സംവാദം:ഭാഷാപഠനചരിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിലോളജിക്കു പറ്റിയ മലയാളമായി ഭാഷാവിജ്ഞാനീയത്തെ (വിജ്ഞാനം മതി) കാണാൻ പറ്റില്ല. ഭാഷാവിജ്ഞാനം = ഭാഷാശാസ്ത്രം. ഭാഷാപൈതൃകപഠനം/വിജ്ഞാനം എന്ന പദം കുറച്ചുകൂടി ഉചിതമാണെന്നുതോന്നുന്നു. ലേഖനം സമഗ്രമായി വിപുലീകരിക്കണം. --തച്ചന്റെ മകൻ 17:48, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

  1. (log)y എന്ന പദത്തിനു പകരമായി മലയാളത്തിൽ ഉപയോഗിക്കുന്ന പദമാണ് വിജ്ഞാനീയം ഉദാ. മനോവിജ്ഞാനീയം. മനോവിജ്ഞാനം എന്ന് സംജ്ഞ എന്ന നിലയിൽ മലയാളത്തിൽ ഉപയോഗമില്ല.കേരളഭാഷവിജ്ഞാനീയം എന്നാണല്ലോ ഗോദവർമ്മ എഴുതിയത്. വിജ്ഞാനം/വിജ്ഞാനീയം എന്നിവ ഒന്നാണെന്ന് തോന്നാമെങ്കിലും ഒന്നല്ല.ആധുനികശാസ്ത്രപദവി ലഭിക്കാൻ കുറഞ്ഞ സാധ്യതമാത്രമുള്ള വിഷയങ്ങളേ ഇതിന്റെ പരിധിയിൽ മുൻപ് വന്നിരുന്നുള്ളു. എന്നാൽ അവ പഴയ ശാസ്ത്രമാണുതാനും.വിജ്ഞാനീയത്തിന് പഠനം എന്നർഥം , വിജ്ഞാനത്തിന് അതല്ലല്ലോ അർഥം
  2. semiology, semiotics എന്നിവക്ക് ഒരേ അർത്ഥമല്ല ,ഒരേ സംജ്ഞയുമല്ല. ഒന്ന് ചിഹ്നവിജ്ഞാനീയവും മറ്റൊന്ന് ചിഹ്നശാസ്ത്രവുമാണ് .രണ്ടാമത്തേത് ശാസ്ത്രത്തോടടുക്കാൻ ശ്രമിക്കുമ്പോൾ ആദ്യത്തേതിന് ഇന്നു പിന്തുടച്ചക്കാർ ഇല്ലാതായിരിക്കുന്നു.
  3. ഭാഷാപൈതൃകപഠനത്തിന് അവ്യാപ്തിദോഷമോ മറ്റോ ഉണ്ട്.ഭാഷോല്പത്തിസിദ്ധാന്തം,നിരുക്തം, താരതമ്യചിന്ത,വിവരശേഖരണം ,വിവരണം, വ്യാഖ്യാനം, വർഗ്ഗീകരണം, ആഗമികസമീപനം, മൂല്യനിണ്ണയനം എന്നിങ്ങനെ ഭാഷാവിജ്ഞാനീയത്തിന്റെ മേഖല പൈതൃകവുമായിമാത്രം ബന്ധപ്പെട്ടതല്ല.അത് ഒരുനൂറ്റാണ്ട് മുൻപത്തെ ശാസ്ത്രമായിരുന്നു.എന്നാൽ ഉപരിപ്ലവമായ,വ്യാപ്തിയേറിയ പഠനമായിരുന്നു.(ഇന്ന് അങ്ങനെ ഒരു പഠനശാഖതന്നെ ഏറെക്കുറേ നാടുനീങ്ങിക്കഴിഞ്ഞു.)

അതിനെ ആഴപ്പെടുത്തുന്നതോടൊപ്പം അതിന്റെ speculative നിലപാടുകളെ തള്ളിക്കളഞ്ഞ് ഉയർന്ന ഒരു ശാസ്ത്ര പദവിലേക്കുയർത്തുകയാണ് linguistics ചെയ്തത്.അങ്ങനെ പലകാരണങ്ങളാൽ ഭാഷാ വിജ്ഞാനീയത്തിനു പകരമായി ഭാഷാപൈതൃകപഠനം വെയ്ക്കാനാവില്ലതന്നെ.--Mra 15:15, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

  1. വിജ്ഞാനം, വിജ്ഞാനീയം, ശാസ്ത്രം എന്നിവയ്ക്ക് താങ്കൾ പറഞ്ഞ വിധം ഒരു പരികല്പന ഉണ്ടെന്നു തോന്നുന്നില്ല. അതുപോലെ ഇംഗ്ലീഷിൽ സ്വീകരിച്ച -logy, -ics തുടങ്ങിയവയ്ക്കും. logy(വിജ്ഞാനീയം) ആധുനികശാസ്ത്രപദവി ലഭിക്കാൻ കുറഞ്ഞ സാധ്യതമാത്രമുള്ള വിഷയങ്ങളാണെങ്കിൽ biology, astrology, ideology, Psychology എന്നിവ? ഇവയ്ക്ക് ജീവവിജ്ഞാനീയം എന്നൊന്നുമല്ലല്ലോ മലയാളത്തിൽ. ics(ic+s), logy തുടങ്ങിയവ സാധാരണയായി ഭേദമന്യേ ഉപയോഗിക്കുന്നവയാണ്‌. വിജ്ഞാനീയം മലയാളത്തിൽ ആദ്യകാലത്ത് സ്വീകരിച്ച പദമാണ്. വിജ്ഞാനം മതി എന്ന് തിരിച്ചറിഞ്ഞ ഇപ്പോൾ ശൈലീവിജ്ഞാനം/വിജ്ഞാനി തുടങ്ങിയവ തന്നെയായി. ഈയം ചേർത്തേ അടങ്ങൂ എന്ന് ചിലർക്കു മാത്രമേയുള്ളൂ. വിജ്ഞാനം എന്ന് ശാസ്ത്രത്തിന്‌ ഹിന്ദിയിൽ ഉപയോഗിക്കുന്നു. നാം ചേർച്ച നോക്കി ശാസ്ത്രമെന്നോ വിജ്ഞാനമെന്നോ ചേർക്കുന്നു. അത്രേയുള്ളൂ. അർത്ഥവിശേഷണത്തിന് ഉതകുന്നതല്ല ഈ മൂന്ന് പിൻകുറികളും.
  2. semiology, semiotics എന്നിവ വ്യത്യസ്തമൊന്നുമല്ല. ആദ്യപദം സൊസ്യൂർ ഉപയോഗിച്ചതായതുകൊണ്ട് അദ്ദേഹത്തിന്റെ semiotic approach-നെ മാത്രമായി ചിലർ പരിഗണിക്കുന്നുവെന്നുമാത്രം. semiotics പിന്നീട് ഹെൻറിസ്റ്റബ്സ്, പിയേഴ്സൺ തുടങ്ങിയവരിലൂടെ ഉപയോഗത്തിൽ സ്ഥിരമായെന്നു മാത്രമേയുള്ളൂ. ചിഹ്നശാസ്ത്രം ശാസ്ത്രത്തോടടുക്കുക മാത്രമാണോ?
  3. ഭാഷാപൈതൃകപഠനം എന്ന് നിർദ്ദേശിച്ചത് ആഗമികസമീപനവും താരതമ്യചിന്തയുമാണ്‌ ഫിലോളജിയുടെ മുഖ്യഘടകം എന്നതുകൊണ്ടാണ്‌. പൈതൃകം എന്നത് അത്ര ചുരുങ്ങിയ സംജ്ഞയാണോ? ഭാഷകളുടെ ഉല്പത്തി, ശാഖാപരിണാമം തുടങ്ങി താങ്കൾ നിർദ്ദേശിച്ച കാര്യങ്ങൾക്കൊക്കെ 'പൈതൃകം' എന്ന സംജ്ഞ പോരും എന്നാണ്‌ എന്റെ അഭിപ്രായം. ഭാഷാവിജ്ഞാനീയം എന്തായാലും ഈ പ്രത്യേകതകളെ കുറിക്കുന്നില്ലല്ലോ. ഒരേ സമയം അതിവ്യാപ്തിയും അവ്യാപ്തിയും ഉണ്ടതിന്‌--തച്ചന്റെ മകൻ 16:48, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]


  1. താങ്കൾ പറഞ്ഞതിൽ ബയോളജി സുവോളജി മുതലായ ചിലതു മാത്രമെ 'ആധുനിക'ശാസ്ത്രപരിധിയിൽ വരുന്നുള്ളു.അതല്ലല്ലോ പ്രശ്നം. ഭാഷയെപ്പറ്റിയുള്ള പഠനത്തിന് എന്തിനാണ് linguistics എന്നും ഫിലോളജി എന്നും രണ്ട് പേരിട്ട് വീളിച്ചത്? അതിന്റെ യുക്തിയാണ് ഞാൻ പറഞ്ഞത്. അസ്ട്രോലജി/അസ്ട്രോണമി എന്നീ പദദ്വയങ്ങളിലും ഈ പരിഗണന കാണാം.ഒന്നു പരമ്പരാഗതം ആയ വ്ജ്ഞാനമാണ്. മറ്റേത് ആധുനിക ശാസ്ത്രവും. ഇത്തരം ആശയക്കുഴപ്പങ്ങളില്ലാത്തിടങ്ങളിലേ logy നിലനിൽക്കുന്നുള്ളു.കോസ്മോളജി എന്ന പദത്തിനെതിരായി ചില അമെരിക്കൻ ശാസ്ത്രജ്ഞന്മാർ ആസ്ട്രോണമി കൊണ്ടുവന്നതും ഇങ്ങനെയാണ്.പദങ്ങൾ വെറുതെ എടുത്ത് തട്ടുന്നരീതി കേരളീയമാകാം.പക്ഷേ നല്ല രീതിയല്ല.
  2. രണ്ടാമത്തേതിലും ഞാൻ പറഞ്ഞ കാര്യങ്ങളുണ്ടെന്ന് കാണാം. ഒരു ഭാഷയിൽ രണ്ടും ഒരേ കാലത്ത് നിലനിൽക്കുന്നുണ്ടെങ്കിൽ അവയുടെ വിവക്ഷയും വ്യത്യസ്തമയിരിക്കണം.അല്ലാതെ വരാൻ മലയാള ഭാഷയൊന്നുമല്ലല്ലോ!ആ വ്യത്യസ്തത എന്തുതന്നെ ആയാലും അവ നിലനിർത്താൻ പദം ആവശ്യമാണ്. സെമിയോട്ടിക്സ് എന്നതിനും സെമിയോലജി എന്നതിനും പൊതുവായി ഒരു പദം ഉപയോഗിക്കുന്ന രീതി മലയാളത്തിൽ ഒരു പഠനത്തിലും എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല.(ക്ഷമിക്കണം വായനകുറവാണ്)
  3. ഭാഷാപൈതൃകപഠനം എന്നൊരു സംജ്ഞ തികച്ചും പുതുതാണ്. നിലവിലുള്ള ഒന്നിനെ മാറ്റുമ്പോൾ അതിന് ആശയപരമായ ഉള്ളടക്കം കൂടി ഉണ്ടാവണം. ഭാഷാവിജ്ഞാനീയം എന്നത് മാറ്റുമ്പോൾ എന്തിനു വേണ്ടി എന്നുപറയണം. കേവലം ഈയത്തിന്റെ പ്രശ്ൻമല്ലിത്. രവിയുടെ 'ഭാഷാവിജ്ഞാനം' മികച്ചതാണ്, രവിയുടെ 'ഭാഷാവിജ്ഞാനീയം' മികച്ചതാണ് എന്നിവയിൽ സംജ്ഞാപരമായി ആദ്യത്തേത് എന്തുകൊണ്ട് സ്വീകര്യമല്ല എന്നു പരിശോധിച്ചുനോക്കിയാൽ ഈയം വെറുതേ കേറി വന്നതല്ലെന്ന് മനസ്സിലാവും. അറിവും പഠനവും ഒന്നാണോ? ഓരു സാമാന്യാർഥ നാമപദത്തെ വിശേഷസംജ്ഞയാക്കാൻ ഓരോ ഭാഷക്കും ഓരോ തന്ത്രമുണ്ടല്ലോ . അതിലൊന്ന് ഈ ഈയമാണ്. സ്വനവിജ്ഞാനം , (ശൈലീവിജ്ഞാനം...) എന്നെഴുതുന്നതിൽ തെറ്റില്ല. കാരണം അതൊരാശയക്കുപ്പവും സൃഷ്ടിക്കുന്നില്ല.അതിനു പകരം മലയാളത്തിൽ മറ്റോരു പദവും പ്രയ്യോഗിക്കപ്പെട്ടിട്ടില്ല.
  4. ഹിന്ദിയിൽ ഗ്യാൻ/വിഗ്യാൻ എന്ന് രണ്ട് പദങ്ങൾ പ്രയോഗിക്കുന്നുണ്ട്.വളരെ നിഷ്ഠയോടെയാണത്. അല്ലാതെ മലയാളത്തിലേതുപോലെ തോന്നിയപടിയല്ല.ഗ്യാൻ വേറെ വിഗ്യാൻ വേറെ.സസ്കൃതത്തിലും തഥൈവ.ഈ നിഷ്ഠ മലയാളത്തിലില്ലാത്തതിനാലാണ് ഈയവും ഈളീകരണവുമെല്ലാം ഉണ്ടാകുന്നത്. സംജ്ഞാകോശനിർമ്മാണത്തിനുള്ള നയരേഖയായി കരുതപ്പേടുന്ന ഒന്ന് ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ സാങ്കേതികസജ്ഞാവലിയിൽ ഉണ്ട്. നമ്മുടെ ഭാഷയുടെ എല്ലാരോഗങ്ങളും അതിൽ കുറിച്ചുവെച്ചിടുണ്ട്.--Mra 18:39, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

logos എന്ന പദത്തിന് അറിവ്, ഭാഷ, വാക്ക്, പ്രതീകം, ആശയം, ലിപി, തുടങ്ങി നാനാവിധ അർത്ഥങ്ങളുണ്ട്. ഇവയനുസരിച്ച് logy എന്ന പദവും ശാസ്ത്രം, വിദ്യ, കപടശാസ്ത്രം, പഠനം തുടങ്ങി നാനാ അർത്ഥവിവക്ഷയോടെ ഉപയോഗിക്കുന്നു. ഏതെങ്കിലും സവിശേഷാർത്ഥത്തെ കുറിക്കുന്നേയില്ല. -ics എന്ന പിൻ‌കുറി ഉണ്ടാകുന്നത് വിശേഷണാർത്ഥത്തിൽനിന്നാണ്:Semiotic(s) = അർത്ഥത്തെ സംബന്ധിച്ച(വ). ഇവിടെ ശാസ്ത്രം എന്നത് വിവക്ഷ മാത്രമാണെന്ന് മനസ്സിലായല്ലോ. semiology-ക്കു പകരം semiotics കൊണ്ടുവന്നത് താൻ പുതിയൊരു വ്യതിയാനം നടത്തുന്നു, അത് അടയാളപ്പെടണം എന്നുള്ള ഉദ്ദേശ്യത്തോടെയാണ്. അസ്ട്രോളജി ഒരു കപടശാസ്ത്രമാണെന്നതിനാൽ ജ്യോതിശാസ്ത്രത്തെ അതിൽനിന്ന് വേർതിരിക്കണം എന്നതുകൊണ്ടാണ് അസ്ട്രോണമി എന്ന് പേരിട്ടത്. cosmology-ക്കും ഈ തകരാറുണ്ട്. ഇതൊന്നും പദത്തിന്റെ അർത്ഥഭേദംകൊണ്ട് വന്നതല്ല.

കേരളീയമായ എടുത്തുതട്ടലല്ല. വിജ്ഞാനം എന്ന പദത്തിനും ശാസ്ത്രം, അറിവ്, പഠനം എന്നൊക്കെ അർത്ഥങ്ങളുണ്ട്. ആ അർത്ഥങ്ങളിലൊക്കെ അത് വ്യവഹരിക്കുന്നു. വിശിഷ്ടമായ ജ്ഞാനമാണ് വിജ്ഞാനം.(ഇതാണ് യഥാർത്ഥത്തിൽ ശാസ്ത്രം. ശാസ്ത്രം ശാസനത്തിൽനിന്നുണ്ടായതാണ്) അതിൽ ശാസ്ത്രീയതയുണ്ട്. ഭാഷാജ്ഞാനി ഭാഷ അറിയുന്നവനും ഭാഷാവിജ്ഞാനി ഭാഷയെക്കുറിച്ച് അറിയുന്നവനുമാണ്. രവിയുടെ ഭാഷാജ്ഞാനം എന്നല്ലേ പറയൂ?, രവിയുടെ ഭാഷാവിജ്ഞാനം എന്ന് പറയാറുണ്ടോ? ഇവിടെ ആശയക്കുഴപ്പമൊന്നുമില്ല.

ഫിലോളജി എന്ന പദത്തിന്റെ അർത്ഥം അറിവിനോടുള്ള/ഭാഷയോടുള്ള ഇഷ്ടം എന്നു മാത്രമാണ്. എങ്കിലും നിരുക്താർത്ഥത്തിലല്ല ആ പദം പ്രയോഗിക്കുന്നത്. ഭാഷാപഠനം എന്ന അർത്ഥത്തിലാണ്. എങ്ങനെയുള്ള? -ക്ലാസിക്കൽ ഭാഷകളിലൊതുങ്ങി, അവയുടെ തന്നെ വരമൊഴിയെ ആണ് അവർ പഠിച്ചത്. ആഗമികത (/ചരിത്രപരത), താരതമ്യം ഇവ അടങ്ങുന്ന ഉല്പത്തിയെയും ശാഖാപരിണാമത്തെയുമാണ് ഉപരിപ്ലവമായി പഠിച്ചത്. അതിൽ ഭാഷയോടുള്ള താല്പര്യമാണ് അതിന് അവരെ പ്രേരിപ്പിച്ചത്. ഈ വിവക്ഷകളൊക്കെ പൈതൃകം എന്ന സങ്കല്പനത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. അതിനാൽ ഭാഷാപഠനം എന്നതിൽ പൈതൃകം എന്നുകൂടി ഉൾച്ചേർക്കുന്നതിൽ ഔചിത്യമില്ലേ?--തച്ചന്റെ മകൻ 07:04, 2 ഒക്ടോബർ 2009 (UTC)[മറുപടി]

  • ഫിലോളജിക്ക് ഭാഷാവംശശാസ്ത്രം എന്നൊരു സംജ്ഞാപ്രയോഗം ഡോ,കെ എൻ ആനന്ദൻ 'ഭാഷാശാസ്ത്രത്തിലെ ചോംസ്കിയൻ ദർശനം'(പു.3) എന്ന പുസ്തകത്തിൽ നടത്തിയിട്ടുണ്ട്.ഇങ്ങനെ ഓരോ പണ്ഡിതന്മാരും ഓരോരോ പ്രയോഗങ്ങൾ മുന്നോട്ടു വെച്ചാൽ സാധാരണ പഠിതാക്കളും വായനക്കാരും വല്ലാത്ത വിഷമത്തിലാകുമെന്നതാണ് പ്രശ്നം. തങ്കളുടെ വാദത്തോട് അടുത്തുവരുന്നതും എന്നാൽ ലിംഗവിവേചനം സൃഷ്ടിക്കുന്നതായ പൈതൃക പ്രയോഗത്തേക്കാൾ സ്വീകാര്യമായിതോന്നുന്നതും ഈ പ്രയോഗമാണ്.പഴയ പുസ്തകങ്ങളിൽ ഒന്നും പുതിയപുസ്തകങ്ങളിൽ മറ്റോന്നും എന്ന അവസ്ഥ ഭാഷാസംജ്ഞകളിൽ വരുന്നത് നന്നല്ല ; ഇതിനെയാണ് 'പദങ്ങൾ വെറുതെ എടുത്ത് തട്ടുന്നരീതി കേരളീയമാകാം,പക്ഷേ നല്ല രീതിയല്ല'എന്ന് വിമർശിച്ചത്.ഒരാളെയും വേറിട്ട് ഉദ്ദേശിച്ചല്ല.

നമ്മൾ കുറേക്കൂടി ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് പറഞ്ഞതിന്റെ ആകെത്തുക.— ഈ തിരുത്തൽ നടത്തിയത് Mra (സംവാദംസംഭാവനകൾ)

@ 42.107.196.125 16:18, 12 മാർച്ച് 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഭാഷാപഠനചരിത്രം&oldid=3901898" എന്ന താളിൽനിന്ന് ശേഖരിച്ചത്