അണ്ടല്ലൂർക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andaloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ഹൈന്ദവ ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്. തീയ്യരുടെ ഊരായ്മയാണ് കാവിനുളളത്. . ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.

അണ്ടല്ലൂർക്കാവ്
അണ്ടലൂർ കാവ്
ശ്രീ അണ്ടല്ലൂർക്കാവ്
പേരുകൾ
ശരിയായ പേര്:അണ്ടല്ലൂർക്കാവ്
സ്ഥാനം
സ്ഥാനം:ധർമ്മടം, കണ്ണൂർ തൃശ്ശൂർ ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി

അണ്ടലൂർ കാവിൻറെ മുഖ്യ ആകർഷണവും ഈ കാടുകളാണ്.രണ്ടായിരം വർഷം പഴക്കമുള്ള മരങ്ങൾ ഇവിടെയുണ്ട്.മേലെകാവ് എന്നും താഴെക്കാവ് എന്നും രണ്ട് ദേവസ്ഥാനങ്ങലാണ് ഇവിടെയുള്ളത്. ഇതിൽ താഴേക്കാവ് കാടുകൾ നിറഞ്ഞ പ്രദേശമാണ്. നിരവധി തെയ്യങ്ങൾ ഇവിടെ കെട്ടിയാടിക്കാറുണ്ട്. അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്. [1] ഒരിക്കൽ തലശ്ശേരിയിലെ ഈ തീയ്യർ ആധിപത്യമുള്ള കാവ് അണ്ടലൂർ കാവിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച കളരിപ്പയറ്റ് യോദ്ധാവ് തച്ചോളി ഒതേനനെ തീയ്യന്മാർ അവനെ ശിക്ഷിച്ച് പരാജയപ്പാടുത്തി പാലത്തിലൂടെ നാട് കടത്തിയ കഥയും ഈ കാവിനുണ്ട്.

ഭൂഘടന[തിരുത്തുക]

അറബിക്കടലോട് ചേർന്നുനിൽക്കുന്ന ധർമ്മടം ഗ്രാമത്തിൻറെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്. തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണനിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്; മേലൂർദേശത്തിൻറെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്. അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്തിൻറെ നെറുകയിലാണ്. എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു. "കാവ്" എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് - അണ്ടലൂർക്കാവും അത്തരത്തിലൊന്നാണെന്ന് പറയാം.

തിറ ഉത്സവം[തിരുത്തുക]

ബാലി-സുഗ്രീവ യുദ്ധം
മെയ്യാലംകൂടൽ
കൊട്ടിക്കലാശം

ഏഴുദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ തിറ ഉത്സവം. മലയാളമാസം കുംഭം ഒന്നാം തിയ്യതി കാവിൽകയറൽ, രണ്ടാം തിയ്യതി ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി മേലൂരിൽ നിന്നും കുടവരവുണ്ട്. നാലാം തിയതി മുതൽ തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങും.

നാലാം തിയതി സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തെയ്യം അണിയറയിൽനിന്നും മുഖത്തെഴുത്തും ചമയങ്ങളോടും പടിഞ്ഞാറേത്തറയിലേക്ക് എഴുന്നള്ളുന്നു. അവിടെ പീഠത്തിൽ ഇരുന്നു ദൈവത്താർ പൊന്മുടി ചാർത്തുന്നു. ഇത് ശ്രീരാമ പട്ടാഭിഷേകമെന്ന് സങ്കൽപ്പം. ദൈവത്താർ മുടിവെച്ചുകഴിഞ്ഞു തറയിൽനിന്നുമിറങ്ങി അങ്കക്കാരൻ, ബപ്പൂരൻ എന്നീ തെയ്യങ്ങളോടും കൂടി വില്ലുകാരുടെ അകമ്പടിയോടെ കാവിനെ വലംവയ്ക്കുന്ന ചടങ്ങുണ്ട്. വ്രതമെടുത്ത പുരുഷന്മാരും ആൺകുട്ടികളും അച്ചൻമാരും (കാരണവന്മാർ) അതിൽ പങ്കെടുക്കുന്നു. ഇവിടത്തെ പ്രധാന ചടങ്ങായ ഈ വലംവയ്ക്കലിനു മെയ്യാലം കൂടുക എന്നാണ് പ്രാദേശികമായി പറയുന്നത്. പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക. കുളുത്താറ്റിയവർ വാനരപ്പടയാണെന്ന് സങ്കൽപ്പം. മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി പരിവാരങ്ങളോടുകൂടി ദൈവത്താറും അങ്കക്കാരനും ബപ്പൂരനും കൊട്ടിലിലേക്ക് എഴുന്നള്ളുന്നു. അവിടെ മണിക്കിണറിൽ മുഖദർശനം നടത്തൽ ചടങ്ങ് ഉണ്ട്. പിന്നീട് മൂന്നു തെയ്യങ്ങളും താഴേക്കാവിലേക്ക് എഴുന്നള്ളുന്നു. ഇത് സീതയെ വീണ്ടെടുക്കാൻ ലങ്കയിലേക്ക് പോകുന്നതായാണ് സങ്കൽപ്പം. പുലർച്ചയ്ക്ക് അതിരാളൻ തെയ്യവും രണ്ടു മക്കളും (സീതയും മക്കളും) പുറപ്പെടുന്നു. അതിനുശേഷം തൂവക്കാരി, മലക്കാരി, വേട്ടയ്ക്കൊരുമകൻ, പൊൻമകൻ, പുതുച്ചേകവൻ, നാക്കണ്ഠൻ(നാഗകണ്ഠൻ), നാപ്പോതി(നാഗഭഗവതി), ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ പുറപ്പെടുന്നു. ഇവരിൽ ചില തെയ്യങ്ങൾ മുടി കിരീടങ്ങൾ മാത്രം മാറി മാറി ധരിച്ചു കലാശം ചവിട്ടുന്നവരാണ്.

ഉച്ചയ്ക്ക് മുമ്പായി ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കൽപ്പം) തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. രാവിലെ ഇറങ്ങുന്ന ചെറിയ ബപ്പൂരനാണ് ബാലീ സുഗ്രീവ യുദ്ധത്തിൽ മദ്ധ്യസ്ഥം വഹിക്കുന്നത്. ഈ ബപ്പൂരൻറെ ശിരോമകുടത്തിന് വ്യത്യാസമുണ്ട്. ബപ്പൂരാൻ ഇടപെടുന്നതോടെ യുദ്ധം തീർന്ന് രണ്ടുപേരും രഞ്ജിപ്പിലെത്തുന്നു എന്ന് സങ്കല്പം. നാലാം തിയതി മുതൽ ഏഴാം തിയതിവരെ ചടങ്ങുകൾ ഒരുപോലെയാണ്.

താഴെക്കാവ്[തിരുത്തുക]

നിറയെ മരങ്ങളും വള്ളികളും കുറ്റിക്കാടുകളും ഏതാനും തറകളുംചേർന്ന പ്രദേശമാണ് താഴേക്കാവ്. ഇത് രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ അശോക വനം (രാവണന്റെ വാസസ്ഥലം) കണക്കാക്കപ്പെടുന്നു. അങ്കക്കാരൻ തെയ്യത്തിൻറെ ആട്ടം (നൃത്തം) അരങ്ങേറുന്നത് ഇവിടെ വച്ചാണ്.

അപൂർവ്വയിനം സസ്യങ്ങളാൽ സമ്പുഷ്ടമാണ് താഴെക്കാവ്. വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി ഇവിടെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

മേലെക്കാവ്[തിരുത്തുക]

ശ്രീരാമൻ, ഹനുമാൻ, ലക്ഷ്മണൻ എന്നീ ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യം ഇവിടെ വിശ്വസിക്കപ്പെടുന്നു. ദൈവത്താർ എന്ന പേരിലാണ് ശ്രീരാമ രൂപം ഇവിടെ ആരാധിക്കപ്പെടുന്നത്. ലക്ഷ്മണൻ അറിയപ്പെടുന്നത് അങ്കക്കാരൻ എന്ന പേരിലും ഹനുമാൻ ബപ്പൂരൻ എന്ന പെരിലും തെയ്യമായികെട്ടിയാടിക്കപ്പെടുന്നു. ബാലി,സുഗ്രീവൻ മുതലായ തെയ്യങ്ങളും ഇവിടെ തിറ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയാടിക്കപ്പെടുന്നു.

തെയ്യം മ്യൂസിയം[തിരുത്തുക]

ഉത്തരമലബാറിലെ തെയ്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുവാനായി 2018 ൽ സംസ്ഥാന സർക്കാരിൻറെ സഹായത്തോടുകൂടി ആരംഭിച്ചു. അണ്ടലൂർക്കാവിൻറെ പെരുമയും തനിമയും നിലനിർത്തിക്കൊണ്ടാണ് ഈ തെയ്യം അനുഷ്ഠാന-വ്യാഖ്യാന കേന്ദ്രം പണികഴിപ്പിച്ചിട്ടുള്ളത്. പരമ്പരാഗത വാസ്തുശിൽപ്പ മാതൃകയിലാണ് ഇതിൻറെ നിർമ്മാണം. വിവിധ തെയ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇവിടെ ലഭ്യമാകും. പ്രധാനമായും തെയ്യങ്ങളുടെ വേഷഭൂഷാദികളും മുഖത്തെഴുത്ത് പ്രത്യേകതകൾ വ്യക്തമാക്കുന്ന മാതൃകകളും ആണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഒരു ഫോട്ടോ ഗാലറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

  • റോഡ്
ദേശീയപാത 66 ൽ കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധർമ്മടം. ധര്മ്മടത്തിൻറെ കിഴക്കുഭാഗത്തായി പിണറായിയുടെ അതിർത്തിയിൽ അഞ്ചരക്കണ്ടി പുഴയുടെ കൈവരിയുടെ തീരത്തായാണ് അണ്ടല്ലൂർക്കാവ് സ്ഥിതിചെയ്യുന്നത്. ഇതുവഴി ലോക്കൽ ബസ് സർവ്വീസ് ഉണ്ട്.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://astrology.mathrubhumi.com/php/showTmpDtls.php?tid=462&type=temple[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അണ്ടല്ലൂർക്കാവ്&oldid=3896541" എന്ന താളിൽനിന്ന് ശേഖരിച്ചത്