അഗെസാൻഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agesander of Rhodes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലയക്കൂണും പുത്രന്മാരും അഗെസാൻഡർ നിർമിച്ചത് (ലഗൂൺ ശില്പം)

ബി.സി. ഒന്നാം ശതകത്തിൽ റോഡ്സിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രതിമാശില്പിയാണ് അഗെസാൻഡർ. പ്ലിനിയുടെ പ്രകൃതിചരിത്രം (Natural History) എന്ന ഗ്രന്ഥത്തിൽ ലയക്കൂൺ (Laocoon) ശില്പത്തിന്റെ നിർമാതാവ് അഗെസാൻഡറാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിയൻ പ്രസ്ഥാനത്തിന്റെ മികച്ച ഒരു സംഭാവനയാണ് ഈ ശില്പം. ടൈറ്റസ് ചക്രവർത്തിയുടെ കൊട്ടാരത്തിൽ ഇതു കണ്ടതായി പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് (എ.ഡി. 1506) ടൈറ്റസ് ചക്രവർത്തിയുടെ കൊട്ടാര അവശിഷ്ടങ്ങൾക്കിടയിൽനിന്നും ഈ പ്രതിമ കണ്ടെടുക്കപ്പെട്ടു. അഗെസാൻഡർ, പോളിഡോറസ്, അഥിനോഡോറസ് എന്നീ മൂന്നു റോഡിയൻ ശില്പികൾ ചേർന്നാണ് ഈ പ്രതിമ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടു മാർബിൾ ശിലകൾ ഉപയോഗിച്ചാണ് അവർ ഈ പ്രതിമ കൊത്തിയെടുത്തത്. ബി.സി. ഒന്നാം ശതകത്തിലാണോ രണ്ടാം ശതകത്തിലാണോ ഇത് നിർമ്മിക്കപ്പെട്ടത് എന്നു വ്യക്തമല്ല. ട്രോജൻപുരോഹിതനായ ലയക്കൂണും രണ്ടു പുത്രൻമാരും അഥീനാദേവി നിയോഗിച്ച രണ്ടു സർപ്പങ്ങളുടെ ബന്ധനത്തിൽ ഞെരിഞ്ഞമരുന്നതാണ് പ്രതിപാദ്യവിഷയം. കഠിനമായ വേദനയും ദുഃഖവും ആവിഷ്കരിക്കുന്നതിൽ ഇതിന്റെ ശില്പികൾ വിജയിച്ചിട്ടുണ്ട്. പുരുഷത്വത്തിന് അതിഭാവുകത്വം നല്കിയിട്ടുണ്ടെങ്കിലും രൂപസൗഷ്ഠവം തികഞ്ഞവയാണ് ഈ ശില്പങ്ങൾ. ഇത് മൈക്കൽ ആഞ്ജലോയെ വളരെയധികം ആകർഷിക്കുകയുണ്ടായി. നടുക്കുള്ള രൂപത്തിന്റെ പൊട്ടിപ്പോയ വലതുകൈ പുനഃപ്രതിഷ്ഠിക്കുന്നതിന് ഇദ്ദേഹം ഒരു വിഫലശ്രമം നടത്തുകയുണ്ടായി. പുരാതനപ്രതിമാനിർമ്മാണകലയുടെ ഏറ്റവും മികച്ച ഉദാഹരണമായി ലയക്കൂൺ ശില്പത്തെ പ്ലിനി വിശേഷിപ്പിച്ചിട്ടുണ്ട്.

മെലോസ്‌‌ദ്വീപിൽനിന്നും 1820-ൽ കണ്ടെടുക്കപ്പെട്ട അഫ്രോഡൈറ്റിന്റെ ഒരു പ്രതിമയും അഗെസാൻഡർ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിന്റെ പിടിയുടെ അവശിഷ്ടത്തിൽ സാൻഡർ എന്ന അക്ഷരങ്ങൾ ശേഷിച്ചിട്ടുണ്ട്. ഗ്രീക് കലാരീതിയുടെ പ്രത്യേകത ഈ പ്രതിമാനിർമിതിയിലും കാണാവുന്നതാണ്. ശാലീനസൗന്ദര്യത്തേക്കാളേറെ, ഉദാത്തമായ മാതൃത്വഭാവമാണ് ഈ പ്രതിമയിൽ പ്രകടമായി കാണുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗെസാൻഡർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗെസാൻഡർ&oldid=3622580" എന്ന താളിൽനിന്ന് ശേഖരിച്ചത്