ശതകത്രയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധ സംസ്കൃതകവിയായ ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സാമാഹാരങ്ങളാണ്‌ ശതകത്രയം എന്നറിയപ്പെടുന്നത്. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവയാണ്‌ മൂന്നു ശതകങ്ങൾ. ഈ ശതകങ്ങളുടെ കർത്താവായ കവിയുടെ ജീവിതത്തെപ്പറ്റി ആധികാരികരേഖകളേക്കാൾ കഥകളും ഐതിഹ്യങ്ങളുമാണ്‌ നിലവിലുള്ളത്. ക്രി.വ. അഞ്ചാം നൂറ്റാണ്ടിനടുത്ത് (450-510) ജീവിച്ചിരുന്നതായി ഇന്ന് അനുമാനിക്കപ്പെടുന്ന പ്രഖ്യാത ദാർശനിക വൈയാകരണൻ ഭർതൃഹരിയും ശതകത്രയത്തിന്റെ കർത്താവായ കവിയും ഒരേ വ്യക്തി ആയിരുന്നെന്നും അല്ലെന്നും വാദമുണ്ട്.

ഉള്ളടക്കം[തിരുത്തുക]

ലൗകികജീവിതത്തിന്റെ ആകർഷണത്തിൽ പെടുന്നതിനൊപ്പം തന്നെ അതിന്റെ പ്രലോഭനത്തിൽ നിന്ന് മുക്തനാകാൻ കൊതിക്കുന്ന കവിയെ ശതകത്രയത്തിലെ മൂന്നു ശതകങ്ങളിലും കാണാം. ഒരേ സമയം ഐന്ദ്രികവും ആത്മീയവുമായ സൗന്ദര്യത്തെ ഉപാസിക്കുന്ന ഭാരതീയ കലയുടെ സ്വഭാവം ഈ സമാഹാരത്തിലെ വരികളിൽ തെളിഞ്ഞു നിൽക്കുന്നു.[1]

നീതിശതകം[തിരുത്തുക]

ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം വ്യാവഹാരിക ലോകത്തിന്റെ ചിത്രവും വിലയിരുത്തലുമാണ്‌‌. ധനത്തിന്റെ ശക്തിയേയും, രാജാക്കന്മാരുടെ അഹങ്കാരത്തേയും, ആർത്തിയുടെ വ്യർത്ഥതയേയും, വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. ബുദ്ധിഹീനന്മാരെ തൃപ്തിപ്പെടുത്തുക അസാദ്ധ്യമാണെന്നാണ്‌ ചില വരികളിൽ:

പണിപ്പെട്ടാൽ, മണൽ പിഴിഞ്ഞ് എണ്ണയെടുക്കാൻ കഴിഞ്ഞേക്കും
മരീചികയിലെ വെള്ളം കൊണ്ട് ദാഹശമനവും സാധ്യമായേക്കും
ഏറെ ചുറ്റിക്കറങ്ങിയാൽ കൊമ്പുള്ള മുയലിനെ കണ്ടെത്താനും കഴിഞ്ഞേക്കാം

എന്നാൽ മൂഢനെ തൃപ്തിപ്പെടുത്തുക തീർത്തും അസാദ്ധ്യമാണ്‌

അറിവിൽ നിന്നു ലഭിക്കുന്ന വിനയത്തെപ്പറ്റിയുള്ള വരികളും നീതിശതകത്തിലുണ്ട്:

അല്പജ്ഞാനിയായിരിക്കെ എല്ലാം അറിയാമെന്നു കരുതിയ ഞാൻ
അഹങ്കാരം കൊണ്ട് അന്ധനായി മദയാനയെപ്പോലെയായിരുന്നു
വിദ്വാന്മാരുടെ സംസർഗ്ഗത്തിൽ എന്റെ കുറവുകൾ ബോദ്ധ്യമായപ്പോൾ

അഹങ്കാരം, ജ്വരമെന്ന പോലെ എന്നെ വിട്ടുപോയി

ശൃംഗാരശതകം[തിരുത്തുക]

രണ്ടാം സമാഹാരമായ ശൃംഗാരശതകത്തിൽ പ്രേമത്തേയും കാമിനിമാരേയും പറ്റി വാചാലനാകുന്ന ഭർതൃഹരി, ലൗകിക സുഖങ്ങൾ ത്യജിക്കുകയെന്നത് അസാദ്ധ്യമാണെന്ന് പ്രഖ്യാപിക്കുന്നു:

ലോകബന്ധം പരിത്യജിക്കുകയെന്നാൽ
പാണ്ഡിത്യം പെരുത്ത വായാടികളുടെ
വാചകക്കസർത്തല്ലാതെ മറ്റൊന്നുമല്ല

സുന്ദരിയുടെ ചുണ്ടിനെ മറക്കാൻ ആർക്കു കഴിയും?

എങ്കിലും പ്രേമത്തിലെ വൈരുദ്ധ്യങ്ങളേയും പരാധീനതകളേയും കുറിച്ചുള്ള വരികൾ ശൃംഗാരശതകത്തിൽ പോലുമുണ്ട്.

ഉടലുകൾ ഏക ചിന്തയിൽ ഒരുമിക്കുമ്പോൾ
പ്രേമം സാഫല്യം കണ്ടെത്തുന്നു
മനസ്സങ്ങും ഉടലിങ്ങും ആയുള്ളത്

ശവങ്ങളുടെ സം‌യോഗമാണ്‌

വൈരാഗ്യശതകം[തിരുത്തുക]

അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത എല്ലാ ശതകങ്ങളിലും, വിശേഷമായി വൈരാഗ്യശതകത്തിലും, കാണാം. ചില വരികളിൽ പ്രകടമാകുന്നത് തീവ്രമായ വിരക്തിയാണ്‌.

മാംസഗ്രന്ഥികളായ സ്തനങ്ങളെ കനകകലശങ്ങളോടും,
ശ്ലേഷ്മവും ഉമിനീരും വമിക്കുന്ന മുഖത്തെ ചന്ദ്രബിംബത്തോടും
വിസർജ്ജ്യസ്ഥാനമായ ജഘനത്തെ ആനയുടെ മസ്തകത്തോടും

ഉപമിക്കുന്ന കവിഭാവന, വെറുക്കപ്പെടേണ്ടവയെ പുകഴ്ത്തുന്നു.

ഏറെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് ശതകത്രയകാരൻ ഭർതൃഹരി ഉജ്ജയിനിയിലെ രാജാവായിരുന്നു. ശൃംഗാരശതകം എഴുതാൻ മാത്രം ജീവിതപ്രേമിയായിരുന്ന അദ്ദേഹം വിരക്തനായി വൈരാഗ്യശതകം എഴുതിയത്, ഇഷ്ടപത്നിയുടെ ജാരസംസർഗ്ഗം ബോദ്ധ്യപ്പെട്ടതിനു ശേഷമാണ്‌. അതോടെ വൈരാഗിയായിത്തീർന്ന ഭർതൃഹരി, രാജ്യഭാരം സഹോദരൻ വിക്രമാദിത്യനെ ഏല്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. വൈരാഗ്യശതകത്തിലെ താഴെക്കൊടുക്കുന്ന വരികൾ ഈ കഥയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നു:

എന്റെ ഹൃദയം കാമിക്കുന്നവൾക്ക് എന്നെ വേണ്ട
അവൾ മറ്റൊരുവനേയും അവൻ വേറൊരുവളേയും തേടുന്നു
മറ്റൊരുവൾ എന്നെ അവളുടെ പ്രേമഭാജനമായി കാണുന്നു

അവളും അവനും തുലയട്ടെ; ഒപ്പം മറ്റവളും കാമദേവനും ഞാനും.[2]

എന്നാൽ ഈ വരികൾ പിൽക്കാലത്ത് പ്രക്ഷിപ്തമായതാണെന്നും വാദമുണ്ട്. കവി രാജാവായിരുന്നില്ലെന്നും കൊട്ടാരത്തിലെ പരിജനങ്ങളിൽ ഒരാൾ മാത്രമായിരുന്നെന്നും സൂചിപ്പിക്കുന്ന ഒട്ടേറെ വരികൾ ശതകത്രയത്തിൽ തന്നെ ഉണ്ട്. ബുദ്ധിശൂന്യരും അഹങ്കാരികളുമായ രാജാക്കന്മാരെ വിമർശിക്കുകയും, പരിജനാവസ്ഥയുടെ വൈഷമ്യത്തെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന വരികൾ ഇതിനുദാഹരണമാണ്‌.[1]

പാഠം[തിരുത്തുക]

ശതകങ്ങളുടെ നിലവിലുള്ള പാഠങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. മൂന്നു ശതകങ്ങളും ചേർന്നാൽ മുന്നൂറു പദ്യങ്ങളാണ്‌ കാണേണ്ടതെങ്കിലും, ലഭ്യമായ കൈയെഴുത്തുപ്രതികളിൽ എല്ലാമായി എഴുനൂറിലേറെ പദ്യങ്ങളുണ്ട്. എല്ലാ കൈയെഴുത്തുപ്രതികളിലും പൊതുവായുള്ള 200 പദ്യങ്ങൾ, പ്രമുഖചരിത്രകാരൻ ഡി.ഡി. കൊസാംബി തിരിച്ചറിഞ്ഞിട്ടുണ്ട്.[3] ഓരോ ശതകത്തിലും, പ്രമേയപരമായ സമാനത ഉള്ളടക്കത്തിലെ വൈവിദ്ധ്യത്തെ അതിലംഘിച്ചു നിൽക്കുന്നു; ശതകങ്ങൾ ഓരോന്നിലും, അവയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്നതിനു സമാനമായ പദ്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായതെന്ന് കൊസാംബി കരുതി. പൊതുവായുള്ള 200 പദ്യങ്ങളിലെങ്കിലും തെളിഞ്ഞു കാണുന്ന ആക്ഷേപഹാസ്യത്തിന്റേയും അവിശ്വാസത്തിന്റേയും അസംതൃപ്തിയുടേയും സ്വരം, അവയുടെയെങ്കിലും കർത്താവ് ഒരാളാണെന്നു കരുതുന്നതിനെ ന്യായീകരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Miller, Foreword and Introduction
  2. Bhartrhari, Satakatrayam, Verses on Renunciation, A Treasury of Sanskrit Poetry compiled by AND Haksar(പുറം 106)
  3. Vidyākara (1968), Daniel Henry Holmes Ingalls (ed.), Sanskrit poetry, from Vidyākara's Treasury, Harvard University Press, p. 39, ISBN 9780674788657

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭർതൃഹരി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ശതകത്രയം&oldid=3983060" എന്ന താളിൽനിന്ന് ശേഖരിച്ചത്