ശിരോവസ്ത്രം
തലമറയ്ക്കുന്ന വസ്ത്രത്തിനെയാണ് ശിരോവസ്ത്രം എന്നു പറയുക. പല സമൂഹങ്ങളിലും നാട്ടാചാരത്തിന്റെയും സംസ്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും ഭാഗമായി തലമറയ്ക്കുന്നു. ഇസ്ലാമിൽ സ്ത്രീകൾക്ക് തലമറയ്ക്കുൽ നിർബന്ധമാണ്. 'മഫ്ത' എന്നാണ് ഈ വസ്ത്രത്തിന് പറയുന്ന പേര്. മക്കന, തട്ടം എന്നിവ കേരളത്തിലെ മുസ്ലിംസ്ത്രീകളുടെ സാംസ്കാരിക അടയാളമായി ഗണിക്കപ്പെടുന്നു. മത ചിഹ്നമായി മുസ്ലിംസ്ത്രീകളിലാണ് ശിരോവസ്ത്രം വ്യാപകമെങ്കിലും ജൂത -ക്രൈസ്തവ മതങ്ങളിലും ശിരോവസ്ത്രം നിർദ്ദേശിക്കപ്പെടുന്നുണ്ട്. മധ്യകാല യൂറോപ്പിൽ വിവാഹിതരായ സ്ത്രീകളുടെ അടയാളമായി ശിരോവസ്ത്രം ഉപയോഗിച്ചിരുന്നു. യൂറോപ്പിലെ ചില ക്രൈസ്തവ വിഭാഗങ്ങൾ ഇപ്പോഴും ശിരോവസ്ത്രമുപയോഗിക്കുന്നുണ്ട്.[1] ക്രൈസ്തവ സന്ന്യാസിനീ സമൂഹങ്ങളിൽ മിക്കവയുടെയും ഔദ്യോഗിക വേഷക്രമത്തിൽ ശിരോവസ്ത്രവും ഉൾപ്പെടുന്നു. ചില രാജ്യങ്ങളിൽ വേഷവിധാനത്തിന്റെ ഭാഗമായി പുരുഷൻമാരും ശിരോവസ്ത്രം ധരിക്കാറുണ്ട്. അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത വേഷവിധാനം ഇതിനൊരു ഉദാഹരണമാണ്. സിക്ക് മതക്കാരിൽ പുരുഷന്മാർക്കും ശിരോവസ്ത്രധാരണം കർശനമാണ്. ശിരോവസ്ത്രധാരണത്തിൽ ചില യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ടതലത്തിൽ വിവാദങ്ങളായിട്ടുണ്ട്. ഇന്ത്യയിലും ചില വിദ്യാലയങ്ങളിൽ ശിരോവസ്ത്രധാരണത്തിന്റെ പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.[2]
ഉള്ളടക്കം |
[തിരുത്തുക] മതഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ
[തിരുത്തുക] ഖുർആനിൽ
സദാചാരമര്യാദയായിട്ടും അതുവഴി അവരുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും ശല്യപ്പെടുത്തലുകളിൽ നിന്ന് രക്ഷയായിട്ടുമാണ് ഖുർആൻ സത്രീകളോട് വസ്ത്രവിധാനത്തിൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെടുന്നത്.
- “നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികൾ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭർത്താക്കന്മാർ, പിതാക്കൾ, ഭർത്തൃപിതാക്കൾ, പുത്രന്മാർ, ഭർത്തൃപുത്രന്മാർ, സഹോദരങ്ങൾ, സഹോദരപുത്രന്മാർ, സഹോദരീപുത്രന്മാർ, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകൾ, വലംകൈ ഉടമപ്പെടുത്തിയവർ, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകർ, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികൾ എന്നിവരുടെ മുന്നിലൊഴികെ അവർ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്.“[3]
- “നബിയേ, നിന്റെ പത്നിമാർ, പുത്രിമാർ, വിശ്വാസികളുടെ സ്ത്രീകൾ ഇവരോടെല്ലാം തങ്ങളുടെ മൂടുപടങ്ങൾ ശരീരത്തിൽ താഴ്ത്തിയിടാൻ നിർദേശിക്കുക. അവരെ തിരിച്ചറിയാൻ ഏറ്റം പറ്റിയ മാർഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.“[4]
[തിരുത്തുക] ബൈബിളിൽ
പ്രാർത്ഥനാ വേളകളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന് പൗലോസ് അപ്പസ്തോലൻ തന്റെ ലേഖനങ്ങളിൽ ശക്തമായ നിർദ്ദേശം നൽകുന്നുണ്ട്. അതേ സമയം, പുരുഷന്മാർ ശിരോവസ്ത്രം ധരിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതിനെ അദ്ദേഹം വിലക്കുകയും ചെയ്യുന്നു. [5]