്പിക്കപ്പെട്ടു. പ്രധാനമായും അവർ ഇംഗ്ലീഷുകാരെ വിമർശിച്ചു കൊണ്ടായിരുന്നു ഇവ രചിച്ചത്.

1984 ൽ ഓസ്ട്രേലിയയിലെ നെറ്റ്‌വർക്ക് 10 എന്ന ചാനലുകാർ ബോഡിലൈൻ എന്ന പേരിൽ ഒരു മിനി സീരീസ് പുറത്തിറക്കി. 1932 - 33 ലെ ആഷസ് പരമ്പരയെ അടിസ്ഥാനമാക്കിയായിരുന്നു അത് നിർമ്മിച്ചത്. ഡോൺ ബ്രാഡ്മാനായി ഗാരി സ്വീറ്റും ഡഗ്ലസ് ജാർഡിനായി ഹ്യൂഗോ വീവിങ്ങും ഹാരോൾഡ് ലാർവുഡായി ജിം ഹോൾട്ടും പെൽഹാം വാർണറായി റിസ് മക്‌കൊണോച്ചിയും ജാർഡിന്റെ ഉപദേഷ്ടാവായ ലോർഡ് ഹാരിസായി ഫ്രാങ്ക് ത്രിങ്ങും അഭിനയിച്ചു. അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു. ഉദാഹരണത്തിന് ക്രോധാകുലരായ ഓസ്ട്രേലിയൻ കാണികൾ സിഡ്നി ക്രിക്കറ്റ് മൈതാനത്തിൽ വെച്ച് ബ്രിട്ടീഷ് പതാക കത്തിക്കുന്നതായി ഒരു രംഗം പരമ്പരയിലുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം ശരിക്ക് നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 1950 ൽ ഇംഗ്ലണ്ടിൽ അരങ്ങേറിയ കലാപത്തിൽ നിന്ന് രക്ഷപ്പെടാനായി ലാർവുഡ് ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഈ പരമ്പര പ്രദർശിപ്പിച്ച് തുടങ്ങിയതു മുതൽ അദ്ദേഹത്തിന് ധാരാളം ഫോൺ ഭീഷണികൾ വന്നു. എന്നാൽ കളിക്കാർ ഈ പരമ്പരയെ നിശിതമായി എതിർത്തു. ഈ പരമ്പര ശരിയായ സംഭവങ്ങളെ വളച്ചൊടിക്കുകയും ആളുകളിൽ പ്രതികാര സ്വഭാവം വളർത്തുകയും ചെയ്യുന്നുവെന്ന് കളിക്കാർ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവുമായ പീറ്റർ ക്ലിഫ്റ്റൺ ദി ബ്ലഡി ആഷസ് എന്ന പേരിൽ ഒരു ചലച്ചിത്രം ബോഡിലൈൻ പരമ്പരയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നു. ഓസ്ട്രേലിയയിലെ ഒരു കാസ്റ്റിംഗ് ഏജൻസി, ജാർഡിനേയും ലാർവുഡിനേയും അവതരിപ്പിക്കാനുള്ള, ക്രിക്കറ്റ് കളി അറിയാവുന്ന അഭിനേതാക്കൾക്ക് വേണ്ടി ഇംഗ്ലണ്ടിൽ തിരച്ചിൽ നടത്തുന്നു. ഈ ചിത്രത്തിന്റെ കഥ രചിച്ച ക്ലിഫ്റ്റൺ അദ്ദേഹത്തിന്റെ സഹഎഴുത്തുകാരൻ മൈക്കിൾ തോമസുമായി ചേർന്ന് ബ്രാഡ്മാനെ അവതരിപ്പിക്കാനുള്ള അഭിനേതാവിനു വേണ്ടി ക്രിക്കറ്റ് ക്ലബ്ബുകളിൽ തിരച്ചിൽ നടത്തുന്നു. അവർ മുൻ ഓസ്ട്രേലിയൻ നായകനായ ഇയാൻ ചാപ്പലുമായി സംഭാഷണം നടത്തി.[79]

ബോഡിലൈൻ പരമ്പര ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നാണ്. ക്രിക്കറ്റ് എഴുത്തുകാർ, കമന്റേറ്റർമാർ, കളിക്കാർ എന്നിവർക്കിടയിൽ 2004 ൽ നടത്തിയ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റിലെ ഏറ്റവും പ്രധാന സംഭവമായി ബോഡിലൈൻ പരമ്പരയെ തിരഞ്ഞെടുത്തു.[80]

2008 - 09 ൽ ന്യൂ സൗത്ത് വെയ്ൽസിലെ ഹയർ സ്കൂൾ സർട്ടിഫിക്കറ്റിനായുള്ള പ്രിലിമിനറിയിലെ (11 ആം ക്ലാസ്സ്) ആധുനിക ചരിത്രം എന്ന വിഷയത്തിലെ ഒരു ഭാഗം വിവാദമായ ബോഡിലൈൻ പരമ്പരയായിരുന്നു.[81]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-25. Retrieved 2010-09-04.
  2. http://www.lords.org/laws-and-spirit/laws-of-cricket/laws/law-41-the-fielder,67,AR.html Archived 2010-02-21 at the Wayback Machine. Law 41 (The fielder) Retrieved 3 July 2010.
  3. http://www.lords.org/laws-and-spirit/laws-of-cricket/laws/law-42-fair-and-unfair-play,68,AR.html Archived 2013-01-05 at the Wayback Machine. Law 42 on fair and unfair play.Retrieved 20 April 2008.
  4. 4.0 4.1 "Statsguru—Australia—Tests—Results list". Cricinfo. Retrieved 2007-12-21.
  5. 1930 England v Australia (Test Series): Batting & Bowling Analysis (Combined). HowStat. Retrieved 30 November 2006.
  6. Perry, p. 133.
  7. 7.0 7.1 Cashman, pp. 32–35.
  8. 8.0 8.1 Piesse, p. 130.
  9. Douglas, p. 121.
  10. Perry, p. 134.
  11. Perry, p. 135.
  12. Frith, pp. 43–44.
  13. Pollard, p. 242.
  14. Frith, pp. 18–19.
  15. 15.0 15.1 15.2 15.3 Haigh and Frith, p. 70. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "h70" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  16. Colman, p. 171.
  17. Fingleton, pp. 81–82.
  18. Douglas, pp. 30–31.
  19. Frith, p. 70.
  20. Douglas, p. 64.
  21. Douglas, pp. 68–69.
  22. Douglas, pp. 66–67.
  23. 23.0 23.1 Frith, p. 71.
  24. Frith, p. 335.
  25. Douglas, pp. 66, 81–82.
  26. Fingleton, pp. 89–90.
  27. Douglas, p. 82.
  28. Frith, pp. 61, 66.
  29. Douglas, pp. 123–24.
  30. Frith, pp. 69, 90–91.
  31. Douglas, p. 126.
  32. 32.0 32.1 32.2 Harte, p. 344.
  33. Pollard, p. 249.
  34. "Player Oracle WM Woodfull". CricketArchive. Retrieved 2009-05-14.
  35. Frith, pp. 98, 106.
  36. 36.0 36.1 Pollard, Jack (1969). Cricket the Australian Way. pp. 182–190. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "pollard" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  37. 37.0 37.1 Haigh and Frith, p. 71.
  38. Colman, p. 172.
  39. O'Reilly, Bill (1985). Tiger—60 Years of Cricket. Collins. p. 88. ISBN 0-00-217477-4.
  40. 40.0 40.1 40.2 Haigh and Frith, p. 72.
  41. 41.0 41.1 Harte, p. 346.
  42. Colman, p. 181.
  43. Piesse, p. 132.
  44. Haigh and Frith, p. 76.
  45. Piesse, p. 133.
  46. 46.0 46.1 46.2 46.3 46.4 46.5 46.6 46.7 Haigh and Frith, p. 73.
  47. Frith, p. 179.
  48. 48.0 48.1 Piesse, p. 126.
  49. 49.0 49.1 Pollard, p. 255.
  50. 50.0 50.1 50.2 Frith, pp. 179–181. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "heart" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  51. 51.0 51.1 51.2 Perry, p. 139.
  52. 52.0 52.1 Le Quesne, p. 28.
  53. "A dummy's guide to Bodyline". Cricinfo. Retrieved 2008-07-31.
  54. Douglas, p.139.
  55. 55.0 55.1 Piesse, p. 127.
  56. 56.0 56.1 Whitington, Dick (1974). The Book of Australian Test Cricket 1877–1974. Wren Publishing. p. 173. ISBN 0-85885-197-0.
  57. Piesse, pp. 127–128.
  58. Frith, p. 182.
  59. Cashman, pp. 322–323.
  60. 60.0 60.1 Pollard, p. 257.
  61. 61.0 61.1 Frith, p. 85.
  62. 62.0 62.1 Perry, p. 140.
  63. Fingleton, Jack (1981). Batting from Memory. Collins. p. 108. ISBN 0-00-216359-4.
  64. Pollard, p. 256.
  65. Frith, pp. 196–197.
  66. Frith and Haigh, p. 77.
  67. Frith, p. 201.
  68. 68.0 68.1 68.2 68.3 68.4 Perry, p. 141.
  69. 69.0 69.1 "HowSTAT! Match Scorecard". Howstat.com.au. 1933-07-22. Retrieved 2009-06-28.
  70. 70.0 70.1 Douglas, p.166.
  71. 71.0 71.1 Douglas, p.168.
  72. See Cricinfo for the scorecard of the Second Test between England and West Indies in 1933.
  73. 73.0 73.1 Haigh and Frith, p. 84.
  74. Harte, p. 354.
  75. Robinson, p. 164.
  76. Bodyline History—Why was it named as such and by who? Archived 2006-06-21 at the Wayback Machine. 334notout.com. Retrieved 30 November 2006.
  77. A brief history of cricket. Cricinfo.com. Retrieved 26 November 2006.
  78. "Laws of cricket, 1947 Code, 1970 revision. The limitation in the number of leg side fieldsmen was added to Law 44.3". CricketArchive. Archived from the original on 2007-09-27. Retrieved 2006-12-04.
  79. "Crowe grab for the Baggy Green". The Daily Telegraph. 21 October 2006. Archived from the original on 2012-09-04. Retrieved 10 February 2007.
  80. "It just wasn't cricket". The Sun-Herald. 8 February 2004. Retrieved 4 December 2006. {{cite web}}: Italic or bold markup not allowed in: |work= (help)
  81. New South Wales Higher School Certificate Syllabus: Modern History, New South Wales Board of Studies. Retrieved 2 August 2009.

പൊതു അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോഡിലൈൻ&oldid=3921166" എന്ന താളിൽനിന്ന് ശേഖരിച്ചത്