ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2010-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ്. സാൻഫ്രാൻസിസ്കോ ഫെസ്റ്റിവലിൽ സിൽവർ ജ്യൂറി പുരസ്കാരവും ആതൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമശവും ഈ ഡോക്യുമെന്ററി നേടി[1]. മികച്ച ഛായാഗ്രഹണത്തിനും മികച്ച ഡോക്യുമെന്ററിക്കുമുള്ള ഈസ്റ്റ്മാൻ കൊഡാക്ക് പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു. ഒരു വ്യക്തിയുടെ യഥാർഥ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതോടൊപ്പം യഥാർഥ സന്ദർഭങ്ങളുമാണ് ഡിജിറ്റൽ ക്യാമറയിലൂടെ ഡോക്യുമെന്ററിക്കായി ചിത്രീകരിച്ചിരിക്കുന്നത്. 2003-ൽ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് നേടിയ ജയൻ കെ. ചെറിയാനാണ് ഡോക്യുമെന്ററിയുടെ നിർമ്മാതാവ്.

ബഹുമുഖവ്യക്തിത്വത്തോടുകൂടിയ ഒരാളാണ് ചിത്രത്തിലെ നായകകഥാപാത്രം. ജോൺ കോറി എന്ന പേരിൽ പകൽസമയം ന്യൂയോർക്കിൽ ഒരു ആർക്കിടെക്റ്റ് സ്ഥാപനം നടത്തുന്ന ഇദ്ദേഹം വൈകുന്നേരങ്ങളിൽ ന്യൂയോർക്കിലെ തന്നെ ചെൽസേ ഹോട്ടലിൽ പ്രേംദാസ് എന്ന പേരിൽ ഒരു മെഡിറ്റേഷൻ സെന്റർ നടത്തുന്നു. അർദ്ധരാത്രിയാകുമ്പോൾ ഇദ്ദേഹം കൃത്രിമ മാറിടങ്ങളും മറ്റും ശരീരത്തിൽ വച്ചു പിടിപ്പിച്ച് റോസ്‌വുഡ് എന്ന പേരിൽ ഡാൻസ് ബാറിൽ അഴിഞ്ഞാട്ടക്കാരിയാകുന്നു.

മൂന്നു വർഷം കൊണ്ടാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായത്. ഈ മൂന്നു വർഷങ്ങൾ കൊണ്ട് ക്യാമറയുമായി നായകകഥാപാത്രത്തിന്റെ പിന്നാലെ സഞ്ചരിച്ചാണ് ഏകദേശം 150 മണിക്കൂർ വരുന്ന വീഡിയോ ചിത്രീകരിച്ചത്. ഈ കാലയളവിൽ അയാൾ സ്ത്രീ ലൈംഗികാവയവങ്ങൾ ശസ്ത്രക്രിയയിലൂടെ വച്ചു പിടിപ്പിക്കുന്നതും സ്ത്രീയായി മാറുന്നതും ചിത്രീകരിച്ചു. 150 മണിക്കൂർ വരുന്ന വീഡിയോയിൽ നിന്നും നാല് മണിക്കൂർ, രണ്ട് മണിക്കൂർ, ഒരു മണിക്കൂർ എന്നിങ്ങനെ മൂന്നുതരത്തിലായി ഡോക്യുമെന്ററി തയ്യാറാക്കി. വിവിധ ദൈർഘ്യത്തിലുള്ള വീഡിയോകളാണ് വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാൻഫ്രാൻസിസ്കോ ഫെസ്റ്റിവലിൽ (2011) സിൽവർ ജ്യൂറി പുരസ്കാരവും ആതൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമശവും നേടി.
  • 2010-ലെ സിറ്റി വിഷൻസ് ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള സിറ്റി വിഷൻസ് അവാർഡ്[2].
  • 2010-ലെ സിറ്റി വിഷൻസ് ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമാറ്റോഗ്രാഫിക്കുള്ള ഈസ്റ്റ്മാൻ കൊഡാക്ക് അവാർഡ്.
  • പന്ത്രണ്ടാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (2012) അന്താരാഷ്ട്ര വിഭാഗത്തിൽ 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററികളുടെ മത്സരവിഭാഗത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി[3].

അവലംബം[തിരുത്തുക]

  1. "SHAPE OF THE SHAPELESS". Archived from the original on 2013-11-17. Retrieved 2011-10-16.
  2. http://www.mathrubhumi.com/nri/section/print.php?id=105101[പ്രവർത്തിക്കാത്ത കണ്ണി]
  3. "AAA മാതൃഭൂമി ഓൺലൈൻ, മലയാളത്തിന് മൂന്ന് പുരസ്‌കാരം". Archived from the original on 2012-02-10. Retrieved 2012-02-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]