സാല്‍വദോര്‍ ദാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സാല്‍വദോര്‍ ദാലി | |
| ജനനപ്പേര് | സാല്‍വദോര്‍ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് |
| ജനനം | 1904 മെയ് 11 ഫിഗ്വറെസ്, കാറ്റലോണിയ, സ്പെയിന്‍ |
| മരണം | 1989ജനുവരി 23 ഫിഗ്വറെസ്, കാറ്റലോണിയ, സ്പെയിന്‍ |
| പൗരത്വം | സ്പാനിഷ് |
| രംഗം | ചിത്രരചന, ഛായാഗ്രഹമണം, ശില്പകല, സാഹിത്യം,ചലച്ചിത്രം |
| പ്രസ്ഥാനം | ക്യൂബിസം, ദാദ, സര്‍റിയലിസം |
| പ്രശസ്ത സൃഷ്ടികള്‍ | ദ് പെര്‍സിസ്റ്റെന്‍സ് ഓഫ് മെമറി (1931) ഫേസ് ഓഫ് മേ വെസ്റ്റ് വിച്ച് മേയ് ബി യൂസ്ഡ് ആസ് ആന്‍ അപാര്‍ട്ട്മെന്റ്, (1935) സോഫ്റ്റ് കണ്‍സ്ട്രക്ഷന്‍ വിത്ത് ബോയില്‍ഡ് ബീന്‍സ് (പ്രിമോണിഷന്‍ ഓഫ് സിവില്‍ വാര്‍) (1936) സ്വാന്‍സ് റിഫ്ലക്ടിങ്ങ് എലെഫന്റ്സ് (1937) ബല്ലേറിന ഇന്‍ എ ഡെത്ത്’സ് ഹെഡ് (1749) ദ് റ്റെമ്പ്റ്റേഷന്‍ ഓഫ് സെന്റ്. ആന്റണി (1946) ഗലാറ്റിയ ഓഫ് ദ് സ്ഫിയേഴ്സ് (1789) യങ്ങ് വിര്‍ജിന്‍ ആട്ടോ-സോഡൊമൈസ്ഡ് ബൈ ദ് ഹോണ്‍സ് ഓഫ് ഹെര്‍ ഓണ്‍ ചാസ്റ്റിറ്റി (1954) |
ജീവിതത്തിന്റെ അതിസങ്കീര്‍ണ ഭാവങ്ങളെ രചനകളിലാവാഹിച്ച പ്രതിഭാശാലിയായ ചിത്രകാരനാണ് സാല്‍വദോര്‍ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച്.1904 മെയ് 11-ന്,സ്പെയിനിലെ ഫിഗ്വെറിസില്‍ ജനിച്ച ദാലി നവോത്ഥാന കാലഘട്ടത്തിലെ പ്രശസ്തരായ സര്‍റിയലിസ്റ്റിക് കലാകാരന്മാരില്‍ ഒരാളാണ്.ചിത്രകലയില്‍ മാത്രമല്ല,ശില്‍പനിര്‍മ്മാണം,ഛായാഗ്രഹണം,സാഹിത്യം,രാഷ്ട്രീയം,ഫാഷന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പതിഭാശാലിയാണ് അദ്ദേഹം.എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു ദാലി.അദ്ദേഹത്തിന്റെ രചനാശൈലി,വിചിത്രമായ കാഴ്ചപ്പാടുകള്‍,ഉന്മത്തമായ സ്വഭാവം, ബുദ്ധിജീവിയായി അംഗീകരിയ്ക്കപ്പെടുവാനുള്ള ത്വര,വസ്ത്രധാരണം, കുടുംബജീവിതം ,എല്ലാം വിമര്‍ശകര്‍ക്ക് വിരുന്നൊരുക്കി.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
[തിരുത്തുക] കുടുംബം,കുട്ടിക്കാലം
1904 മെയ് 11-ന് അഭിഭാഷകനായിരുന്ന സാല്‍വദോര്‍ ദാലി ഐ കസിയുടെയും,ഫെലിപ് ഡൊമെനെച് ഫെരിസിന്റെയും രണ്ടാമത്തെ പുത്രനായി സാല്‍വദോര്‍ ദാലി ജനിച്ചു.അമ്മയായിരുന്നു കൊച്ചു ദാലിയിലെ കലാകാരന് എന്നും പ്രോത്സാഹനം നല്‍കിയിരുന്നത്.സാല്‍വദോര്‍ എന്നു തന്നെയായിരുന്നു കസി-ഫറിസ് ദമ്പതികളുടെ മൂത്ത മകന്റെയും പേര്.ഉദരരോഗം വന്ന് ജ്യേഷ്ടന്‍ മരിച്ച ശേഷമായിരുന്നു ദാലിയുടെ ജനനം.9-ആം വയസ്സില്‍ മൂത്ത മകന്റെ കല്ലറയില്‍ വച്ച്,ജ്യേഷ്ഠന്റെ പുനര്‍ജന്മമാണ് താനെന്ന് അമ്മ പറഞ്ഞത് കൊച്ചു ദാലിയില്‍ ചലനങ്ങളുണ്ടാക്കി.പിന്നീട് ജീവിതാവസാനം വരെ താനും ജ്യേഷ്ടനും രണ്ടല്ലെന്നു വിശ്വസിച്ച ദാലി, ഒരവസരത്തില്‍ സഹോദരനെക്കുറിച്ച്,"ഞങ്ങള്‍ പരസ്പരപൂരകങ്ങളാണ്,രണ്ടു വ്യത്യസ്ത വസ്തുക്കളെ പ്രതിഫലിപ്പിക്കുന്ന ജലകണങ്ങളെപ്പോലെ.."എന്നു പരാമര്‍ശിക്കയുണ്ടായി.
ദാലിയുടെ ഇളയ സഹോദരിയായിരുന്നു അന മരിയ.ദാലിയെക്കാള്‍ മൂന്നു വയസ്സിന് ഇളപ്പമുണ്ടായിരുന്ന അന ,1949-ല്‍ സഹോദരനെക്കുറിച്ച് "ദാലി അസ് സീന്‍ ബൈ ഹിസ് സിസ്റ്റര്‍"(dali as seen by his sister)എന്ന കൃതി പ്രസിദ്ധപ്പെടുത്തി.കുട്ടിക്കാലത്ത് ഫുഡ്ബോളായിരുന്നു സാല്‍വദോറിന്റെ ഇഷ്ടവിനോദം.പില്‍കാലത്തെ പല ബാഴ്സിലോണീയന്‍ ഫുഡ്ബാള്‍ കളിക്കാരും ദാലിയുടെ കളിക്കൂട്ടുകാരയിരുന്നു.1921-ല്‍ സ്തനാര്‍ബുദം ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ മരിച്ചു.പതിനാറുകാരനായ ദാലിയെ ആ ദുരന്തം വല്ലാതെ ബാധിച്ചു.
[തിരുത്തുക] പഠനം
1916ല്‍,12-ആം വയസ്സില്‍ ദാലി ചിത്രകല്ലപഠനം ആരംഭിച്ചു.ആധുനിക ചിത്രകലാസങ്കേതങ്ങളെക്കുറിച്ചുള്ള റാമണ്‍ പിച്ചൊയുടെ ക്ലാസ്സുകള്‍ ആ ബാലന് ആവേശം പകര്‍ന്നു.1917ല്‍ അച്ഛന്റെ സഹായത്തോടെ ബന്ധുക്കള്‍ക്കായി തന്റെ ചാര്‍ക്കോള്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.1919ല്‍ ഫിഗ്വറസിലെ മുനിസിപ്പല്‍ തീയറ്ററിലായിരുന്നു ആ മഹാനായ കലാകാരന്റെ ആദ്യ ചിത്രപ്രദര്‍ശനം.
1922-ല്‍ മാഡ്രിഡിലെ റെസിഡെന്‍സിയ ഡി എസ്റ്റുഡെന്റെ(Residencia de Estudente or Students' residence)യിലും പാരീസിലെ അക്കാഡെമിയ ഡി സാന്‍ ഫെര്‍ണാന്‍ഡോ(Academia de Fernando or School of Fine arts)യിലുമായി ദാലി തന്റെ പഠനം പൂര്‍ത്തിയാക്കി.ഊര്‍ജ്ജസ്വലനായ ആ മെലിഞ്ഞ അഞ്ചരയടിക്കാരന്‍ ചെറുപ്പക്കാരന്‍ ,സവിശേഷമായ രചനാശെയിലിയും, വസ്ത്രധാരണവും, വിചിത്രമായ ആശയങ്ങളും കൊണ്ട് പഠനകാലത്തു തന്നെ ശ്രദ്ധേയനായിരുന്നു.ഈ കാലഘട്ടത്തിലാണ് ചിത്രകലയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്.ക്യൂബിസമായിരുന്നു (വസ്തുക്കളെ ജ്യാമിതീയാകൃതിയില്‍ ചിട്ടപ്പെടുത്തുന്ന ചിത്രകലാസങ്കേതം) അദ്ദേഹത്തെ ഏറ്റവുമധികം ആകര്‍ഷിച്ചത്.മാഡ്രിഡിലെ ആദ്യത്തെ ക്യൂബിസ്റ്റ് ചിത്രകാരന്മാരില്‍ ഒരാളായിരുന്നു സാല്‍വദോര്‍ ദാലി.പില്‍ക്കാലത്ത് പല വിചിത്രമായ ആശയങ്ങള്‍ക്കും പിറകെ പോയെങ്കിലും ,1920-കളില്‍ ,പഠനകാലത്ത് മനസ്സില്‍ വേരൂന്നിയ ആശയങ്ങളും സങ്കേതങ്ങളും,ജീവിതാവസാനം വരെ അദ്ദേഹം പിന്തുടര്‍ന്നു.
[തിരുത്തുക] യുവത്വം
രണ്ടാം ലോകമഹായുദ്ധകാലത്തെ ആശയസംഘട്ടനങ്ങളാല്‍ മുഖരിതമായ യുവത്വമായിരുന്നു ദാലിയുടെത്.ഹിറ്റ്ലറിന്റെ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചു.ആദ്യകാലത്ത് സിനിമയില്‍ ആകൃഷ്ടനായ ദാലി,1929ല്‍ സര്‍റിയലിസ്റ്റിക് സിനിമകളുടെ വക്താവായിരുന്ന സംവിധായകന്‍ ലൂയിസ് ബ്യൂണലിനൊപ്പം ചലച്ചിത്ര നിര്‍മ്മാണത്തിലും തിരക്കഥാരചനയിലും വ്യാപൃതനായി.അതിനിടെ,സ്പെയിനിലെ റഷ്യന്‍ കുടിയേറ്റക്കാരിയായിരുന്ന ഗല(Gala)യുമായി അടുപ്പത്തിലായി.1934ല്‍ അവര്‍ വിവാഹിതരായി.
1930-കളിലായിരുന്നു ദാലിയിലെ ചിത്രകാരന്‍ പ്രശസ്തിയിലേക്കുയര്‍ന്നതും.അക്കാലത്തെ പല ലോകോത്തര ചിത്രപ്രദര്‍ശനങ്ങളിലും ദാലിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കപ്പെട്ടു.പാരീസിലെ സര്‍റിയലിസ്റ്റിക് ചിത്രകാരന്മാരുടെ ഔദ്യോഗിക സംഘടനയായിരുന്ന സര്‍റിയലിസ്റ്റിക് സൊസൈറ്റിയില്‍ അദ്ദേഹത്തിന് അംഗത്വം ലഭിച്ചു.
1931-ലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ "ദ പെഴ്സിസ്റ്റന്‍സ് ഓഫ് മെമ്മറി"(the Persistance Of Memory)യുടെ രചന.ഉരുകിയൊലിയ്ക്കുന്ന പോക്കറ്റ് വാച്ചുകളും പശ്ചാത്തലത്തിലെ വിസ്തൃതമായ ഭൂപ്രകൃതിയും,ഘടികാരങ്ങളിലിഴയുന്ന ഉറുമ്പുകളും,പ്രാണികളുമെല്ലാം പ്രതീകാത്മകത(symbolism)യുടെ അന്നോളം കണ്ടിട്ടില്ലാത്ത ഭാവതലങ്ങളിലേയ്ക്ക് ചിത്രകലയെ കൊണ്ടെത്തിച്ചു.
1936-ലെ ലണ്ടന്‍ അന്താരാഷ്ട്ര സര്‍റിയലിസ്റ്റിക് ചിത്രപ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം സാല്‍വദോര്‍ ദാലിയും അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിരുന്നു.പ്രസ്തുത വേദിയില്‍,ഒരു സമുദ്രപര്യവേഷകന്റെ വേഷവും, ഹെല്‍മറ്റും ധരിച്ചാണ് ദാലി പ്രത്യക്ഷപ്പെട്ടത്.അന്ന് ഹെല്‍മറ്റിനുള്ളില്‍ ജീവശ്വാസത്തിനായി പിടയുന്ന മുഖഭാവങ്ങളുമായി അദ്ദേഹം പറഞ്ഞു,"ഞാന്‍ മനുഷ്യമനസ്സിന്റെ ഇരുണ്ട ആഴങ്ങളിലേയ്ക്ക് ഊളിയിടുകയാണ്.." സ്പാനിഷ് സിവില്‍ വാറിനോടനുബന്ധിച്ച്,നവീന ആശയക്കാരോടുള്ള തന്റെ ആഭിമുഖ്യം വെളിവാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹം സര്‍റിയലിസ്റ്റിക് സൊസൈറ്റിയുമായി ഇടഞ്ഞു.ആ അഭിപ്രായ വ്യത്യാസം ഒടുവില്‍,"ഞാന്‍ തന്നെയാണ് സര്‍റിയലിസം"("I am the Sarrealism")എന്ന വിവാദപ്രസ്താവനയില്‍ കൊണ്ടെത്തിച്ചു.
[തിരുത്തുക] കാറ്റലോണിയയില്‍
1949 മുതല്‍ ജീവിതാവസാനം വരെ ദാലി തന്റെ ജന്മനാട്ടില്‍ ജീവിച്ചു.ഇക്കാലത്ത് എഴുത്തിലും ചിത്രരചനയിലും രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി.രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന്റെ വരകളിലും ദൃശ്യമായി..സിസ്റ്റീന്‍ മഡോണ(sistene madonna) എന്ന ചിത്രം ന്യൂയോര്‍ക്ക് അന്താരാഷ്ട്രപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെട്ടു.
ബൈബിളും നാചുറല്‍ സയന്‍സും കണക്കുമായിരുന്നു മറ്റു പ്രിയപ്പെട്ട വിഷയങ്ങള്‍."കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍"(Rhinocerous Horns) ഈ കാലഘട്ടത്തിലെ രചനയായിരുന്നു.കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ വളരുന്ന വിശുദ്ധ ജ്യാമിതിയില്‍ ആകൃഷ്ടനായ അദ്ദേഹം കാണ്ടാമൃഗത്തിനും വിശുദ്ധ മറിയത്തിനും സാമ്യം കല്‍പിയ്ക്കുകയാണ്‍`പ്രസ്തുത സൃഷ്ടിയില്‍.ഡി.എന്‍.എയുടെ ഘടനയും ഹൈപ്പര്‍ ക്യൂബും അദ്ദേഹത്തെ ആകര്‍ഷിച്ചു.ക്രിസ്തുവിന്റെ കുരിശുമരണം ചിത്രീകരിയ്ക്കുന്ന ക്രൂസിഫിക്ഷന്‍(crucifixion)എന്ന ചിത്രത്തില്‍ ഹൈപ്പര്‍ ക്യൂബുകളുടെ വിന്യാസത്തിന്റെ മാസ്മരികത നമുക്കു ദര്‍ശിയ്ക്കാം.
1980കളില്‍ അമിതമായ മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു.1982 ജൂണ്‍ 10-ന് ഭാര്യ ഗല മരിച്ചതോടെ തീവ്രമായ നിരാശാബോധം അദ്ദേഹത്തെ കീഴ്പ്പെടുത്തി.1982-ല്‍ മരണക്കിടക്കയില്‍ തന്നെ സന്ദര്‍ശിച്ച ഫ്രഞ്ച് ഭരണാധികാരിയ്ക്ക് സമ്മാനിച്ച "ഹെഡ് ഓഫ് യൂറോപ്പ്"(The Head Of Europe)ആണ് അദ്ദേഹത്തിന്റെ അവസാന രചനയെന്നു വിശ്വസിയ്ക്കപ്പെടുന്നു.
ഗലയുടെ മരണമുയര്‍ത്തിയ നിരാശാബോധം പലതവണ ദാലിയെ ആത്മഹത്യാ ശ്രമത്തില്‍ കൊണ്ടെത്തിച്ചു .പട്ടിണി കിടന്നും, തീകൊളുത്തിയും ജീവനൊടുക്കാന്‍ ശ്രമിച്ച അദ്ദേഹം അവസാന കാലം തന്റെ തീയറ്ററില്‍ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു.ഒടുവില്‍, 1989 ജനുവരി 23-ന് തന്റെ പ്രിയപ്പെട്ട സംഗീതം കേട്ട്,84-അം വയസ്സില്‍ ആ മഹാപ്രതിഭ ഓര്‍മ്മയായി.ഫിഗ്വറെസിലെ ദാലി തീയറ്റര്‍ ആന്റ് മ്യൂസിയത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം.
[തിരുത്തുക] ശൈലി
[തിരുത്തുക] പ്രതീകാത്മകത(Symbolism)
പ്രതീകാത്മകതയായിരുന്നു ദാലിയുടെ സൃഷ്ടികളിലെ പ്രധാന സവിശേഷത. ഉരുകിയൊലിയ്ക്കുന്ന ഘടികാര(പെഴ്സിസ്റ്റന്‍സ് ഓഫ് മെമ്മറി)ങ്ങളായിരുന്നു ദാലിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രതീകം.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്ടെ ആപേക്ഷികതാസിദ്ധാന്തത്തില്‍ ആകൃഷ്ടനായ ദാലി,സമയം ആപേക്ഷികമാണെന്നു പറയാനാണ് ഈ പ്രതീകം ഉപയോഗിച്ചത്.
ആനകളായിരുന്നു മറ്റൊരു പ്രിയപ്പെട്ട വിഷയം.അവ പ്രകൃതിയെ പ്രതിനിധാനം ചെയ്തു.1940-കളിലെ പല ചിത്രങ്ങളിലും അവ സജീവമായി.ദാലിയുടെ സൃഷ്ടികളിലെ മുട്ടപൈതൃക്ത്തിന്റെയും മാതൃത്വത്തിന്റെയു പ്രതീകമായിരുന്നു.പ്രതീക്ഷയെയും സ്നേഹത്തെയും പ്രതിനിധാനം ചെയ്ത് അവ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു."The Great Mastrubator,The Metamorphosis Narcissus എന്നിവ അതിനുദാഹരണങ്ങളാണ്.
ഉറുമ്പുകളായിരുന്നു മറ്റൊരു ശക്തമായ പ്രതീകം.അവ മരണത്തിന്റെയും നാശത്തിന്റെയും തീവ്രമായ ലൈംഗികതയുടെയും ചിഹ്നമായിരുന്നു.
[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍
- ദാലിയുടെ ജീവചരിത്രവും ചിത്രങ്ങളും
- ലേഖനം:ദാലിയുടെ ഈശ്വരസങ്കല്പം
- സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങള്‍
- സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലെ ദാലി മ്യൂസിയം

