ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
ഹഫ്സ ബിൻത് ഉമർ (Arabic: حفصة بنت عمر) മുഹമ്മദ് നബിയുടെ ഭാര്യമാരിൽ ഒരാളും ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന ഉമർ ഇബ്‌ൻ ഖത്വാബിന്റെ മകളും ആയിരുന്നു. നബിയുടെ ഭാര്യമാരെ മുസ്ലീങ്ങൾ ആദരസൂചകമായി "ഉമ്മുൽ മുഅ്മിനീൻ" (വിശ്വാസികളുടെ ഉമ്മ) എന്നാണ് വിളിക്കാറുള്ളത്.
ആദ്യം ഹഫ്സയെ വിവാഹം ചെയ്തിരുന്നത് ഖുനൈസ് ഇബ്ൻ ഹുദൈഫ എന്ന ഒരു സഹാബിയായിരുന്നു. ബദ്ർ, ഉഹ്ദ് യുദ്ധങ്ങളിൽ പങ്കെടുത്തിരുന്ന ഒരു ധീരയോദ്ധാവായിരുന്ന അദ്ദേഹത്തിന് ഉഹ്ദ് യുദ്ധത്തിൽ മുറിവേൽക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിന് ഹേതുവാകുകയും ചെയ്തു. അങ്ങനെ വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ തന്റെ സുഹൃത്തുക്കളായ അബൂബക്കറിനോടും ഉസ്മാനോടും ആവശ്യപ്പെട്ടെങ്കിലും അവർ നിരസിക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് നബിയോട് പരാതിപ്പെട്ട ഉമറിനോട് നബി പറഞ്ഞത് "ഹഫ്സക്ക് ഉസ്മാനേക്കാളും ഉസ്മാന് ഹഫ്സയേക്കാളും നല്ല ഇണയെ ലഭിച്ചേക്കാം" എന്നാണ്. പിന്നീട് മുഹമ്മദ് നബി ഹഫ്സയെ വിവാഹം ചെയ്തു.
ഹഫ്സ ഖുർആൻ പൂർണ്ണമായും മനപാഠമാക്കിരുന്നു. ഖലീഫ ഉസ്മാന്റെ കാലത്ത് ഖുർആൻ ക്രോഡീകരിക്കുമ്പോൾ ഹഫ്സയുടെ കൈവശം ഉണ്ടായിരുന്ന പകർപ്പും ഉപയോഗപ്പെടുത്തിയിരുന്നു.