ഹരപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സിന്ധൂ നദീതടത്തില്‍ ഹരപ്പയുടെ സ്ഥാനവും സിന്ധൂ നദീതട സംസ്കാരത്തിന്റെ വ്യാപ്തിയും (പച്ചനിറത്തില്‍).

വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഒരു നഗരമാണ് ഹരപ്പ (ഉര്‍ദ്ദു: ہڑپہ, ഹിന്ദി: हड़प्पा). സഹിവാളിന് ഏകദേശം 35 കിലോമീറ്റര്‍ (22 മൈല്‍) തെക്കുപടിഞ്ഞാറായി ആണ് ഹാരപ്പയുടെ സ്ഥാനം.

രവി നദിയുടെ മുന്‍കാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ ഹാരപ്പ നഗരം. ഇതിനു വശത്തായി, ശ്മശാന എച്ച് സംസ്കാരത്തിന്റെയും സിന്ധൂ നദീതട സംസ്കാരത്തിന്റെയും ഭാഗമായിരുന്ന, പുരാതന സം‌രക്ഷിത നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നു.

പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതല്‍ ആണ്. 23,500 വരെ ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായിരുന്നു ഹാരപ്പ. ഹാരപ്പ സംസ്കൃതി ഇന്നത്തെ പാക്കിസ്ഥാന്‍ അതിര്‍ത്തികള്‍ക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങള്‍ സിന്ധ്, പഞ്ചാബ് പ്രവിശ്യ എന്നിവയായിരുന്നു.[1]

2005-ല്‍ ഇവിടെ വിവാദമുയര്‍ത്തിക്കൊണ്ട് ഒരു ഉല്ലാസോദ്യാനം നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിര്‍മ്മിതാക്കള്‍ നിര്‍മ്മിതിയുടെ ആദ്യ ഘട്ടത്തില്‍ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാക്കിസ്ഥാനി പുരാവസ്തു ഗവേഷകനായ അഹ്മദ് ഹസന്‍ ദാനി പാക്കിസ്ഥാനിലെ സാംസ്കാരിക മന്ത്രാലയത്തിനു നല്‍കിയ ഹര്‍ജ്ജിയെത്തുടര്‍ന്ന് ഈ അവശിഷ്ടങ്ങള്‍ പുന:സ്ഥാപിച്ചു. [2]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പുരാതന ലോകത്തിലെ പ്രധാനവും എന്നാല്‍ ഇന്നും ദുര്‍ഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ് ഹാരപ്പന്‍ നാഗരികത. ഹാരപ്പ നഗരത്തെ കേന്ദ്രീകരിച്ച് വികസിച്ചതുകൊണ്ട് ഇത് ഹാരപ്പന്‍ സംസ്കാരം എന്ന് അറിയപ്പെടുന്നു. ഹാരപ്പയും മോഹന്‍ജൊ-ദാരോയും അവയുടെ ക്രമീകൃതവും ചിട്ടയുമായ നഗരാസൂത്രണത്തിന് പ്രശസ്തമാണ്. ഈ പ്രദേശത്ത് നൂറില്‍ കൂടുതല്‍ ഗ്രാമങ്ങളും പട്ടണങ്ങളും സ്ഥിതിചെയ്തു. ഇന്നും ഈ സംസ്കൃതിയുടെ ഭാഷ പൂര്‍ണ്ണമായി കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ഹാരപ്പന്‍ സംസ്കൃതി എന്നും അറിയപ്പെട്ട സിന്ധൂ നദീതട നാഗരികതയുടെ തുടക്കം ഏകദേശം ക്രി.മു. 6000 വര്‍ഷം പഴക്കമുള്ള മേര്‍ഗഢ് തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹാരപ്പയും മോഹന്‍ജൊ-ദാരോയും സിന്ധൂ നദീതീരത്ത് പഞ്ചാബ്, സിന്ധ് പ്രദേശങ്ങളുടെ താഴ്വരയില്‍ ഏകദേശം ക്രി.മു. 2600-ല്‍ നിലവില്‍ വന്നു. [3]. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉണ്‍റ്റായിരുന്ന ഈ സംസ്കൃതിയെ വീണ്‍റ്റും കണ്ടെത്തിയത് 1920-കളില്‍ സിന്ധിലെ സുക്കൂറിന് അടുത്തുള്ള മോഹന്‍ജൊ-ദാരോ (മരിച്ചവരുടെ കുന്ന് എന്നാന് മോഹന്‍ജൊ-ദാരോ എന്ന പദത്തിന്റെ അര്‍ത്ഥം), ലാഹോറിനു തെക്ക് iപടിഞ്ഞാറേ പഞ്ചാബിലെ ഹാരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളില്‍ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് ഹിമാലയത്തിന്റെ മലയടിവാരങ്ങള്‍ മുതല്‍ (കിഴക്കേ പഞ്ചാബ്) തെക്കുകിഴക്ക് ഗുജറാത്ത് വരെയും, പടിഞ്ഞാറ് ബലൂചിസ്ഥാന്‍ വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലാഹോര്‍- മുള്‍ത്താന്‍ റെയില്‍ പാത നിര്‍മ്മിക്കുന എഞ്ജിനിയര്‍മാര്‍ 1857-ല്‍ ഹാരപ്പന്‍ അവശിഷ്ടങ്ങളില്‍ നിന്നുള്ള ചുടുകട്ടകള്‍ റെയില്‍ പാളങ്ങളെ താങ്ങിനിറുത്താന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹാരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹാരപ്പയില്‍ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. [4]

[തിരുത്തുക] സംസ്കാരവും സമ്പദ്‌വ്യവസ്ഥയും

പ്രധാനമായും ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധൂ നദീതട നാഗരികത. ഇതിനെ നിലനിറുത്തിയിരുന്നത് മിച്ചമായി ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്പ്പാദനവും വാണിജ്യവുമാണ്. ഇതില്‍ തെക്കേ മെസൊപ്പൊട്ടേമിയയിലെ സുമേറുമായി ഉള്ള വ്യാപാരവും ഉള്‍പ്പെടും. മോഹന്‍ജൊ-ദാരോയും ഹാരപ്പയും ഒരേപോലെയുള്ള നഗര പ്ലാനുകള്‍ അനുസരിച്ച്, വ്യക്തമായി തിരിച്ച തെരുവുകള്‍, വേര്‍തിരിച്ച വാസഗൃഹങ്ങള്‍, പരന്ന മേല്‍ക്കൂരയുള്ള ചുടുകല്‍ വീടുകള്‍, ശക്തിപ്പെടുത്തിയ ഭരണകേന്ദ്രങ്ങളോ മത കേന്ദ്രങ്ങളോ, എന്നിവയോടുകൂടി നിര്‍മ്മിച്ചവയാണ്."[5] അളവുകളും തൂക്കങ്ങളും ഏകദേശം ഒരേപോലെയായിരുന്നു (ഇവ പൂര്‍ണ്ണമായി നിര്‍ണ്ണയിച്ച് ചിട്ടപ്പെടുത്തിയിരുന്നില്ലെങ്കിലും). ഈ പ്രദേശത്ത് ആകെ വ്യതിരിക്തമായ (അച്ചുകള്‍) സീലുകള്‍ ഉപയോഗിച്ചിരുന്നു. മറ്റ് ഉപയോഗങ്ങള്‍ക്കു പുറമേ ഇവ, വസ്തുവകകളെ തിരിച്ചറിയുന്നതിനും വസ്തുക്കള്‍ കയറ്റിയയയ്ക്കുന്നതിനും ഇവ ഉപയോഗിച്ചിരുന്നു. ചെമ്പ്, വെങ്കലം എന്നിവ ഉപയോഗിച്ചിരുന്നെങ്കിലും, ഇരുമ്പ് ഇവര്‍ ഉപയോഗിച്ചിരുന്നില്ല. "പരുത്തി നെയ്യുകയും, നിറംപിടിപ്പിച്ച് (ഡൈ ചെയ്ത്) വസ്ത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു; അരി, ഗോതമ്പ്, പലതരം പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയെ കൃഷി ചെയ്തിരുന്നു; പൂഞ്ഞ ഉള്ള കാള ഉള്‍പ്പെടെ പല മൃഗങ്ങളെയും ഇവര്‍ ഇണക്കി വളര്‍ത്തിയിരുന്നു". [5]. കുശവന്റെ ചക്രം കറക്കി ഉണ്ടാക്കിയ പാത്രങ്ങള്‍ - അവയില്‍ ചിലത് മൃഗങ്ങളുടെ ചിത്രങ്ങളും ജ്യാമിതീയ രൂപങ്ങളും കൊണ്ട് അലങ്കരിച്ചവ - മിക്ക സിന്ധൂനദീതട സ്ഥലങ്ങളിലും നിന്ന് ധാരാളമായി ലഭിച്ചിട്ടുണ്ട്. മുഴുവന്‍ സംസ്കൃതിയ്ക്കും കേന്ദ്രികൃതമായ ഒരു ഭരണസംവിധാനം ഇല്ലായിരുന്നെങ്കിലും, ഓരോ നഗരത്തിഉം കേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനം ഉണ്ടായിരുന്നു എന്ന് സാംസ്കാരികമായ ഏകതയില്‍ നിന്നും മനസിലാക്കാം. എന്നാല്‍, ഇത്തരം ഒരു അധികാരം ആരില്‍ നിക്ഷേപിതമായിരുന്നു എന്ന് വ്യക്തമല്ല. മറ്റ് നാഗരികതകളില്‍ പൊതുവായി കാണപ്പെടുന്ന പൗരോഹിത്യത്തിന്റെ ധാരാളിത്തമോ പ്രദര്‍ശന പരതയോ ഈ സംസ്കാരത്തില്‍ പൂര്‍ണ്ണമായും കാണപ്പെടുന്നില്ല.

[തിരുത്തുക] പുരാവസ്തു ഗവേഷണം

ഇന്നുവരെ ഖനനം ചെയ്ത് എടുത്തതില്‍ ഏറ്റവും വിശിഷ്ടവും, എന്നാല്‍ ദുര്‍ഗ്രാഹ്യവുമായ വസ്തുക്കള്‍ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങള്‍ മുദ്രണം ചെയ്ത സ്റ്റീറ്റൈറ്റ് അച്ചുകള്‍ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകള്‍ മോഹന്‍ജൊ-ദാരോയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയില്‍ പലതിലും ചിത്രങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയന്‍ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.

[തിരുത്തുക] അവലംബം

  1. Basham, A. L. 1968. Review of A Short History of Pakistan by A. H. Dani (with an introduction by I. H. Qureshi). Karachi: University of Karachi Press. 1967 Pacific Affairs 41(4) : 641-643.
  2. Tahir, Zulqernain. 26 May 2005. Probe body on Harappa park, Dawn. Retrieved 13 January 2006.
  3. Beck, Roger B.; Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, (1999). World History: Patterns of Interaction. Evanston, IL: McDougal Littell. ISBN 0-395-87274-X. 
  4. Kenoyer, J.M., 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology
  5. 5.0 5.1 Library of Congress: Country Studies. 1995. Harappan Culture. Retrieved 13 January 2006.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

അക്ഷാംശവും രേഖാംശവും: 30°38′N 72°52′E / 30.633, 72.867

"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം