വൻകളി
പത്തൊമ്പതാം നൂറ്റാണ്ടിൽ, മദ്ധ്യേഷ്യയിലെ ആധിപത്യത്തിനായി, ബ്രിട്ടീഷ് സാമ്രാജ്യവും റഷ്യൻ സാമ്രാജ്യവും തമ്മിൽ നിലനിന്നിരുന്ന പരസ്പരമത്സരങ്ങളാണ് വൻകളി (ദ് ഗ്രേറ്റ് ഗെയിം) (റഷ്യൻ: Большая игра, Bol'sháya igrá) എന്നറിയപ്പെടുന്നത്. 1813-ൽ റഷ്യക്കാരും പേർഷ്യക്കാരും തമ്മിൽ ഒപ്പുവക്കപ്പെട്ട ഗുലിസ്താൻ കരാർ മുതൽ 1907-ലെ ആംഗ്ലോ-റഷ്യൻ കൺവെൻഷൻ വരെയുള്ള കാലഘട്ടമാണ് വൻകളിയുടെ പ്രധാനഘട്ടമായി പൊതുവേ വിലയിരുത്തപ്പെടുന്നത്. 1917-ലെ ബോൾഷെവിക് വിപ്ലവത്തിന് ശേഷമുള്ള കാലത്തെ വൻകളിയുടെ തീവ്രത കുറഞ്ഞ രണ്ടാംഘട്ടമായി കണക്കാക്കപ്പെടുന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആറാം ബംഗാൾ ലൈറ്റ് കാൽവരി വിഭാഗത്തിലെ ഒരു രഹസ്യാന്വേഷണോദ്യോഗസ്ഥനായിരുന്ന ആർതർ കൊണോലിയാണ് (1807–1842) വൻകളി എന്ന പദം ആദ്യമായി ഉപയോഗിച്ചത്.[1] വിഖ്യാതനായ ഇംഗ്ലീഷ് നോവലെഴുത്തുകാരനായ റുദ്യാർദ് കിപ്ലിങ്ങിന്റെ കിം (1901) എന്ന നോവലിലൂടെ ഈ പദം പൊതുധാരയിലെത്തി.
വൻകളിയുടെ പുരോഗമനവേളയിൽ ബംഗാളിൽ നിന്ന് വികസിക്കാൻ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യം, ഇന്ത്യ മുഴുവൻ അധീനതയിലാക്കുകയും വടക്കോട്ട് അഫ്ഗാനിസ്താൻ വരെ എത്തിച്ചേരുകയും ചെയ്തു. ഇതേ സമയം റഷ്യൻ സാമ്രാജ്യം മദ്ധ്യേഷ്യ മുഴുവൻ കൈക്കലാക്കി അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയിലുമെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഇരു ശക്തികളും കരാറിലെത്തുകയും അഫ്ഗാനിസ്താനെ, തങ്ങൾക്കിടയിലുള്ള ഒരു നിഷ്പക്ഷപ്രദേശമായി അംഗീകരിക്കുകയും ചെയ്തു. ഇരു സാമ്രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് അതിർത്തി ഒഴിവാക്കുന്നതിന് 1873-ൽ അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് വഖാൻ ഇടനാഴി എന്ന ഒരു ഭാഗം കൂട്ടിച്ചേർക്കുകയും ചെയ്തു.
വൻകളിയുടെ തുടക്കത്തിൽ ഇരുശക്തികളുടേയും അതിർത്തികൾ തമ്മിലുള്ള അകലം 1500 കിലോമീറ്റർ ആയിരുന്നത് അതിന്റെ അവസാനമായപ്പോൾ വെറും 25 കിലോമീറ്ററായി ചുരുങ്ങി. ഇതിലൂടെ ചൈന അഫ്ഗാനിസ്താന്റെ അയൽരാജ്യമാകുകയും ചെയ്തു.[2]
ഉള്ളടക്കം |
പശ്ചാത്തലം [തിരുത്തുക]
1801-ലെ ആംഗ്ലോ പേർഷ്യൻ ഉടമ്പടി [തിരുത്തുക]
1798-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന മാർക്വെസ് വെല്ലസ്ലിക്ക് അഫ്ഗാനിസ്താനിലെ ദുറാനി ചക്രവർത്തിയായിരുന്ന സമാൻ ഷായിൽ നിന്നും ഒരു കത്ത് ലഭിച്ചു. ഇന്ത്യയിലേക്ക് ഇഒരു ആക്രമണം നടത്തുവാൻ ഉദ്ദേശിക്കുന്നെന്നും മറാഠരെ തുരത്തുന്നതിന് ബ്രിട്ടീഷുകാരുടെ സഹായം വേണമെന്നുമായിരുന്നു ഇതിലെ ഉള്ളടക്കം. അഹ്മദ് ഷാ ദുറാനിയുടെ ഇന്ത്യൻ ആക്രമണങ്ങൾ കെട്ടടങ്ങിയ ഒരു ശാന്തതയുടെ കാലത്ത്, വീണ്ടൂം ഒരു അഫ്ഗാൻ ആക്രമണം, വെല്ലസ്ലിക്ക് താല്പര്യമുണ്ടായിരുന്നില്ല. സമാൻ ഷായുടെ ഈ നീക്കത്തിന് കടിഞ്ഞാണിടാൻ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു പ്രതിനിധി മുഖാന്തിരം, വെല്ലസ്ലി പ്രഭു പേർഷ്യൻ സർക്കാരിനെ സമീപിക്കുകയും സമാൻ ഷാ ഇന്ത്യൻ ആക്രമണത്തിന് മുതിർന്നാൽ, അതിൽ നിന്നും പിന്തിരിയാനുള്ള നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ചു.
മൂന്നു വർഷങ്ങൾക്കു ശേഷം (1801-ൽ) ബ്രിട്ടീഷ് ഇന്ത്യ സർക്കാർ പേർഷ്യയുമായുള്ള ബന്ധം പുതുക്കി. ഇത്തവണ അഫ്ഗാൻ മുന്നേറ്റം മാത്രമായിരുന്നില്ല പ്രശ്നം. അതിനുപുറമേ നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുകാരും പ്രധാന വിഷയമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്പോളിയന്റെ ശക്തി, അതിന്റെ പരമോന്നതിയിലായിരുന്നു. നെപ്പോളിയൻ പേർഷ്യ വഴി, ഇന്ത്യയിലേക്ക് കരമാർഗ്ഗമുള്ള ഒരു യുദ്ധത്തിന്‌മുതിർന്നാലോ എന്ന ഭയം ബ്രിട്ടീഷുകാർക്കുണ്ടായിരുന്നു. പേർഷ്യൻ ഷാ ആയിരുന്ന ഫത് അലി ഷായും ബ്രിട്ടീഷുകാരും ഒരു പരസ്പരസഹകരണ കരാറിലേർപ്പെട്ടു. ഇത് ആംഗ്ലോ-പേർഷ്യൻ ഉടമ്പടി എന്നറിയപ്പെടുന്നു. അഫ്ഗാനികളെ മാത്രമല്ല ഫ്രഞ്ചുകാരേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുക എന്നതായിരുന്നു ഈ കരാറിന്റെ ലക്ഷ്യം. ഇതിനു പകരമായി പേർഷ്യൻ സൈന്യത്തിന് സൈനികസഹായം നൽകാമെന്ന് ബ്രിട്ടീഷുകാർ ഉറപ്പുനൽകി.
എന്നാൽ ഫ്രഞ്ചുകാർ ഏഷ്യയിലേക്ക് കടന്നില്ല എന്നതുകൊണ്ടൂം, അഫ്ഗാനികൾ ആഭ്യന്തരപ്രശ്നങ്ങൾ മൂലം തകർന്നടിഞ്ഞതും മൂലം ഈ ഉടമ്പടിയനുസരിച്ചുള്ള നടപടികൾ എടുക്കേണ്ടിവന്നില്ല.[3]
റഷ്യയുടെ മുന്നേറ്റങ്ങൾ [തിരുത്തുക]
1807-ലെ ടിൽസിറ്റ് സമാധാനസന്ധിയോടെ നെപ്പോളിയനും റഷ്യയിലെ സാർ അലക്സാണ്ടറും ഒന്നു ചേരുകയും പേർഷ്യ വഴി ഇന്ത്യയിലേക്ക് ഒരു സംയുക്താക്രമണത്തിന് തയ്യാറെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പേർഷ്യയുമായുള്ള ബന്ധം പുതുക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് സർക്കാർ ആരംഭിക്കുകയും പ്രതിരോധത്തിനുള്ള മുന്നൊരുക്കമായി എൽഫിൻസ്റ്റോണിനേയും മെറ്റ്കാഫിനേയും യഥാക്രമം അഫ്ഗാൻ സിഖ് സഭകളിലേക്കയക്കുകയും ചെയ്തു.
തങ്ങളുടെ വടക്കൻ അതിർത്തിയിൽ നിന്നുള്ള റഷ്യൻ ഭീഷണീയെപ്പേടിച്ച് പേർഷ്യക്കാർ ആദ്യം ഫ്രാൻസിനോടൂം തുടർന്ന് ബ്രിട്ടണോടൂം സഹായമഭ്യർത്ഥിച്ചു. തുടക്കം വലിയ താൽപര്യം കാണിക്കാതിരുന്ന ബ്രിട്ടീഷുകാർ 1812-ൽ ആംഗ്ലോ-പേർഷ്യൻ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏതെങ്കിലും യൂറോപ്യൻ ശക്തി, പേർഷ്യയെ ആക്രമിച്ചാൽ ബ്രിട്ടീഷുകാർ സൈനികമായോ അല്ലെങ്കിൽ 2 ലക്ഷം തോമൻ (Tomans) വാർഷികധനസഹായം നൽകിയോ സഹായിക്കാം എന്നതായിരുന്നു വ്യവസ്ഥ.
എന്നാൽ ഈ കരാർ നിലവിൽ വരുന്നതിനു മുൻപേ പേർഷ്യക്കാർക്ക് റഷ്യയിൽ നിന്ന് വൻപരാജയങ്ങളേറ്റുവാങ്ങേണ്ടീവന്നിരുന്നു. ഇതിനോടൊപ്പം റഷ്യയുമായി 1813-ൽ ഗുലിസ്താൻ കരാറിലൊപ്പുവക്കാൻ നിർബന്ധിമാകുകയും ചെയ്തു. ഗുലിസ്താൻ കരാറനുസരിച്ച് ജോർജ്ജിയയടക്കമുള്ള കോക്കസസിന്റെ മിക്ക ഭാഗങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായി. മാത്രമല്ല, കാസ്പിയൻ കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നതിൽ നിന്നും പേർഷ്യയെ ഈ കരാർ വിലക്കുകയും ചെയ്തു. 1921 വരെ നിലനിന്ന ഈ വിലക്ക്, തുർക്ക്മെൻ ജനതക്കെതിരെയുള്ള റഷ്യയുടെ പിൽക്കാലനടപടികൾക്ക് വളരെ സഹായകരമായി.
1828-ൽ റഷ്യുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് ഭീഷണീക്ക് വഴങ്ങി പേർഷ്യക്ക് തുർക്ക്മാൻചായ് കരാറിലൊപ്പുവെക്കേണ്ടിവന്നു. ഇതോടെ റഷ്യക്കാർ പേർഷ്യക്കു മേൽ കൂടുതൽ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയും കോക്കസസിന് തെക്കോട്ട് അവരുടെ ശക്തി വ്യാപിപ്പിക്കുകയും ചെയ്തു.[3] ഗുലിസ്താൻ, തുർക്ക്മാൻചായ് കരാറുകൾ തങ്ങൾക്ക് നേരിടേണ്ടീവന്ന ഏറ്റവും വലിയ നാണക്കേടൂകളായി ഇറാനിയർ ഇപ്പോഴും കരുതുന്നു.
അവലംബം [തിരുത്തുക]
- ↑ Peter Hopkirk, The Great Game: The Struggle for Empire in Central Asia, Kodansha International, 1992, ISBN 4-7700-1703-0, p. 1
- ↑ Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 26. ISBN 978-1-59020-221-0. http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA.
- ↑ 3.0 3.1 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, CHapter IV - The 'Great Game' in Central Asia - THe Opening Gambit". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 77-81.