ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ

ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ഇംഗ്ലീഷ് കവിയും ഗദ്യകാരനുമായിരുന്നു. 1840-ൽ പ്ലിമത്തിൽ ജനിച്ചു. ബോമാറിസ്, കവന്റ്റി, സ്ട്രാസ്ബർഗ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1856-ൽ ബോർഡ് ഒഫ് ട്രെയ്ഡിൽ ഉദ്യോഗം ലഭിച്ച ഇദ്ദേഹം 1884 മുതൽ 1901-ൽ വിരമിക്കുന്നതുവരെ അവിടത്തെ നാവിക വിഭാഗത്തിൽ പ്രിൻസിപ്പൽ ക്ലാർക്കായി സേവനമനുഷ്ഠിച്ചു.

ആദ്യകാല കവിതകൾ[തിരുത്തുക]

ഡോബ്സന്റെ ആദ്യകാല കവിതകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

  • വീൻയെറ്റ്സ് ഇൻ റൈം 1873
  • അറ്റ് ദ് സൈൻ ഒഫ് ദ് ലയർ 1875
  • ദ് ലേഡീസ് ഒഫ് സെന്റ് ജെയിംസ്,
  • ദി ഓൾഡ് സിഡാൻ ചെയർ,
  • മൈ ബുക്ക്സ്,
  • ഫേബിൾസ് ഒഫ് ലിറ്റ്റിച്ചർ ആൻഡ് ആർട്ട്

എന്നിങ്ങനെ ഡോബ്സന്റെ പ്രസിദ്ധിയാർജിച്ച നിരവധി കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എക്കാലവും ഡോബ്സന്റെ മനസ്സിൽ ആവേശമായി നിറഞ്ഞുനിന്നിരുന്ന 18-ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടവയാണ് ഇതിലെ മിക്ക കവിതകളും. ബാലാഡ് (ballade), റോൻദോ തുടങ്ങിയ ഫ്രഞ്ച് കാവ്യരൂപങ്ങളുടെ അനുകരണത്തിനുവേണ്ടി 1870-കളിൽ ഇംഗ്ലണ്ടിൽ രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ഡോബ്സൻ. 1877-ൽ പുറത്തിറക്കിയ പ്രോവെർബ്സ് ഇൻ പോഴ്സ്ലെയ്ൻ എന്ന സമാഹാരത്തിൽ ഈ കാവ്യസങ്കേതങ്ങളുടെ വിദഗ്ദ്ധമായ പ്രയോഗം കാണാം.

ഗദ്യരചനകൾ[തിരുത്തുക]

ഡോബ്സന്റെ സാഹിത്യ ജീവിതത്തിന്റെ ഉത്തരഘട്ടത്തിൽ വിമർശനാത്മകവും ജീവചരിത്രപരവുമായ ഗദ്യരചനകൾക്കായിരുന്നു മുൻതൂക്കം.

  • ഫീൽഡിങ് (1883)
  • ബെവിക് (1884)
  • സ്റ്റീൽ (1886)
  • ഗോൾഡ്സ്മിത്ത് (1888)
  • വാൽപോൾ (1890)
  • സാമുവൽ റിച്ചെഡ്സൺ (1902)

തുടങ്ങിയ കൃതികളിൽ ജീവചരിത്രത്തിന്റേയും വിമർശനത്തിന്റേയും ഗവേഷണത്തിന്റേയും സമഞ്ജസമായ മേളനം കാണാം. പ്രതിപാദ്യവിഷയത്തെപ്പറ്റി എന്തെങ്കിലും പുതിയ വിവരം വായനക്കാർക്കു നൽകുന്നതിലായിരുന്നു ഡോബ്സന്റെ ശ്രദ്ധ. ഒരിക്കലും സൗന്ദര്യശാസ്ത്രത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമർശനം.

  • ഫോർ ഫ്രഞ്ച് വിമൻ (1890)
  • എയ്റ്റീന്ത് സെഞ്ചറി വീൻയെറ്റ്സ് (3 ഭാഗം, 1892-96)
  • ദ് പലാഡിൻ ഒഫ് ഫൈലന്ത്രോപ്പി (1899)

തുടങ്ങിയ ചില ഗദ്യഗ്രന്ഥങ്ങൾ കൂടി ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1901-ൽ കാർമിന വോട്ടിവ എന്നൊരു കവിതാസമാഹാരവും ഡോബ്സൻ പ്രസിദ്ധീകരിക്കുകയുണ്ടായി. 1921-ൽ ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോബ്സൻ, ഹെന്റി ഓസ്റ്റിൻ (1840 - 1921) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.