സിസിലിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസിലിയനുകൾ
Temporal range: 170–0Ma
Lower Jurassic – Recent
ഡെർമോഫിസ് മെക്സിക്കാനസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കശേരുകികൾ
ക്ലാസ്സ്‌: ഉഭയജീവികൾ
ഉപവർഗ്ഗം: ലിസാംഫീബിയ
നിര: ജിംനോഫിയോന
മുള്ളർ, 1832
കുടുംബങ്ങൾ

സിസിലിഡേ (Caeciliidae)
ചിക്കിലിഡേ (Chikilidae)
ഡെർമോഫിലിഡേ (Dermophiidae)
ഹെർപ്പെലിഡേ (Herpelidae)
ഇച്ച്തിയോഫിലിഡേ (Ichthyophiidae)
ഇൻഡോടിഫ്ലിഡേ (Indotyphlidae)
റൈനാട്രെമാറ്റിഡേ (Rhinatrematidae)
സ്കോളെക്കോമോർഫിഡേ (Scolecomorphidae)
സിഫോനോപിലിഡേ (Siphonopidae)
ടിഫ്ലോനെക്ടിഡേ (Typhlonectidae)

സിസിലിയനുകളുടെ ആഗോളവിതരണം

കാലുകൾ ഇല്ലാത്തതിനാൽ, ബാഹ്യദൃഷ്ടിയിൽ മണ്ണിരയേയോ പാമ്പിനേയോ പോലെ തോന്നിക്കുന്ന ഉഭയജീവികളുടെ ഒരു വിഭാഗമാണ് സിസിലിയനുകൾ. ഉഭയജീവികളിൽ ഇവ ഉൾപ്പെടുന്ന വിഭാഗത്തിന് 'ജിംനോഫിയോന' എന്നാണു പേര്. ഇവയേയും ജീവാശ്മമാതൃകകളിൽ ഇവയുമായി അടുത്തബന്ധം സൂചിപ്പിക്കുന്ന കാലുകളില്ലാത്ത മറ്റുഭജീവികളേയും ചേർത്ത് 'അപോഡ' (Apoda) എന്നും വർഗ്ഗീകരിച്ചിരിക്കുന്നു. മിക്കവാറും മണ്ണിനടിയിൽ മറഞ്ഞു ജീവിക്കുന്ന ഇവ, ഉഭയജീവികൾക്കിടയിൽ ഏറ്റവും കുറച്ച് അറിയപ്പെടുന്നവയാണ്. ദക്ഷിണ-മദ്ധ്യ അമേരിക്കകളിലേയും, ആഫ്രിക്കയിലേയും, ദക്ഷിണേഷ്യയിലേയും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

വിവരണം[തിരുത്തുക]

കാലുകൾ തീരെയില്ലാത്ത ഈ ജീവികളിൽ ചിലയിനങ്ങൾ ഏതാനും സെന്റീമീറ്റർ മാത്രം നീളത്തിൽ മണ്ണിരയെപ്പോലെ തോന്നിക്കുന്നവയാണെങ്കിലും ഒന്നര മീറ്റർ വരെ നീളത്തിൽ പാമ്പിനെപ്പോലെയിരിക്കുന്ന ഇനങ്ങളുമുണ്ട്. ഇവയുടെ തൊലി മിനുസമുള്ളതും സാധാരണ കറുത്തതുമാണ്. ചിലയിനങ്ങളിൽ തൊലിക്ക് നിറപ്പകിട്ടുണ്ടാകം. അടുത്തടുത്ത് വളയങ്ങളെപ്പോലെ തോന്നിക്കുന്ന മടക്കുകൾ മൂലം ശരീരം ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടതായി തോന്നിക്കുന്നു. തൊലിയിൽ കാണപ്പെടുന്ന ഗ്രന്ഥികളുടെ വിഷമയമുള്ള ദ്രവം, ഇര എന്ന നിലയിൽ മറ്റു ജന്തുക്കൾക്ക് ഇവയെ അനാകർഷകമാക്കുന്നു. ഉറപ്പുള്ള തലയോടും കൂർത്ത ശരീരാഗ്രവും ഇവയെ മണ്ണും ചെളിയും തുരന്നു സഞ്ചരിക്കാൻ സഹായിക്കുന്നു. [1] മിക്കവാറും ഇനങ്ങളിൽ തലയോട്ടിലെ അസ്ഥികൾ സംയോജിച്ച് കാണപ്പെടുന്നു. വായ തലയുടെ അഗ്രത്തിലെന്നതിനു പകരം അടിയിലാണ്. വെള്ളത്തിലോ, കട്ടികുറഞ്ഞ ചെളിയിലോ ഇവയ്ക്ക് മനഞ്ഞിലുകളെപ്പോലെ നീന്തി സഞ്ചരിക്കാനും കഴിയുന്നു.[2] ടിഫ്ലോനെക്ടിഡേ കുടുംബത്തിൽ പെട്ട സിസിലിയനുകൾ വലിപ്പം അധികമുള്ളവയും ജലത്തിൽ ജീവിക്കുന്നവയുമാണ്. ശരീരാഗ്രത്തോടടുത്തുള്ള പേശീനിർമ്മിതമായ ചിറകുകൾ ഇവയെ വെള്ളത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു.[3]

ഇവയുടെ ആഹാര സമ്പ്രദായങ്ങളെക്കുറിച്ച് അധികം അറിവില്ല.

കണ്ണ്, സ്പർശിനി[തിരുത്തുക]

അമേരിക്കയിൽ ടെക്സസിലെ സാ അന്തോണിയോ മൃഗശാലയിലെ സിസിലിയൻ

ഇവയുടെ ശരീരഘടന, മണ്ണിനടിയിലുള്ള ജീവിതത്തിനിണങ്ങിയതാണ്. കണ്ണുകൾ, തൊലികൊണ്ടു മൂടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് കാഴ്ചശക്തിയില്ല എന്ന വിശ്വാസത്തിന് ഇതു കാരണമായി. 'സിസിലിയൻ' എന്ന പേരുതന്നെ അന്ധതയെ സൂചിപ്പിക്കുന്ന സീക്കസ് (Caecus) എന്ന ലത്തീൻ വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളുടെ ശാസ്ത്രീയവർഗ്ഗീകർണത്തിനു തുടക്കമിട്ട കാൾ ലിനേയസ് താൻ ആദ്യമായി വിവരിച്ച ജാതിക്ക് "സിസിലിയ ടെന്റെക്കുലേറ്റ" എന്നു പേരിട്ടതോടെയാണ് സിസിലിയൻ എന്ന പേര് ഇവയ്ക്കു പതിഞ്ഞത്. എങ്കിലും, ഇരുളും വെളിച്ചവും കഷ്ടിച്ചു തിരിച്ചറിയാൻ മാത്രമുള്ള കാഴ്ച ഇവയ്ക്കുണ്ട്.[4] എല്ലാ ഇനങ്ങളിലും കണ്ണുകൾക്കും നാസികക്കും ഇടയിലായി ഒരു ജോഡി സ്പർശിനികൾ കാണപ്പെടുന്നു. നാസികയോടൊപ്പം സ്പർശിനികളും മണത്തറിയാൻ സഹായിക്കുന്നു.[2]

പ്രത്യുല്പാദനം[തിരുത്തുക]

മുട്ടകൾക്കു കാവലിരിക്കുന്ന, ഇച്ച്തിയോഫിസ് വർഗ്ഗത്തിലെ പെൺ-സിസിലിയൻ

എല്ലായിനങ്ങളിലും ആന്തരികബീജദാനം (internal insemination) മാത്രം നടക്കുന്ന ഏക ഉഭയജീവിവിഭാഗമാണ് സിസിലിയനുകൾ. ആൺ സിസിലിയനുകളിലുള്ള ലിംഗസമാനമായ 'ഫല്ലോഡിയം' എന്ന അവയവമാണ് ഇതിനു സഹായിക്കുന്നത്. സയോഗം 2-3 മണിക്കൂർ ദീർഘിക്കുന്നു. 25 ശതമാനത്തോളം ഇനങ്ങൾ മുട്ടയിടുന്നവയാണ്; മുട്ടകൾക്ക് അമ്മ കാവലിരിക്കുന്നു. ചിലയിനങ്ങളിൽ മുട്ടവിരിയുമ്പോൾ തന്നെ കുഞ്ഞുങ്ങൾ രൂപപരിണാമം (മെറ്റാമോർഫോസിസ്) നടന്നവയായിരിക്കും; മറ്റിനങ്ങളിൽ മുട്ട വിരിഞ്ഞുണ്ടാകുന്നത് ലാർവകാളായിരിക്കും. ലാർവകൾ പൂർണ്ണമായും ജലത്തിൽ ജീവിക്കാതെ പകരം പകൽസമയം വെള്ളത്തിനടുത്തുള്ള മണ്ണിൽ കഴിയുന്നു.[2]

മുക്കാൽ ഭാഗം ഇനങ്ങളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. അണ്ഡവാഹിനിക്കുഴലുകളുടെ കോശങ്ങൾ പല്ലുകൾ കൊണ്ട് ഉരച്ചു തിന്നാണ് ഭൂണങ്ങൾ മാതൃശരീരത്തിൽ വളരുന്നത്.

ഇനങ്ങൾ[തിരുത്തുക]

ഉഭയജീവിവിഭാഗത്തിൽ ഇതുവരെ പത്തു കുടുംബങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. വടക്കു-കിഴക്കേ ഇന്ത്യയിൽ 2012-ൽ കണ്ടെത്തപ്പെട്ട ചിക്കിലിഡേ എന്ന കുടുംബമാണ് ഇവയിൽ അവസാനത്തേത്.[5] പശ്ചിമഘട്ടമേഖല ഇന്ത്യയിലെ സിസിലിയൻ വൈവിദ്ധ്യത്തിന്റെ 'തീക്ഷ്ണബിന്ദു' (hotspot) ആയി കരുതപ്പെടുന്നു. അടുത്തകാലത്ത്, ഇവയുടെ രണ്ടു പുതിയ ജാതികൾ അവിടെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. 2011-ൽ കർണ്ണാടകത്തിലെ ബെൽഗാം ജില്ലയിൽ കണ്ടെത്തിയ "ഇച്ച്തിയോഫിസ് ഡേവിഡി" എന്ന മഞ്ഞവരയൻ സിസിലിയൻ (Yellow Striped Caecilian) സിസിലിയന്മാരിലെ ഇച്ച്തിയോഫിഡേ കുടുംബത്തിൽ പെടുന്നു.[6] 2012-ൽ കേരളത്തിൽ കുറിച്യായാടു മലയ്ക്കു സമീപമുള്ള സുഗന്ധഗിരി ഏലത്തോട്ടത്തിൽ കണ്ടെത്തിയ "ഗഗനിയോഫിസ് പ്രൈമസ്"[7]എന്ന ജാതി, സിസിലിഡേ കുടുംബത്തിലേതാണ്.

അവലംബം[തിരുത്തുക]

  1.  Chisholm, Hugh, എഡി. (1911). "Caecilia". Encyclopædia Britannica (eleventh എഡി.). Cambridge University Press. 
  2. 2.0 2.1 2.2 Nussbaum, Ronald A. (1998). Cogger, H.G. & Zweifel, R.G., എഡി. Encyclopedia of Reptiles and Amphibians. San Diego: Academic Press. pp. 52–59. ഐ.എസ്.ബി.എൻ. 0-12-178560-2. 
  3. Piper, Ross (2007). Extraordinary Animals: An Encyclopedia of Curious and Unusual Animals. Greenwood Press. 
  4. S. M. Mohun, W. L. Davies J. K. Bowmaker, D. Pisani, W. Himstedt, D. J. Gower, D. M. Hunt, M. Wilkinson (2010). "Identification and characterization of visual pigments in caecilians (Amphibia: Gymnophiona), an order of limbless vertebrates with rudimentary eyes". The Journal of Experimental Biology 213 (20): 3586–3592. ഡി.ഒ.ഐ.:10.1242/jeb.045914. 
  5. പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തൽ ലോകശ്രദ്ധയിലേക്ക്‌, 2012 ഫെബ്രുവരി 22-ലെ മാതൃഭൂമി ദിനപ്പത്രത്തിലെ വാർത്ത
  6. New Amphibians discovered, 2011 ഒക്ടോബർ 25-ലെ ദ് ഹിന്ദു ദിനപ്പത്രത്തിലെ വാർത്ത
  7. പശ്ചിമഘട്ട മലനിരയിൽനിന്നും പുതിയ ഉഭയജീവി വർഗം, 2012 മേയ് 11-ലെ മാതൃഭൂമി ദിനപ്പത്രത്തിലെ വാർത്ത
"http://ml.wikipedia.org/w/index.php?title=സിസിലിയൻ&oldid=1965531" എന്ന താളിൽനിന്നു ശേഖരിച്ചത്