ശോഭ
ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു ശോഭ (23 സെപ്റ്റംബർ 1962 – 1 മേയ്1980). പശി എന്ന തമിഴ്ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം. ഉദ്യോഗസ്ഥ എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിനയം ആരംഭിച്ചത്. ഉത്രാടരാത്രി എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. സംവിധായകൻ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ആത്മഹത്യ ചെയ്തു[1]. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ് ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം പറയുകയുണ്ടായി[2].