ധ്രുവക്കുറുക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arctic Fox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധ്രുവകുറുക്കൻ[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. lagopus
Binomial name
Alopex lagopus
Arctic Fox range
Synonyms

Alopex lagopus
Canis lagopus

ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കുറുക്കനാണ്‌ ധ്രുവക്കുറുക്കൻ‍. ആർട്ടിക് കുറുക്കൻ, ഹിമകുറുക്കൻ എന്നിങ്ങനെയും അറിയപ്പെടുന്നു. കാനിഡെ(Candiae) ജന്തുകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: അലോപെക്സ് ലാഗോപ്പസ് ( Alopex lagopus ). ധ്രുവക്കുറുക്കന് സാധാരണ കുറുക്കനെ അപേക്ഷിച്ച് വലിപ്പം കുറവാണ്.

ശരീര ഘടന[തിരുത്തുക]

കുറുക്കന്റേതിനെക്കാൾ നീളം കൂടിയ കാലുകളും നായയുടേതിനു സദൃശമായ തലയും പല്ലും ഇവയുടെ സവിശേഷതയാണ്. ആൺമൃഗത്തിന് തലയും ഉടലും കൂടി 46-68 സെന്റിമീറ്റർ. നീളം വരും; വാലിന് 30-40 സെന്റിമീറ്ററും. തോളറ്റംവരെ 30 സെന്റിമീറ്ററും. ഉയരവും നാലര കിലോഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. പെൺമൃഗത്തിന്റെ തലയ്ക്കും ഉടലിനും കൂടി 53 സെന്റിമീറ്ററും വാലിന് 30 സെന്റിമീറ്ററും നീളവും മൂന്നു കിലോഗ്രാം തൂക്കവും ഉണ്ടായിരിക്കും. കട്ടിയുള്ള കൊഴുപ്പുപാളിയും രോമക്കുപ്പായവും ആർട്ടിക് മേഖലയിലെ തണുപ്പിനെ പ്രതിരോധിക്കാൻ ഇവയ്ക്ക് സഹായിക്കുന്നു. ശീതകാലത്ത് ഇവയ്ക്ക് വെളുത്ത നിറമാണ്; വേനൽക്കാലത്ത് ഇളം നീലയും. അതിനാൽ ഇവയെ നീലക്കുറുക്കൻ എന്നും വിശേഷിപ്പിക്കാറുണ്ട്.

ആവാസ മേഖല[തിരുത്തുക]

യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ തുന്ദ്ര പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഐസ്‌ലാന്റിലെ കരയിൽ ജീവിക്കുന്ന ഏക സസ്തനി ധ്രുവക്കുറുക്കനാണ്; അവിടെ ഇവ സാധാരണയാണുതാനും. -70oC വരെയുള്ള തണുപ്പ് അതിജീവിക്കാൻ ധ്രുവക്കുറുക്കനു കഴിയും.

ഒരു ആൺമൃഗവും ഒന്നോ രണ്ടോ പെൺമൃഗങ്ങളും അടങ്ങിയ ചെറുകൂട്ടങ്ങളായാണ് ഇവയെ കാണുക. കുന്നിൻചരിവുകളിൽ എക്കൽമണ്ണും മണലും ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ഗുഹകളാണ് ഇവയുടെ വാസസ്ഥലം.

സ്വഭാവം[തിരുത്തുക]

എലികൾ‍, പ്രാണികൾ‍, ധ്രുവക്കരടികൾ ഉപേക്ഷിച്ചുപോയ മാംസക്കഷണങ്ങൾ, ചത്തടിഞ്ഞ മത്സ്യങ്ങൾ തുടങ്ങിയവ ധ്രുവക്കുറുക്കൻ ആഹാരമാക്കുന്നു. മഞ്ഞിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇരകളുടെ നേരിയ ശബ്ദം പോലും പിടിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മേയ്-ജൂൺ മാസക്കാലമാണ് ധ്രുവക്കുറുക്കന്റെ പ്രജനനകാലം. ഗർഭകാലം 51-57 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ 4 മുതൽ 11 വരെ കുഞ്ഞുങ്ങളുണ്ടാകും. പെൺകുറുക്കനും കുഞ്ഞുങ്ങൾക്കും ആഹാരം സമ്പാദിച്ചുകൊടുക്കുന്നതും അവയെ ശത്രുക്കളിൽനിന്നു സംരക്ഷിക്കുന്നതും കുടുംബത്തിലെ ആൺകുറുക്കനാണ്. വൻതോതിലുള്ള വേട്ടയാടൽമൂലം ധ്രുവക്കുറുക്കൻ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.

അലോപെക്സ് കോർസാക് ( Alopex corsac ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മറ്റൊരിനം ധ്രുവക്കുറുക്കൻ മംഗോളിയ, വടക്കൻ ചൈന എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Alopex lagopus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 11 February 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്രുവക്കുറുക്കൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധ്രുവക്കുറുക്കൻ&oldid=2489689" എന്ന താളിൽനിന്ന് ശേഖരിച്ചത്