അഫ്രീഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Afridi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിനടുത്തുവസിക്കുന്ന ഒരു പത്താൻ വർഗമാണ് അഫ്രീഡി. 1960-ലെ കണക്കനുസരിച്ച് 50,000-ൽ അധികം അഫ്രീഡികൾ ഉണ്ട്. സമുദ്രനിരപ്പിൽനിന്നും 1,800-2,100 മീറ്റർ ഉയരമുള്ള ഫലപുഷ്ടവും ദുർഗമവുമായ കുന്നിൻപ്രദേശം വളരെക്കാലം ഇവരുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. ഒരു ഗവൺമെന്റിന്റെയും നിയന്ത്രണത്തിനു വിധേയരാകാതെ ജീവിച്ചുവന്ന ഇക്കൂട്ടരെ ആദ്യമായി കണ്ടുമുട്ടിയത് ഇന്ത്യയെ ആക്രമിച്ച സാഹിർ ഉദ്-ദിൻ ബാബറാണ് (1504). അന്യരുടെ ആക്രമണത്തിനു വിധേയരാകാതെ ഇവർ പിന്നെയും കുറേക്കാലം കഴിച്ചു. 1581-ൽ അക്ബർ കൈബർ ചുരത്തിലൂടെ ഒരു റോഡ് നിർമിച്ചു. അഫ്രീഡികളുടെ എതിർപ്പുമൂലം കാബൂളിലെ ആദ്യഗവർണറായ മാൻസിംഗിന് ചുരം കടക്കാൻ കഴിഞ്ഞില്ല. റോഷാനിയാ പ്രസ്ഥാനത്തിന്റെ നേതാവായ ജലാലുദ്ദീനാണ് ഇത്തരത്തിലുള്ള എതിർപ്പുകൾക്ക് പ്രചോദനം നൽകിയത്.

സംഘട്ടനങ്ങൾ[തിരുത്തുക]

1585-ലും 1622-ലും മുഗളന്മാരും അഫ്രീഡികളുമായി കനത്ത സംഘട്ടനങ്ങളുണ്ടായി. 1630-ൽ കാബൂൾ ഗവർണറായ മുസാഫർഖാന്റെ കാലത്ത് അഫ്രീഡികൾക്ക് വമ്പിച്ച പരാജയം നേരിട്ടു. 1672-ൽ നവ്ഷെറാകോട്ട പിടിച്ചടക്കാൻ മുഗളന്മാർ നടത്തിയ ശ്രമം വിജയിച്ചില്ല.

18-ആം നൂറ്റാണ്ടിൽ അഫ്ഗാൻ അമീർ ആയ അഹമ്മദ് ഷാ ദുരാനി അഫ്രീഡികൾക്ക് സഹായവാഗ്ദാനം ചെയ്യുകയും അവരെ തന്റെ സൈന്യത്തിൽ ചേർക്കുകയും ചെയ്തു. ദുരാനിയുടെ പൌത്രനായ ഷാഷൂജായ്ക്ക് അഫ്രീഡികളുടെ സഹായം ലഭിച്ചിരുന്നു.

യുദ്ധത്തിൽ പരാജിതനായ ഷുജായ്ക്ക് അഭയം നൽകിയതും അഫ്രീഡികളാണ്. 1837-ൽ സിക്കു നേതാവായിരുന്ന ഹരിസിങ്ങിനെ ആക്രമിക്കുന്നതിന് ദോസ്ത് മുഹമ്മദിനെ അഫ്രീഡികൾ സഹായിച്ചു. 1838-42 ലുണ്ടായ ഒന്നാം അഫ്ഗാൻ യുദ്ധത്തിലാണ് ബ്രിട്ടീഷുകാർ അഫ്രീഡികളുമായി ഏറ്റുമുട്ടിയത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ അഫ്രീഡികളെ ബ്രിട്ടിഷ് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. ഡോ. ഖാൻ സാഹിബും അനുജനായ അബ്ദൽ ഗഫാർഖാനും രംഗത്തു വന്നതോടെ (1930-നുശേഷം) ബ്രിട്ടീഷുകാരുടെ സ്ഥിതി പരുങ്ങലിലായി; സ്വതന്ത്രപക്തൂണിസ്താൻ വേണമെന്ന വാദവും ഇക്കാലത്ത് ഉയർന്നു.

പഷ്തൂഭാഷ സംസാരിക്കുന്നവർ[തിരുത്തുക]

തല മുണ്ഡനം ചെയ്യുകയും താടിമീശ വളർത്തുകയും ചെയ്യുന്ന ദൃഢഗാത്രരായ ഇക്കൂട്ടർ സംസാരിക്കുന്നത് പുഷ്തു ഭാഷയാണ്. ഈ വർഗത്തിന്റെ ഉദ്ഭവത്തെക്കുറിച്ചു വലിയ അറിവുകളില്ല. അനാഥശിശുക്കളെ ദത്തെടുക്കുന്ന വംശപാരമ്പര്യം കണക്കിലെടുത്താൽ അഫ്രീഡികൾ മറ്റു പത്താൻ വർഗക്കാരുമായി സാദൃശ്യമുള്ളവരാണെന്ന് കാണാൻ കഴിയും

ദായക്രമത്തിന്റെ കാര്യത്തിൽ കിഴക്കൻ-ഇറാനിയൻഭാഷ സംസാരിക്കുന്ന ഉർമാറീസ് വർഗങ്ങളുമായും അഫ്രീഡികൾക്കു സാദൃശ്യമുണ്ട്. പത്താൻഭാഷയും ആചാരങ്ങളും അനുവർത്തിച്ചുവരുന്ന അഫ്രീഡികൾ പ്രാചീനകാലത്തുതന്നെ കുടിയേറിയവരാണെന്ന് കരുതാം. അഫ്രീഡികൾക്കു പെഷാവർ തീരത്തു വസിച്ചുവന്ന അപാരിടെയുമായി ബന്ധമുണ്ടെന്ന് പ്രാചീന യവനചരിത്രകാരനായ ഹെറൊഡോട്ടസ് (ബി.സി. 5-ആം നൂറ്റാണ്ട്) സൂചിപ്പിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന അഫ്രിഡികൾ[തിരുത്തുക]

ഷാഹിദ് അഫ്രിദി-പാകിസ്താൻ ക്രിക്കറ്റ് ടീം കാപ്റ്റൻ[1] still holds the record for the most sixes hit in ODI cricket history[2]

ഷാഹിദ് അഫ്രിദി സ്റ്റേഡിയത്തിൽ

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫ്രീഡി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ODI Records:- Fastest 100s
  2. Yuvraj Singh vs Shahid Afridi | Who's The Greatest?
  3. Helen Ellis (July 2009) The Assassination of Lord Mayo: The 'First' Jihad? Australian National University
"https://ml.wikipedia.org/w/index.php?title=അഫ്രീഡി&oldid=3623265" എന്ന താളിൽനിന്ന് ശേഖരിച്ചത്