സിഖ് മതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

series on
സിഖ് മതം

Khanda1.svg

History of Sikhism
Sikh beliefs
Sikh

The Sikh Gurus

Sikh Bhagats

Other Important People

Philosophy
Beliefs and principles
Underlying values
Prohibitions
Technique and methods
Bani

Sikh practices · List

Scripture
Guru Granth Sahib
Adi Granth · Dasam Granth

Categories
Practices · History
Family of the Sikh Gurus
Gurdwara . Places
Politics

External Links
Waheguru

Articles on Sikhism
Portal: Sikhism

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാക്കിസ്ഥാന്റെ ചിലഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ്‌ സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്. മതസ്ഥാപകനായ ഗുരു നാനക് ആണ്‌ ഈ മതസ്ഥരുടെ ആദിഗുരു.

സിഖ് മതത്തിന്റെ ഉല്‍പ്പത്തി പതിനഞ്ചാം നൂറ്റാണ്ടില്‍ പഞ്ചാബില്‍ മത നേതാവും സാമൂഹ്യ പുനരുദ്ധാരകനുമായ ഗുരു നാനക്കില്‍ നിന്നാണ്. ഹിന്ദുമതത്തിലെ ദൃഢമായ ജാതിവ്യവസ്ഥയും ഇസ്ലാം മതത്തിന്റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിര്‍ത്താണ് നാനക് ഈ പുതിയ മതം സ്ഥാപിച്ചത്. നാനക്, ഈ മതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നെങ്കിലും സിഖ് മതത്തെ ചിട്ടപ്പെടുത്തിയതും ഏകമായ ഒരു സമ്പ്രദായത്തിലേയ്ക്ക് ഉരുക്കിച്ചേര്‍ത്തതും ഇവരുടെ വ്യത്യസ്ഥമായ ആചാരാനുഷ്ടാനങ്ങള്‍ക്കും ജീവിതരീതിക്കും പേരിന്റെ അവസാനമുള്ള സിങ്/സിംഹ് എന്ന പൊതുവായ ഭാഗത്തിനും രൂപം കൊടുത്തത് ഗുരു ഗോബിന്ദ് സിങ് ആണ്[1]. വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ള അഞ്ചുപേരെ ഗുരു ഗോബിന്ദ് സിങ്ങ് ജ്ഞാനസ്നാനം ചെയ്തു. ഇങ്ങനെ ഖല്‍സ എന്ന സാമൂഹിക സഹോദരസംഘം രൂപീകരിച്ചു. ഈ ആദ്യത്തെ അഞ്ചുപേര്‍, അഥവാ അകളങ്കിതര്‍, ഗുരു ഗോബിന്ദ് സിങ്ങിനെ ജ്ഞാനസ്നാനപ്പെടുത്തി ഘത്സയിലേയ്ക്ക് ഉള്‍ക്കൊള്ളിച്ചു.[2]

1666 മുതല്‍ 1708 വരെയാണ് ഗുരു ഗോബിന്ദ് സിങ്ങിന്റെ ജീവിതകാലം. മുസ്ലീങ്ങളുമായുള്ള ഏറ്റുമുട്ടലിന്റെ ഇക്കാലത്ത്, അദ്ദേഹം, സിഖുകാരെ വിദഗ്ദ്ധരായ പോരാളികളുടെ ഒരു സമൂഹമാക്കി വാര്‍ത്തെടുത്തു. പില്‍ക്കാലത്ത് ബ്രിട്ടീഷ് പടയുമായും സിഖുകാര്‍ വളരെക്കാലം പോരാടി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അവസാനമായി കീഴടക്കിയ പ്രധാന ജനവിഭാഗം സിഖുകാരാണ്.


മഹാരാജ രഞ്ജിത്ത് സിങ്ങിന്റെ കീഴില്‍ സിഖുകാര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അവര്‍ക്കു പ്രാമുഖ്യമുള്ള ഒരു രാഷ്ട്രം രൂപീകരിച്ചു. സിഖുകാര്‍ അവരുടെ സൈനീക നൈപുണ്യത്തിനും ഭരണപരമായ കഴിവുകള്‍ക്കും സാമ്പത്തിക ഉല്‍പ്പാദനത്തിനും പാശ്ചാത്യ സാങ്കേതികവിദ്യ, ഭരണനിര്‍വ്വഹണം എന്നിവയെ സ്വാംശീകരിക്കുന്നതിനുള്ള കഴിവിനും പ്രശസ്തരാണ്.[3]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

സിഖ് മതസ്ഥാപകനായ ഗുരു നാനാക് ഇന്നത്തെ പാകിസ്താനിലെ നാന്‍കാന സാഹിബ് എന്നറിയപ്പെടുന്ന തല്‍വണ്ടിയിലാണ്‌ 1469-ല്‍ ജനിച്ചത് . വളരെക്കാലത്തെ ദേശാടനത്തിന്‌ ശേഷം ഇദ്ദേഹം രാവി നദിയുടെ തീരത്ത് കര്‍ത്താര്‍പൂറില്‍ ഒരു ആശ്രമം സ്ഥാപിച്ചു. ഇത് ഇന്ന് ദേറാ ബാബാ നാനക് എന്നറിയപ്പെടുന്നു. സ്വയം രചിച്ച കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പതിവു പ്രാര്‍ത്ഥനാരീതി തന്റെ ശിഷ്യര്‍ക്കായി ഇവിടെ ആവിഷ്കരിച്ചു. നാനാകിന്റെ നാനാജാതിമതസ്ഥരായ ശിഷ്യര്‍ ഇവിടുത്തെ ലംഗാര്‍ എന്നു വിളിക്കുന്ന സമൂഹഅടുക്കളയില്‍ ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചു. ഗുരു നാനാക് ഈ ആശ്രമത്തെ ധര്‍മസല്‍ എന്നാണ്‌ വിളിച്ചിരുന്നത്. ഇന്ന് ഇതിനെ ഗുരുദ്വാര എന്നറിയപ്പെടുന്നു[4].

1539-ല്‍ ഗുരു നാനാകിന്റെ മരണത്തിനു മുന്‍പ് അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളായ ലെഹ്നയെ തന്റെ പിന്തുടര്‍ച്ചാവകാശിയായി നിയമിച്ചു. ലെഹ്ന, ഗുരു അംഗദ് എന്ന പേരില്‍ അറിയപ്പെട്ടു[4]. പതിനാറാം നൂറ്റാണ്ടോടെ ഗുരു നാനാകിന്റെ വിശ്വാസികള്‍ അനവധിയായി. ഇതില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുണ്ടായിരുന്നെങ്കിലും കച്ചവടക്കാര്‍, കൃഷിക്കാര്‍, കരകൗശലവിദഗ്ദ്ധര്‍ തുടങ്ങിയവരായിരുന്നു. ഭൂരിഭാഗവും. ഏവരും സമൂഹത്തിന്റെ പൊതുനിക്ഷേപത്തിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ രാംദാസ്‌പൂര്‍ അഥവാ അമൃത്സര്‍ എന്ന പട്ടണം ഹര്‍മന്ദര്‍ സാഹിബ് എന്ന ഗുരുദ്വാരക്ക് ചുറ്റുമായി വികാസം പ്രാപിച്ചു. അമൃത്സര്‍ നഗരം ഏകദേശം ഒരു സ്വയംഭരണപ്രദേശമായി മാറി. പതിനേഴാം നൂറ്റാണ്ടില്‍ സിഖ് സമൂഹം മുഗള്‍ സാമ്രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായിരുന്നു എന്ന നിലയിലാണ്‌ ചരിത്രകാരന്മാര്‍ വീക്ഷിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ ഇത് സാമ്രാജ്യത്തിന്‌ ഒരു വന്‍ഭീഷണിയായി കരുതുകയും, 1606-ല്‍ ഗുരു അര്‍ജനെ വധിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സിഖ് പ്രസ്ഥാനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. 1699-ലെ ഖല്‍സയുടെ സ്ഥാപനത്തോടെയഅണ്‌ ഇത്തരത്തിലൊരു മാറ്റം സിഖ് സമൂഹത്തില്‍ വന്നു ചേര്‍ന്നത്. സിഖ് സമൂഹം ഇങ്ങനെ ഖല്‍സ പന്ത് എന്ന ഒരു രാഷ്ട്രീയഘടകമായി പരിണമിച്ചു[4]. സിഖ് സമൂഹത്തിന്റെ രാഷ്ട്രീയപരമായുള്ള ഏകീകരണമാണ്‌ പഞ്ചാബ് എന്ന പ്രാദേശീകരാജ്യത്തിന്റെ നിര്‍മ്മാണത്തിന്‌ അടിസ്ഥാനമായത്. 1699-ല്‍ ഖല്‍സയുടെ സ്ഥാപനത്തിനു മുന്‍പും പിന്‍പുമായി രജപുത്രരുമായും മുഗളരുമായും നിരവധി യുദ്ധങ്ങള്‍ ഗുരു ഗോബിന്ദ്സിങ് നടത്തി. 1708-ല്‍ ഗുരു ഗോബിന്ദ് സിങിന്റെ മരണത്തിനു ശേഷം ബന്ദ ബഹാദൂറിന്റെ നേതൃത്വത്തിലും‍ ഖല്‍സ മുഗള്‍ ഭരണത്തിനെതിരെ സായുധസമരം നടത്തി. മുഗളരില്‍ നിന്നും സ്വാതന്ത്ര്യ പ്രഖ്യാപിച്ച ഇവര്‍ സത്ലജിനും യമുനക്കുമിടക്കുള്ള പ്രദേശത്ത് സ്വന്തം ഭരണസം‌വിധാനം ഏര്‍പ്പെടുത്തി. 1715-ല്‍ ബന്ദ ബഹാദൂര്‍ പിടിക്കപ്പെടുകയും 1716-ല്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു[5]..

ജഠ് എന്നു വിളിക്കുന്ന സംഘങ്ങളായാണ്‌ സിഖ് സമൂഹം സംഘടിപ്പിക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഈ സംഘങ്ങള്‍ മിസ്ല്‍ എന്നറിയപ്പെട്ടു. ഈ സേനകളെ മൊത്തമായി ദള്‍ ഖല്‍സ എന്നും അറിയപ്പെട്ടു. വൈശാഖി, ദീപാവലി തുടങ്ങിയ ആഘോഷവേളകളില്‍ ഈ സംഘം അമൃത്സറില്‍ ഒത്തുകൂടി ചര്‍ച്ചകള്‍ ചെയ്ത് കൂട്ടായ തീരുമാനങ്ങള്‍ കൈക്കൊള്ളാറുണ്ടായിരുന്നു. ഈ തീരുമാനങ്ങള്‍ ഗുരുമത് എന്ന് അറിയപ്പെട്ടിരുന്നു.[5].

കാര്‍ഷികോല്പ്പാദനത്തിന്റെ 20% നികുതിയായി നല്‍കി കര്‍ഷകര്‍ക്ക് സം‌രക്ഷണം ഏര്‍പ്പെടുത്തുന്ന രാഖി എന്ന ഒരു സം‌വിധാനം ഇവര്‍ ഏര്‍പ്പെടുത്തി. സിഖ് സമൂഹത്തിന്റെ ഈ സംഘടനാസം‌വിധാനം ആദ്യകാലങ്ങള്‍ മുഗള്‍ ഭരണാധികാരികള്‍ക്കെതിരെയും പിന്നീട് അഹ്മദ്ഷാ അബ്ദാലിക്കെതിരെയും പ്രതിനോധിക്കുന്നതിന്‌ സഹായകരമായി.

പതിനെട്ടാം നൂറ്റാണ്ടില്‍ സിഖ് അധീനപ്രദേശങ്ങള്‍ സിന്ധൂനദീതടങ്ങള്‍ മുതല്‍ യമുന വരെ പരന്നു കിടന്നു. എങ്കിലും ഇവ വിവിധ ഭരണാധികഅരികള്‍ക്ക് കീഴിലായിരുന്നു. 1799-ല്‍ മഹാരാജ രഞ്ജിത്‌സിങ് ഈ വിഭാഗങ്ങളെ ഏകീകരിച്ച് ലാഹോര്‍ ആസ്ഥാനമാക്കി കേന്ദ്രീകൃതഭരണം സ്ഥാപിച്ചു[5].

[തിരുത്തുക] വിശ്വാസങ്ങള്‍

ഗുരു നാനാകിന്റെ വിശ്വാസപ്രമാണങ്ങളാണ്‌ സിഖ് സമൂഹത്തിന്റെ വിശ്വാസങ്ങളുടെ ആധാരം. ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം ഗുരു നാനാക് ഉയര്‍ത്തിക്കാട്ടി. മോചനത്തിന്റെ പാതയില്‍ ജാതി, വംശം, ലിംഗം എന്നീ വിവേചനങ്ങള്‍ അപ്രധാനമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഗുരു നാനാക്കിന്റെ നൂതനമായ ഈ തുല്യതാ ആശയങ്ങള്‍ക്ക് അക്കാലത്ത് സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം ഉണ്ടായിരുന്നു[4].

[തിരുത്തുക] ഗുരു ഗ്രന്ഥസാഹിബ്

സിഖ്കാരുടെ പുണ്യഗ്രന്ഥമാണ്‌ ഗുരു ഗ്രന്ഥസാഹിബ്. ഗുരുനാനാകിന്റെ രചനകളില്‍ സ്വന്തമായ രചനകളും കൂട്ടിച്ചേര്‍ത്ത് ഗുരു അംഗദും പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഗുരു അര്‍ജനും 1604-ല്‍ ക്രോഢീകരിച്ചു. ഇതിനോടു കൂടി ഷെയ്ക് ഫരീദ്, സന്ത് കബീര്‍, ഭഗത് നാംദേവ്, ഗുരു തേജ് ബഹാദൂര്‍ എന്നിവരുടെ രചനകളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1706-ല്‍ ഗുരു ഗോബിന്ദ് സിങ് ഇതിനെ ഗുരു ഗ്രന്ഥസാഹിബ് എന്ന പേരില്‍ വിശുദ്ധഗ്രന്ഥമാക്കി പ്രഖ്യാപിച്ചു[4].

[തിരുത്തുക] അഞ്ചു ക-കള്‍

സിഖുകാര്‍ പിന്തുടരേണ്ട മതനിയമങ്ങളായ് അഞ്ച് ‘ക’ കള്‍ ആവിഷ്കരിച്ചത് ഗുരു ഗോബിന്ദ് സിങ് ആണ്. അവ താഴെപ്പറയുന്നു[1]‌.

  1. കേശം - സിഖുകാരുടെ മതനിയമപ്രകാരം ഇവര്‍ക്ക് തലമുടി അഥവാ കേശം മുറീക്കുന്നത് നിഷിദ്ധമാണ്. നീണ്ട മുടി ഇവര്‍ തലക്കുമുകളില്‍ ഗോളാകൃതിയില്‍ കെട്ടിവക്കുന്നു. ചിഗ്നോങ് (ചിഗ്നൊന്‍) എന്നാണ് ഈ കെട്ടിന് പറയുന്നത്. അതിനു ശേഷം തല്‍ ഒരു തലപ്പാവ് കെട്ടി മറക്കുന്നു. സിഖുകാര്‍ മീശയും താടിയും നീട്ടി വളര്‍ത്തുന്നു. നീട്ടി വളര്‍ത്തുന്ന താടിയെ കറുത്ത നിറമുള്ള ഒരു വല കൊണ്ട് തലക്കു മുകളിലേക്ക് ഒതുക്കി കെട്ടിവക്കാറുമുണ്ട്.
  2. കംഘ - മരം കൊണ്ടുള്ള ഒരു ചീര്‍പ്പാണിത്. തലക്കു മുകളിലെ മുടിക്കെട്ടില്‍ ഇത് കുത്തിയിറക്കി വക്കുന്നു.
  3. കിര്‍പാണ്‍/കൃപാണ്‍ - നീളം കുറഞ്ഞ ഒരു വാളാണിത്. സിഖുകാരുടെ മതനിയമപ്രകാരം ഇതും നിര്‍ബന്ധമായും കൈയില്‍ കരുഠേണ്ടതാണെങ്കിലും ഇക്കാലത് ഇത് നിര്‍ബന്ധമായി പിന്തുടരുന്നില്ല.
  4. കഛ് - സിഖുകാര്‍ ധരിക്കേണ്ടുന്ന അടിവസ്ത്രമാണിത്
  5. കാര - കൈയിലിടുന്നതിനുള്ള പരന്നതരം ഇരുമ്പുവളയാണിത്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. 1.0 1.1 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 172-173. 
  2. Singh, Patwant. The Sikhs. Knopf. pp. 14. ISBN 0375407286. 
  3. Gibson, Margaret A. (1988). Accommodation Without Assimilation:Sikh Immigrants in an American High School. Cornell University Press. ISBN 0801495032. 
  4. 4.0 4.1 4.2 4.3 4.4 "8 - Devotional Paths to Divine". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 117-119. ISBN 81-7450-724-8. http://www.ncert.nic.in/textbooks/testing/Index.htm. 
  5. 5.0 5.1 5.2 "0-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 148-149. ISBN 81-7450-724-8. http://www.ncert.nic.in/textbooks/testing/Index.htm. 
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%96%E0%B5%8D_%E0%B4%AE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം