ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ"
മിസ്റ്റർ ബീൻ എപ്പിസോഡ്
എപ്പിസോഡ് നം.എപ്പിസോഡ് 14
സംവിധാനംജോൺ ബിർക്കിൻ
രചനറോബിൻ ഡ്രിസ്കോൾ
റൊവാൻ അറ്റ്കിൻസൺ
നിർമാണംസ്യൂ വെച്യൂ
സംപ്രേക്ഷണ തീയതി15 നവംബർ 1995 (1995-11-15)
സംപ്രേക്ഷണ ദൈർഘ്യം26 മിനിറ്റുകൾ
അതിഥി താരങ്ങൾ

കോളിൻ വെൽസ്
ഫ്രെഡറിക് ട്രെവ്സ്

എപ്പിസോഡ് ക്രമം
← മുൻപ്
"ഗുഡ്നൈറ്റ് മിസ്റ്റർ ബീൻ"
അടുത്തത് →
"ദി ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ"
മിസ്റ്റർ ബീൻ എപ്പിസോഡുകളുടെ പട്ടിക

മിസ്റ്റർ ബീൻ ടെലിവിഷൻ പരമ്പരയിലെ പതിനാലാമത്തേതും അവസാനത്തേതുമായ എപ്പിസോഡാണ് ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ. 1995 നവംബർ 15നാണ് ഐടിവി ഈ എപ്പിസോഡ് ആദ്യമായി സംപ്രേഷണം ചെയ്തത്. റോവാൻ അറ്റ്കിൻസണോടൊപ്പം കോളിൻ വെൽസ്, ഫ്രെഡറിക് ട്രെവ്സ് എന്നീ പ്രമുഖ നടന്മാരും അതിഥി വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

സന്ദർഭം 1[തിരുത്തുക]

മിസ്റ്റർ ബീൻ തന്റെ മുടിവെട്ടാനായി ഡെറിക്സ് ബാർബർ ഷോപ്പിലേക്ക് പ്രവേശിക്കുന്നു. അപ്പോൾ മുടിവെട്ടുകാരന് ഒരു ടെലിഫോൺ കോൾ വരികയും അയാൾ ദീർഘനേരം ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പേടുകയും ചെയ്യുന്നു. ബീൻ മുടിവെട്ടുകാരനെ കാത്തുനിൽക്കുമ്പോൾ മറ്റു പല ആളുകളും മുടിവെട്ടാനായി അവിടെ എത്തുകയും ബീൻ പുതിയ മുടിവെട്ടുകാരനാണ് എന്ന ധാരണയിൽ അയാൾക്കുമുൻപിൽ മുടിവെട്ടാനായി ഇരുന്നുകൊടുക്കുകയും ചെയ്യുന്നു. ബീൻ ഈ അവസരത്തിൽ സ്വയം മുടിവെട്ടുകാരനായി ഭാവിച്ച് 3 ആളുകൾക്ക് തെറ്റായതും, ചിരിയുണർത്തുന്നതുമായ രീതിയിൽ മുടിവെട്ടികൊടുക്കുന്നു. പിന്നീട് ഈ ആളുകൾ കുപിതരായി ബാർബർ ഷോപ്പിൽ തിരിച്ച് വരികയും യഥാർത്ഥ മുടിവെട്ടുകാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ സമയത്ത് ബീൻ ചാൾസ് രാജകുമാരന്റെ ഒരു ചിത്രംകൊണ്ട് തന്റെ മുഖം മറച്ച് നിൽക്കുന്നു.

സന്ദർഭം 2[തിരുത്തുക]

ബീൻ ഒരു മേളയിൽ എത്തുകയും, ചില ഇൻഡോർ കളികളിൽ ചതിയുപയോഗിച്ച് രസകരമായ രീതിയിൽ വിജയിക്കുകയും ചെയ്യുന്നു. പിന്നീട് ബീൻ ഒരു ശ്വാനപ്രദർശനത്തിൽ തന്റെ കരടിപ്പാവയായ ടെഡിയെ പങ്കെടുപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. അവിടെ നിന്നും സമ്മാനമായി ലഭിച്ച ഒരു എല്ല് മറ്റു പട്ടികളുടെ ഇടയിലേക്ക് എറിഞ്ഞശേഷം ബഹളത്തിനിടയിൽ ഒരു കുപ്പി തേനുമായി സ്ഥലംവിടുന്നു.

സന്ദർഭം 3[തിരുത്തുക]

ബീൻ ഒരു ട്രെയിനിൽ നിന്ന് പുറത്തിറങ്ങുന്നു, എന്നാൽ അവിചാരിതമായി അയാളുടെ ടിക്കറ്റ് നഷ്ടപ്പെടുന്നു. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തെത്താനായി അയാൾ ഒരു തപാൽചാക്കിൽ കയറുന്നു. അതിനുള്ളിലിരുന്നു ഇഴഞ്ഞ് ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെ ജോലിക്കാർ ഗേറ്റ് തിരിക്കുകയും ബീൻ ഇഴഞ്ഞ് പാളത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു. തപാൽചാക്ക് പാളത്തിൽ കിടക്കുന്നതായി കണ്ട ജോലിക്കാർ അതെടുത്ത് (അതിനുള്ളിലുള്ള ബീനോടൊപ്പം) മോസ്കോയിലേക്കുള്ള ട്രെയിനിൽ ഇടുന്നു. മൂന്നാം സന്ദർഭം മിസ്റ്റർ ബീൻ റൈഡ്സ് എഗെയ്ൻ എന്ന എപ്പിസോഡിന്റെ നാലാം സന്ദർഭത്തിന്റെ തുടർച്ചയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് വിവരങ്ങൾ[തിരുത്തുക]

സൗത്ത്വാർക് കത്തീഡ്രൽ ക്വയർ ആലപിച്ച മിസ്റ്റർ ബീൻ തീം സോംഗാണ് ഈ എപ്പിസോഡിലും ഉപയോഗിച്ചിരിക്കുന്നത്. മിസ്റ്റർ ബീനിന്റെ സഹരചയിതാവായ റോബിൻ ഡ്രിസ്കോൾ മൂന്നാം സന്ദർഭത്തിൽ ഒരു റെയിൽവേ ഗാർഡായി അതിഥിവേഷത്തിൽ അഭിനയിച്ചിരിക്കുന്നു.

കാർട്ടൂൺ പരമ്പരയിൽ[തിരുത്തുക]

മിസ്റ്റർ ബീനിന്റെ കാർട്ടൂൺ പരമ്പരയായ മിസ്റ്റർ ബീൻ ദി അനിമേറ്റഡ് സീരീസിലെ ഹെയർകട്ട് എന്ന എപ്പിസോഡ് ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ എന്ന യഥാർത്ഥ പരമ്പരയിലെ ഒന്നാമത്തെ സന്ദർഭത്തെ ആസ്പദമാക്കി നിർമിച്ചതാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]