വി. അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യകാലനേതാക്കളിലൊരാളാണു ‍വി. അച്യുതമേനോൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ശാഖ തിരുവിതാംകൂറിലുണ്ടായത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. തിരുവനന്തപുരത്ത് വക്കീലായി ജീവിതം ആരംഭിച്ചു. കൊട്ടാരം ഡോക്ടറായിരുന്ന നാരായണപിള്ളയുടെ ഭാഗിനേയി ഗൗരിയമ്മയെ 1910-ൽ മേനോൻ വിവാഹം ചെയ്തു. തന്റെ ഏക പുത്രന്റെ ആദ്യജൻമനാളിൽ ഇദ്ദേഹം എല്ലാ സമുദായത്തിലുമുള്ള സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി സദ്യകൊടുത്തു. അന്ന് അത് ഒരു സാമൂഹികവിപ്ളവം ആയിരുന്നു.

അഭിഭാഷകവൃത്തിയിലിരിക്കവെയാണ് മേനോൻ കോൺഗ്രസ് പ്രവർത്തനത്തിനിറങ്ങിയത്. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹ(1924)കാലത്ത് അവിടെനിന്നെത്തിയ സവർണഹിന്ദുജാഥയെ സ്വീകരിക്കാൻ തിരുവനന്തപുരത്ത് കൂടിയ സമ്മേളനത്തിന്റെ അധ്യക്ഷനും സർ. എം. വിശ്വേശ്വരയ്യയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന നാട്ടുരാജ്യപ്രജാസമ്മേളനത്തിന്റെ പ്രധാന പ്രവർത്തകനും ഇദ്ദേഹമായിരുന്നു. 1920-ലെ നിയമസഭാ പരിഷ്കാരത്തിൽ പ്രതിഷേധിച്ച് ഭാരതകേസരി ആഫീസിൽ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലും മേനോൻ ഒരു പ്രധാന പങ്കുവഹിച്ചു. 1924-ലെ പത്രനിയമത്തിനെതിരായ പൊതുജനരോഷം പ്രകടിപ്പിക്കാൻ സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ അധ്യക്ഷതയിൽ തമ്പാനൂരിൽ ചേർന്ന മഹാസമ്മേളനത്തിന്റെ സംഘാടകനും അച്യുതമേനോനായിരുന്നു. തിലകസ്വരാജ്യനിധിക്ക് പണം പിരിക്കുന്നതിലും ഇദ്ദേഹം മുൻകൈയെടുത്തു. പട്ടം താണുപിള്ളയ്ക്കെതിരായി നിയമസഭയിലേക്ക് തിരുവനന്തപുരത്തുനിന്ന് അന്നാചാണ്ടി മത്സരിച്ചപ്പോൾ മേനോൻ അവർക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. 1962 ജൂലൈ 31-ന് അച്യുതമേനോൻ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=വി._അച്യുതമേനോൻ&oldid=3314832" എന്ന താളിൽനിന്ന് ശേഖരിച്ചത്