വുളർ തടാകം

Coordinates: 34°20′N 74°36′E / 34.333°N 74.600°E / 34.333; 74.600
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വുളർ തടാകം
സ്ഥാനംജമ്മു-കശ്മീർ,
നിർദ്ദേശാങ്കങ്ങൾ34°20′N 74°36′E / 34.333°N 74.600°E / 34.333; 74.600
പ്രാഥമിക അന്തർപ്രവാഹംഝലം നദി
Primary outflowsഝലം നദി
Basin countriesഇന്ത്യ
പരമാവധി നീളം16 km
പരമാവധി വീതി9.6[1] km
ഉപരിതല വിസ്തീർണ്ണം30 മുതൽ 260ചതുരശ്രകിലോമീറ്റർ വരെ
പരമാവധി ആഴം14 മീറ്റർ
ഉപരിതല ഉയരം1,580 മീറ്റർ
Islandsസൈനുൾ ലാങ്ക്
അധിവാസ സ്ഥലങ്ങൾബാണ്ഡിപ്പൂർ
Invalid designation
Designated23 മാർച്ച് 1990

ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളിൽ ഒന്നാണ് വുളർ തടാകം. ജമ്മു-കശ്മീരിലെ ബാണ്ഡിപ്പൂർ ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ് ഝലം നദിയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി ബോട്ടിംഗ്, സ്കീയിങ്ങ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.

വുളർ തടാകം, സദേർകോട്ട് പാർക്കിൽ നിന്നുള്ള ദൃശ്യം
വുളർ തടാകത്തിൽ തോണികൾ
A boat carrying aquatic plants extracted from the Wular Lake.
വളർത്തുതാറാവുകളും കാലികളും, വുളർ തടാകത്തിന്റെ കരയിൽ

പേരിന് പിന്നിൽ[തിരുത്തുക]

പഴയ കാലത്ത് ഇതിന്റെ പേര് മഹാപദംസർ എന്നായിരുന്നു. പുരാണങ്ങളിൽ മഹാപദ്മസരസ്സ് എന്ന് ഈ തടാകം വിശേഷിപ്പിക്കപ്പെട്ടിരുന്നു. തടാകത്തിന്റെ വിസ്തൃതിയും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന ഉയർന്ന തിരകൾ കാരണം ഉല്ലോല (സംസ്കൃതത്തിൽ പ്രക്ഷുബ്ധമായത് എന്നർത്ഥം) എന്നും അറിയപ്പെട്ടിരുന്നു. ഈ പദത്തിന്റെ വികലപരിഭാഷയായ ബൊലോർ വാക്ക് പേർഷ്യൻ പണ്ഡിതനായ അൽ-ബയ്റൂനി ഉപയോഗിച്ചിരുന്നു. ഇത് കാലാന്തരത്തിൽ വുലോർ ആയും വുളർ ആയും രൂപം പ്രാപിച്ചുവെന്ന് കരുതപ്പെടുന്നു. കശ്മീരി ഭാഷയിൽ വിള്ളൽ എന്നർത്ഥം വരുന്ന വുൾ എന്ന പദത്തിൽ നിന്നാണ് ഈ പേരുണ്ടായതെന്നും അഭിപ്രായമുണ്ട്. വിള്ളൽ എന്ന വാക്ക് തടാകത്തിന്റെ ഉത്ഭവകാരണത്തെയും സൂചിപ്പിക്കുന്നു[2][3]. ഇതു കൂടാതെ വുളർ എന്ന പദത്തിന് ഗുഹ എന്ന അർത്ഥമുള്ളതായും അഭിപ്രായമുണ്ട്[4].

ഭൂമിശാസ്ത്രം[തിരുത്തുക]

കശ്മീർ താഴ്വരയുടെ വടക്കേയറ്റത്ത് ശ്രീനഗറിൽ നിന്നും വടക്ക്പടിഞ്ഞാറ് ദിശയിൽ 32 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 1580 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ തെക്ക്പടിഞ്ഞാറൻ തീരത്താണ് സോപൂർ പട്ടണം.

ഫലകചലനം നിമിത്തം രൂപപ്പെട്ടതാണ് വുളർ തടാകം. ഇതിന് 16 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുണ്ട്. കൂടിയ ആഴം 14 മീറ്ററാണ്. ഏറ്റവും ആഴമേറിയ ഭാഗം മോത്താ ഘോൻ (ശവങ്ങളുടെ ചുഴി) എന്നറിയപ്പെടുന്നു. ഋതുഭേദങ്ങളനുസരിച്ച് ഈ തടാകത്തിന്റെ വിസ്തീർണ്ണം 30 മുതൽ 260 ചതുരശ്രകിലോമീറ്റർ വരെയാകാറുണ്ട്[5]. 1444-ൽ കശ്മീർ സുൽത്താനായിരുന്ന സൈനുൾ അബിദിൻ നിർമ്മിച്ച കൃത്രിമദ്വീപായ സൈനാ ലാങ്ക്, തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്നു. അതിശക്തമായ കാറ്റ് വീശാറുള്ള ഈ തടാകത്തിലെ വള്ളക്കാർക്ക് സൈനാ ലാങ്ക് ഒരു അഭയസ്ഥാനം ആകാറുണ്ട്.

സംരക്ഷണം[തിരുത്തുക]

വുളർ തടാകത്തിന്റെ പാരിസ്ഥിതികവും ജൈവശാസ്ത്രപരവുമായ പ്രത്യേകതകൾ കാരണം 1986-ൽ ഇതിനെ ദേശീയപ്രാധാന്യമുള്ള തണ്ണീർത്തടമായി വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു.[4]

തടാകത്തിന്റെ യഥാർത്ഥവിസ്തൃതി വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി ഒരു ദീർഘകാലപദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം 2011-ൽ അനുമതി നൽകിയിരുന്നു. ദേശീയ തടാക സംരക്ഷണ പദ്ധതി (National Lake Conservation Programme) പ്രകാരം 400 കോടി രൂപ ഇതിലേക്കയി വകയിരുത്തി. എന്നാൽ ഇതിനായി ഈ പ്രദേശത്ത് നിന്നും ഏകദേശം 20 ലക്ഷം വില്ലോ മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു[6].

അവലംബം[തിരുത്തുക]

  1. "Slide 1" (PDF). Archived from the original (PDF) on 2011-10-09. Retrieved 2012-11-07.
  2. Ramsar Sites of India: Wular Lake, Jammu and Kashmir, World Wide Fund for Nature, India, 1994, ... The name "Vulla" from which the present name Wular or Volar (Vulgo Woolar) seems to have been derived, is found in the Janarajas chronical and can bejnterpreted as 'turbulent' or the lake with high-going waves' ...
  3. Imperial Gazetteer of India, Sir William Wilson Hunter, pp. 387, Clarendon Press, 1908, ... Wular Lake - Lake in Kashmir State ... bad reputation among the boatmen of Kashmir, for when the winds come down the mountain gorges, the quiet surface of the lake changes into a sea of rolling waves ... corruption of ullola, Sanskrit for 'turbulent' ... The ancient name is Mahapadmasaras, derived from the Naga Mahapadma, who is located in the lake as its tutelary deity ...
  4. 4.0 4.1 "വുളർലേക്ക്.ഓർഗ്". Archived from the original on 2013-12-08. Retrieved 2013-12-04.
  5. "വുളർ ലേക്ക്". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Retrieved 26 നവംബർ 2013.
  6. ചൗഹാൻ, ചേതൻ; ആഷിഖ്, പീർസാദാ (2 ജൂൺ, 2012). "20 lakh trees to be cut to restore Wullar lake". ഹിന്ദുസ്ഥാൻ ടൈംസ്. ന്യൂ ഡൽഹി/ശ്രീനഗർ. Retrieved 5 ഡിസംബർ, 2013. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വുളർ_തടാകം&oldid=3657198" എന്ന താളിൽനിന്ന് ശേഖരിച്ചത്