വിളക്കുടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിളക്കുടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°1′35″N 76°52′35″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകുന്നിക്കോട് വടക്ക്, കുന്നിക്കോട് ഗവ.എൽ.പി.എസ്, കുളപ്പുറം, വിളക്കുടി, കാര്യറ അമ്പലം, കാര്യറ വടക്ക്, കാര്യറ, പേപ്പർമിൽ, മഞ്ഞമൺകാല, എലിക്കോട്, മരങ്ങാട്, തിരുവഴി, ഇളമ്പൽ, വിളക്കുടി സൌത്ത്, ചീയോട്, പഞ്ചായത്ത് ഒാഫീസ്, ധർമ്മപുരി, കിണറ്റിൻക്കര, കുന്നിക്കോട് സൌത്ത്, കുന്നിക്കോട് ഠൌൺ
ജനസംഖ്യ
ജനസംഖ്യ30,433 (2001) Edit this on Wikidata
പുരുഷന്മാർ• 14,908 (2001) Edit this on Wikidata
സ്ത്രീകൾ• 15,525 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.9 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221350
LSG• G020401
SEC• G02020
Map
മൂങ്ങോട്ട് ഏലാ, വടുവയൽ ,ഉളിയാറ്റൂർ ഏല ,പറപ്പുവയൽ ,മീനംകോട്ട്ല ഏല ഇടയ്ക്കാട്ട് ഏല ,തുടങ്ങിയ ഏലകൾ ഉണ്ട് 


കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കു പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാനത്തിന്റെ കിഴക്കതിർത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ്‌നിന്നും പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തിലാണ്് ഈ ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. കുന്നിക്കോടും, ആവണീശ്വരവും, വിളക്കുടിയും, ധർമ്മപുരിയും, കുറ്റിക്കോണവും, ഇളമ്പലും, മഞ്ഞമൺകാലയും, കാര്യറയും ആണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങൾ .

ഐതിഹ്യ പ്രസിദ്ധിയോ പറയത്തക്ക ചരിത്ര സംഭവങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം അധിക മൊന്നും പുറത്തറിയാതെ പുനലൂർ നഗരത്തിനും കൊട്ടാരക്കര പഞ്ചായത്തിനുമിടയിലായി ഉറങ്ങിക്കിടക്കുകയാണ്. ഏതാനും കൊച്ചു ക്ഷേത്രങ്ങളും, പള്ളികളും, മോസ്ക്കുകളും, ചെറുകിട കശുവണ്ടി ഫാക്ടറികളുടെ കൊച്ചു പുകക്കുഴലുകളും ഈ ഗ്രാമത്തിന്റെ മുഖഛായയുടെ എടുപ്പുകളായി കാണാം. . ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിർത്തിയിലുള്ള പച്ചിലമലയിൽ വിശാലമായ ഒരു പാറയും പാറയിടുക്കിൽ ഒരു കുടപ്പാല മരവും ഉണ്ടായിരുന്നു. പാറയിടുക്കിൽ ഒരിക്കലും വറ്റാത്ത കുളം, നീലക്കൊടുവേലിയുടെ സാന്നിധ്യം എന്നിവ ഈ മലയുടെ പ്രത്യേകതകളാണ്. ഈ മലയിൽ പണ്ടൊരു ദിവ്യൻ തപസ്സനുഷഠിച്ചിരുന്നതായും അദ്ദേഹത്തെ സമീപിച്ചു ജനങ്ങൾ അനുഗ്രഹം തേടിയിരുന്നതായും കേൾക്കുന്നു. കൊട്ടാരക്കര ഇളയിടത്ത് രാജകുടുംബത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഇന്നത്തെ പത്തനാപുരം താലൂക്കിന്റെ പ്രദേശങ്ങൾ. മൈലം-കലഞ്ഞൂർ തുടങ്ങിയ പ്രദേശങ്ങൽ കൂടി അന്നു ഈ താലൂക്കിന്റെ ഭാഗങ്ങളായിരുന്നു എന്നു പലരും ഓർക്കുന്നുണ്ട്. രാജഭരണ കാലത്തു രാജാവും കുടുംബങ്ങളും കുറ്റാലത്ത് സുഖവാസത്തിനു പോയി തിരികെ വരുന്നവഴി ഇന്നത്തെ വിളക്കുടി പ്രദേശത്തു എത്തിയപ്പോൾ സന്ധ്യയായതിനാൽ ദേശവാസികൾ രാജാവിനെ മൺചട്ടികളിൽ ദീപങ്ങളുമായി എതിരേറ്റു എന്നും ഇതുകണ്ട് സന്തുഷ്ടനായ രാജാവ് വിളക്കുകൂട്ടം എന്നും ഇതിനെപ്പറ്റി പറഞ്ഞത് പിൽക്കാലത്ത് ലോപിച്ചു വിളക്കുടിയായി മാറിയെന്നാരു ഐതിഹ്യം യുക്തി ഭദ്രമല്ലെങ്കിലും നിലവിലുണ്ട്. ധാരാളം നെൽവയലുകൾ നിറഞ്ഞ പ്രദേശത്തെ വിളയുടെ പുഷ്ഠിയും പ്രാമുഖ്യവും ഈ പേരുവരുന്നതിനു കാരണമായിരിക്കാം. മൺപാത്ര നിർമ്മാണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു സമൂഹം കൂടുതലായി പാർത്തിരുന്ന പ്രദേശം എന്ന നിലയിലും ഈ പേരു വരാൻ കാരണമായി എന്ന് പ്രബലമായ ഒരു അഭിപ്രായ ഗതിയുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് തീവണ്ടിപാതയും കൊല്ലം-(മധുര)തിരുമംഗലം ദേശീയപാത 208-ഉം (പഴയ കൊല്ലം-ചെങ്കോട്ട സംസ്ഥാനാന്തര പാത) 10 കിലോമീറ്ററോളം ദൂരം വിളക്കുടി പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പുതുതായി നിലവിൽ വന്ന വാളകം - വെട്ടിക്കവല - പത്തനാപുരം ശബരിമല ബൈപ്പാസ്സ് വിളക്കുടി പഞ്ചായത്തിലൂടെ കടന്നു പോകുന്നു 

സാമൂഹ്യ-സാംസ്കാരികചരിത്രം[തിരുത്തുക]

കഴിഞ്ഞ നൂറ്റാണ്ട് ഈ നാടിന്റെ മുഖഛായയിൽ സ്വാഭാവികമായും കാര്യമായ മാറ്റങ്ങൾ വരുത്തി തീർത്തിരുന്നു. പ്രധാനമായും കൊല്ലം-ചെങ്കോട്ട (ഇന്നത്തെ കൊല്ലം-തിരുമംഗലം ദേശീയപാത 208) റോഡിന്റെ പഴയ റൂട്ട് മാറി ഇന്നത്തെ റൂട്ട് നിലവിൽ വന്നതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. പഴയ കൊല്ലം-ചെങ്കോട്ട പാത കടന്നുപോയ വഴി ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്. കൊട്ടാരക്കര കിഴക്കേതെരുവ് കുരീപ്പള്ളിക്കു പടിഞ്ഞാറു നിന്നും വടക്കോട്ട് കുര, പതിനെട്ടാം പടി, വെട്ടുകുഴി, പറങ്കിമാംമുകൾ, പഴഞ്ഞിതോട് എന്നിവിടങ്ങളിലൂടെ മുട്ടത്തുകടവിൽ വന്നു കവലയിൽ ക്ഷേത്രത്തിനു തെക്കു വശത്തുകൂടി പുന്നല വഴി കറവൂർ മാമ്പഴത്തറ വന്നു രണ്ടായി പിരിഞ്ഞ് ഒരു പാത അച്ചൻ കോവിലിലേക്കും മറ്റൊന്നു ഒറ്റക്കല്ലിലേക്കും പോയിരുന്നു. പതിനെട്ടാം പടിയിൽ നിന്നും മറ്റൊരു വഴി കിഴക്കോട്ടു വന്നു പടിഞ്ഞാറ്റിൻകര ലബ്ബയുടെ വീടിനു വടക്കുവശത്തു കൂടി കിടങ്ങയിൽ ഭഗവതി ക്ഷേത്രത്തിനു തെക്കുവശത്തു വന്നു ഇളമ്പൽ അമ്മവീടിനു വടക്കുവശത്തു കൂടി ആരംമ്പുന്ന അറപ്പുര വീടിനു സമീപത്തു കൂടി കിഴക്കോട്ടു വന്നു പുനലൂർ മഹാദേവ ക്ഷേത്രത്തിനു വടക്കുവശത്തുള്ള വലിയ ഇടവഴിയിൽ കൂടി കല്ലടയാറ്റിലിറങ്ങി ചാലിയക്കര വഴി മാമ്പഴത്തറ മുൻപറഞ്ഞ പാതയിൽ വന്നുചേരുന്നുണ്ടായിരുന്നു. കല്ലടയാർ 2 കി.മി ദുരം ഈ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിലൂടെയാണ് ഒഴുകുന്നത്. പഞ്ചായത്തിൽ പട്ടണ സ്വഭാവത്തോടെ വളർന്നു വരുന്ന പ്രദേശം കുന്നിക്കോടാണ്. മാർക്കറ്റ്, കന്നുകാലി ചന്ത, പട്ടാഴി, തലവൂർ , മേലില എന്നിവിടങ്ങളിലേക്കു തിരിയുന്ന ജംഗ്ഷൻ എന്നീ നിലയിൽ കുന്നിക്കോടിന് വളർച്ച ഇനിയും വേണ്ടവിധമായിട്ടില്ല. ആവണീശ്വരത്താണ് പഞ്ചായത്തിലെ ഏക റയിൽവേ സ്റ്റേഷൻ.1953-ൽ ഇന്നത്തെ പഞ്ചായത്തുകൾ നിലവിൽ വരുന്നതിനു മുമ്പ് കൊല്ല വർഷം 1123-ൽ വില്ലേജ് യൂണിയനുകളായിരുന്നു ഗ്രാമഭരണം നടത്തിയിരുന്നത്. സർക്കാർ നോമിനേറ്റു ചെയ്യുന്ന മെമ്പറന്മാരെ കൂടാതെ തഹസീൽദാർ, പ്രവർത്തിയാർ, ഹെൽത്ത് ഇൻസ്പെക്ടർ, പൊതുമരാമത്ത് എഞ്ചിനിയർ എന്നിവരും ഈ സമിതികളിൽ അംഗങ്ങളായിരുന്നു. 1953-ൽ നിലവിൽ വന്ന തെരഞ്ഞെടുക്കപ്പെട്ട സമിതി പഞ്ചായത്തു ഭരണമേല്ക്കുമ്പോൾ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇന്ന് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം കാവു പുറമ്പോക്കായിരുന്നു. ഈ സ്ഥലത്താണു ഇന്നു പഞ്ചായത്താഫീസ് കോംപ്ളക്സ് സ്ഥിതി ചെയ്യുന്നത്. അവശേഷിച്ച കാവു പുറമ്പോക്ക് പല സ്വകാര്യവ്യക്തികൾക്കായി പതിച്ചു നൽകി. പഞ്ചായത്തിനു പതിച്ചു നൽകിയ സ്ഥലത്തിനടുത്ത് ഒരു സർപ്പക്കാവ് (ഏതാനും ഇലഞ്ഞി വൃക്ഷങ്ങളും സർപ്പ വിഗ്രഹങ്ങളും) സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ സന്ധ്യയ്ക്കു വിളക്കു വെയ്പും കന്നിമാസത്തിലെ ആയില്യത്തിന് നൂറും പാലും ചടങ്ങും മുടങ്ങാതെ നടക്കുന്നുണ്ട്. പഞ്ചായത്തു രൂപീകരിക്കുമ്പോൾ 7 വാർഡുകൾ ഉണ്ടായിരുന്നു. പി. ജെ. ജോൺ (പാപ്പച്ചൻ ) ആയിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്. ഈ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണു കഴിയുന്നത്. വിരലിലെണ്ണാവുന്ന കശുവണ്ടി ഫാക്ടറികളും ചുടുകട്ട ചൂളകളും പരിമിതമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായിട്ടില്ല. കൃഷി ഭൂമിയിൽ കൂടുതലും റബ്ബർ കൃഷിക്കാണു ഉപയോഗിച്ചു വരുന്നത്. ടാപ്പിംഗ് ജോലി കൊണ്ട് ഉപജീവനം കഴിക്കുന്ന കുറെ തൊഴിലാളികൾ പഞ്ചായത്തിലുണ്ട്.

ഭൂപ്രകൃതി[തിരുത്തുക]

കൊല്ലം ജില്ലയിൽ പത്തനാപുരം ബ്ളോക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിളക്കുടി. പഞ്ചായത്തിന്റെ ആകെ വിസ്തൃതി 2143 ഹെക്ടർ ആണ്. കൊല്ലം ടൌണിൽ നിന്നും ഏകദേശം 34 കി.മി കിഴക്കുമാറി വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് തലവൂർ , പിറവന്തൂർ എന്നീ പഞ്ചായത്തുകളും, കിഴക്ക് പുനലൂർ മുനിസിപ്പാലിറ്റിയും തെക്ക് കരവാളൂർ , വെട്ടിക്കവല, മേലില എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് തലവൂർ പഞ്ചായത്തുമാണ് വിളക്കുടിയുമായി അതിർത്തി പങ്കു വയ്ക്കുന്നത്. കല്ലടയാറിന്റെ ചെറിയൊരുഭാഗം (2.25 കി.മി) പഞ്ചായത്തിന്റെ കിഴക്കുഭാഗത്തു കൂടി ഒഴുകുന്നു. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി പഞ്ചായത്തിനെ ഇടനാട്ടിലാണ് പെടുത്തിയിരിക്കുന്നത്. ഭൂപ്രകൃതി അനുസരിച്ച് വിളക്കുടി പഞ്ചായത്തിനെ ഉയർന്ന സമതലം, കുത്തനെ ചെരിവ്, ഇടത്തരം ചെരിവ്, താഴ്വര എന്നിങ്ങനെ പ്രധാനമായും നാലു ഭൂരുപങ്ങളായി തിരിക്കാം. പഞ്ചായത്തിലെ ഉയർന്ന സമതലങ്ങൾ ഭൂരിഭാഗവും 100 മീറ്ററോ അതിനു മുകളിലോ സ്ഥിതി ചെയ്യുന്നു. ചില ഭാഗങ്ങൾ 80 മീറ്ററിനും അപൂർവ്വം ചില ഭാഗങ്ങൽ 40 മീറ്ററിനും മുകളിൽ കാണപ്പെടുന്നു. 80 മീറ്ററോ അതിനു മുകളിലോ വരുന്ന സമതലങ്ങൾ പൊതുവേ ജലക്ഷാമം രൂക്ഷമാണ്. ഈ ഭാഗങ്ങളിൽ ചെരിവ് കുറവായതിനാൽ മണ്ണൊലിപ്പ് കുറവാണ്. പ്രധാന മൺതരം ഇവിടങ്ങളിൽ ചെങ്കൽ മണ്ണാണ്. 80 മീറ്ററിനു മുകളിലുള്ള സമതലങ്ങളിൽ മിക്കവാറും റബ്ബർ കൃഷിയാണ് കൂടുതൽ. ഇവിടെ മിശ്രിത കൃഷികൾ കാണപ്പെടുന്നു. റബ്ബറും കൃഷി ചെയ്യുന്നുണ്ട്. മഞ്ഞമൺകാല, മരങ്ങാട്, ചെമ്പുമല, താവളത്തിന് വടക്കും തെക്കുമുളള മലമ്പ്രദേശങ്ങൾ, ആവണീശ്വരത്തിന് കിഴക്കും പടിഞ്ഞാറുമുള്ള മലകൾ, വിളക്കുടിക്ക് തെക്ക് കാരൃറ തുടങ്ങിയ പ്രദേശങ്ങൾ 80 മീറ്ററിന് മുകളിലുള്ള സമതല പ്രദേശങ്ങളാണ്. ആവണീശ്വരത്തിന് പടിഞ്ഞാറും കുന്നിക്കോട്, വിളക്കുടി വടക്ക് തുടങ്ങിയ പ്രദേശങ്ങളിൽ 80 മീറ്ററിന് താഴെയുള്ള ചെറിയ ചെറിയ സമതലങ്ങൾ കാണപ്പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 4.95 പ്രദേശങ്ങൾ (106 ഹെക്ടർ) ഈ മേഖലയിൽപ്പെടുന്നു. ഉയർന്ന സമതലങ്ങൾ കഴിഞ്ഞാൽ വരുന്ന ഭൂരൂപം കുത്തനെ ചെരിവുള്ള പ്രദേശങ്ങളാണ് പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 21 ശതമാനം (450 ഹെക്ടർ ) പ്രദേശങ്ങൾ ഈ മേഖലയിൽപ്പെടുത്താം. ഉയർന്ന സമതലങ്ങളിൽ നിന്നും വരുന്ന പ്രദേശങ്ങളാണ് ഈ ചെരിവു പ്രദേശങ്ങൾ. മുതുകുന്നം, മഞ്ഞമൺകാല, കാരിയറ, താവളം, ചെമ്പുമല, കുളപ്പാറ, പച്ചിലമല തുടങ്ങിയ ഭാഗങ്ങൾ ഇതിൽപ്പെടുന്നു. ഈ ഭാഗങ്ങലിൽ ചെരിവു കൂടുതലായതിനാൽ മണ്ണൊലിപ്പു ധാരാളമായി കണ്ടുവരുന്നു. ഈ ഭാഗത്തെ പ്രധാന കൃഷി റബ്ബറാണ്. മിശ്രിത വിളകളും അപൂർവ്വമായി കാണപ്പെടുന്നു. ചെമ്പുമല, പെച്ചിലമല, കുളപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണൊലിപ്പു മൂലം ധാരാളം മണ്ണു നഷ്ടപ്പെട്ട് പാറകൾ കാണപ്പെടുന്നു. ആറണംകോട്, മീനംകോട്, കുമരം പാറ തുടങ്ങിയ പ്രദേശങ്ങളും ഇതിലുൾപ്പെടുന്നു. കുത്തനെ ചെരിവുള്ള പ്രദേശങ്ങൾ കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടുവരുന്ന ചെരുവുകളാണ് ഇടത്തരം ചെരിവുകൾ. ഭൂരിഭാഗം പ്രദേശങ്ങളിലും കുത്തനെ ചെരിവുകൾ ഇടത്തരം ചെരിവുകളിൽ വന്നവസാനിക്കുന്നു. ഈ ചെരിവുകളിൽ ചെരിവു കുറവായതിനാൽ മണ്ണൊലിപ്പും കുറവായിട്ടാണ് കാണപ്പെടുന്നത്. ഈ ഭാഗങ്ങളിൽ ചരൽ കലർന്ന ചെങ്കൽ മണ്ണാണ് കാണപ്പെടുന്നത്. ഈ ഭാഗങ്ങളിൽ പ്രധാന കൃഷി മിശ്രിത കൃഷികളാണ്. റബ്ബറും കാണപ്പെടുന്നു. ആവണീശ്വരം, കുന്നിക്കോടിന് തെക്കുഭാഗങ്ങൾ , വിളക്കുടി, കാര്യറ തെക്ക് ഭാഗങ്ങൾ , മരങ്ങാട്, ഇളമ്പൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇടത്തരം ചെരുവുകളാണ് കാണപ്പെടുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 37.47 ശതമാനം (803 ഹെക്ടർ ) പ്രദേശങ്ങൾ ഈ ഭൂരൂപത്തിൽപ്പെടുത്താം. ഭൂരൂപങ്ങളിൽ കൂടുതൽ വിസ്തീർണ്ണം വരുന്നതാണ് ഈ പ്രദേശങ്ങൾ. ചെരിവു പ്രദേശങ്ങളെല്ലാം വന്നവസാനിക്കുന്ന പ്രദേശങ്ങളാണ്. താഴ്വരകൾ പൊതുവേ ജലത്തിന്റേയും ചെരുവുകളിൽ നിന്നുവരുന്ന മറ്റു വസ്തുക്കളുടെയും സംഭരണ സ്ഥലങ്ങളാണ്. തോടുകളും, കുളങ്ങളും, മറ്റുപരിതല ജലശ്രോതസ്സുകളും താഴ്വരകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഭാഗങ്ങളിൽ കാണപ്പെടുന്ന മണ്ണ് കളിമണ്ണും എക്കൽ മണ്ണുമാണ്. നെൽകൃഷിക്ക് വളരെയധികം യോജിച്ച മണ്ണാണ് എക്കൽ മണ്ണ്. ആയതിനാൽ നെൽകൃഷിയാണ് താഴ്വരയിൽ കൃഷിചെയ്തു വരുന്നത്. എക്കൽ മണ്ണ് ചുടുകട്ടയുടെ നിർമ്മാണത്തിനായി ഖനനം ചെയ്തുവരുന്നു. താഴ്വരകൾ ചെരിവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭാഗങ്ങളിൽ ചെങ്കൽമണ്ണും കാണപ്പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 36.58 ശതമാനം (784 ഹെക്ടർ ) പ്രദേശങ്ങൾ താഴ്വരയിൽപ്പെടുന്നു. മുള്ളുവയൽ, ഞാറവയൽ ഏല, ആറണംകോട് ഏല, താവളം, മഞ്ഞമൺകാല തുടങ്ങിയവ പ്രധാന താഴ്വരകളിൽപ്പെടുന്നു. പഞ്ചായത്തിൽ വർഷകാലം ആരംഭിക്കുന്നത് ഇടവം 15-നു തുടങ്ങി കർക്കിടകം അവസാനം വരെ നീണ്ടുനിൽക്കുന്നു. അതുകഴിഞ്ഞ് തെളിഞ്ഞ അന്തരീക്ഷം കാണപ്പെടുകയും തുലാം ഒന്നുമുതൽ തുലാവർഷം ആരംഭിക്കുയും ചെയ്യുന്നു. ഇത് തുലാം അവസാനം വരെ നീണ്ടുനിൽക്കുന്നു. തുലാവർഷം കഴിഞ്ഞാൽ മഞ്ഞുകാലം തുടങ്ങുകയായി. വൃശ്ചികം ഒന്നുമുതൽ മകരമാസാവസാനം വരെ മഞ്ഞുകാലം തുടരുന്നു. കുംഭം ഒന്നാടുകൂടി വേനൽക്കാലത്തിന്റെ വരവായി. ഇടവം മധ്യംവരെ വേനൽക്കാലം തുടരും. ഇതിനിടെ ഏപ്രിൽ മാസങ്ങളിൽ വേനൽക്കാല മഴ ലഭിക്കുന്നുണ്ട്. വിളക്കുടി പഞ്ചായത്തിലെ പ്രധാന ഉപരിതല സ്രോതസ്സുകളിൽ ഒന്നായ തോടുകളിൽ പ്രധാനതോട് കുന്നിക്കോട് വലിയതോടാണ്. പഞ്ചായത്തിന്റെ ഏകദേശം പടിഞ്ഞാറു ഭാഗത്ത് തെക്കുവടക്കായി ഒഴുകുന്നു. ഈ തോട് വേനൽക്കാലത്ത് വറ്റുന്നതല്ല. മണ്ണടിഞ്ഞ് പലസ്ഥത്തും നികരുന്നതു മൂലം വേനൽക്കാലത്ത് നീരൊഴുക്കും കുറയുന്നു. മറ്റു പ്രധാന തോടുകൾ മീമാത്തികുന്ന് മുകൾ ഭാഗത്തുനിന്നു തുടങ്ങി ആരൂർ ഏലായുടെ മദ്ധ്യഭാഗത്തു കൂടി ഒഴുകി പത്തനാപുരം റോഡ് മുറിച്ച് അമ്പ്രപ്പാട്ടുവച്ച് വലിയതോട്ടിൽ ചേരുന്ന കാഞ്ഞക്കാണിക്കരതോട്, കുറ്റിക്കോണം-ചീയോട്-മാടപ്പാറ വെള്ളംക്കൊളളി പനകുന്നം നെടുവന്നൂർവഴി താന്നിയപ്പൻ കാവുവരെയുള്ള തോട്, പുല്ലാഞ്ഞിയോട്, പ്ളത്തറവഴി മുറിഞ്ഞ കലുങ്ക് തോട്, വല്യാടൻ കുഴി-കൊടുങ്കട തോട്, ആനകോട്-പെരിങ്ങോട് തോട്, പലോട്ടുകോണം-ചുനാവയൽ തോട്, കൈതോട്-അയത്തൂർതോട്, കൂരിയോട്-സർക്കാർമുക്ക് തോട്, കാഞ്ഞിരമല-മറുവുംവയൽ സർക്കാർ മുക്ക് തുടങ്ങിയവ ഇതിൽപ്പെടുന്നു.

കൃഷി[തിരുത്തുക]

ജനങ്ങളുടെ പ്രധാന തൊഴിൽ ഇന്നും കൃഷി തന്നെയാണ്. സംസ്ഥാനത്തുടനീളം കഴിഞ്ഞ അരനൂറ്റാണ്ടിൽ ഉണ്ടായ സാമൂഹ്യ മാറ്റത്തിനനുസൃതമായി കൃഷിഭൂമിയുടെ കൈവശാവകാശത്തിലും ഉടമസ്ഥതയിലും ഈ പഞ്ചായത്തിലും സമൂലമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ചെറുകിട ഭൂവുടമകളുടെയും കർഷകരുടെയും എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. 1994-ൽ നടന്ന വിഭവ ഭൂപട സർവ്വേയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുഖ്യകൃഷി റബ്ബറാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 60.66 ശതമാനം (1300 ഹെക്ടർ ) വരും. വർഷങ്ങൾ കഴിയുംതോറും ഇതിന്റെ തോത് വർദ്ധിച്ചു വരുന്നു. പഞ്ചായത്തിലെ ഉയർന്ന സമതലങ്ങളിലും കുത്തനെ ചെരിവുളള പ്രദേശങ്ങളിലേയും പ്രധാന കൃഷി റബ്ബറായി മാറിക്കഴിഞ്ഞു. ഇടത്തരം ചെരിവുകളിലും റബ്ബർ കൃഷി ചെയ്യുന്നു. തൊഴിലാളികളുടെ ലഭ്യതയും, ആദായകരമായ കൃഷി എന്ന നിലയിലും കൂടുതൽ കർഷകരെ ഇതിലേക്ക് ആകർഷിപ്പിക്കുന്നു. ചെമ്പുമല, താവളം, മഞ്ഞമൺ കാല, മീനം കോട്, കരിനാകോട്, വിളക്കുടി, കാര്യറ തുടങ്ങിയ പ്രദേശങ്ങൾ റബ്ബർ കൃഷി വ്യാപകമായ സ്ഥലങ്ങളാണ്. റബ്ബർ ബോർഡുകളിൽ നിന്നുള്ള വായ്പകളും മറ്റും റബ്ബർ കൃഷിക്ക് ആക്കം കൂട്ടുന്നു. റബ്ബർ കഴിഞ്ഞാൽ മിശ്രിത വിളകളാണ് പഞ്ചായത്തിൽ കൂടുതലായി കണ്ടുവരുന്നത്. ഇതിൽ തെങ്ങ്, കവുങ്ങ്, പ്ളാവ്, മാവ്, കുരുമുളക്, മരച്ചീനി, വാഴ തുടങ്ങിയവ ഉൾപ്പെടുന്നു. ആകെ വിസ്തീർണ്ണത്തിന്റെ 27.34 ശതമാനം (586 ഹെക്ടർ ) പ്രദേശങ്ങളിൽ മിശ്രിത വിളകൾ കണ്ടുവരുന്നു. ഇടത്തരം ചെരിവുകളിലാണ് മിശ്രിത വിളകൾ കൂടുതലും കണ്ടുവരുന്നത്. കുന്നിക്കോടിന് പടിഞ്ഞാറുവശങ്ങൾ , വിളക്കുടി, ആവണീശ്വരം തുടങ്ങിയ പ്രദേശങ്ങൾ മിശ്രിത വിളകൾ കൂടുതലായി കണ്ടുവരുന്നു. മിശ്രിത വിളയിൽ കൂടുതലും തെങ്ങാണ്. മിശ്രിത വിള കഴിഞ്ഞാൽ മുഖ്യകൃഷിയായി കാണുന്നത് നെല്ലാണ്. ആകെ വിസ്തൃതിയുടെ 9.75 ശതമാനം (200 ഹെക്ടർ ) പ്രദേശത്ത് നെൽകൃഷി ചെയ്തുവരുന്നു. പ്രധാന ഏലാകൾ കണവൂർ ഏല, പുതിയിടത്ത് ഏല, ആരൂർ ഏല, പ്ളാത്തറ ഏല തുടങ്ങിയവ പ്രധാന നെൽവയലുകളാണ്. മുഞ്ജവയൽ ഏലാ, ഞാറവയൽ ഏലാ എന്നിവിടങ്ങളിൽ നിന്നും ചുടുകട്ടയുണ്ടാക്കുന്നതിനായി മണ്ണെടുക്കുന്നതു കൊണ്ട് കൃഷി കുറയുന്നു. നെൽപ്പാടങ്ങൾ നികത്തുന്ന പ്രവണത വളരെ കൂടുതലായി പഞ്ചായത്തിൽ നടക്കുന്നുണ്ട്. അര നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന വിളക്രമത്തിൽ നിന്നും വ്യത്യസ്തമായ ഒരു വിളക്രമമാണ് ഇന്നു പഞ്ചായത്തിൽ നിലവിലുളളത്. തരിശുഭൂമികളും ഫലവൃക്ഷങ്ങളും കശുമാവ് മുതലായ മറ്റുവൃക്ഷങ്ങളും തടിയാവശ്യത്തിനുളള വൃക്ഷങ്ങളും ഉണ്ടായിരുന്ന ഭൂമി ഏറെക്കുറെ പൂർണ്ണമായി കൃഷിഭൂമിയായി മാറിയിരിക്കുന്നതായി കാണാം. ഇതിൽ ഏറിയ പങ്കും റബ്ബർ കൃഷിക്കായി വിനിയോഗിക്കപ്പെട്ടിരിക്കുന്നു. 1960-നു ശേഷം റബ്ബർ കൃഷിയിൽ കൃഷിക്കാർക്കുണ്ടായ അമിതമായ അഭിനിവേശം ഇതിനൊരു പ്രധാന കാരണമാണ്. ഒരു നാണ്യവിളയെന്ന നിലയിൽ ക്രമമായ ഉല്പാദനം ഉറപ്പുവരുത്തുന്നതും കാര്യമായ പ്രശ്നങ്ങളില്ലാതെ വിളവെടുപ്പും വിപണനവും നടത്താവുന്നതും കൃഷിയിറക്കുന്നതിനും ആദ്യ വർഷങ്ങളിലെ പരിചരണത്തിനും റബ്ബർ ബോർഡിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും സർവ്വോപരി മണ്ണിന്റെ സ്വഭാവവും ഭൂമിയുടെ കിടപ്പും കൃഷിക്കാരെ ആകർഷിക്കുന്ന ഘടകങ്ങളായിരുന്നു. കൃഷിക്കാരന്റെ സാമ്പത്തികോന്നതിക്ക് റബ്ബർ കൃഷി ഒരു പരിധിവരെ സഹായകരമായിരുന്നു. എങ്കിലും മണ്ണിന്റെ ജലാംശം നഷ്ടപ്പെടുത്തുന്നതുൾപ്പെടെയുളള പരിസഥിതി പ്രശ്നങ്ങളും വ്യാപകമായ റബ്ബർ കൃഷിമൂലം സംജാതമായിട്ടുണ്ട്.

വ്യവസായം[തിരുത്തുക]

വിളക്കുടി പഞ്ചായത്തിൽ വൻകിട വ്യവസായങ്ങൾ ഒന്നുംതന്നെയില്ല. എന്നാൽ പുനലൂർ പട്ടണത്തിന്റെ പേരിന് പ്രശസ്തി നൽകിയ പുനലൂർ പേപ്പർ മിൽസ് ഈ പഞ്ചായത്തിലെ 11-ാം വാർഡിന്റെ കിഴക്കറ്റത്ത് കല്ലടയാറിന്റെ തീരത്ത് പഞ്ചായത്തതിർത്തിക്കുള്ളിൽ ഉദ്ദേശം 500 സ്ക്വയർ മീറ്റർ സ്ഥലത്തുകൂടി വ്യാപിച്ചു കിടക്കുകയാണ്. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഈ പ്രമുഖ വ്യവസായ സ്ഥാപനവും പരിസരവും ഗതകാല പ്രൌഡിയുടെ ശവകുടീരം പോലെ ശോകമൂകമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത ഭീമമായ തുകകൾ അടയ്ക്കാതെ വന്നതിനാൽ, ബോംബെ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം റിസീവർ ഭരണത്തിലാണു ഈ സ്ഥാപനം. മിൽ പൂട്ടാനുള്ള സാഹചര്യങ്ങളും കാരണങ്ങളും എന്തൊക്കെയായാലും ഈ പഞ്ചായത്തിൽ താമസക്കാരായ നല്ലൊരു ഭാഗം ജനങ്ങളും ഈ വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരോ അനുബന്ധ ജീവിതം നടത്തിയിരുന്നവരോ ആയിരുന്നു. പേപ്പർ മില്ലിന്റെ തളർച്ച ഈ പഞ്ചായത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെയും തളർച്ചയായി തീർന്നു. ചെറുകിട മേഖലയിൽ പ്രധാനമായും പഞ്ചായത്തിൽ കാണുന്നതു കശുവണ്ടി വ്യവസായമാണ്. പ്രധാനമായും സ്ത്രീ തൊഴിലാളികളാണ് ഈ വ്യവസായ മേഖലയിൽ പണിയെടുക്കുന്നത്. ഈ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ തോട്ടണ്ടിയുടെ ദൌർലഭ്യം മൂലം ഈ തൊഴിൽ മേഖലയിൽ ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ തുലോം പരിമിതമാണ്. അനൌദ്യോഗിക കണക്കുകൾ അനുസരിച്ചു വർഷത്തിൽ 100 - നും 150-നും ഇടയ്ക്കു ദിവസം മാത്രമേ ഈ തൊഴിൽ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാറുളളു. കേരളത്തിൽ പൊതുവെ കശുവണ്ടി വ്യവസായ മേഖലയിൽ അനുഭവപ്പെടുന്ന മാന്ദ്യം ഈ പഞ്ചായത്തിലും അനുഭവപ്പെടുന്നുണ്ട്. ഈ പഞ്ചായത്തിൽ ആകെ 9 കശുവണ്ടി ഫാക്ടറികൾ പ്രവർത്തിച്ചുവരുന്നു. ഇവയെല്ലാം സ്വകാര്യ മേഖലയിലാണ്. കശുവണ്ടി മേഖല കഴിഞ്ഞാൽ ഈ പഞ്ചായത്തിൽ തൊഴിൽ സാദ്ധ്യത ചെറിയ തോതിലെങ്കിലും നൽകുന്ന ഒരു വ്യവസായ മേഖലയാണ് ചുടുകട്ട വ്യവസായം. നാടൻ കട്ട നിർമ്മാണവും വയർ കട്ട് ബ്രിക്സ് നിർമ്മാണവും സിമന്റ് ഹോളോ ബ്രിക്സ് നിർമ്മാണവും ഈ പഞ്ചായത്തിൽ ചെറിയ തോതിൽ കാണുന്നുണ്ട്. 13 ചുടുകട്ട നിർമ്മാണ ഫാക്ടറികളും, 2 ഹോളോ സിമന്റു ബ്രിക്സ് ഫാക്ടറികളും ഉളളതായി പഞ്ചായത്തു രേഖകളും ഗ്രാമസഭാ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. പഞ്ചായത്തിൽ ആകെ 7 തടിമില്ലുകളും രണ്ട് പ്ളൈവുഡ് ഫാക്ടറികളും ഒരു പെൻസിൽ സ്ളാട്ട് ഫാക്ടറിയും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ ഏതാനും റൈസ് മില്ലുകളും പൊടിപ്പു മില്ലുകളും പ്രവർത്തിക്കുണ്ട്. ഇതുകൂടാതെ ഒരു ബുക്ക് നിർമ്മാണ പ്രിന്റിംഗ് യൂണിറ്റും 10-ാം വാർഡിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

വിളക്കുടി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം കുന്നിക്കോട് ആരംഭിച്ച ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ്. ഈ സ്ഥാപനം തിരുവിതാംകൂർ രാജഭരണ കാലത്ത് 1910- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമീപ പ്രദേശങ്ങളായ വെട്ടിക്കവല, മേലില, തലവൂർ , പട്ടാഴി എന്നിവിടങ്ങളിൽ നിന്നും ധാരാളം കുട്ടികൾ വന്നു പഠിച്ചുകൊണ്ടിരുന്നു. 1985 - ൽ പ്ളാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച് ഒരു നൂറ്റാണ്ടു കാലം തികയാറായി. ഈ കാലയളവിൽ തന്നെ ക്രിസ്തീയ മിഷണറിമാരുടെ പ്രവർത്തന ഫലമായി ആവണീശ്വരം റെയിൽവെ സ്റ്റേഷനു സമീപ പ്രദേശത്ത് എൽ എം എസ് പളളിയോട് അനുബന്ധിച്ച് സർക്കാർ അംഗീകാരമുളള പ്രൈമറി സ്കൂൾ നടത്തിയിരുന്നു. ഇങ്ങനെയുള്ള എൽ എം എസ് സ്കൂളുകൾ സമീപ പ്രദേശമായ തലവൂരും ഈ പഞ്ചായത്തിൽ ഇളമ്പലും ഉണ്ടായിരുന്നു. പഠന നിലവാരം വളരെ ഉയർന്ന തരത്തിലായിരുന്നു എന്ന് പഴമക്കാർ ഇന്നും അഭിമാന പൂർവ്വം ഓർക്കുന്നുണ്ട്. എന്നാൽ അന്നത്തെ ഭരണകൂടം കൈക്കൊണ്ട ചില നടപടികൾ കാരണം പത്തനാപുരം താലൂക്കിൽ പ്രവർത്തിച്ചിരുന്ന എൽ എം എസ് സ്കൂളുകൾ നിർത്തേണ്ടി വന്നു. മറ്റ് താലൂക്കുകളിൽ ഇന്നും എൽ എം എസ് സ്കൂളുകൾ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കുന്നിക്കോട് കേന്ദ്രീകരിച്ച് കൊച്ചുപാറ്റൂർ മാധവൻ പിള്ള സ്ഥാപിച്ച ഒരു പെൺപള്ളിക്കുടം കുറേനാൾ പ്രവർത്തിച്ചിരുന്നു. കാലാന്തരത്തിൽ അതും നിന്നുപോയി. പഞ്ചായത്തിലെ പഴയകാല വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചോർക്കുമ്പോൾ ആവണീശ്വരത്ത് പ്രവർത്തിച്ചിരുന്ന സംസ്കൃത ഹൈസ്കൂളിന്റെ നാമധേയം പ്രഥമ ഗണനീയം തന്നെയാണ്. ഇരുപ്പക്ക വടക്കേതിൽ യശഃശരീരനായ പത്മനാഭ പിള്ള സ്ഥാപിച്ച സംസ്കൃത വിദ്യാലയം വളരെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഈ പ്രദേശത്ത് സംസ്കൃത ഭാഷാപണ്ഡിതൻമാർ വിരളമായിരുന്നതിനാൽ വിദൂര സ്ഥലങ്ങളിൽ നിന്നും പണ്ഡിതൻമാരെ ഈ പഞ്ചായത്തിലേക്ക് കൊണ്ടുവന്നിട്ടാണ് ഈ സ്കൂൾ പ്രവർത്തിപ്പിച്ചിരുന്നത്. മഹോപാദ്ധ്യായ എം ആർ നീലകണ്ഠ പണിക്കർ, നാരായണ പിള്ള, പുന്തല ഗോപാല പിള്ള, തെക്കേവിള ഗോപാല പിളള, കൊച്ചുനാരായണ പിളള, വെളിയം കുഞ്ഞുകൃഷ്ണ പിളള, നാരായണനാചാരി, വളളിയാട്ട് ജനാർദ്ദനൻ ഉണ്ണിത്താൻ , പനമ്പുല ഭാസ്ക്കരൻ പിള്ള, വിദ്വാൻ ആറ്റൂർ ഗോപാല പിള്ള തുടങ്ങിയ പണ്ഡിത ശ്രേഷ്ഠൻമാർ അന്നത്തെ അദ്ധ്യാപകരിൽ ചിലരാണ്. നാണു ജോത്സ്യർ ഈ പണ്ഡിത ശിരോമണി വൃന്ദത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരു സംസ്കൃത പണ്ഡിതനായിരുന്നത്രേ. ഈ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്ന കവിയരങ്ങ് സമീപ പ്രദേശത്തുളള ആദ്യകാല സാംസ്കാരിക പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു. 1953 ൽ ഈ വിദ്യാലയം യു. പി. സ്കൂൾ ആവുകയും തുടർന്ന് സംസ്കൃത ഭാഷാപഠനം കാലക്രമേണ നിന്നുപോകുകയും 1962 ൽ ഹൈസ്കൂൾ ആയി ഇപ്പോൾ ‘ആവണീശ്വരം പത്മനാഭപിളള മെമ്മോറിയൽ ഹൈസ്കൂൾ’ എന്നപേരിൽ അറിയപ്പെടുകയും ചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ തലവൂർ, പിറവന്തൂർ, കരവാളൂർ, വെട്ടിക്കവല, മേലില എന്നീ പഞ്ചായത്തുകളും പുനലൂർ മുനിസിപ്പാലിറ്റിയുമാണ്.

വാർഡുകൾ[തിരുത്തുക]

  1. കുന്നിക്കോട് വടക്ക്
  2. കുന്നിക്കോട് ഗവ.എൽ.പി.എസ്
  3. കുളപ്പുറം
  4. വിളക്കുടി
  5. കാര്യറ അമ്പലം
  6. കാര്യറ വടക്ക്
  7. കാര്യറ
  8. പേപ്പർ മിൽ
  9. മഞ്ഞമണ്കാല
  10. എലിക്കോട്
  11. മരങ്ങാട്
  12. തിരുവഴി
  13. ഇളന്പൽ
  14. ചീയോട്
  15. വിളക്കുടി സൌത്ത്
  16. ധർമ്മുപുരി
  17. പഞ്ചായത്ത് ഓഫീസ്
  18. കിണറ്റിൻകര
  19. കുന്നിക്കോട് സൌത്ത്
  20. കുന്നികോട് ഠൌൺ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 21.43 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30433
പുരുഷന്മാർ 14908
സ്ത്രീകൾ 15525
ജനസാന്ദ്രത 1420
സ്ത്രീ : പുരുഷ അനുപാതം 1041
സാക്ഷരത 89.9%

കൂടാതെ കാണുക[തിരുത്തുക]

വിളക്കുടി  

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.