വടക്കുംനാഥന്‍ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശൂര്‍ നഗരത്തിലുള്ള വിസ്തൃതമായ തേക്കിന്‌കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ്‍ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രം 20 ഏക്കര്‍ വിസ്തരത്തില്‍ തൃശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.നാലുദിക്കുകളിലായി നാലുഗോപുരങ്ങള് ഉണ്ട്. 108 ശിവാലയ സ്തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണിത്.[1]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
വടക്കുംനാഥക്ഷേത്രനിര്‍മാണം പെരുന്തച്ചന്‍റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്‍റെ കാലം ഏഴാം നൂറ്റാണ്ടിലാകയാല്‍ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.[2] ചരിത്രകാരനായ വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തില്‍ വടക്കും നാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളില്‍ ഒന്നായിരുന്നു. പിന്നീട് ബുദ്ധജൈന പാരമ്പര്യം നിലനില്‍കുകയും അതിനുശേഷം ശൈവവവൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തില്‍ കൊടുങ്ങല്ലൂര്‍ ശ്രീ കുംരുംബ ഭഗവതിക്ഷേത്രം ഊരകത്തമ്മ ക്ഷേത്രം കൂടല്‍ മാണിക്യം ക്ഷേത്രം എന്നിവയോളം പഴക്കമില്ല ഇതിന് എന്ന് സ്തോത്രങ്ങളില്‍ നിന്ന് മനസ്സിലാവും നമ്പൂതിരിമാര്‍ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥന്‍ ക്ഷേത്രം തൃശൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശൂര്‍ യോഗസങ്കേതത്തില്‍നിന്നും തിരഞ്ഞെടുക്കുന്ന ആളായ യോഗാതിരിപ്പാടാണ്‍ ക്ഷേത്രത്തിന്‍റെ ഭരണാധികാരിയായിരുന്നത്. ശക്തന്‍ തമ്പുരാന്‍റെ കാലത്തിന്‍ മുന്‍പ് യോഗാതിരി അവരോധം അവസാനിച്ചു. പിന്നീട് കൊച്ചിരാജാവ് തന്നെ ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിന്‍ കാര്യമായ നാശനഷ്ഠങ്ങള്‍ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണ്‍ ക്ഷേത്രം.
- ക്ഷേത്രം ജൈനസങ്കേതമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ഉപദേവനായ ഋഷഭന്‍ ജൈന തീര്‍തങ്കരനായ ഋഷഭദേവനാണ്‍ എന്നാണ്‍ ഒരു നിഗമനം. ജൈനര്‍ തത്വചിന്തയില്‍ പരാജയപ്പെട്ടപ്പോള്‍ വൈഷ്ണവര്‍ക്കും ശൈവര്‍ക്കും തുല്യ പ്രാധാന്യം നല്‍കി ഒരു ഹിന്ദുക്ഷേത്രമായി രൂപപ്പെടുകയാണ്‍ ചെയ്തത്. ഋഷഭനെ തൊഴുമ്പോള് ഭക്തന്മാര്‍ താങ്കളുടെ വസ്ത്രത്തില്‍ നിന്നും ഒരു നൂലിഴ എടുത്ത് പ്രതിഷ്ഠാമൂര്‍ത്തിയുടെ സന്നിധിയില്‍ സമര്‍പ്പിച്ച് തൊഴുകയാണ്‍ ചെയ്യുന്നത്. ഇത് പ്രതിഷ്ഠാമൂര്‍ത്തിയുടെ നഗ്നത മറയ്ക്കാന്‍ എന്ന സങ്കല്പത്തിലാണ്‍ . ജൈനമുനി ദിഗംബരനായതു കൊണ്ടാണ്‍ ഈ ആചാരം ഉടലെടുത്തത് എന്ന വാദഗതിയുമുണ്ട്.[3]
[തിരുത്തുക] സാമൂതിരിയുടെ കീഴില്‍
ക്രി.വ. 1750 മുതല്‍ 1762 വരെ തൃശ്ശൂരും വടക്കുന്നാഥന്‍ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. സാമൂതിരി നടത്തിയ ഒരു തുലാഭാരത്തിന്റെ കരിങ്കല്‍ത്തൂണ്ട് ഒരു ചരിത്രസ്മാരകമഅയി മതില്‍ക്കെട്ടിനകത്ത് കാണാന്‍ സാധിക്കും. വടക്കേക്കര കോവിലകത്താണ് (ഇന്നത്തെ ശക്തന്‍ തമ്പുരാന്‍ കോവിലകം) സമൂതിരിയും സൈന്യവും പാര്‍ത്തത്. തലപ്പിള്ളി രാജാക്കന്മാര്‍ സാമൂതിരിയെ പിന്‍തുണച്ചിരുന്നു. എന്നല്‍ തിരുവിതാംകൂര്‍|തിരുവിതാംകൂറിന്റെ സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തുരത്തി.
[തിരുത്തുക] പേരിനു പിന്നില്‍
കേരളം ശൈവാധിപത്യത്തില്‍ ആയിരുന്നതിനാല്‍ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ്‍ നാഥന്‍ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥന്‍“ എന്ന ശൈവ സങ്കല്പം കാലാന്തരത്തില്‍ വടക്കുന്നാഥന്‍ എന്ന പേര്‍ നേടിക്കൊടുത്തു.[4]
[തിരുത്തുക] പ്രതിഷ്ഠകള്‍
മുമ്പില്‍ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ട ശ്രീകോവിലിലാണ്‍ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാണ്‍ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ഉപദേവതകളായി ഗണപതി, പാര്‍വ്വതി, വേട്ടേക്കരന്‍, ഗോപാലകൃഷ്ണന്‍, പരശുരാമന്‍, ശാസ്താവ്, നാഗദേവതകള്‍, ശിവഭൂതഗണങ്ങള് (നന്തി,ഋഷഭന്‍,സിംഹോദരന്‍) പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കിഴക്കുവടക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിച്ചെയ്യുന്നു. ക്ഷേത്രത്തിനുപുറത്തായി പടിഞ്ഞാറ് ഭാഗത്ത് നടുവിലാല്‍ ഗണപതി പ്രതിഷ്ഠ ഉണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാല്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രദര്‍ശനം നടത്തുന്നതിന്‍ ചില ചിട്ടകളും ക്രമങ്ങളും ഉണ്ട്. അതനുസരിച്ച് ദേവന്മാരെ വന്ദിക്കണമെന്നാണ്‍ പഴമക്കാര്‍ പറയുന്നത്.
ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. ഉത്സവമില്ലാത്ത ദേവനാണ്‍ വടക്കുന്നാഥന്‍. ലക്ഷദീപങ്ങള്‍ തെളിയിച്ച് ശിവരാത്രി ആഘോഷിക്കപ്പെടുന്നു. തൃശൂര്‍ പൂരം നാളില്‍ കൈലാസനാഥനെ കണ്ട് വന്ദിക്കാന്‍ ചുറ്റുവട്ടത്തില്‍നിന്നു ദേവിദേവന്മാര്‍ എഴുന്നള്ളിയെത്തും.
- ശ്രീകോവിലുകളെ ചുറ്റി വിസ്തൃതമായ ചുറ്റമ്പലവും വിളക്കുമാടവുമുണ്ട്. അതിവിശാലമായ തിരുമുറ്റമുള്ള ക്ഷേത്രവളപ്പ് 10 ഏക്കറോളം വിസ്തൃതിയുള്ളതാണ്‍. അതിനുചുറ്റും ഗംഭീരമായ ചുറ്റുമതിലാണ്‍. മതിലില്‍ നാലുഭാഗത്തായി മൂന്നുനിലകളുള്ള കൂറ്റന്‍ ഗോപുരങ്ങളാണ്‍. ഇതിലെ “ആനവാതിലുകള്‍“ ദര്‍ശനീയങ്ങള്‍ തന്നെയാണ്‍. ക്ഷേത്രത്തിന്റ്റെ പ്രദക്ഷിണവഴിയുടെ വടക്കുഭാഗത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. കേരളത്തിലെ ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന്‍ 23½ മീറ്റര്‍ നീളവും 17½ മീറ്റര്‍ വീതിയുമുണ്ട്.കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ധന്മാര്‍ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
[തിരുത്തുക] വഴിപാട്
വടക്കുംനാഥന്‍റെ പ്രധാന വഴിപാടാണ്‍ നെയ്യഭിഷേകം. നെയ്യ് കൊണ്ട് മൂടി ജ്യോതിര്‍ലിംഗമായി ദര്‍ശനമരുളുന്നു. ജ്യോതിര്‍ലിംഗത്തില്‍ ഏകദേശം എട്ടൊമ്പതടി ഉയരത്തില്‍ 25 അടിയോളം ചുറ്റളവില്‍ നെയ്മല സൃഷ്ഠിക്കപ്പെട്ടിരിക്കുകയാണ്‍. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ട് ഇതിനു നാശം സംഭവിക്കുന്നില്ല.
പരമശിവനും അര്‍ജുനനും തമ്മില്‍ നടന്ന യുദ്ധത്തില്‍ ശിവനുണ്ടായ ആഘാതത്തിന്‍ ധന്വന്തരമൂര്‍ത്തി വിധിച്ച ചികിത്സയാണ്‍ നെയ്യഭിഷേകമെന്ന് ഐതിഹ്യമുണ്ട്.
41 ദിവസത്തെ കൂത്തും കൂടിയാട്ടവും ഇവിടെയുള്ള കൂത്തമ്പലത്തില്‍ ഇന്നും നടന്ന് വരുന്നു.
[തിരുത്തുക] വിശേഷ ദിവസങ്ങള്‍
ലക്ഷദീപങ്ങള്‍ തെളിയിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ്‍ ഇവിടെ പ്രധാനം. അന്ന് ചുറ്റുവട്ടത്തിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ദേവിദേവന്മാര്‍ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്, പനേക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളില്‍ നിന്നാണ്‍.
വടക്കുംനാഥന്‍ ക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു. തൃശൂര്‍ പൂരമെന്നത് പല പല ക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതില്‍ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] ആധാരസൂചിക
- ↑ കുഞ്ഞികുട്ടന്‍ ഇളയതിന്‍റെ “108 ശിവക്ഷേത്രങ്ങള്‍“
- ↑ കുഞ്ഞികുട്ടന്‍ ഇളയതിന്‍റെ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”
- ↑ പി.ജി.രാജേന്ദ്രന്‍ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
- ↑ പി.ജി.രാജേന്ദ്രന്‍ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
[തിരുത്തുക] കുറിപ്പുകള്‍
- ↑ വടക്കും നാഥന്റെ ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തില്‍ നിന്ന് കൊടുങ്ങല്ലൂരമ്മയേയും, ഊരകത്തമ്മ തിരുവടികളേയും കൂടല്‍മാണിക്യം ദേവനേയും വന്ദിക്കണമെന്ന് സ്ത്രോത്രമാലയില്‍ പറയുന്നതില്‍ നിന്ന് ഈ ക്ഷേത്രങ്ങളാണ് വടക്കുംനാഥനേക്കാള്‍ മുന്ന് ഉണ്ടായത് എന്ന് ഊഹിക്കാം.

