വെള്ളെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളെഴുത്ത്
Small print ingredients list
വെള്ളെഴുത്ത് ഉള്ള ഒരു വ്യക്തിക്ക് പട്ടികയുടെ ചെറിയ പ്രിന്റ് വായിക്കാൻ പ്രയാസമാണ്.
സ്പെഷ്യാലിറ്റിഒപ്റ്റോമെട്രി, നേത്രവിജ്ഞാനം
ലക്ഷണങ്ങൾചെറിയ എഴുത്ത് വായിക്കാൻ വിഷമം, ദൂരെ പിടിച്ച് വായിക്കേണ്ട സ്ഥിതി, തലവേദനകൾ, കണ്ണിന് അനുഭവപ്പെടുന്ന ക്ലേശം
സാധാരണ തുടക്കം40 വയസ്സുമുതൽ മോശമാവുന്ന കാഴ്ച
കാരണങ്ങൾകണ്ണിന്റെ ലെൻസ് (ശരീരവിജ്ഞാനീയം) പ്രായമേറി കട്ടിയാവുന്നതുമൂലം
ഡയഗ്നോസ്റ്റിക് രീതിനേത്ര പരിശോധന
Treatmentകണ്ണട,കൊണ്ടാക്റ്റ് ലെൻസ്[1]

പ്രായം കൂടിവരുന്നതിനനുസരിച്ച് മനുഷ്യ നേത്രത്തിലെ ലെൻസിന്റെയും, ലെൻസ് ക്യാപ്സ്യൂളിന്റെയും ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലവും, ലെൻസ് കാഠിന്യം വർദ്ധിക്കുന്നതുമൂലവും അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ (Presbyopia). നാൽപ്പതുവയസ്സാകുന്നതോടുകൂടി ദൃഷ്ടിദൂരം ഇരുപത്തഞ്ചു സെന്റി മീറ്ററിനും മേലെയാകും, അറുപതുവയസ്സാകുന്നതോടുകൂടി അത് എൺപതുസെന്റീമീറ്ററായും വർദ്ധിക്കുന്നു.

കാരണങ്ങൾ[തിരുത്തുക]

പ്രായമാകുന്നതോടെ ശരീരത്തിനുണ്ടാകുന്ന എല്ലാ അപചയ പ്രവർത്തനങ്ങൾക്കുമൊപ്പം നടക്കുന്ന ഒരു പ്രവർത്തനമായാണ് ഇതിനെ കാണുന്നത്. എങ്കിലും, സീലിയറി പേശികളുടെ പ്രവർത്തനശേഷിക്കുറവും, ആൽഫ ക്രിസ്റ്റാലിന്റെ അളവ് കുറഞ്ഞ് ലെൻസ് കഠിനമാകുന്നതും, ലെൻസിന്റെയും ക്യാപ്സ്യൂളിന്റെയും ഇലാസ്തികത നഷ്ടമാകുന്നതുമാണ് വെള്ളെഴുത്ത് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളായി വിശ്വസിക്കപ്പെടുന്നത്, ഈ മാറ്റം ഉയർന്ന താപനിലയാൽ വേഗത്തിലായേക്കാം. [2]

അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ജീവിതത്തിലുടനീളം കുറയുന്ന ഒന്നാണ്. ഏകദേശം നാൽപ്പത് വയസ്സ് എത്തുന്നതോടെ ദൃഷ്ടിദൂരം 25 സെന്റിമീറ്ററിൽ കൂടുതലുള്ള ഒരു പോയിന്റിൽ എത്തുന്നു (അല്ലെങ്കിൽ തുല്യമായി, 4 ഡയോപ്റ്ററുകളിൽ കുറവ്). അപ്പോൾ മാത്രമേ അത് സാധാരണയുള്ള അടുത്ത് കാഴ്ചയെ ബാധിച്ചു തുടങ്ങുന്നുള്ളൂ.

ലക്ഷണങ്ങൾ[തിരുത്തുക]

മിക്ക ആളുകളും ശ്രദ്ധിക്കുന്ന ആദ്യ ലക്ഷണം ചെറിയ അക്ഷരങ്ങൾ വയിക്കുന്നതിൽ ഉള്ള പ്രയാസമാണ്, പ്രത്യേകിച്ചും അതിരാവിലെയും വൈകുന്നേരവും ഒക്കെയുള്ള കുറഞ്ഞ പ്രകാശത്തിൽ, ദീർഘനേരം വായിക്കുമ്പോൾ. തുടക്കത്തിൽ പുസ്തകങ്ങളും മറ്റും കൂടുതൽ അകലത്തിൽ പിടിച്ച് വായിച്ചാൽ തെളിച്ചമുള്ളതായി അനുഭവപ്പെടാം.

മറ്റ് ഫോക്കൽ അപൂർണതകളെപ്പോലെ വെള്ളെഴുത്തിലും, കൂടിയ വെളിച്ചത്തിലും സൂര്യപ്രകാശത്തിലും പ്യൂപ്പിൾ ചെറുതായിരിക്കുന്നതിനാൽ, അടുത്ത് കാഴ്ചയിലെ പ്രശ്നങ്ങൽ കുറവായിരിക്കും.[3] ഏതൊരു ലെൻസിനെയും പോലെ, ലെൻസിന്റെ ഫോക്കൽ അനുപാതം വർദ്ധിക്കുന്നത് ഫോക്കസിലില്ലാത്ത വസ്തുക്കളുടെ മങ്ങലിന്റെ തോത് കുറച്ച് ഫീൽഡിന്റെ ആഴം (depth of field) വർദ്ധിപ്പിക്കുന്നതിനാൽ (ഫോട്ടോഗ്രാഫിയിലെ ഫീൽഡിന്റെ ആഴത്തിൽ അപ്പർച്ചറിന്റെ സ്വാധീനം താരതമ്യം ചെയ്യുക) ആണ് ഇത് സംഭവിക്കുന്നത്.

ചില പ്രത്യേക തൊഴിലുകളുള്ളവരിലും, വലുപ്പം കുറഞ്ഞ പ്യൂപ്പിൾ ഉള്ളവരിലും വെള്ളെഴുത്തിന്റെ ആരംഭം വ്യത്യാസപ്പെടുന്നു. [4] അതേപോലെ ഹ്രസ്വദൃഷ്ടി ഉള്ളവരിലും വെള്ളെഴുത്ത് ആരംഭിക്കുന്നത് പതിയേ ആയിരിക്കും. കൂടിയ ഹ്രസ്വദൃഷ്ടിയുള്ള പലർക്കും നാൽപത് വയസ്സിന് ശേഷവും കണ്ണടയോ കോൺടാക്റ്റ് ലെൻസുകളോ ഇല്ലാതെ സുഖമായി വായിക്കാൻ കഴിയും. എന്നിരുന്നാലും, അവരുടെ ഹ്രസ്വദൃഷ്ടി അപ്രത്യക്ഷമാകുന്നില്ല, അതുപോലെ അവരുടെ ദൂരക്കാഴ്ചയിലെ കുറവ് അതുപോലെ തന്നെ തുടരുന്നു. ലാസിക് പോലെയുള്ള റിഫ്രാക്റ്റീവ് ശസ്ത്രക്രിയ പരിഗണിക്കുന്ന ഹ്രസ്വദൃഷ്ടിഉള്ളവർക്ക്, നാൽപ്പത് വയസ്സിന് ശേഷം, വായനയ്ക്ക് ഗ്ലാസുകൾ ഉപയോഗിക്കേണ്ടതായി വരും എന്നൊരു പോരായ്മയുണ്ട്. ചെറിയ അളവിലുള്ള മയോപ്പിക് അസ്റ്റിഗ്മാറ്റിസം ഉള്ളവർക്ക് ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ഇല്ലാതെ മികച്ച സമീപ കാഴ്ച ഉണ്ടാകാം.

പരിഹാരം[തിരുത്തുക]

അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി കണ്ണിൽത്തന്നെ പതിക്കത്തക്കതരത്തിൽ വായനക്ക് മാത്രമുള്ളത്, ബൈഫോക്കൽ അല്ലെങ്കിൽ പ്രോഗ്രസ്സീവ് കണ്ണട ഉപയോഗിക്കുകയാണ് ശരിയായ പരിഹാരം. തിമിര ശസ്ത്രക്രീയ ആവശ്യമായ രോഗികൾക്ക് മൾട്ടി ഫോക്കൽ ഇൻട്രാഓകുലാർ ലെൻസുകൾ കണ്ണിനുള്ളിൽ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ വഴിയും വെള്ളെഴുത്ത് കൂടി പരിഹരിക്കാവുന്നതാണ്. ദൂര കാഴ്ചയും സമീപ കാഴ്ചയും ശരിയാക്കുന്ന തരത്തിലുള്ള മൾട്ടിഫോക്കൽ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിച്ചും വെള്ളെഴുത്ത് ശരിയാക്കാം. മോണോവിഷൻ എന്ന് വിളിക്കുന്ന ഒരു രീതി ഉപയോഗിച്ച് ചില ആളുകൾ, ഒരു കണ്ണിൽ ദൂര കാഴ്ചയ്ക്ക് വേണ്ടിയുള്ളതും മറ്റേകണ്ണിൽ സമീപ കാഴ്ചയ്ക്ക് വേണ്ടിയുള്ളതും എന്ന രീതിയിൽ കോൺടാക്റ്റ് ലെൻസുകൾ തിരഞ്ഞെടുക്കാറുണ്ട്. തിമിര ശസ്ത്രക്രിയയിൽ തരതമ്യേന ചിലവേറിയ മൾട്ടിഫോക്കൽ ലെൻസ് രീതിക്ക് പകരം ചിലപ്പോൾ മോണോ വിഷൻ രീതി ഉപയോഗിക്കാറുണ്ട്, ഇതിൽ ഒരു കണ്ണിൽ ദൂര കാഴ്ചയ്ക്ക് വേണ്ടി ലെൻസ് ഇടുമ്പോൾ മറ്റേ കണ്ണ് സമീപ കാഴ്ച കിട്ടുന്നതിന് വേണ്ടി ഹ്രസ്വദൃഷ്ടിയിലേക്ക് മാറ്റും.

അവലംബം[തിരുത്തുക]

  1. Pérez-Prados, Roque; Piñero, David P; Pérez-Cambrodí, Rafael J; Madrid-Costa, David (March 2017). "Soft multifocal simultaneous image contact lenses: a review". Clinical and Experimental Optometry. 100 (2): 107–127. doi:10.1111/cxo.12488. PMID 27800638.
  2. Pathai, S; Shiels, PG; Lawn, SD; Cook, C; Gilbert, C (March 2013). "The eye as a model of ageing in translational research--molecular, epigenetic and clinical aspects". Ageing Research Reviews. 12 (2): 490–508. doi:10.1016/j.arr.2012.11.002. PMID 23274270.
  3. "Presbyopia: Patient Information". Marquette, MI: Eye Associates of Marquette. 2008. Archived from the original on 2 ഡിസംബർ 2008. Retrieved 31 ഒക്ടോബർ 2010.
  4. García Serrano, JL; López Raya, R; Mylonopoulos Caripidis, T (നവംബർ 2002). "Variables related to the first presbyopia correction" (Free full text). Archivos de la Sociedad Española de Oftalmología. 77 (11): 597–604. ISSN 0365-6691. PMID 12410405. Archived from the original on 7 ഒക്ടോബർ 2011.
"https://ml.wikipedia.org/w/index.php?title=വെള്ളെഴുത്ത്&oldid=3422289" എന്ന താളിൽനിന്ന് ശേഖരിച്ചത്