ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anglo-Afghan War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി അഫ്ഗാനിസ്ഥാനെതിരായി ബ്രിട്ടിഷ് സാമ്രാജ്യം നടത്തിയ യുദ്ധങ്ങൾആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. പ്രധാനമായും മൂന്ന് യുദ്ധങ്ങളാണ് (1838-42; 1878-80; 1919) ബ്രിട്ടിഷുകാരും അഫ്ഗാനിസ്താനും തമ്മിൽ ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ രാഷ്ട്രപിതാവായി കരുതുന്ന[അവലംബം ആവശ്യമാണ്] അഹമ്മദ്ഷാ അബ്ദാലിയുടെ (1722-73) മരണശേഷം അഫ്ഗാനിസ്താനിൽ ആഭ്യന്തരകലാപങ്ങൾ ഉടലെടുത്തു. 1803-ൽ അഫ്ഗാൻ അമീറായ ഷൂജാഉൽമാലിക് (ഷാഷൂജ) 1809-ൽ സ്ഥാനഭ്രഷ്ടനായി. തുടർന്ന് 1826-ൽ ദോസ്ത് മുഹമ്മദ്ഖാൻ കാബൂൾ പിടിച്ചടക്കി അമീർ ആയി. സിക്ക് രാജാവായ രഞ്ജിത് സിങ് (1780-1839) അഫ്ഗാൻകാരെ തോൽപിച്ച് 1834-ൽ പെഷവാർ പിടിച്ചടക്കി. ഈ ഘട്ടത്തിൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഏഷ്യയിലെ വികസനം ബ്രിട്ടീഷ് ഭരണാധികാരികളെ പരിഭ്രാന്തരാക്കി. റഷ്യക്കാരുടെ ഈ നീക്കം ബ്രിട്ടിഷിന്ത്യൻ ഗവൺമെന്റിന് ആപത്തെന്നു മനസ്സിലാക്കിയ ബ്രിട്ടിഷുകാർ, അഫ്ഗാനിസ്താന്റെ ഈ കാലത്തുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളെ കണക്കിലെടുത്തുകൊണ്ട് അഫ്ഗാൻ രാഷട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഫലമായിട്ടാണ് ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ എന്നുകൂടി പേരുള്ള അഫ്ഗാൻ യുദ്ധങ്ങൾ ഉണ്ടായത്.

ഒന്നാം യുദ്ധം[തിരുത്തുക]

ഒന്നാം അഫ്ഗാൻ യുദ്ധം (1838 - 1842, ഒരു സൈന്യത്തിന്റെ അവശേഷിപ്പ് - എലിസബത്ത് ബട്ട്ലറുടെ ചിത്രം - 1842 ജനുവരിയിൽ കാബൂളിൽ നിന്നും ജലാലാബാദിലേക്ക് പിൻ‌വാങ്ങിയ (മരണയാത്ര) പതിനാറായിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിൽ അവശേഷിച്ച ഒരേയൊരാളായ ഡോക്റ്റർ വില്ല്യം ബ്രൈഡനെ ചിത്രീകരിച്ചിരിക്കുന്നു.)

ഓക്ലൻഡ് പ്രഭു (1784-1849) ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറലായി നിയമിതനായത് (1835) ഈ വിഷമസന്ധികളുടെ നടുവിലായിരുന്നു. റഷ്യൻ സഹായത്തോടെ പേർഷ്യയിലെ മുഹമ്മദ് ഷാ ഖാജർ, 1837 നവംബറിൽ അഫ്ഗാനിസ്താനിലെ ഹെറാത്ത് ആക്രമിച്ചപ്പോൾ അഫ്ഗാൻ അമീറായിരുന്ന ദോസ്ത് മുഹമ്മദ് ഖാൻ ബ്രിട്ടീഷ് സഹായം ആവശ്യപ്പെട്ടു.[അവലംബം ആവശ്യമാണ്] പേർഷ്യനാക്രമണം പിന്തിരിക്കപ്പെട്ടതിനുശേഷം രഞ്ജിത് സിങ്ങിനെതിരെ ഇംഗ്ലീഷ് സഹായം അഫ്ഗാൻകാർ ആവശ്യപ്പെട്ടപ്പോഴും ബ്രിട്ടീഷുകാർ ആ അഭ്യർഥന നിരസിക്കുകയാണുണ്ടായത്. റഷ്യൻ മുന്നേറ്റം തടയാനായി ഇംഗ്ലീഷുകാർ ക്യാപ്റ്റൻ അലക്സാണ്ടർ ബർണസിനെ കാബൂളിലെ നയതന്ത്രദൂതനായി 1837-ൽ ആയച്ചു. ഈ ബ്രിട്ടീഷ് പ്രതിനിധി അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ട വ്യവസ്ഥകൾ ചെയ്തുകൊടുക്കാൻ തയ്യാറായില്ല. അതിനെ തുടർന്ന് ദോസ്ത് മുഹമ്മദ്, റഷ്യൻ നയതന്ത്രദൂതനായ ക്യാപ്റ്റൻ വിറ്റ്ക്കേവിച്ചനെ സ്വീകരിച്ചു. ബ്രിട്ടീഷുകാരുമായുള്ള എല്ലാ ബന്ധങ്ങളും അഫ്ഗാൻകാർ വിഛേദിച്ചു. ഇതിനെ ചെറുക്കാൻ ഇംഗ്ളീഷുകാരും രഞ്ജിത് സിങ്ങും, ഷാ ഷൂജയും ചേർന്ന് 1838-ൽ ഒരു ത്രികക്ഷി സന്ധി ഉണ്ടാക്കി. 1838 ഡിസബറിൽ ഇംഗ്ലീഷുസൈന്യം അഫ്ഗാനിസ്താൻ ആക്രമിച്ച് ഷാ ഷൂജയെ അമീർ ആക്കി. ബ്രിട്ടീഷുകാരുടെ അധീശത്വത്തെയും പുതിയ അമീറായ ഷാ ഷൂജയെയും അഫ്ഗാൻകാർ അംഗീകരിക്കാൻ തയ്യാറായില്ല. പലായനം ചെയ്തിരുന്ന ദോസ്ത് മുഹമ്മദ് അഫ്ഗാൻ സൈന്യത്തെ നയിക്കാൻ അഫ്ഗാനിസ്താനിലെത്തി. 1840 നവംബർ 2-ന് പർവാൻദാരായ്ക്കടുത്തുവച്ചുണ്ടായ യുദ്ധത്തിൽ ദോസ്ത് മുഹമ്മദിന്റെ സേനയായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ യാതൊരു കാരണവുമില്ലാതെ പിറ്റേദിവസം ദോസ്ത് മുഹമ്മദ് ബ്രിട്ടീഷുകാർക്ക് കീഴടങ്ങി. ദോസ്ത് മുഹമ്മദിനെ ഇന്ത്യയിലേക്ക് നാടുകടത്തി. ഇതുകൊണ്ടൊന്നും കാബൂളിലെ സ്ഥിതിഗതികൾ ശാന്തമായില്ല. കാബൂളിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായ ഇംഗ്ളീഷുകാർ സന്ധിസംഭാഷണത്തിന് തയ്യാറായി. കാബൂൾ വിട്ടുപോകാൻ ഇഷ്ടമില്ലാതിരുന്ന ബ്രിട്ടിഷ് പ്രതിനിധിയായ സർ വില്യം ഹെ മക്നോട്ടൺ സന്ധിസംഭാഷണം നീട്ടിക്കൊണ്ടുപോയി. ഇതിൽ അമർഷം തോന്നിയ അഫ്ഗാൻകാർ മക്ക്നോട്ടനെ ഒരു കൂടിക്കാഴ്ച്ചയ്ക്കു ക്ഷണിച്ചു. അവിടെവച്ച് ദോസ്ത് മുഹമ്മദിന്റെ പുത്രനായ അക്ബർ ഖാൻ അദ്ദേഹത്തെ വധിച്ചു. മക്നോട്ടന്റെ വധത്തെ തുടർന്ന് ഇംഗ്ളീഷുസൈന്യം തിരിച്ചുപോരാൻ തുടങ്ങി. 1842 ജനു. 6-ന് 4,500 ബ്രിട്ടീഷിന്ത്യൻ സൈന്യവും 12,000 ക്യാമ്പുവാസികളും കൂടി കാബൂളിൽ നിന്ന് യാത്രതിരിച്ചു. ഇവരെ അഫ്ഗാൻകാർ പതിയിരുന്നു വധിച്ചു. ജനറൽ വില്യം നോട്ടും ജനറൽ ജോർജ് പോളക്കും കൂടി ആ വർഷംതന്നെ കാബൂൾ തിരിച്ചു പിടിച്ചെങ്കിലും പുതിയ ഗവർണർ ജനറലായിവന്ന എല്ലൻബറൊ പ്രഭു (1790-1871) യുദ്ധം അവസാനിപ്പിച്ച് ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു. എല്ലൻബറൊ പ്രഭു ഷാഷൂജയ്ക്കു പകരം 1843-ൽ ദോസ്ത് മുഹമ്മദിനെ തന്നെ അമീർ ആയി അംഗീകരിച്ചു. തന്റെ മരണസമയംവരെ (1853) ദോസ്ത് മുഹമ്മദ് ഇംഗ്ലീഷുകാരുമായി സൗഹാർദത്തിൽ കഴിഞ്ഞു.

രണ്ടാം യുദ്ധം[തിരുത്തുക]

രണ്ടാം ആംഗ്ലോ - അഫ്കാൻ യുദ്ധത്തിൽനിന്നും പിന്തിരിഞ്ഞോടുന്ന ബ്രിട്ടീഷ് സൈന്യം

ദോസ്തുമുഹമ്മദിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ ഷേർ അലിയാണ് അമീർ ആയത്. ബ്രിട്ടീഷുകാർ അഫ്ഗാനിസ്ഥാനിൽ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കി. പക്ഷേ, യൂറോപ്പിലും മധ്യ പൌരസ്ത്യദേശത്തും റഷ്യൻ നയം ആക്രമണപരമായിത്തീർന്നപ്പോൾ ഇംഗ്ലീഷുനയത്തിലും വ്യതിയാനങ്ങൾ ഉണ്ടായി. ലിറ്റൺപ്രഭു (1831-91) ഇംഗ്ലീഷ് റസിഡന്റിനെ കാബൂളിലേക്ക് അയക്കാൻ അനുവാദം ആവശ്യപ്പെട്ടു. ഷേർ അലി അതു നിഷേധിച്ചു. പക്ഷേ, ഒരു റഷ്യൻ പ്രതിനിധി അനുവാദം കൂടാതെ കാബൂളിൽ എത്തിയപ്പോൾ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും അവിടേക്കു നിയുക്തനായി. അതിർത്തിയിൽ വച്ച് അഫ്ഗാൻകാർ ബ്രിട്ടീഷ് പ്രതിനിധിയെ തടഞ്ഞതോടുകൂടി (1878) രണ്ടാം അഫ്ഗാൻയുദ്ധം ആരംഭിച്ചു. യുദ്ധത്തിൽ ഷേർ അലി പരാജിതനായി. ഷേർ അലിയുടെ മരണശേഷം (1879 ഫെ. 21) മെയ് 6-ന് അദ്ദേഹത്തിന്റെ മകൻ യാക്കൂബ്ഖാൻ ഇംഗ്ലീഷുകാരുമായി ഗണ്ഡാമക്ക് സന്ധിയിൽ ഒപ്പുവച്ചു. അതിലെ വ്യവസ്ഥ പ്രകാരം ഇംഗ്ലീഷ് റസിഡന്റ് കാബൂളിൽ താമസിക്കാനും ഏതാനും പ്രദേശങ്ങൾ ഇംഗ്ളീഷുകാർക്കു വിട്ടുകൊടുക്കാനും തീരുമാനം ഉണ്ടായി. പക്ഷേ, വീണ്ടും സംഘട്ടനങ്ങൾ ഉണ്ടായി. കാബൂളിൽ റസിഡന്റായി നിയമിതനായ മേജർ സർ പിയറി ലൂയി കാവഗ്നരി 1879 സെപ്റ്റബർ 3-നു ബാലഹിസ്സാറിൽ വച്ച് വധിക്കപ്പെട്ടു. ഇംഗ്ലീഷുസൈന്യം അഫ്ഗാനിസ്താൻ വീണ്ടും ആക്രമിച്ചു. ലിറ്റൺ പ്രഭുവിനുശേഷം വൈസ്രോയി ആയി നിയമിതനായ റിപ്പൺ പ്രഭു (1827-1909) ഒരു പുതിയ നയം ആവിഷ്ക്കരിച്ചു. ദോസ്ത് മുഹമ്മദിന്റെ സഹോദരപുത്രനായ അബ്ദുർ റഹിമാനെ അമീർ ആയി ഇംഗ്ലീഷുകാർ അംഗീകരിക്കുകയും ഇംഗ്ലീഷ് റസിഡന്റിനെ കാബൂളിൽ നിയമിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.

മൂന്നാം യുദ്ധം[തിരുത്തുക]

രണ്ടാം ആഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ ഗൂർഖ പടയാളികൾ

ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഒന്നാം ലോകയുദ്ധം കഴിഞ്ഞതിനുശേഷമാണ്. അഫ്ഗാൻ അമീറായിരുന്ന ഹബീബുല്ലാഖാൻ 1919-ൽ വധിക്കപ്പെട്ടതിനെ തുടർന്ന് അമാനുല്ലാഖാൻ (1892-1960) അമീറായി. അഫ്ഗാൻ ജനത ബ്രിട്ടീഷുകാരുടെ മേൽക്കോയ്മയിൽ കഴിയാൻ ആഗ്രഹിച്ചില്ല. ഭരണകാര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ സ്വാധീനത അവർ ചെറുത്തു. ഇത് മൂന്നാം അഫ്ഗാൻ യുദ്ധത്തിന് വഴിതെളിച്ചു. അന്ന് ഇന്ത്യാവൈസ്രോയിയായിരുന്ന ചെംസ്ഫോർഡ് പ്രഭു (1868-1933) അഫ്ഗാനിസ്ഥാനെതിരായി ബ്രിട്ടീഷ് സൈന്യത്തെ കാബൂളിലേക്കയച്ചു. യുദ്ധത്തിൽ അഫ്ഗാനിസ്താൻ പരാജയപ്പെട്ടു. 1921 നവബറിൽ 22-ലെ റാവൽപിണ്ഡി സന്ധിയനുസരിച്ചു സമാധാനം പുനഃസ്ഥാപിതമായി. അതിനുശേഷം സന്ധി വ്യവസ്ഥയനുസരിച്ച് അഫ്ഗാനിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ബ്രിട്ടീഷുകാർ അംഗീകരിച്ചു.

ഒരു ശരിയായനയം ബ്രിട്ടീഷിന്ത്യൻ ഭരണാധികാരികൾ നേരത്തെ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരുന്നെങ്കിൽ ഈ മൂന്നു സംഘട്ടനങ്ങളും ഒഴിവാക്കാമായിരുന്നുവെന്നാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.