ഡഫറിൻ പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baron Dufferin and Claneboye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ വൈസ്രോയി ആയിരുന്ന ഡഫറിൻ പ്രഭു

ബ്രിട്ടിഷ് നയതന്ത്രോദ്യോഗസ്ഥനും ഇന്ത്യയിലെ മുൻ വൈസ്രോയിയുമായിരുന്നു ഡഫറിൻ പ്രഭു. 1826 ജൂൺ 21-ന് ഇറ്റലിയിലെ ഫ്ലോറൻസിൽ ഇദ്ദേഹം ജനിച്ചു. ഈറ്റൺ, ഓക്സ്ഫോഡ് എന്നീ സർവകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ഡഫറിൻ 1841-ൽ ഐറിഷ് പ്രഭുവായി സ്ഥാനമേറ്റു. ലെറ്റേഴ്സ് ഫ്രം ഹൈ ലാറ്റിറ്റ്യൂഡ്സ് (1857) എന്ന കൃതിയുടെ കർത്താവെന്ന നിലയിലായിരുന്നു ഇദ്ദേഹം ആദ്യകാലത്ത് പ്രശസ്തി നേടിയത്. ഐസ് ലൻഡ്സിലേക്കുള്ള സാഹസിക യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ സഞ്ചാര കൃതി ഇദ്ദേഹം രചിച്ചത്.

നയതന്ത്ര ഉദ്യോഗസ്ഥൻ[തിരുത്തുക]

നയതന്ത്രപരമായ ഉദ്യോഗങ്ങളിൽ നിയമിതനായ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ പ്രവർത്തനം സിറിയയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അവിടെ 1860-ൽ ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്തതിനെത്തുടർന്നുണ്ടായ അനുരഞ്ജനശ്രമങ്ങളിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച ഡഫറിൻ രാജ്യതാത്പര്യം സൂക്ഷിക്കുന്നതിൽ തനിക്കുള്ള പ്രതിബദ്ധത തെളിയിക്കുകയുണ്ടായി. 1862-ൽ ഇദ്ദേഹം ഹാരിയറ്റിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. പിന്നീട് 1864 മുതൽ 66 വരെ ഇദ്ദേഹം ഇന്ത്യക്കുവേണ്ടിയുള്ള അണ്ടർ സെക്രട്ടറിയായും 1866-ൽ യുദ്ധകാര്യങ്ങൾക്കായുള്ള അണ്ടർസെക്രട്ടറിയായും നിയമിതനായി.

ഭരണരംഗത്തെയും നയതന്ത്രരംഗത്തെയും മികവ്[തിരുത്തുക]

ഭരണരംഗത്തും നയതന്ത്രരംഗത്തും ഇദ്ദേഹം പ്രകടമാക്കിയ മികവ് മനസ്സിലാക്കിയ ബ്രിട്ടിഷ് ഭരണകൂടം തുടർന്ന് പല ഭാരിച്ച ചുമതലകളും ഇദ്ദേഹത്തെ ഏല്പിച്ചു. അതിലെല്ലാം ഇദ്ദേഹത്തിന് വിജയം കൈവരിക്കാനുമായി. മാത്രമല്ല, 1871-ൽ ഏൾ എന്ന ഉന്നതമായ പ്രഭു പദവിയിൽ അവരോധിതനാവുകയും ചെയ്തു. തുടർന്ന് 1872-ൽ കാനഡയിലെ ഗവർണർ ജനറലായി നിയമിക്കപ്പെട്ടതോടെ കൊളോണിയൽ ഭരണ രംഗത്ത് പ്രവേശിക്കുവാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ സ്ഥാനലബ്ധിയും ഡഫറിനു ലഭിച്ച മറ്റൊരു അംഗീകാരമായി കണക്കാക്കിപ്പോരുന്നു. റഷ്യയിലെ അംബാസഡറായി 1879 മുതൽ 81 വരെയും, തുർക്കിയിലെ അംബാസഡറായി 1881 മുതൽ 82 വരെയും, ഈജിപ്ത്തിലെ കമ്മിഷണറായി 1882 മുതൽ 83 വരെയും ഇദ്ദേഹം നിയമിതനായി. ഇതിനെത്തുടർന്നായിരുന്നു 1884-ൽ റിപ്പൺ പ്രഭുവിന്റെ പിൻഗാമിയായി ഇന്ത്യയിൽ വൈസ്രോയി പദവിയിലെത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഡഫറിൻ പ്രഭു വൈസ്രോയിയായിരുന്ന കാലത്താണ്. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും ബർമ (മ്യാൻമർ) കീഴടക്കിയതും ഇദ്ദേഹത്തിന്റെ വൈസ്രോയ് ഭരണകാലത്ത് ബ്രിട്ടിഷ് ഗവൺമെന്റിനുണ്ടായ മികച്ച നേട്ടങ്ങളാണ്. 1888-ൽ വൈസ്രോയി സ്ഥാനത്തു നിന്നും വിരമിച്ചു. ഏല്പിച്ച ചുമതലകളിലെല്ലാം വിജയം കൈവരിച്ചതിനുള്ള അംഗീകാരമായി 1888-ൽ മാർക്വസ് ഒഫ് ഡഫറിൻ (Marquess of Dufferin) എന്ന ബഹുമതി നൽകി ബ്രിട്ടിഷ് ഗവൺമെന്റ് ഇദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം 1888 മുതൽ 91 വരെ റോമിലെ അംബാസഡറായും 1892 മുതൽ 96 വരെ പാരിസിലെ അംബാസഡറായും സേവനമനുഷ്ഠിച്ചു. 1896-ൽ പൊതുജീവിതത്തിൽ നിന്നും വിരമിച്ച് അയർലണ്ടിൽ സ്ഥിരതാമസമാക്കി. 1902 ഫെബ്രുവരി12- ന് അയർലണ്ടിലെ ക്ലാൻഡിബോയിൽ നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഫറിൻ പ്രഭു (1826 - 1902) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡഫറിൻ_പ്രഭു&oldid=1689845" എന്ന താളിൽനിന്ന് ശേഖരിച്ചത്