ശ്രീമൂലം പ്രജാസഭ 1904

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂവുടമകളെയും വ്യാപാരികളെയും ഉൾപ്പെടുത്തി ശ്രീ മൂലം പോപ്പുലാർ അസംബ്ലി ഓഫ് ട്രാവൻകൂർ സ്ഥാപിക്കുന്നതിനായി ദിവാൻ 1904 ഒക്റ്റോബർ 1-ന് പുറത്തിറക്കിയ ഉത്തരവ്

1904-ൽ [1]ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിലിനു പുറമേ മഹാരാജാവിന്റെ ഒരു പുതിയ ഉത്തരവ് മൂലം ശ്രീ മൂലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ (ശ്രീമൂലം പ്രജാസഭ) നിലവിൽ വന്നു. 85 അംഗങ്ങളായിരുന്നു 1904-ലെ ശ്രീമൂലം പ്രജാസഭയിലുണ്ടായിരുന്നത്. ഇന്ത്യയിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ നിയമസഭയായിരുന്നു ഇത്.

1904 ഒക്റ്റോബ്ർ 22 ശനിയാഴ്ച്ചയും 24 തിങ്കളാഴ്ച്ചയും വി.ജെ.ടി. ഹാളിൽ വച്ചാണ് ആദ്യ സമ്മേളനം നടന്നത്. ദിവാൻ വി.പി. മാധവറാവു ആയിരുന്നു സഭാ അദ്ധ്യക്ഷൻ[2] . ജനാഭിലാഷം സർക്കാരിനെ അറിയിക്കാനും നിയമനിർമ്മാണം ശുപാർശ ചെയ്യാനും മാത്രമായിരുന്നു സഭയുടെ അധികാരം.

സഭയിൽ അംഗമാകാനുള്ള യോഗ്യത[തിരുത്തുക]

വി.ജെ.ടി. ഹാൾ

100 രൂപയിൽ കുറയാത്ത ഭൂനികുതി നൽകുന്നവർ;[അവലംബം ആവശ്യമാണ്] 6000 രൂപയിൽ കൂടുതൽ വാർഷികവരുമാനമു‌ള്ളവർ; തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, നാഗർകോവിൽ എന്നീ മുനിസിപ്പാലിറ്റികളുടെ പ്രതിനിധികൾ; ഗവണ്മെന്റ് ക്ഷണിക്കുന്ന അസോസിയേഷനുകൾ എന്നിവയ്ക്കായിരുന്നു പ്രതിനിധികളെ അയയ്ക്കാനുള്ള അധികാരം.

സർക്കാർ പിരിച്ചുവിട്ട ഉദ്യോഗസ്ഥർ, ഭ്രാന്തുള്ളവർ, ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ, പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ളവർ എന്നിവർക്ക് അംഗത്വം ലഭിക്കുമായിരുന്നില്ല. ഗവണ്മെന്റുദ്യോഗസ്ഥർക്കും സഭയിൽ അംഗത്വം നിഷിധമായിരുന്നു.

ചർച്ച ചെയ്ത വിഷയങ്ങൾ[തിരുത്തുക]

ധനകാര്യം, ഖനനം, പ്രത്യേക വിദ്യാഭ്യാസം (ലോ കോളേജ്), സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, മഹാരാജാസ് കോളേജും ഹൈസ്കൂളും, കാർഷികവിദ്യാഭ്യാസം, ടെക്നിക്കൽ വിദ്യാഭ്യാസം, പിന്നോക്കവിഭാഗങ്ങൾക്കായുള്ള സ്കൂളുകൾ, സ്ത്രീകളുടെ വിദ്യാഭ്യാസം, വിദ്യാഭ്യാസം, വൈദ്യസഹായം, കസ്റ്റംസ്, വീടുകളിൽ നിർമിച്ച ഉപ്പ്, ഉപ്പ്, പ്രത്യേക റെവന്യൂ, പൊതുമരാമത്ത്, തേയില, സൈന്യം, രജിസ്ട്രേഷൻ, സിവിൽ കോടതികൾ, ജയിലുകൾ, പോലീസ്, പ്രാധമിക വിദ്യാഭ്യാസം, അബ്കാരി നിയമവും കറുപ്പും ഭാങ്ങും, ദിവാന്റെ അഭിസംബോധന, ക്രിമിനൽ കോടതികൾ, സാനിറ്റേഷൻ, പൊതുമരാമത്തുവകുപ്പ്, അഞ്ചൽ, വ്യാപാരവും ഷിപ്പിംഗും, വനം എന്നീ വിഷയങ്ങൾ 22-ആം തീയതി നടന്ന ഗവർണറുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു[3][4].

സഭയെ അറിയിച്ച ചില പ്രധാന വിഷയങ്ങൾ താഴെക്കൊടുത്തിരിക്കുന്നു:

പോലീസ്[തിരുത്തുക]

രാജ്യത്ത് 1748 പോലീസുകാരുണ്ടെന്നും (4.9 ചതുരശ്രമൈലിനും 2071 ജനസംഖ്യയ്ക്കും ഒരു പോലീസുകാരൻ വീതം) ആ വർഷം 4647 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇതിൽ 1771 എണ്ണം കള്ളക്കേസാണെന്ന് തെളിഞ്ഞുവെന്നും വിശദീകരിക്കപ്പെട്ടു. ചാർജ്ജ് ചെയ്ത 2848 കേസുകളിൽ 2392 കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ടു. ഗ്രാമങ്ങൾക്ക് കാവൽക്കാരുണ്ടായിരുന്ന പഴയ സംവിധാനം തിരികെക്കൊണ്ടുവരിക പരിഗണനയിലായിരുന്നു. തെക്കൻ അതിർത്തികളിൽ മറവന്മാർ കടന്നുകയറുന്നതും ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടു[4].

ജയിൽ[തിരുത്തുക]

തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ 649 തടവുകാരെ പുതുതായി പ്രവേശിപ്പിച്ചു. ഇതിൽ 520 പേരെ കോടതി ശിക്ഷിച്ചിരുന്നു. മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്നവരെ ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാൻ സർക്കാർ തീരുമാനമെടുത്തു. പ്രാദേശിക സ്റ്റേഷനുകളിൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് 1904 തുടക്കത്തിൽ തന്നെ നിർത്തലാക്കിയിരുന്നു. ജയിൽ പുള്ളികളുടെ അച്ചടക്കം നിലനിർത്തുന്നതിനായി മാത്രമായിരുന്നു ചങ്ങലയ്ക്കിടൽ ഉപയോഗിച്ചിരുന്നത്. തടവുകാരുടെ ഭക്ഷണച്ചെലവ് 21/2 ചക്രത്തിൽ നിന്ന് 3 1/2 ചക്രമാക്കി വർദ്ധിപ്പിക്കുകയും ചെയ്തു[4].

സിവിൽ കോടതികൾ[തിരുത്തുക]

കേസുകളുടെ എണ്ണം 35613-ൽ നിന്ന് 40589 ആയി വർദ്ധിക്കുകയുണ്ടായി. മുൻസിഫ് കോടതികളിലാണ് കേസുകളുടെ വർദ്ധന കൂടുതലും ഉണ്ടായത്. 40545 കേസുകൾ തീർപ്പാക്കപ്പെടുകയും ചെയ്തു. വർഷാവസാനം 11167 കേസുകളും അപ്പീലുകളും ബാക്കിയുണ്ടായിരുന്നു[4].

മരാമത്ത്[തിരുത്തുക]

425349 രൂപ മരാമത്ത് ജോലികൾക്കായി ചെലവാക്കുകയുണ്ടായി. വാർത്താവിനിമയത്തിനായി 30851 രൂപ, കെട്ടിടങ്ങൾക്കായി 272503 രൂപ, ജലസേചനത്തിനായി 40204 രൂപ എന്നിങ്ങനെയാണ് പ്രധാന ചെലവുകൾ. കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സത്രങ്ങൾ, ഊട്ടുപുരകൾ, നാട്ടുവഴികൾ, കുളങ്ങൾ വൃത്തിയാക്കൽ, ചെറിയ ജലസേചനപ്രവൃത്തികൾ എന്നിവയായിരുന്നു പ്രധാന ജോലികൾ[4].

പൊതുമരാമത്ത്[തിരുത്തുക]

1904-ൽ ഉദ്ഘാടനം ചെയ്ത കൊല്ലം തീവണ്ടി സ്റ്റേഷൻ (1904-05)

22,44,394 രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചിലവഴിച്ചത്. ആദ്യ കാലമായ 1863-64 വർഷത്തെയപേക്ഷിച്ച് പതിനൊന്നിരട്ടിയാണ് മരാമത്തു ചെലവ് വർദ്ധിച്ചത് എന്ന് വ്യക്തമാക്കപ്പെട്ടു. ചങ്ങനാശ്ശേരിയിലും വൈക്കത്തും അരൂക്കുറ്റിയിലും ഡിസ്പൻസറികൾ സ്ഥാപിക്കുകയുണ്ടായി. ആലപ്പുഴയിലെയും കൊല്ലത്തെയും ആശുപത്രികൾ വികസിപ്പിച്ചു; ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ താലൂക്ക് കച്ചേരികൾ സ്ഥാപിക്കപ്പെട്ടു; പറവൂരിലെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു; തിരുവനന്തപുരത്തെ മഹാരാജാസ് ഹൈസ്കൂളിൽ പുതിയ കെട്ടിടം സ്ഥാപിക്കപ്പെട്ടു; പാങ്ങോട് സർവ്വീസ് ബറ്റാലിയന് പുതിയ ലൈൻ നിർമ്മാണം നടത്തി എന്നിവയാണ് എടുത്തുപറയാവുന്ന പ്രവൃത്തികൾ. [4]

വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് 2218 മൈൽ റോഡിനാണ്. കോട്ടയം കുമിളി റോഡ് നന്നാക്കുകയും പെരിയാറിനു കുറുകേ പാലം നിർമ്മിക്കുകയും ചെയ്യുകയുണ്ടായി. വൈക്കം മുതൽ ഉദയമ്പേരൂർ വരെയുള്ള ഗ്രാമ പാത കാളവണ്ടിക്ക് പോകാവുന്ന വിധം മെച്ചപ്പെടുത്തി; മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡ് നന്നാക്കി; പെരുമ്പാവൂർ ആലുവ റോഡിലെ രണ്ടു പാലങ്ങൾ പുനർനിർമിച്ചു; ആലുവ ഇടപ്പള്ളി റോഡിലെ നാലാം മൈലിൽ ഒരു പാലം നിർമിച്ചു; കാക്കനാട് ഒരു ഇരുമ്പുപാലം നിർമിച്ചു; അമ്പലപ്പുഴ മുതൽ കളർകോടുവരെ റോഡ് നിർമിച്ചു; പന്തളത്തും ഏനാദിയിലും പാലങ്ങൾ നിർമിച്ചു; കൂവക്കുടി ക്രോസിംഗിൽ കരമനയാറിനു കുറുകേ പാലം നിർമിച്ചു; കൽപ്പാലക്കടവ് മുതൽ തിരുവല്ലം വരെയുള്ള കനാലിന് നീളം കൂട്ടി എന്നിവ പ്രധാന ജോലികളായി എടുത്തുപറയുന്നു. മൂന്നാർ മുതൽ ചിന്നാർ വരെ റോഡ് നിർമ്മിക്കാനായി കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനിക്ക് നാലരലക്ഷം രൂപ നൽകാൻ സർക്കാർ കരാറുണ്ടാക്കിയിരുന്ന കാര്യം പ്രസ്താവിക്കപ്പെട്ടു. [4].

കോടയാറിനു കുറുകേ 72 1/4 അടി ഉയരമുള്ള ഡാം നിർമ്മിക്കാനും 11 മൈൽ നീളത്തിൽ വെള്ളം കൊണ്ടുപോകാൻ കനാൽ നിർമ്മിക്കാനും ഇതുവഴി 15000 ഏക്കർ ഭൂമിയിൽ അധികമായി കൃഷി നടത്താനും തീരുമാനമെടുത്തത് വിശദീകരിക്കപ്പെട്ടു. ആദ്യം ഡാം നിർമ്മിക്കാൻ സ്ഥലം നിർണയിച്ചത് ചീഫ് എഞ്ചിനിയർ മിസ്റ്റർ ജോപ്പിന്റെ നിർദ്ദേശപ്രകാരം പരിഷ്കരിക്കാനും അതുവഴി പുതുതായി ജലസേചനം നടക്കുന്ന ഭൂമി 55000 ഏക്കറായി വർദ്ധിപ്പിക്കാനും തീരുമാനമെടുത്തതും വെളിപ്പെടുത്തപ്പെട്ടു. ആകെ ചെലവ് ഈ മാറ്റം മൂലം 794850-ൽ നിന്ന് 28 ലക്ഷമായി വർദ്ധിച്ചു. വലതുവശത്തെ കനാലിനു പകരം തോവാള കനാൽ നിർമ്മിക്കുന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നടപടി വിശദമാക്കപെട്ടു. [4]

തിരുന്നൽവേലി കൊല്ലം റെയിൽ പാതയുടെ നിർമ്മാണം തീർന്നുവെന്നും മണ്ണിടിച്ചിൽ മൂലം പാത പ്രവർത്തനമാരംഭിച്ചിട്ടില്ലെന്നും പ്രസ്താവനയുണ്ടായി. കഴിഞ്ഞ ജൂൺ 1-ന് പുനലൂർ കൊല്ലം റെയിൽ പാത പ്രവർത്തനമാരംഭിച്ചു. തിരുവിതാം കൂറിലെ റെയിൽ പാതയ്ക്കായി ആകെ മുടക്കിയത് 15771766 രൂപയായിരുന്നുവത്രേ. നാളിതുവരെ 3.5% പലിശനിരക്കിൽ 666256 രൂപ ഭരണകൂടം ചിലവഴിച്ചുവെന്ന് പ്രസ്താവിക്കപ്പെട്ടു. കൊച്ചിക്കും കൊല്ലത്തിനുമിടയിൽ വല്ലി ഭായി കാദർ ഭായി ആൻഡ് കമ്പനി ബോട്ട് സർവീസ് തുടങ്ങിയിരുന്നു. ഇവരും മറ്റുള്ള സംരംഭകരും റെയിൽ ഗതാഗതവുമായി ബന്ധിപ്പിച്ച് സ്ഥിരമായി ആവിബോട്ട് സർവ്വീസ് തുടങ്ങാനനുവദിക്കാനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള കാര്യം സഭയെ അറിയിക്കുകയുണ്ടായി[4].

അഞ്ചൽ[തിരുത്തുക]

രാജ്യത്ത് 150 അഞ്ചലാപ്പീസുകളും 179 അഞ്ചൽ പെട്ടികളും നിലവിലുണ്ടായിരുന്നു. 50 ലക്ഷം തപാലുരുപ്പടികളാണ് കൈമാ‌റ്റം ചെയ്യപ്പെട്ടത്. ഇതിൽ സർക്കാരിന് 100307 രൂപ ചെലവുണ്ടായെങ്കിലും 368853 രൂപ വരുമാനം ലഭിച്ചു. ഭാരമുള്ള ഉരുപ്പടികൾക്കായി ഒരു അഞ്ചൽ ബോട്ട് നിലവിലുണ്ടായിരുന്നു. ആവിബോട്ട് സർവ്വീസ് ആരംഭിക്കുമ്പോൾ ഇത് നിർത്തലാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. [4]

ഉപ്പ്[തിരുത്തുക]

997422 മൗണ്ട് ഉപ്പ് വിൽപ്പനയ്ക്കായി ലഭ്യമായിരുന്നു. 749141 മൗണ്ട് വില്പന നടന്നു. താമരക്കുളം, രജകമംഗലം, വരിയൂർ എന്നിവിടങ്ങളിലായി 257201 1/2 മൗണ്ട് ഉപ്പ് പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നുമുണ്ടായിരുന്നു. കൊളച്ചലിലെ ഉപ്പളം പുനരുജ്ജീവിപ്പിക്കണമെന്നും ക്രമേണ പ്രാദേശികമായിത്തന്നെ രാജ്യത്തിനാവശ്യമുള്ള ഉപ്പ് നിർമ്മിക്കപ്പെടണമെന്നും തീരുമാനമുണ്ടായതായി സഭയെ അറിയിച്ചു. ക്രമേണ ഉപ്പിന്റെ വിതരണം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടായിരുന്നു[4].

എക്സൈസ്[തിരുത്തുക]

പുകയില വ്യാപാരത്തിൽ നിന്ന് നികുതിയായി കൊ.വ. 1079-ൽ (ക്രി.വ. 1903) സർക്കാരിനു ലഭിച്ചത് 12,32,608 രൂപയായിരുന്നു. [4]

അബ്കാരി, കറുപ്പ്, ഭാങ്ങ്[തിരുത്തുക]

849876 രൂപയായിരുന്നു വർഷം സർക്കാരിന് ഈ മേഖലയിലെ എക്സൈസ്/കാർഷിക വരുമാനം[4].

കസ്റ്റംസ്[തിരുത്തുക]

1865-ൽ ബ്രിട്ടീഷ് ഇന്ത്യയും തിരുവിതാംകൂറും തമ്മിൽ വ്യാപാരം സ്വതന്ത്രമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇറക്കുമതി നികുതി ബ്രിട്ടീഷ് നിരക്കുകളനുസരിച്ചായി നിജപ്പെടുത്തപ്പെട്ടിരുന്നു. നാട്ടിലെ വ്യവസായം പരിപോഷിപ്പിക്കാനായി കയറ്റുമതി നികുതി കുറയ്ക്കുക എന്ന നയമായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. ഇതനുസരിച്ച് വെളിച്ചെണ്ണയുടെ നികുതി 12 രൂപയിൽ നിന്ന് 10 രൂപയായി കുറയ്ക്കുകയുണ്ടായി. വരുമാനം 894090 രൂപയായിരുന്നു. [4]

ശുചീകരണം[തിരുത്തുക]

1894 വരെ നഗരശുചിത്വം സർക്കാരുത്തരവുകളിലൂടെയായിരുന്നു നടപ്പാക്കിക്കൊണ്ടിരുന്നത്. മുനിസിപ്പൽ പ്രവൃത്തികൾക്കായി നികുതി പിരിക്കാൻ 1901-ൽ ഉത്തരവുണ്ടായി (1076-ലെ റെഗുലേഷൻ മൂന്ന്). കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ എന്നിവിടങ്ങളിൽ ഈ റെഗുലേഷൻ നിലവിലുണ്ടായിരുന്നു. നഗര നികുതി വളരെക്കുറവായതിനാൽ സർക്കാരായിരുന്നു ഇവിടങ്ങളിലെ ശുചീകരണത്തിനുള്ള തുകയുടെ സിംഹഭാഗവും ചിലവഴിച്ചുകൊണ്ടിരുന്നത്. നഗരങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും വരെ സർക്കാർ പൊതുനികുതിയിൽ നിന്ന് ഇതിനായി പണം നൽകുന്ന അവസ്ഥ തുടരാൻ തീരുമാനമെടുത്തിരുന്നു. [4]

ജനനമരണക്കണക്കുകളും പ്രതിരോധക്കുത്തിവയ്പ്പും[തിരുത്തുക]

കഴിഞ്ഞ ഒരു വർഷം 54292 ജനനങ്ങളും 42293 മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ജനനമരണ രജിസ്ട്രേഷൻ നിർബന്ധമായിരുന്നില്ല. 150117 ആ‌ൾക്കാർക്കാണ് ഒരുവർഷം പ്രതിരോധക്കുത്തിവയ്പ്പ് നൽകപ്പെട്ടത്. ഇതിൽ 13000 പ്രതിരോധക്കുത്തിവയ്പ്പ് കുട്ടികൾക്കാണ് നൽകപ്പെട്ടത്. [4]

പനി, വയറിളക്കം, ഡിസന്ററി എന്നിവയൊഴിച്ചാൽ പകർച്ചവ്യാധികൾ കഴിഞ്ഞ വർഷം കാണപ്പെട്ടിരുന്നില്ല.[4]

വൈദ്യസഹായം[തിരുത്തുക]

22 ആശുപത്രികളും 20 ഡിസ്പൻസറികളും ഭ്രാന്തുള്ളവർക്കും കുഷ്ടരോഗികൾക്കുമായി 2 ആലയങ്ങളുമാണ് രാജ്യത്തുണ്ടായിരുന്നത്. 15739 പേരെ ഈ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുകയും 607904 പേരെ അല്ലാതെ ചികിത്സിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് മിഡ്‌വൈഫുകൾക്കായി വിക്ടോറിയ മെഡിക്കൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് ഒരുവർഷം 9 പേരാണ് പാസ്സായിക്കൊണ്ടിരുന്നത്. 32 വയറ്റാട്ടികൾ മെഡിക്കൽ സർവ്വീസിൽ ജോലി ചെയ്തിരുന്നു. സർക്കാർ സ്കോളർഷിപ്പോടുകൂടി രണ്ട് ഹിന്ദു വിദ്യാർത്ഥികൾ എഡിൻബറയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു. [4]

1888-ൽ തലസ്ഥാനത്ത് ഒരു ചെറിയ മൃഗാശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയെയും മറ്റു നാട്ടുരാജ്യങ്ങളെയും അപേക്ഷിച്ച് തിരുവിതാംകൂർ വിദ്യാഭ്യാസരംഗത്ത് വളരെ മുന്നിലായിരുന്നു. സാക്ഷരതാനിരക്ക് ബറോഡയിൽ 1000-ൽ 88-ഉം മദ്രാസിൽ 63-ഉം മൈസൂറിൽ 51-ഉം ആയിരുന്നപ്പോൾ തിരുവിതാംകൂറിൽ അത് 124 ആയിരുന്നു. ആയിരത്തിൽ 31 സ്ത്രീകൾക്ക് തിരുവിതാംകൂറിൽ അക്ഷരാഭ്യാസം ലഭിച്ചിരുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ ബോംബെയിൽ ഇത് 11-ഉം മദ്രാസിലും മൈസൂറിലും ഇത് 8-ഉമായിരുന്നു. കഴിഞ്ഞ വർഷം 3727 സ്ഥാപനങ്ങളിലായി രാജ്യത്ത് 197385 പേർ വിദ്യാഭ്യാസം നടത്തുന്നുണ്ടായിരുന്നു. സർക്കാർ സ്കൂളുകൾക്കും സർക്കാർ സഹായം ലഭിക്കുന്ന സ്കൂളുകൾക്കും 32 എണ്ണത്തിന്റെ വർദ്ധനയുണ്ടായപ്പോൾ ആശാൻ പള്ളിക്കൂടങ്ങളുടെ എണ്ണത്തിൽ 126-ന്റെ കുറവുണ്ടായി. [4]

നോർമൽ സ്കൂൾ തിരുവനന്തപുരം.

സ്ത്രീ അദ്ധ്യാപരുടെ പരിശീലനസ്ഥാപനമായ നോർമൽ സ്കൂൾ ഫോർ ഫീമേൽ ടീച്ചേഴ്സ് വെർണാക്കുലാർ ഹൈസ്കൂളിൽ നിന്നെടുത്തുമാറ്റി ഗേൾസ് കോളേജിനോട് യോജിപ്പിക്കുകയും ഇത് എല്ലാ ജാതിയിലുള്ളവർക്കുമായി തുറക്കുകയും ചെയ്തു. സ്കൂൾ പ്രായത്തിലുള്ള 12.8% പെൺകുട്ടികൾ (46332 പേർ) വിദ്യാലയങ്ങളിൽ പഠനം നടത്തുന്നുണ്ടായിരുന്നു. [4]

ഏതെങ്കിലും സ്കൂളിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പിന്നോക്കവിഭാഗത്തിൽ നിന്നുള്ളവരാണെങ്കിൽ സ്കൂൾ നടത്തിപ്പിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കാനുള്ള തീരുമാനം എടുക്കപ്പെട്ടിരുന്നു. പിന്നോക്കവിഭാഗങ്ങളിൽ പെട്ട അദ്ധ്യാപകരെ പരിശീലിപ്പിക്കാനായി രാജ്യത്ത് 4 പ്രത്യേക സ്ഥാപനങ്ങൾ തുടങ്ങാനുള്ള തീരുമാനമെടുത്തിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്കായി 480 സ്കൂളുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 5വയസ്സിനും 10 വയസ്സിനുമിടയിലുള്ള കുട്ടികളിൽ 47.8% പേർക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടായിരുന്നു. [4]

ടെക്നിക്കൽ വിദ്യാഭ്യാസം[തിരുത്തുക]

തിരുവനന്തപുരത്തെ ഇൻഡസ്ട്രിയൽ സ്കൂൾ ഓഫ് ആർട്ട്സ് മൺപാത്രനിർമ്മാണം, ആനക്കൊമ്പുപയോഗിച്ചുള്ള ശില്പകല, തറപ്പായകളുടെ നിർമ്മാണം, ലോഹപ്പണി, വാഴനാരെടുക്കൽ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകുന്നുണ്ടായിരുന്നു. നാഗർകോവിലിലെ ശ്രീമൂല രാമ വർമ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സർവേ, എഞ്ചിനിയറിംഗ്, മേസ്തിരിപ്പണി, കാർപ്പന്ററി, കയർ നിർമ്മാണം തുടങ്ങിയ മേഖലകളിലെ വിദ്യാഭ്യാസം), തിരുവനന്തപുരത്തെ നേറ്റീവ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ആറ്റിങ്ങലിലെ വീവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ചങ്ങനാശ്ശേരിയിലെ രാമ വർമ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മണിയംകുളം കയർ മാന്യുഫാക്ചറി എന്നിവിടങ്ങളിൽ ടെക്നിക്കൽ വിദ്യാഭ്യാസം നൽകപ്പെറ്റുന്നുണ്ടായിരുന്നു. [4]

ജിയോളജി, മൈനിംഗ്, അഗ്രിക്കൾച്ചറൽ കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പരിശീലനം നേടാനായി സർക്കാർ മൂന്നു വിദ്യാർത്ഥികളെ സ്കോളർഷിപ്പോടുകൂടി യൂറോപ്പിലയച്ചിട്ടുണ്ടായിരുന്നു. [4]

തിരുവനന്തപുരത്തെ അഗ്രിക്കൾച്ചറൽ ഡെമോൺസ്ട്രേഷൻ ഫാമിൽ ആധുനിക കാർഷിക രീതികൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇത് അദ്ധ്യാപർക്കായുള്ള പരിശീലനം നൽകാൻ സജ്ജമാക്കാൻ സർക്കാരിന് പദ്ധതിയുണ്ടായിരുന്നു.[4]

സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്[തിരുത്തുക]

1898-ന്റെ തുടക്കത്തിലാണ് ഈ പദ്ധതി നടപ്പിൽ വന്നത്. ദർബാർ ഡോക്ടർ ഉൾപ്പെട്ട കമ്മിറ്റിയ്ക്കായിരുന്നു നടത്തിപ്പു ചുമതല. ഇതിന്റെ നടത്തിപ്പ് ചീഫ് സെക്രട്ടറിക്ക് നൽകപ്പെട്ടുവെങ്കിലും തിരികെ പഴയ സംവിധാനത്തിൻ കീഴിലാക്കാനുള്ള തീരുമാനമുണ്ടായി.

ഖനനം[തിരുത്തുക]

മൈക്ക, പ്ലംബാഗോ എന്നിവയുടെ ഖനനം മാത്രമായിരുന്നു രാജ്യത്ത് നടന്നുകൊണ്ടിരുന്നത്. പ്ലംബാഗോയുടെ കയറ്റുമതി നികുതി 8750 രൂപയും മൈക്കയുടേത് 30 രൂപ 13 ചക്രം 6 കാശുമായിരുന്നു. [4]

ധനകാര്യം[തിരുത്തുക]

തിരുവിതാംകൂർ ചക്രം

ധനകാര്യ പരിഷ്കരണത്തിനായി ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടിരുന്നു.

ആദ്യകാലത്ത് രാജ്യതലസ്ഥാനത്തുമാത്രമേ ട്രഷറി നിലവിലുണ്ടായിരുന്നുള്ളൂ. പണമായും മുതലായുമാണ് നികുതി പിരിച്ചിരുന്നത്. നികുതിപിരിവുകാർ തലമുറകളായി ഈ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവർക്ക് ചിലവിനായി ഭൂമി അനുവദിച്ചുകൊടുക്കുകയോ വാർഷിക കൂലി ധനമായോ നെല്ലായോ നൽകുകയോ ആയിരുന്നു ചെയ്തുവന്നിരുന്നത്. ഇവർ വർഷാവർഷം തിരുവനന്തപുരത്തെത്തിയായിരുന്നു നികുതിക്കണക്കുകൾ നൽകിയിരുന്നത്. കഴിഞ്ഞ 16 വർഷത്തെ നികുതിപിരിവുകാരുടെ കണക്കില്ലാത്തതും അനുമതിയില്ലാത്തതുമായ ചെലവുകൾ 72 ലക്ഷം രൂപയോളം വരുമത്രേ.

1860-ൽ നികുതിപിരിവു സമ്പ്രദായം ലഘൂകരിക്കപ്പെട്ടിരുന്നു. നികുതിപിരിവ്, ബഡ്ജറ്റ്, അക്കൗണ്ട്, ഓഡിറ്റ് എന്നിവയ്ക്കായുള്ള ചട്ടങ്ങളും നിയമങ്ങളും പുതുതായി കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയുണ്ടായി.

വാർഷിക വരവുചെലവു കണക്കുകൾ സഭയ്ക്കുമുൻപാകെ സമർപ്പിക്കപ്പെട്ടു. [4]

ജനപ്രതിനിധികൾ[തിരുത്തുക]

തിരുവിതാംകൂർ 1871-ലെ ഭൂപടം

ഗവണ്മെന്റ് ക്ഷണിച്ച സംഘടന ഭാരവാഹികൾ[തിരുത്തുക]

  1. അയ്യങ്കാളി (സാധുജന പരിപാലന യോഗം)
  2. കാവാരികുളം കണ്ടൻ കുമാരൻ (ബ്രഹ്മ പ്രത്യക്ഷ സാധുജന സഭ)
  3. പൊയ്കയിൽ കുമാരഗുരുദേവൻ (പ്രത്യക്ഷ രക്ഷാ ദൈവസഭ)
  4. പാമ്പാടി ജോസഫ്

കോട്ടയം ഡിവിഷൻ[തിരുത്തുക]

  1. അവിര വർക്കി തരകൻ
  2. ശങ്കുണ്ണി കർത്താവ്
  3. ചിത്തിരനാൾ തമ്പുരാൻ
  4. കൃഷ്ണ പിള്ള
  5. വാസുദേവൻ ശങ്കരൻ ഭട്ടതിരിപ്പാട്
  6. തൊമ്മി ചാക്കോ
  7. നാരായണൻ കൃഷ്ണൻ
  8. അനന്തശിവ അയ്യർ
  9. സി.ജെ. കുര്യൻ
  10. കണക്ക് കൃഷ്ണ കൈമൾ
  11. സി.ആർ. അങ്കൂർ നൈന റാവുത്തർ
  12. പൂരുരുട്ടാതി തിരുനാൾ തമ്പുരാൻ
  13. നീലകണ്ഠൻ
  14. ഇട്ടി ഐപ്പ് ഇട്ടി അവിര
  15. കുതിരരു നാരായണരു നമ്പൂതിരിപ്പാട്
  16. നാരായണ മേനോൻ
  17. സി എൻ തുപ്പൻ നമ്പൂതിരിപ്പാട്
  18. അച്യുതൻ പിള്ള
  19. ശേഖരൻ ഇളയത്
  20. റെവ. വറീത് മാത്തൂ കത്തനാർ
  21. കണക്ക് ഗോവിന്ദ രാമൻ
  22. കണ്ടൻ ഇക്കണ്ണൻ
  23. വെങ്കിട്ടരാമ അയ്യർ കൃഷ്ണ അയ്യർ
  24. ജെ.സി. അബ്ബോട്ട് (കണ്ണൻ ദേവൻ പ്ലാന്റേഴ്സ് അസ്സോസിയേഷൻ)
  25. എച്ച്. എം. നൈറ്റ് (സെൻട്രൽ ട്രാവൻകൂർ പ്ലാന്റേഴ്സ് അസ്സോസിയേഷൻ)
  26. ജെ.ജെ. മർഫി (കാർഡമം ഹിൽസ്)
  27. എം.എം. വർഗ്ഗീസ് (കോട്ടയം ട്രേഡേഴ്സ് അസ്സോസിയേഷൻ)
  28. പി.എം. ചാക്കോ ബി.എ. (കോട്ടയം ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റി)
  29. അയ്യപ്പൻ പിള്ള
  30. നീലകണ്ഠൻ നമ്പൂതിരിപ്പാട്
  31. ദേവൻ തുപ്പൻ നമ്പൂതിരിപ്പാട്
  32. സി.ഐ. എബ്രഹാം (ട്രാവൻ‌കൂർ ആൻഡ് കൊച്ചിൻ ക്രിസ്റ്റ്യൻസ് അസ്സോസിയേഷൻ, കോട്ടയം)

ക്വയിലോൺ ഡിവിഷൻ[തിരുത്തുക]

  1. പദ്മനാഭൻ പരമേശ്വരൻ
  2. നാഗേന്ദ്ര പൈ കൃഷ്ണ പട്ടർ
  3. ഭാനു ഭാനു പണ്ടാരത്തിൽ
  4. കാളിപ്പൻ ചോരിമുത്തു
  5. കാസമുത്തു ചട്ടനാഥൻ കരയാളൻ
  6. ഈശ്വരൻ അയ്യർ രാമ അയ്യർ
  7. സുന്ദ്രം അയ്യർ ശേഷ അയ്യർ
  8. ഇരവി തയെർ പണ്ടാരത്തിൽ
  9. ശ്രീകാരണം പള്ളിയടി ഈശ്വരൻ കേശവൻ
  10. മൈക്കൽ ചാക്കോ
  11. മാധവൻ വേലായുധൻ
  12. വേലായുധൻ കേശവൻ വലിയത്താൻ
  13. ആദംജി ഹകീംജി
  14. കൃഷ്ണൻ മുതവെൻ
  15. വേലായുധൻ കേശവൻ
  16. കുരുവിള കൊച്ചു തൊമ്മൻ
  17. വെരി റെവ. ഐപ്പ് തോമ കത്തനാർ
  18. കൈമൾ കേരുളൻ കേരുളൻ
  19. ചാക്കോ
  20. നാരായണൻ നീലകണ്ഠൻ
  21. രാമകൃഷ്ണ പണിക്കർ
  22. നീലകണ്ഠ അയ്യർ
  23. കൊച്ചു ഹസൻ കുഞ്ഞ്ബഹാദൂർ (ക്വയിലോൺ ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റി)
  24. അപ്പാവു പിള്ള
  25. ജി.എച്ച്. ഡേവി
  26. ഹാജി ഇസ്മായിൽ ഹാജി ഹസ്സം സേട്ട്
  27. ഇ.സി. ചിഷോം
  28. ശങ്കരൻ കൊച്ചുകുഞ്ഞ്

ട്രിവാൻഡ്രം ഡിവിഷൻ[തിരുത്തുക]

  1. അച്യുതൻ തമ്പി
  2. എം. വെങ്കിടസുബ്ബ അയ്യർ
  3. കണക്ക് നാരായണൻ മാധവൻ
  4. കണക്ക് കുമാരൻ കുമാരൻ
  5. നീലകണ്ഠർ ശങ്കരർ
  6. മൊഹമ്മദ് ഇസ്മായിൽ
  7. കെ. അപ്പാഡുര അയ്യർ ബി.എ. ബി.എൽ.
  8. ശങ്കരൻ ഗോവിന്ദൻ
  9. ജെ.എസ്. വാലന്റൈൻ
  10. മാധവൻ തമ്പി (ട്രിവാൻഡ്രം ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റി)
  11. എസ്. സാമി അയ്യങ്കാർ
  12. മഹൊമദ് ഏലിയാസ് ഹാജി അഹ്മദ് സേട്ട്

സതേൺ ഡിവിഷൻ[തിരുത്തുക]

  1. കണക്ക് താണുമലയപെരുമാൾ മാണികവാസകം
  2. സുബ്രഹ്മണ്യ അയ്യർ ശിവരാമ അയ്യർ
  3. കണക്ക് മാധവൻ മാരായക്കുട്ടി
  4. ശങ്കരതാണു ചൊക്കലിംഗം തരഗനാർ
  5. പൊന്നയ്യ നാടാർ
  6. ഊസൻ പി‌ള്ളൈ കുലമൈതീൻ പി‌ള്ളൈ
  7. മാർത്താണ്ഡൻ നാരായണ കുറുപ്പ്
  8. എസ്. ലക്ഷ്മി നാരായണ അയ്യർ
  9. ത്രിവിക്രമർ വാസുദേവർ
  10. കൊച്ചുമ്മിണി പിള്ള
  11. എസ്. സുബ്രഹ്മണ്യ അയ്യർ (നാഗർകോവിൽ ടൗൺ ഇംപ്രൂവ്മെന്റ് കമ്മിറ്റി)
  12. എം.ഡി. ഡാനിയൽ ബി.എ. (സെക്രട്ടറി, സൗത്ത് ട്രാവൻകൂർ നേറ്റീവ് ക്രിസ്റ്റ്യൻ അസ്സോസിയേഷൻ, നാഗർകോവിൽ)

ജനപ്രതിനിധികളുടെ പ്രസംഗങ്ങൾ[തിരുത്തുക]

വിവിധ ജനപ്രതിനിധികളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ താഴെക്കൊടുത്തിരിക്കുന്നു[2]:

  • കൊല്ലം ഡിവിഷനിൽ നിന്നുള്ള കാവാലം നീലകണ്ഠ പിള്ള: ഇദ്ദേഹം രാജ്യത്തിന്റെ രണ്ട് വടക്കൻ ഡിവിഷനുകളിൽ റോഡുകളും കനാലുകളും പാലങ്ങളും നിർമ്മിക്കേണ്ട‌തിന്റെയും, നികുതി മുതലായി പിരിക്കുന്നത് നിർത്തലാക്കേണ്ടതിന്റെയും, വേമ്പനാട് കായൽ കൃഷിക്കായി കയ്യടക്കുന്നത് തടയുന്ന സർക്കാരുത്തരവ് നീക്കം ചെയ്യേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി സംസാരിച്ചു. ഇദ്ദേഹം 10000 ഏക്കറോളം കായൽ നിലം കൃഷിക്കായി കൈവശപ്പെടുത്തിയിട്ടുള്ളയാളായിരുന്നു. ഈ പ്രവൃത്തി കൊച്ചി തുറമുഖത്ത് ചെളി അടിയാൻ കാരണമാകുന്നുണ്ടെന്ന വാദം ഇദ്ദേഹം ചോദ്യം ചെയ്തു.
  • ആലുമ്മൂട്ടിൽ ശങ്കരൻ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ ഭൂപ്രഭു (കൊല്ലം ഡിവിഷൻ): നികുതി പിരിവ് വിളകളുടെ രൂപത്തിൽ നടത്തുന്നത് നിർത്തലാക്കേണ്ടതാണെന്ന് ഇദ്ദെഹവും വാദിച്ചു. എല്ലാ പബ്ലിക് സ്കൂളുകളും ആയുർവേദ മെഡിക്കൽ കോളേജും സംസ്കൃത കോളേജും ഈഴവർക്കും പ്രയോജനപ്പെടുന്നവിധത്തിൽ തുറന്ന അഡ്മിഷനുകൾ നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • മാധവൻ തമ്പി (തിരുവനന്തപുരം മുനിസിപ്പാലിറ്റി): പണത്തിനുപകരം വിള നികുതിയായി സ്വീകരിക്കുന്നത് നിർത്തലാക്കേണ്ടതാണെന്ന് ഇദ്ദേഹവും വാദിച്ചു.
  • കമുകറം മാർത്താണ്ഡ നാരായണ കുറുപ്പ് (കൽക്കുളത്തെ ഭൂപ്രഭു): നികുതി പിരിവ് വിളകളായി സ്വീകരിക്കുന്നതും മാവ്, പുന്ന എന്നീ മരങ്ങൾക്ക് നികുതി ഈടാക്കുന്നതും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു.
  • കൃഷ്ണൻ മാതവൻ (കൊല്ലം ഡിവിഷനിലെ -മാവേലിക്കര- ഈഴവ ഭൂപ്രഭു): പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഈഴവരെ ഒഴിവാക്കിയതിനാൽ എല്ലാ സ്കൂളുകളിലും പ്രവേശനം ലഭിക്കാൻ ഈഴവർക്ക് അവകാശമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. രണ്ട് ഈഴവർക്ക് ഒരു ഗവണ്മെന്റ് ഗേ‌ൾസ് സ്കൂളിലും ആയുർവ്വേദ പാഠശാലയിലും സംസ്കൃത കോളേജിലും പ്രവേശനം ലഭിച്ചില്ല എന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
  • ഇ. റാണിയർ (ചെങ്കോട്ട - കൊല്ലം ഡിവിഷൻ): ഒരു പറ നെല്ലിന് 1 1/2 പണം നികുതിയായി നിർണയിക്കണമെന്ന് ആവശ്യപ്പെട്ടു.
  • സ്വാമി അയ്യങ്കാർ (തിരുവനന്തപുരം): നികുതി പണമായി പിരിക്കേണ്ടതിന്റെയും ആവശ്യമായ അന്വേഷണത്തിനുശേഷം മാത്രം നികുതി നിരക്ക് നിർണ്ണയിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇദ്ദേഹം പ്രസ്താവിച്ചു.
  • കണക്കു മാതവൻ മറയക്കുട്ടി (അഗസ്ത്യവരം): നികുതി വിളയായി പിരിക്കുന്നത് നിർത്തലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. തോവാ‌ള കനാൽ താമസമില്ലാതെ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യവും ഇദ്ദേഹം ഉയർത്തി. തെക്കൻ ഡിവിഷനിലെ എല്ലാ സ്കൂളുകളിലും തമിഴ് പഠിപ്പിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • ത്രിവികമർ വാസുദേവർ (വിളവൻകോടിലെ ജന്മി): ഹിന്ദു ക്ഷേത്രങ്ങൾ കൂടുതൽ നന്നായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ താലൂക്കിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂളും ഒരു ആശുപത്രിയും സ്ഥാപിക്കണമെന്നും ഇദ്ദേഹം അപേക്ഷിച്ചു.
  • കണകു തനുമലയ പെരുമാൾ മാണികവാസകം (തോവാളയിലെ ഭൂപ്രഭു): ദേവസ്വം നന്നായി നടത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. തോവാള കനാൽ തുറക്കുക, ഇനമായി നികുതിപിരിക്കുന്നതവസാനിപ്പിക്കുക എന്നീ വിഷയങ്ങളും ഇദ്ദേഹം ഉയർത്തി.
  • പറയിൽ അവിരാ വർക്കി തരകൻ (റോമോ സിറിയൻ ഭൂപ്രഭു - കോട്ടയം ഡിവിഷൻ): ഇദ്ദേഹവും നികുതി പണമായി പിരിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു. ഇദ്ദേഹത്തിന്റെ താലൂക്കിൽ വെളിച്ചെണ്ണയായാണ് നികുതിയുടെ ഒരു ഭാഗം പിരിച്ചിരുന്നത്. ചേർത്തല താലൂക്കിന് വേണ്ട ശ്രദ്ധ കിട്ടുന്നില്ല എന്നും ഇദ്ദേഹം പറയുകയുണ്ടായി.
  • വടക്കും‌കൂർ ചിത്തിര തിരുന്നാൾ തമ്പുരാൻ (കോട്ടയം ഡിവിഷൻ): തന്റെ താലൂക്കിൽ പുതിയ കനാലുകളും റോഡുകളും തുറക്കേണ്ടതിന്റെയും വൈക്കം ഇംഗ്ലീഷ് സ്കൂൾ ഹൈസ്കൂൾ ആക്കേണ്ടതിന്റെയും അവശ്യകതയെപ്പറ്റി സംസാരിച്ചു.
  • കണ്ടൻ ഇക്കണ്ണൻ (പറവൂരിലെ ഈഴവ ഭൂപ്രഭു): ഇദ്ദേഹവും ഇനമായി നികുതിപിരിക്കുന്നതിനെതിരായ അഭിപ്രായം പ്രകടിപ്പിച്ചു. ഈഴവരെ എല്ലാ പബ്ലിക് സ്കൂളുകളിലും ചേർക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഒരു തെങ്ങിന് 4 1/2 പണം ചില സ്ഥലങ്ങളിൽ ചുമത്തുന്നത് അധികമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. പറവൂരിൽ നിന്ന് കുരിയപ്പള്ളിയിലേയ്ക്കുള്ള റോഡ് ശോച്യാവസ്ഥയിലാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.
  • എം.ഡി. ഡാനിയൽ (ട്രാവൻ‌കൂർ ടൈംസിന്റെ എഡിറ്റർ, സൗത്ത് ട്രാവൻ‌കൂർ ക്രിസ്റ്റ്യൻ അസ്സോസിയേഷൻ സെക്രട്ടറി): അതിർത്തി സംരക്ഷിക്കുകയും മോഷണങ്ങൾ തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യം സൂചിപ്പിച്ചു. കേപ്പ് കൊമോറിൻ ഹാർബർ വികസിപ്പിക്കുകയും റെയിൽവേ ഇവിടെ വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം ഇദ്ദേഹം ചൂണ്ടിക്കാട്ടി.
  • താമരപ്പള്ളിൽ കുരുവിള കൊച്ചു തൊമ്മൻ (യാക്കോബായ സിറിയൻ ഭൂപ്രഭുവും വ്യാപാരിയും - ചെങ്ങന്നൂർ): നികുതി മുതലായി പിരിക്കുന്നതിനെ എതിർത്തു. മാവേലിക്കര മുതൽ കോലഞ്ചേരി വരെ റോഡ് നിർമ്മിക്കുന്നതിന്റെ ആവശ്യം ഉയർത്തിക്കാട്ടി. വിവിധ പാലങ്ങൾ നിർമ്മിക്കുന്നതിന്റെ ആവശ്യവും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.
  • പൊന്നയ്യ നാടാർ (ഇരണിയലിലെ ഭൂപ്രഭുവും വ്യാപാരിയും): താലൂക്കിൽ ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിക്കേണ്ടതിന്റെയും കൂടുതൽ റോഡുകൾ തുറക്കേണ്ടതിന്റെയും ആവശ്യത്തെപ്പറ്റി സംസാരിച്ചു. കുടിവെള്ളം ലഭ്യമാക്കേണ്ടതിന്റെയും ആവശ്യം ഇദ്ദേഹം ഉയർത്തിക്കാട്ടി. ഇദ്ദേഹത്തിന്റെ താലൂക്കിലെ വെള്ളം ഉപ്പുകലർന്നതായിരുന്നുവത്രേ. ഉപ്പളങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയും ഇദ്ദേഹം ഉയർത്തിക്കാട്ടി.
  • റെവറന്റ് ഈരാളി വറീത് മാത്തൂ കത്തനാർ (പറവൂരിലെ യാക്കോബായ സിറിയൻ ഭൂപ്രഭുവും പാതിരിയും): പറവൂർ ബണ്ട് ഉദ്ദേശം ഒരു ലക്ഷം രൂപ മുടക്കി നിർമിച്ചതാണെന്നും ഇപ്പോൾ അറ്റകുറ്റപ്പണികൾ നടത്തേണ്ട ആവശ്യമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഈ ബണ്ടിനുള്ളിലെ സ്ഥലത്തുനിന്നും വെള്ളം കളയുക എന്ന ആവശ്യവും ഇദ്ദേഹം ഉന്നയിച്ചു. പാലത്തുങ്കൽ ഫെറിയിൽ ഒരു പാലം വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. മുതലായി നികുതി പിരിക്കുന്നത് നിർത്തലാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • പി.എം. ചാക്കോ (ബി.എ. - കോട്ടയം): ദേവസ്വം വകുപ്പും റവന്യൂ വകുപ്പും വേർപിരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
  • ഊസൻ പിള്ള കുലമൈതീൻ പിള്ള (എരണിയലിലെ മൊഹമ്മദൻ ഭൂപ്രഭു): ഇദ്ദേഹം അളവുതൂക്കങ്ങൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യം ഉന്നയിച്ചു. മുസ്ലീങ്ങളല്ലാത്തവർ പൊതു കോടതികളിൽ ഖുർ ആൻ കൈകാര്യം ചെയ്യുന്നതിന്റെ അനൗചിത്യം ഇദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീങ്ങ‌ൾക്ക് അറബിയിൽ വിദ്യാഭ്യാസം നൽകുവാൻ ഒരു സ്കൂൾ ആരംഭിക്കുകയും മുസ്ലീം പള്ളികളുടെ മേൽനോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യണമെന്നും ഇദ്ദേഹം അഭ്യർത്ഥിച്ചു.
  • കാസമുത്തു ചാത്തനാഥൻ കരയാളൻ (ചെങ്കോട്ടയിലെ ഭൂപ്രഭു): ചെങ്കോട്ടയിലെ മഴവെള്ളം ശേഖരിക്കുന്ന കുളങ്ങൾക്ക് ആഴവും വിസ്തൃതിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഇവിടെ ഒരു വിശ്രമശാല സ്ഥാപിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
  • എച്ച്.എം. നൈറ്റ് (സെൻട്രൽ ട്രാവൻ‌കൂർ പ്ലാന്റേഴ്സ് അസ്സോസിയേഷൻ): തേയിലയുടെ വിലയിടിവിനു കാരണം ഇംഗ്ലണ്ടിൽ ഒരു പൗണ്ടിന് 8 പെൻസ് നികുതി ഈടാക്കുന്നതാണെന്നും അത് അടുത്തെങ്ങും കുറയാൻ സാദ്ധ്യതയില്ലെന്നും ഇദ്ദേഹം പറഞ്ഞു. മുണ്ടക്കയം മുതൽ കാഞ്ഞിരപ്പിള്ളി വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതുകാരണം തേയില തൂത്തുക്കുടി തുറമുഖം വഴി കയറ്റി അയയ്ക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണത്രേ. 1897-ലെ കാറ്റിൽ ഗ്രേസിംഗ് റൂൾ അനുസരിച്ച് കന്നുകാലികൾ മേഞ്ഞിരുന്ന പുൽമേടുകൾ പുറനാട്ടുകാർക്ക് വിൽക്കാനുള്ള നീക്കത്തോട് പ്ലാന്റർമാർക്കുള്ള എതിർപ്പും ഇദ്ദേഹം ഉന്നയിച്ചു.
  • വൈകത്തില്ലത്തിൽ കൈമൾ കേരുളൺ കേരുളൻ (തിരുവല്ലയിലെ ഭൂപ്രഭു): വെളിയത്ത് ബണ്ടിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. തിരുവല്ലയിൽ ഒരു സംസ്കൃത സ്കൂൾ ആരംഭിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • കെ. അപ്പാടുരാ അയ്യർ ബി.എ. ബി.എൽ. (നെടുമങ്ങാടുള്ള ഭൂപ്രഭുവും ഹൈക്കോടതി വക്കീലും): ഇദ്ദേഹത്തിന്റെ താലൂക്കിൽ ജലസേചനത്തിനായുള്ള ടാങ്കുകളുടെ കുറവ് ഇദ്ദേഹം സൂചിപ്പിച്ചു. നെൽവയലുകൾക്കടുത്തുള്ള കാട്ടുപാതകൾ മറ്റുള്ളവർക്ക് പതിച്ചുകൊടുക്കുന്നതിനെ ഇദ്ദേഹം എതിർത്തു. ഒന്നുകിൽ ഇവ ആർക്കും പതിച്ചുകൊടുക്കാതിരിക്കുകയോ ഇല്ലെങ്കിൽ നെൽവയലിന്റെ ഉടമസ്ഥർക്ക് കൊടുക്കുകയോ വേണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.
  • എം.എം. വർഗീസ് (കോട്ടയം ട്രേഡേഴ്സ് അസ്സോസിയേഷൻ): ഉപ്പിൽ ധാരാളം മണ്ണുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • നീലകണ്ഠ അയ്യർ (അമ്പലപ്പുഴയിലെ ഭൂപ്രഭു): പുഞ്ചകൃഷിക്കായി കാട്ടു കഴകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഇദ്ദേഹം പരാതിപ്പെട്ടു. പുഞ്ചപ്പാടങ്ങളുടെ നികുതി കുറയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • ജെ.ജെ. മർഫി (കാർഡമം ഹിൽസ്): വിലയിടിവ്, മോശം റോഡുകൾ, വിളനാശം എന്നിവ കൊണ്ട് കർഷകർ ബുദ്ധിമുട്ടുകയാണെന്നും ഏക്കറിന് ആറു രൂപ നാലു ചക്രമാണ് ഭൂനികുതി എന്നും ഇത് ഇപ്പോൾ വിളയുടെ വിലയുടെ 20 ശതമാനം വരുമെന്നും ഇദ്ദേഹം പറഞ്ഞു. നികുതി പൂർണ്ണമായി നൽകുന്നതുവരെ വിള കാർഡമം ഹിൽസിൽ നിന്ന് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന ഇപ്പോഴത്തെ നിയമം വലിയ കർഷകർക്കെങ്കിലും ഇളവു ചെയ്യണം എന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
  • ലക്ഷ്മി നാരായണ അയ്യർ (കൽക്കുളത്തെ ഭൂപ്രഭു): ദേവസ്വം ഭൂമിയുടെ നികുതി എട്ടിലൊന്ന് കൂട്ടിയെന്നും ഇത് പുനഃപരിശോധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
  • മുഹമ്മദ് ഇസ്മായിൽ (കടക്കാവൂരിലെ ഭൂപ്രഭു): കടക്കാവൂരിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പുതിയ ചില റോഡുകൾ തുറക്കണമെന്നും മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കണമെന്നും കോടതികളിൽ ഖുർആൻ മുസ്ലീങ്ങളല്ലാത്തവർ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇദ്ദേഹം അപേക്ഷിച്ചു.
  • പറയത്ത് നാരായണ മേനോൻ (കുട്ടനാട് ഭൂപ്രഭു): താലൂക്കിൽ ജലസേചനപ്രവൃത്തികൾ തുടങ്ങേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു.
  • നാഗേന്ദ്ര പൈ കൃഷ്ണ പട്ടർ (കൊല്ലത്തെ ഭൂപ്രഭുവും വ്യാപാരിയും): കൊല്ലത്തെ റെയിൽവേ സ്റ്റേഷനു സമീപം ഒരു സത്രം തുടങ്ങേണ്ടത് ആവശ്യമാണെന്ന് പ്രസ്താവിച്ചു. അടുത്തകാലത്തിറങ്ങിയ ചെമ്പു ചക്രങ്ങൾ സ്വീകരിക്കാൻ ചില ട്രഷറി ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നുവെന്ന് ഇദ്ദേഹം പരാതിപ്പെട്ടു.
  • ആനക്കൊട്ടിൽ ശങ്കുണ്ണി കർത്താവ് (ചേർത്തലയിലെ ഭൂപ്രഭു): ചേർത്തലയിൽ കനാലുകൾ കുഴിക്കണമെന്നും റോഡുകൾ പണിയണമെന്നും ആവശ്യപ്പെട്ടു.
  • വി. കൃഷ്ണ അയ്യർ (തൊടുപുഴയിലെ ഭൂപ്രഭു): താലൂക്കിൽ സ്കൂളുകൾ തുടങ്ങണമെന്നും റോഡുകൾ പണിയുകയും കനാലുകൾ നിർമ്മിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടു.
  • തറയിൽ തൊമ്മി ചാക്കോ (റോമോ-സിറിയൻ ഭൂപ്രഭു, ഏറ്റുമാനൂർ): കൈപ്പുഴ ബണ്ട് അറ്റകുറ്റപ്പണി ചെയ്യണമെന്നാവശ്യപ്പെട്ടു.
  • ഇ. രാമയ്യർ (ചെങ്കോട്ട): ഫോറസ്റ്റ് ചട്ടങ്ങൾ ചെങ്കോട്ടയിലെ ഭൂവുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി.
  • വെരി റെവറന്റ് ഐപ്പ് തോമ കത്തനാർ (തിരുവല്ല): റിസർവ് വനങ്ങൾ പടിഞ്ഞാറേയ്ക്ക് വ്യാപിപ്പിക്കുന്നത് തടയണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വവും റെവന്യൂ വിഭാഗവും വേർപിരിക്കണമെന്നും യോഗ്യതയുള്ളവരെ ജാതിയോ മതമോ നോക്കാതെ സർക്കാരുദ്യോഗസ്ഥാനങ്ങളിൽ നിയമിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിൽ വേമ്പനാടും മറ്റ് കായലുകളും കൃഷിക്കായി കയ്യേറാൻ അനുമതി നൽകുന്നത് ഇനിമുതൽ ശ്രദ്ധയോടെ വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഈ കായലുകൾ വറ്റിച്ചാൽ ഇതിനു മുകളിലുള്ള പ്രദേശങ്ങളിൽ പ്രളയമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇദ്ദേഹമായിരുന്നു അവസാനം പ്രസംഗിച്ചയാൾ.
  • മൊഹമ്മദ് ഏലിയാസ് ഹാജി അഹമദ് സേട്ട് (തിരുവനന്തപുരത്തെ വ്യാപാരി): എല്ലാ ജാതിയിലും മതങ്ങളിലും പെട്ടവർക്കായി തിരുവനന്തപുരത്ത് ഒരു സത്രം പണിയണമെന്നും നഗരത്തിൽ പൈപ്പിലൂടെ വെള്ളമെത്തിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നും കരമനയിൽ മെഡിക്കൽ ഡിസ്പൻസറി തുടങ്ങണമെന്നും കുളങ്ങളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും മൂത്രപ്പുരകളും കക്കൂസുകളും നഗരത്തിൽ നിർമ്മിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം കൈമാറി.

അവലംബം[തിരുത്തുക]

  1. Reservation Policy And Judicial Activism, By P. P. Vijayan, Page 60
  2. 2.0 2.1 "ലൈബ്രറി ആർക്കൈവ്സ്, കേരള ലെജിസ്ലേറ്റീവ് അസംബ്ലി" (PDF). പ്രജാസഭയുടെ 1904-ലെ സമ്മേളനത്തിന്റെ നടപടിരേഖ. കേരള നിയമസഭ. Retrieved 23 ഫെബ്രുവരി 2013.
  3. കേരള നിയമസഭ TMSPA 1904 തിരയുക
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 4.16 4.17 4.18 4.19 4.20 4.21 4.22 4.23 4.24 4.25 "പ്രൊസീഡിംഗ്സ് ഓഫ് ദി ഫസ്റ്റ് മീറ്റിംഗ് ഓഫ് ശ്രീ മൂലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ" (PDF). കേരള നിയമസഭ. Retrieved 23 ഫെബ്രുവരി 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ശ്രീമൂലം_പ്രജാസഭ_1904&oldid=3696460" എന്ന താളിൽനിന്ന് ശേഖരിച്ചത്