ഷൂ പോളിഷ്
ഷൂ പോളിഷ് (അഥവാ ബൂട്ട് പോളിഷ്) എന്ന് പറയുന്നത് മെഴുകു രൂപത്തിലുള്ള ഒരു പദാർത്ഥമാണ്. തുകൽ കൊണ്ട് നിർമ്മിച്ച ഷൂസുകളോ ബൂട്ടുകളോ തിളക്കം വെപ്പിക്കുന്നതിനും വെള്ളം തടയാൻ പ്രാപ്തമാക്കുന്നതിനും വേണ്ടിയാണ് പോളിഷ് ഉപയോഗിക്കുന്നത്. ഇതോടെ ഷൂസുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുന്നു. ചില പ്രദേശങ്ങളിൽ - ന്യൂസിലാന്റിലടക്കം - "നഗ്ഗറ്റ്" എന്ന പദം കൊണ്ടാണ് ഖരരൂപത്തിലുള്ള പോളിഷുകളെ സൂചിപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി വിവിധതരത്തിലുള്ള പദാർത്ഥങ്ങൾ ഷൂ പോളിഷ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ മെഴുകിൽ നിന്നാണ് ഇതിന്റെ തുടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പുതിയ തരത്തിലുള്ള ഷൂ പോളിഷുകളുടെ സമവാക്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്. അതിലെ മിക്കവാറും രീതികളെല്ലാം ഇപ്പോഴും നിലവിലുള്ളവയാണ്. ഇപ്പോഴത്തെ പോളിഷുകൾ പ്രകൃതിദത്തവും കൃത്രിമവുമായ പദാർത്ഥങ്ങളുടെ ഒരു മിശ്രിതമാണ്. നാഫ്ത, ടർപ്പന്റൈൻ, ഡൈ, ഗം അറബിക് മുതലായവയാണ് പ്രധാന പദാർത്ഥങ്ങൾ. ഇവയെ നേരിട്ടുള്ള കെമിക്കൽ എഞ്ചിനീയറിങ്ങ് പ്രക്രിയകൾക്ക് വിധേയമാക്കിയാണ് പോളിഷ് നിർമ്മിക്കുന്നത്. സാധാരണ നിലയിൽ ഷൂ പോളിഷ് കത്തുന്നതും വിഷവും ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ത്വക്കിനെ നേരിട്ട് ബാധിക്കുന്നതുമാണ്. ശരിയായ വായുചലനമുള്ള ഭാഗത്ത് വെച്ചേ ഇവ ഉപയോഗിക്കാൻ പാടുകയുള്ളൂ. തുണികളും മരസാമഗ്രികളും മറ്റും സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കുകയും വേണം.
ഷൂ പോളിഷുകളുടെ പ്രസിദ്ധി തുകൽ കൊണ്ടുള്ള ചെരുപ്പുകളുടേയും ഷൂസുകളുടേയും നിർമ്മാണത്തിലും പ്രതിഫലിച്ചു കണ്ടു. 19ആം നൂറ്റാണ്ടിൽ തുടങ്ങി 20 നൂറ്റാണ്ടിലും തുടർന്നു കൊണ്ടിരുന്നു ഇവയുടെ പ്രസിദ്ധി. പട്ടാളക്കാരുപയോഗിക്കുന്ന ഷൂസുകൾ പോളിഷ് ചെയ്യുന്നതിനായി ലോകമഹായുദ്ധങ്ങളുടെ കാലത്ത് ധാരാളം ഷൂ പോളിഷുകൾ ആവശ്യമായി വന്നു.
[തിരുത്തുക] ഉപയോഗം
തുണിയോ ബ്രഷോ ഉപയോഗിച്ച് പോളിഷ് നേരിട്ട് ഷൂവിൽ പ്രയോഗിക്കുന്നു. പോളിഷ് വൃത്തിയാക്കാനുള്ള ഒരു പദാർത്ഥമല്ല. അതിനാൽത്തന്നെ പോളിഷ് ചെയ്യുന്നതിനു മുമ്പായി ഷൂസോ ചെരിപ്പോ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിക്കണം. ഉണങ്ങിയ തുണി കൊണ്ടോ ബ്രഷു കൊണ്ടോ തുടച്ചതിനു ശേഷം പോളിഷ്, ഷൂവിൽ വേഗത്തിലുള്ള തുടക്കൽ പ്രക്രിയക്ക് വിധേയമാക്കിയാൽ അത് നല്ല ഫലം ചെയ്യുന്നതായി കാണാം.[1] ബുൾ പോളിഷിങ്ങ് അല്ലെങ്കിൽ സ്പിറ്റ് പോളിഷിങ്ങ് എന്നറിയപ്പെടുന്ന രീതിയും പോളിഷ് ചെയ്യാനായി അവലംബിക്കുന്നു. തുണിയും പോളിഷിനൊപ്പം ഒരു തുള്ളി വെള്ളമോ ഉമിനീരോ ഉപയോഗിക്കുന്ന രീതിയാണിത്. കണ്ണാടി പോലെ തിളക്കം വരുത്താൻ ഈ രീതിയിൽ പോളിഷ് ചെയ്യുന്നതിലൂടെ സാധിക്കും. പട്ടാള ആവശ്യങ്ങൾക്കാണ് പ്രധാനമായും ഈ രീതി പിന്തുടരുന്നത്.
[തിരുത്തുക] അവലംബം
- ↑ Stain Removal, Waxes, Polishes and Cleaners. Diy Doctor Ltd. Accessed November 27, 2007.