സുറിയാനി മലബാർ നസ്രാണികൾ
നസ്രാണികളുടെ നരവംശപരമായ കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നത്. നസ്രാണികളുടെ മതപരമായ പാരമ്പര്യത്തെ കുറിച്ച് അറിയാൻ സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്ന ലേഖനം കാണുക.
സിറിയൻ മലബാർ നസ്രാണികൾ തെക്കെ ഇൻഡ്യയിലെ കേരള സംസ്ഥാനത്തെ ഒരു ക്രൈസ്തവസമൂഹം ആണ്. ക്രൈസ്തവ സഭയുടെ ആദ്യ കാലഘട്ടങ്ങളിൽ ക്രിസ്ത്യാനികൾ ആയി മാറിയ മലബാർ തീരത്തെ തദ്ദേശീയരായ ജനങ്ങളെയും ക്രിസ്ത്യാനികൾ ആയി മാറിയ കേരളത്തിലെ ആദിമ യഹൂദരെയും ആണ് പൊതുവെ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ജനവിഭാഗം പൊതുവായി എബ്രായ-സുറിയാനി ക്രൈസ്തവ പാരമ്പര്യം ആണ് പിന്തുടരുന്നത്. അവരുടെ പാരമ്പര്യം സുറിയാനി-കൈരളിയും, സംസ്കാരം തെക്കെ ഇൻഡ്യനും, വിശ്വാസം സെന്റ് തോമസ് ക്രിസ്തീയതയും, മാതൃഭാഷ മലയാളവും ആണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കേരളത്തിലെ സഭയുടെ മേൽ സ്ഥാപിച്ച ആധിപത്യം മൂലം ഈ ജനങ്ങളുടെ യഹൂദ പാരമ്പര്യ വിശ്വാസാചാരങ്ങൾ മിക്കവാറും പൊയ്പോയിരിക്കുന്നു.
സിറിയൻ മലബാർ ക്രിസ്ത്യാനികൾ, സെന്റ് തോമസ് ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്ന പല പേരുകളിൽ ഇവർ അറിയപ്പെടുന്നു. അപൂർവ്വമായി നസ്രാണി മാപ്പിളമാർ എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ൿ) പൊതുവായി പറയുന്നതാണ് . അതിനാൽ ഈ പദം അറബ് കുടിയേറ്റക്കാരുടെ പിന്തലമുറയേയും, യഹൂദ-ക്രൈസ്തവ പാരമ്പര്യം പറയുന്നവരുടെ പിന്മുറക്കാരേയും വിളിക്കാൻ പൊതുവായി ഉപയോഗിക്കുന്നു. അറബികളുടെ പിന്മുറക്കാരെ മുസ്ലീം മാപ്പിള എന്നും, സിറിയൻ-യഹൂദ ക്രിസ്ത്യാനികളുടെ പിന്മുറക്കാരെ നസ്രാണി മാപ്പിളമാർ എന്നും പൊതുവിൽ വിളിക്കുന്നു.[അവലംബം ആവശ്യമാണ്]