വില്‍ ഡുറാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്‍ ഡുറാന്റ്
WillDurant1961.jpg
വില്‍ ഡുറാന്റ്
ജനനം 1885
നോര്‍ത്ത് ആഡംസ്, മാസച്യൂസെറ്റ്സ്
മരണം നവംബര്‍ 7 1981 (പ്രായം 96)
ലോസ് ഏഞ്ചലസ്, കാലിഫോര്‍ണിയ
തൊഴില്‍ പ്രൊഫസര്‍, ചരിത്രകാരന്‍, തത്ത്വചിന്തകന്‍
ദേശീയത അമേരിക്ക
വിഷയങ്ങള്‍ ചരിത്രം, തത്ത്വചിന്ത
ജീവിതപങ്കാളി(കള്‍) ഏരിയല്‍ ഡുറാന്റ്
കുട്ടികള്‍ ഈതല്‍ ഡുറാന്റ്

വില്യം ജെയിംസ് ഡുറാന്റ് (1885 നവംബര്‍ 5 – 1981 നവംബര്‍ 7) ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാന്‍ ഉപകരിച്ച ഒട്ടേറെ ഗ്രന്ഥങ്ങളുടെ പേരില്‍ പ്രസിദ്ധനായ അമേരിക്കന്‍ എഴുത്തുകാരനാണ്. അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, 1935-നും 1975-നും ഇടക്ക് പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പേരിലാണ്. 1926-ല്‍ പ്രസിദ്ധീകരിച്ച തത്ത്വചിന്തയുടെ കഥ ഡുറാന്റിന്റെ പ്രസിദ്ധമായ മറ്റൊരു രചനയാണ്. ഡുറാന്റുമാര്‍ക്ക് 1967-ല്‍ പുലിറ്റ്സര്‍ സമ്മാനവും 1977-ല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വാതന്ത്ര്യസമ്മാനവും ലഭിച്ചു.


ഉള്ളടക്കം

[തിരുത്തുക] ജനനം, വിദ്യാഭ്യാസം

കാനഡയിലെ ക്യൂബെക്കില്‍ നിന്ന് ഐക്യനാടുകളില്‍ കുടിയേറിയ ഫ്രഞ്ച്-കനേഡിയന്‍ ദമ്പതിമാരായ ജോസഫ് ഡുറാന്റ്, മേരി അല്ലാര്‍ഡ് എന്നിവരുടെ മകനായി മസാച്യുസെറ്റ്സിലെ നോര്‍ത്ത് ആഡംസിലാണ് വില്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം വടക്കന്‍ ആഡംസിലെയും കീര്‍ണി(ന്യൂ ജേഴ്സി) യിലെയും കത്തോലികാ വിദ്യാലയങ്ങളില്‍ നിന്ന് നേടി. അവിടെ അദ്ദേഹത്തെ പഠിപ്പിച്ചത് കന്യാസ്ത്രീകള്‍ ആയിരുന്നു. കത്തോലിക്കാ വിശ്വാസവും ആചാരങ്ങളും അന്ന് ഡുറാന്റ് താല്പര്യപൂര്‍വ്വം പിന്തുടര്‍ന്നിരുന്നു. അദ്ദേഹം പുരോഹിതവൃത്തി സ്വീകരിക്കുമെന്ന് അമ്മയും അടുത്തറിയാമായിരുന്ന മറ്റുള്ളവരും കരുതി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത പഠനത്തിനായി ജേഴ്സി നഗരത്തിലെ സെന്റ് പീറ്റേഴ്സ് അക്കാഡമിയില്‍ പ്രവേശനം നേടി. അവിടെ അദ്ധ്യാപകര്‍ ഈശോസഭാ(Jesuit) വൈദികരായിരുന്നു. അവരിലൊരാളായ ഫാ. മക് ലോഫ്ലിന്‍ ബിരുദം ലഭിച്ചതിനു ശേഷം 1907-ല്‍ ഈശൊസഭയില്‍ ചേരണമെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍ 1903-ല്‍ ജേഴ്സി നഗരത്തിലെ പൊതുഗ്രന്ഥശാലയില്‍ നിന്ന് ഡാര്‍വിന്‍ (Darwin), ഹക്സ്ലി (Huxly), സ്പെന്‍സര്‍(Spencer), ഹേക്കല്‍ (Haeckel) എന്നിവരുടെ ഏതാനും രചനകള്‍ വയിച്ചതിനെ തുടര്‍ന്ന്, ഡുറാന്റിന് മതവിശ്വാസം നഷ്ടമായി. എന്നാല്‍, 1905-ല്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രഭാവത്തില്‍ വന്നതോടെ, സ്ഥിതിസമത്വ ബോദ്ധ്യങ്ങള്‍ ഡുറാന്റിന് നഷ്ടപ്പെട്ട മതവിശ്വാസത്തിന് പകരമായി. തനിക്ക് പാതിരിയാകാന്‍ കഴിയുകയില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും മകന്‍ പൗരോഹിത്യം സ്വീകരിക്കുമെന്ന് ഉറപ്പിച്ചിരുന്ന അമ്മയേയും മറ്റും നിരാശപ്പെടുത്തുവാന്‍ ഡുറാന്റ് ആഗ്രഹിച്ചില്ല. ഒടുവില്‍ ഡുറാന്റും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഒരു യുവസുഹൃത്തും പൗരോഹിത്യത്തിന് പഠിക്കുവാന്‍ തന്നെ തീരുമാനിച്ചു. പുരോഹിതന്മാരായിക്കഴിഞ്ഞ്, അമേരിക്കന്‍ കത്തോലിക്കാ സഭയെ സോഷ്യലിസ്റ്റ് ആശയത്തിലേക്ക് മാറ്റിയെടുക്കുക എന്ന രഹസ്യ പരിപാടിയാണ് ഇരുവരും മനസ്സില്‍ കണ്ടത്. തോമസ് അക്വീനാസിനെ കാറല്‍ മാര്‍ക്സുമായി ഒന്നിപ്പിക്കുകയായിരുന്നു ലക്‌ഷ്യം.[1]

[തിരുത്തുക] പത്രലേഖകന്‍, വൈദികവിദ്യാര്‍ഥി

ബിരുദം നേടിയതിനു ശേഷം ന്യൂയോര്‍ക്ക് ഈവനിങ് ജേണല്‍ എന്ന സായാഹ്നപത്രത്തില്‍ ലേഖകനായി ജോലിക്കു പ്രവേശിച്ചു. പ്രതിവാരം 10 ഡോളറായിരുന്നു ശമ്പളം. ലൈംഗികകുറ്റകൃത്യങ്ങള്‍ അന്വേഷിച്ചുപോവുകയായിരുന്നു ജോലിയില്‍ വേണ്ടിയിരുന്നത്. ഡുറാന്റിന് തീരെ രുചിക്കാത്ത ജോലിയായിരുന്നു ഇതെന്ന് മനസ്സിലാക്കിയ ദയാവാനായ പത്രാധിപര്‍ അദ്ദേഹത്തെ മറ്റെന്തെങ്കിലും തൊഴില്‍ കണ്ടെത്തുവാന്‍ ഉപദേശിച്ചു. 1907-ന്റെ അവസാനത്തോടെ, ആ ജോലി ഉപേക്ഷിച്ച് ന്യൂജേഴ്സിയിലെ തെക്കന്‍ ഓറഞ്ച് പ്രദേശത്തെ സെറ്റന്‍ ഹാള്‍ കോളേജില്‍ അദ്ധ്യാപകനായി. ലത്തീന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ക്ഷേത്രഗണിതം എന്നിവയായിരുന്നു പഠിപ്പിച്ചിരുന്നത്. കത്തോലിക്കാ സഭയെ സോഷ്യലിസത്തിലേക്ക് കൊണ്ടുവരാനായി പൗരോഹിത്യത്തില്‍ പ്രവേശിക്കുക എന്ന തങ്ങളുടെ രഹസ്യപരിപാടി നടപ്പാക്കാന്‍ ഒടുവില്‍ ഡുറാന്റും പഴയ സുഹൃത്തും തീരുമാനിച്ചു. സെറ്റന്‍ ഹാള്‍ കോളേജിനോടുചേര്‍ന്നുള്ള സെമിനാരിയില്‍ ഇരുവരും വൈദികപഠനത്തിനായി ചേര്‍ന്നു. എന്നാല്‍ കോളജിലെ ഒന്നാം തരം ഗ്രന്ഥശാലയില്‍ പതിനേഴാം നൂറ്റാണ്ടിലെ ചിന്തകന്‍ ബാറുക് സ്പിനോസയുടെ "സന്മാര്‍ഗ്ഗശാസ്ത്രം ക്ഷേത്രഗണിതരീതിയില്‍" (Ethics Geometrically Demonstrated) എന്ന പ്രഖ്യാതരചന വായിച്ചത് ഡുറാന്റിനെ തന്റെ പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിച്ചു. അതിലെ വിധ്വംസകമായ ഉള്ളടക്കത്തിനും ഗണിതശാസ്ത്രരീതിക്കുമെല്ലാമപ്പുറം അദ്ദേഹത്തെ വശീകരിച്ചത് സ്വന്തം തത്ത്വചിന്തക്കനുസരിച്ച് ജീവിച്ച സ്പിനോസയുടെ അസാമാന്യ വ്യക്തിത്വമാണ്. മതവിശ്വാസമില്ലാതെ പൗരോഹിത്യം സ്വീകരിച്ച് ജീവിതത്തെ മുഴുവന്‍ കാപട്യത്തില്‍ മുക്കുവാനുള്ള തീരുമാനത്തിന്റെ മൂഢത അതോടെ അദ്ദേഹത്തിന് ബോദ്ധ്യമായി. 1911-ല്‍ അദ്ദേഹം സെമിനാരി വിട്ട് ന്യൂയോര്‍ക്കിലേക്ക് പോയി. അവിടേക്ക് കൊണ്ടുപോയത് നാല് പുസ്തകങ്ങളും 40 ഡോളറും മാത്രമായിരുന്നു.

[തിരുത്തുക] പ്രണയം, വിവാഹം, ഉപരിപഠനം

വില്‍ ഡുറാന്റ്, ന്യൂയോര്‍ക്ക് നഗരത്തിലെ മോഡേണ്‍ സ്കൂളിലെ തന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം കാലം 1911/12-നടുത്ത്). സ്കൂള്‍ അതിന്റെ മാസികയുടെ ആദ്യലക്കത്തില്‍ ഈ ചിത്രം ഉപയോഗിച്ചു.

ന്യൂയോര്‍ക്കില്‍ ഡുറാന്റ്, സ്വതന്ത്രവിദ്യാഭ്യാസ ശൈലി(Liberterian Education) പിന്തുടര്‍ന്നിരുന്ന ഫെറര്‍ മോഡേണ്‍ സ്കൂളില്‍ അദ്ധ്യാപകനായി. അവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന ഛായ കൗഫ്മാനെന്ന പെണ്‍കുട്ടി അദ്ദേഹത്തെ ആകര്‍ഷിച്ചു. ഛായയുടെ കുടുംബം ഉക്രൈനില്‍ നിന്ന് കുടിയേറിയ യഹൂദവംശജരായിരുന്നു. ചടുലപ്രകൃതിയായ ഛായയെ അദ്ദേഹം വിളിച്ചത് പക്ക് എന്നായിരുന്നു. ഷേക്സ്പിയറുടെ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീമിലെ കഥാപാത്രമായ കിന്നരന്റെ പേരായിരുന്നു അത്. പിന്നീട് അവരെ അദ്ദേഹം ഷേക്സ്പിയറുടെ ടെമ്പസ്റ്റിലെ കിന്നരകഥാപാത്രത്തിന്റെ പേര്‍ അനുകരിച്ച് ഏരിയല്‍ എന്നു വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ അത് അവരുടെ പേരായി. ഏരിയലിന് പതിനഞ്ചു വയസായപ്പോള്‍ ഡുറാന്റ് അവരുമായി പ്രണയത്തിലായി. അദ്ധ്യാപകന്‍ വിദ്യാര്‍ഥിയെ വിവാഹം കഴിക്കുന്നത് നിയമാനുസൃതമല്ലാതിരുന്നതിനാല്‍, ഏരിയലിലെ വിവാഹം കഴിക്കുന്നതിനായി ഡുറാന്റ് അദ്ധ്യാപക ജോലി രാജി വച്ചു. തുടര്‍ന്ന് അവര്‍ വിവാഹിതരായി.ഇരുവരുടെയും ജീവിതച്ചെലവുകള്‍ക്കായി ഡുറന്റ് അഞ്ചോ പത്തോ ഡോള‍റുകള്‍ക്ക് ലെക്ചറുകള്‍ എടുത്തിരുന്നു. അതേ സമയം അദ്ദേഹം കൊളംബിയ സര്‍വ്വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ പഠനത്തിനും ചേര്‍ന്നിരുന്നു. അവിടത്തെ പഠനച്ചെലവ് വഹിച്ചിരുന്നത് ഫെറര്‍ മോഡേണ്‍ സ്കൂളിന്റെ സ്പോണ്‍സറായിരുന്ന ആല്‍ഡന്‍ ഫ്രീമാന്‍ ആയിരുന്നു. അദ്ദേഹം ജീവശാസ്ത്രം മോര്‍ഗന്റെ(Morgan)യും മക് ഗ്രിഗ്റിന്റെ(McGregor)യും കീഴിലും മനഃശാസ്ത്രം വുഡ് വര്‍ത്തിന്റെ(Woodworth)യും പോഫന്‍ബെര്‍ഗിന്റെ(Poffenberger)യും കീഴിലും തത്ത്വശാസ്ത്രം വുഡ്ബ്രിഡ്ജിന്റെ(Woodbridge)യും ജോണ്‍ ഡൂവി(John Dewey)യുടെയും കീഴിലും പഠിച്ചു.

ഡുറാന്റുമാരുടെ മകളാണ് ഈഥല്‍ ഡുറാന്റ്.

[തിരുത്തുക] തത്ത്വചിന്തയുടെ കഥ

ഡുറാന്റിന്റെ ആദ്യഗ്രന്ഥം, തത്ത്വചിന്തയും സാമൂഹ്യപ്രശ്നങ്ങളും എന്ന പേരില്‍ 1917-ല്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധമാണ്. സാമൂഹത്തിലെ പ്രശ്നങ്ങളെ അവഗണിക്കുന്നതുകൊണ്ടാണ് തത്ത്വചിന്ത മുരടിച്ചുപോകുന്നത് എന്നായിരുന്നു അതില്‍ അദ്ദേഹം വാദിച്ചത്. 1917-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഡുറാന്റിന് അവിടെ തന്നെ തത്ത്വചിന്തയുടെ അദ്ധ്യാപകനായി ജോലികിട്ടിയെങ്കിലും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതോടെ ആ ജോലി നഷ്ടമായി. തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ഒരു പഴയ പ്രിസ്ബിറ്റേറിയന്‍ പള്ളിയില്‍ വ്യത്യസ്തപശ്ചാത്തലമുള്ള ശ്രോതക്കള്‍ക്കിടയില്‍ അദ്ദേഹം ഒരു പ്രസംഗപരമ്പര തുടങ്ങി. തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നിവയൊക്കെയായിരുന്നു വിഷയങ്ങള്‍. ഒരു ഞായറാഴ്ച വൈകിട്ട് ഡുറാന്റ് പള്ളിയില്‍ പ്ലേറ്റോയേക്കുറിച്ച് പ്രസംഗിക്കുമെന്ന അറിയിപ്പുകണ്ട ഇ ഹാല്‍ഡെമാന്‍ ജൂലിയസ് എന്ന പ്രസാധകന്‍ പ്രസംഗം കേള്‍ക്കാനെത്തി. ചെറിയ നീലപ്പുസ്തകങ്ങള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന അഞ്ചു സെന്റ് വിലയുള്ള ലഘുഗ്രന്ഥങ്ങളുടെ പ്രസാധകനായിരുന്നു ജൂലിയസ്. പ്രസംഗം ഇഷ്ടപ്പെട്ട അദ്ദേഹം അത് ഒരു ലഘുഗ്രന്ഥമായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുവാന്‍ ഡുറാന്റിനോടാവശ്യപ്പെട്ടു. പ്രതിഫലത്തിനുള്ള ചെക്ക് മുന്‍കൂറായി അയച്ചുകൊടുത്ത് ജൂലിയസ് നിര്‍ബ്ബന്ധിച്ചപ്പോള്‍ ഡുറാന്റ് സമ്മതിച്ചു. അങ്ങനെ പ്ലേറ്റോയേക്കുറിച്ചുള്ള ആദ്യപ്രഭാഷണവും പിന്നീട് അരിസ്റ്റോട്ടിലിനെക്കുറിച്ചും മറ്റു പാശ്ചാത്യതത്ത്വചിന്തകന്മാരെക്കുറിച്ചും നടത്തിയ പ്രഭാഷണങ്ങളും ജൂലിയസിന്റെ നിര്‍ബ്ബന്ധത്തില്‍ പതിനുന്നു ലഘുഗ്രന്ഥങ്ങളായി വെളിച്ചം കണ്ടു.


1926-ല്‍, ഈ ലഘുഗ്രന്ഥങ്ങളുടെ വിജയം കണ്ട ഒരു പുസ്തകപ്രസാധക സ്ഥാപനം അവയെല്ലാം ചേര്‍ത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഡുറാന്റിനെ പ്രേരിപ്പിച്ചു. ആയിരത്തോളം പ്രതികള്‍ വിറ്റഴിയുമെന്നാണ് ഡുറാന്റ് കണക്കുകൂട്ടിയത്. പ്രസാധകരുടെ ഉത്സാഹത്തില്‍ 1500 പ്രതികള്‍ അച്ചടിച്ചു. കൂടിയവിലയായ അഞ്ചു ഡോളറും, വിഷയത്തിന്റെ വിരസതയും വായനക്കാരെ അകറ്റുമന്നായിരുന്നു ഭയം. എന്നാല്‍ പല പതിപ്പുകളിലും പരിഭാഷകളിലുമായി തത്ത്വചിന്തയുടെ കഥ ഒടുവില്‍ ഇരുപതുലക്ഷത്തോളം പ്രതികള്‍ വിറ്റഴിഞ്ഞു. പ്രസിദ്ധീകരണത്തെ തുടര്‍ന്നു വന്ന നാളുകളില്‍ ആ പുസ്തകത്തെ പുകഴ്ത്തുന്നതും, അത് വിലകൊടുത്തു വാങ്ങുന്നതും, ചിലപ്പോള്‍ വായിക്കുന്നതുപോലും ഫാഷനായി മാറി എന്നാണ് തന്റെ പുസ്തകത്തിനുകിട്ടിയ സ്വീകരണത്തെക്കുറിച്ച് ഡുറാന്റ് പിന്നീട് എഴുതിയത്.[2] വായനക്കാരുടെ മുന്‍പില്‍ വിഷയം സൗമ്യമായും സൗഹൃദാഭാവത്തിലും എന്നാല്‍ ബുദ്ധിമുട്ടുകള്‍ മറച്ചുവക്കാതെയും അവതരിപ്പിക്കുന്ന രീതിയായിരുന്നു ഡുറാന്റ് അവലംബിച്ചത്. സ്പിനോസയുടെ 'സന്മാര്‍ഗ്ഗശാസ്ത്രം' എന്ന ഗ്രന്ഥത്തെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്ന ഭാഗം തന്റെ രീതിക്ക് ഉദാഹരണമായി അദ്ദേഹം തന്നെ ഏടുത്തുകാട്ടിയിട്ടുണ്ട് [3] അതിങ്ങനെയാണ്:-


സ്പിനോസയെ വായിക്കുകയല്ല, പഠിക്കുകയാണ് വേണ്ടത്. (സന്മാര്‍ഗ്ഗശാസ്ത്രത്തിന്റെ)ഹ്രസ്വമയ ഇരുനൂറുപുറങ്ങളില്‍ ഒരു മനുഷ്യന്‍, തന്റെ ആയുഷ്കാലത്തെ ചിന്തകളത്രയും, പകര്‍ന്നുവച്ചിരിക്കുകയാണെന്നും, അനാവശ്യമായതിനെയെല്ലാം ചീന്തിക്കളയുന്ന സ്റ്റോയിക് ശില്പനിഷ്കര്‍ഷയാണ് അദ്ദേഹം പിന്തുടര്‍ന്നത് എന്നും അറിഞ്ഞ്, യൂക്ലിഡിനെ സമീപിക്കുന്നതുപോലെ വേണം സ്പിനോസയെ സമീപിക്കാന്‍. ഓടിച്ചുള്ള വായനയില്‍ സന്മാര്‍ഗശാസ്ത്രത്തിന്റെ കാമ്പ് പിടികിട്ടുമെന്ന് കരുതരുത്. ഒറ്റയടിക്കല്ല, പല ഇരുപ്പില്‍, ഭാഗങ്ങളായാണ് അത് വായിക്കേണ്ടത്. വായന തീര്‍ന്നുകഴിയുമ്പോള്‍, നിങ്ങള്‍ അതിനെ കഷ്ടിച്ചു മനസ്സിലാക്കാന്‍ തുടങ്ങിയെന്നേ കരുതാവൂ. തുടര്‍ന്ന്, പൊള്ളോക്ക്, മാര്‍ട്ടിന്യൂ എന്നിവരില്‍ ഒരാളെങ്കിലും എഴുതിയ പഠനം വായിക്കുക. രണ്ടു പഠനങ്ങളും വായിക്കാനായാല്‍ ഏറെ നന്ന്. ഒടുവില്‍ 'സന്മാര്‍ഗ്ഗശാസ്ത്രം' വീണ്ടും വായിക്കുക. അപ്പോള്‍ അത് നിങ്ങള്‍ക്ക് ഒരു പുതിയ പുസ്തകമായിരിക്കും. രണ്ടാമത്തെ വായനക്ക് ശേഷം നിങ്ങള്‍ നിത്യകാലവും തത്ത്വചിന്തയുമായി പ്രണയത്തിലായിരിക്കും.[4]


തത്ത്വചിന്തയുടെ കഥയുടെ വിജയം ഡുറാന്റുമാര്‍ക്ക് അടിയുറച്ച സാമ്പത്തിക സുരക്ഷ നല്‍കി. നിത്യവൃത്തിയെക്കുറിച്ചുള്ള അല്ലലില്ലാതെ, സംസ്കാരത്തിന്റെ കഥ എന്ന വലിയ രചനാസം‌രംഭത്തില്‍ മുഴുകാന്‍ അവരെ പ്രാപ്തരാക്കിയത് ആ സുരക്ഷയാണ്.


തത്ത്വചിന്തയുടെ കഥക്കുണ്ടായിരുന്ന കുറവുകള്‍ പലതും ഡുറാന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ക്രിസ്തുവര്‍ഷാരംഭത്തിന് മൂന്നിലേറെനൂറ്റാണ്ടുമുന്‍പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിനും പതിനാറാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ് ബേക്കണും ഇടക്കുള്ള പാശ്ചാത്യചിന്തകന്മാരെയെല്ലാം പരിഗണിക്കാതിരുന്നതായിരുന്നു അതിന്റെ ഒരു കുറവ്. എന്നാല്‍ അക്കാലത്ത് ചിന്തയുടെ ലോകത്തെ മേധാവികള്‍ തത്ത്വചിന്തയിലെന്നതിനേക്കാള്‍ ദൈവശാസ്ത്രത്തിലാണ് അഭിരമിച്ചത് എന്ന ന്യായീകരണം അദ്ദേഹത്തിനുണ്ടായിരുന്നു.[ക] ജ്ഞാനസിദ്ധാന്തികളെ (Epistemologists) പൊതുവേ അവഗണിച്ചതിനും[ഖ] വിശദീകരണമുണ്ടായിരുന്നു: ജ്ഞാനസിദ്ധാന്തത്തെ തത്ത്വചിന്തയുടെയെന്നതിനേക്കാള്‍ മന:ശാസ്ത്രത്തിന്റെ ഭാഗമായാണ് ഡുറാന്റ് കണ്ടത്. ഡുറാന്റിനെ ഏറെ വിഷമിപ്പിച്ചത് പാശ്ചാത്യലോകത്തെ വിമര്‍ശകന്മാര്‍ ഏറെ ശ്രദ്ധിക്കതിരുന്ന മറ്റൊരു കുറവാണ്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:-

വിമര്‍ശകന്മാര്‍ ശ്രദ്ധിച്ചില്ലെങ്കിലും, ഏറ്റവും വലിയ പിഴ ചൈനയിലേയും ഇന്‍ഡ്യയിലേയും തത്ത്വചിന്തകളെ അവഗണിച്ചതാണ്. സോക്രട്ടീസില്‍ തുടങ്ങുകയും, ലാവോസിയെ, കണ്‍ഫ്യൂഷസ്, മെന്‍സിയസ്, ച്വാങ്ങ സേ, ബുദ്ധന്‍, ശങ്കരന്‍ എന്നിവരെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന തത്ത്വചിന്തയുടെ കഥ പ്രദേശികപൂര്‍ണ്ണതയില്ലാത്തതാണ്.[5]


തന്റെ അടുത്ത ഗ്രന്ഥമായ സംസ്കാരത്തിന്റെ കഥക്ക് ഇത്തരം പ്രാദേശിക അപൂര്‍ണ്ണത(Provincial Incompleteness) ഉണ്ടാകാതിരിക്കാന്‍ ഡുറാന്റ് പ്രത്യേകം ശ്രദ്ധിച്ചു.

[തിരുത്തുക] സംസ്കാരത്തിന്റെ കഥ

താന്‍ നേരത്തേ ജോലിചെയ്തിരുന്ന ന്യൂയോര്‍ക്ക് ഈവനിങ്ങ് ജേര്‍ണലിന്റെ പത്രാധിപരായിരുന്ന ആര്‍തര്‍ ബ്രിസ്ബേന്റെ നിര്‍ദ്ദേശമനുസരിച്ച്, ഇംഗ്ലീഷ് ചരിത്രകാരനായ ഹെന്റി തോമസ് ബക്കിളിന്റെ(1821-1862) "സംസ്കാരത്തിന്റെ ചരിത്രത്തിന് ഒരാമുഖം" എന്ന പുസ്തകം ഡുറാന്റ് വായിച്ചിരുന്നു. മനുഷ്യന്റെ ഭൂതകാലത്തെ തത്ത്വചിന്താപരമായി നോക്കിക്കാണാന്‍ ആഗ്രഹിച്ച ഡുറാന്റിന് ആ പുസ്തകം ഇഷ്ടപ്പെട്ടു. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തെ തുടക്കം മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെ പിന്തുടരുന്ന ഒരു ഗ്രന്ഥപരമ്പര എഴുതാന്‍ പദ്ധതിയിട്ട ബക്കിള്‍ ആമുഖവാല്യം എഴുതിക്കഴിഞ്ഞ് അകാലത്തില്‍ മരിച്ചു എന്ന അറിവ് ഡുറാന്റിന്റെ സ്പര്‍ശിച്ചു. ബക്കിള്‍ ഉദ്ദേശിച്ചതരം ഒരു ഗ്രന്ഥം എഴുതാന്‍ ആഗ്രഹിച്ച ഡുറാന്റ് അതിന് തയ്യാറെടുക്കാനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങി.

[തിരുത്തുക] ആദ്യവാല്യങ്ങള്‍

[തിരുത്തുക] നമ്മുടെ പൗരസ്ത്യപൈതൃകം

മനുഷ്യവ്യക്തികളുടെ ധാരണാശേഷിയും വീക്ഷണഗതികളും വികസിപ്പിച്ച്, സഹജീവികളുടെ മാനുഷികമായ ബലഹീനതകളും അബദ്ധങ്ങളും പൊറുക്കാന്‍ അവരെ പ്രാപ്തരാക്കാനാണ് ഡുറാന്റ് ആഗ്രഹിച്ചത്. "ഗ്രീസിന്റെ കഥയില്‍ ആരംഭിച്ച്, ഏഷ്യയെ ഒരുവരിയില്‍ ഒതുക്കി സമാപിക്കുന്ന പരമ്പരാഗത ചരിത്രരചനയിലെ പ്രാദേശികത, വീക്ഷണഗതിയുടേയും ധിഷണയുടേയും മാരകമായ വൈകല്യം വ്യക്തമാക്കുന്നുവെന്നു" കരുതിയ അദ്ദേഹം,[6] യൂറോമധ്യവാദം (Eurocentrism) എന്ന് പിന്നീട് അറിയപ്പെട്ട നിലപാടില്‍ പ്രതിഫലിച്ച അലസമായ താന്‍പോരിമയില്‍ നിന്ന് സംസ്കാരത്തിന്റെ കഥ മുക്തമായിരിക്കണമെന്ന് ആഗ്രഹിച്ചു. ആ പരമ്പരയുടെ ആദ്യവാല്യം പൗരസ്ത്യസംസ്കൃതികളുടെ ഒരു ബൃഹദ്പഠനമായിരുന്നു. "നമ്മുടെ പൗരസ്ത്യപൈതൃകം" (Our Oriental Heritage) എന്ന് പേരിട്ട ആ വാല്യത്തില്‍ അദ്ദേഹം, യൂറോപ്പ് ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ കേവലം ഒരു മുനമ്പ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പൗരസ്ത്യസംസ്കൃതികളെ തുടക്കം മുതല്‍ ഗാന്ധിയുടേയും ചിയാങ്ങ്‌ കൈഷേക്കിന്റേയും കാലം വരെ പിന്തുടര്‍ന്ന ആ വാല്യം എഴുതിത്തീര്‍ക്കാന്‍ അറു വര്‍ഷമെടുത്തു. മെസൊപ്പൊട്ടേമിയ, ബാബിലോണ്‍, ചൈന, പേര്‍ഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ സംസ്കാരങ്ങളാണ്‌ ഈ വാല്യത്തില്‍ വിവരിച്ചിരിക്കുന്നത്[7].


സംസ്കാരത്തിന്റെ കഥ എന്ന ഗ്രന്ഥനാമത്തിലെ 'കഥ' എന്ന വാക്കുകൊണ്ട് ഡുറാന്റ് ഉദ്ദേശിച്ചത് തന്റെ ഗ്രന്ഥം സ്കൂള്‍ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതൊരാള്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതാണെന്നാണ്. എന്നാല്‍ വായന രസകരവും എളുപ്പവുമാക്കിയത് ഗുണമേന്മയിലുള്ള നിഷ്കര്‍ഷ വിടാതെയാണ്. ആദ്യവാല്യമായ "നമ്മുടെ പൗരസ്ത്യപൈതൃകം" എഴുതുന്നതിനുമാത്രമായി ഡുറാന്റ് രണ്ടുവട്ടം ലോകം ചുറ്റിക്കറങ്ങി. അഗാധമായ പാണ്ഡിത്യവും, വിശദവിവരങ്ങളിലുള്ള ഊന്നലും, തത്ത്വചിന്താപരമായ സമീപനവുമെല്ലാം ഓരോ വാല്യത്തേയും അനുഗ്രഹിച്ചിരുന്നു. ഫലിതം കലര്‍ന്ന തത്ത്വചിന്ത പലയിടത്തും കാണാം. മനുഷ്യചരിത്രത്തിന്റെ ആദിമദശയിലെ ദാരുണമായ ജീവിതസാഹചര്യങ്ങളില്‍ ആത്മഹത്യ സാധാരണമായിരുന്നുവെന്ന് പറഞ്ഞതിനുശേഷമുള്ള ഈ നിരീക്ഷണം ഉദാഹരണമാണ്:-


ആര്‍ത്തിയെ സമ്പാദ്യശീലവും, ആക്രമണവാസനയെ സം‌വാദകൗതുകവും, കൊലപാതകമോഹത്തെ വ്യവഹാരശീലവും, ആത്മഹത്യയെ തത്ത്വചിന്തയുമായി വര്‍ഗ്ഗപരിവര്‍ത്തനം ചെയ്യുകയായിരുന്നു സംസ്കാരത്തിന്റെ ദൗത്യം. ദുര്‍ബ്ബലരെ തിന്നൊടുക്കുമ്പോള്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നുകൊള്ളാമെന്ന് ശക്തന്മാര്‍ സമ്മതിച്ചതുതന്നെ വലിയൊരു മുന്നേറ്റമായിരുന്നു. [8]


പ്രാചീനസംസ്കാരങ്ങളില്‍ പൗരോഹിത്യം നിര്‍വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഡുറാന്റിന്റെ നിരീക്ഷണം ഇതാണ്:-


പുരോഹിതന്‍ മതത്തെ സൃഷ്ടിക്കുകയല്ല, അതിനെ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. പൗരോഹിത്യത്തിന്റെ കണ്ടെത്തലിലോ കൗശലത്തിലോ എന്നതിനേക്കാള്‍ മനുഷ്യന്റെ ജിജ്ഞാസയിലും, ഭയത്തിലും, അര‍ക്ഷാബോധത്തിലും, പ്രത്യാശയിലും, ഏകാന്തതാവ്യസനത്തിലുമാണ് മതത്തിന്റെ തുടക്കം. അന്ധവിശ്വാസത്തെ എതിര്‍ക്കാതിരുന്നതും, ചിലതരം അറിവുകള്‍ കുത്തകയാക്കി വച്ചതും പുരോഹിതന്റെ തെറ്റാണെന്ന് സമ്മതിക്കാം. എന്നാല്‍ അയാള്‍ അന്ധവിശ്വാസത്തിന് അതിരുനിശ്ചയിക്കുകയും പലപ്പോഴും അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ജനങ്ങള്‍ക്ക് പുരോഹിതന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ പകര്‍ന്നുനല്‍കി; സമൂഹത്തിന്റെ വളര്‍ന്നുകൊണ്ടിരുന്ന സാംസ്കാരിക പൈതൃകത്തിന് അയാള്‍ ചുമതലക്കാരനും സം‌വാഹകനും ആയിരുന്നു. ശക്തന്മാരുടെ അനിവാര്യമായ ചൂഷണത്തില്‍ ദുര്‍ബ്ബലന്മാരെ അയാള്‍ ആശ്വസിപ്പിച്ചു. മതം കലയെ പോഷിപ്പിച്ചതും മനുഷ്യന്റെ സദാചാരബോധത്തെ അതിഭൗതിന്യായങ്ങളുടെ ആശ്രയത്തില്‍ താങ്ങി നിര്‍ത്തിയതും പുരോഹിതനെ മദ്ധ്യവര്‍ത്തിയാക്കിയാണ്. അയാള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ അയാളെ സൃഷ്ടിക്കുമായിരുന്നു.[9]

[തിരുത്തുക] ഗ്രീസിന്റെ ജീവിതം

പരമ്പരയിലെ രണ്ടാം വാല്യമായ "ഗ്രീസിന്റെ ജീവിതം", ഗ്രീക്ക് സംസ്കാരത്തിന്റെ കഥയാണ് പറഞ്ഞത്. ഗ്രീക്ക് രാഷ്ട്രതന്ത്രം, വ്യവസായം, ആചാരമര്യാദകള്‍, സന്മാര്‍ഗശാസ്ത്രം, മതം, തത്ത്വചിന്ത, ശാസ്ത്രം, സാഹിത്യം, കല എന്നിവയുടെ ആദിമകാലം മുതല്‍ റോമന്‍ അധിനിവേശം വരെയുള്ള ചരിത്രമായിരുന്നു അത്. 1939-ല്‍ വെളിച്ചം കണ്ട ആ വാല്യത്തില്‍ ഡുറാന്റ്, ആധുനികവും പൗരാണികവുമായ സംസ്കാരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളിലെ സമാനതകള്‍ എടുത്തുപറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയില്‍ റുസ്വെല്‍റ്റിനും, പുരാതന ഗ്രീസില്‍ പെരിക്കിള്‍സിനും ഒരേതരം പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ദാരിദ്ര്യം മൂലം സര്‍ക്കാര്‍ സഹായം(Doles) വാങ്ങി ജീവിക്കേണ്ടി വന്ന മനുഷ്യര്‍, അത്തരം സഹായപദ്ധതികളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍, നികുതിപിരിവ്, നികുതിവെട്ടിപ്പ്, മതവും ശാസ്ത്രവുമായുള്ള പിണക്കങ്ങള്‍ എന്നിവയെല്ലാം, രണ്ടു സംസ്കാരങ്ങളിലുമുണ്ടായിരുന്നു. തീഷ്ണമായ നിരീക്ഷണങ്ങളും ഓര്‍മ്മയില്‍ നില്‍ക്കുന്ന ആപ്തവാക്യങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ വാല്യം. "മക്കളുടെ വിനോദങ്ങള്‍ പിതാക്കന്മാരുടെ പാപങ്ങളോളം പഴക്കമുള്ളവയാണ്" എന്നെഴുതിയ ഡുറാന്റ്, രാഷ്ട്രങ്ങളുടെ ഉത്ഭവത്തേയും പതനത്തേയും സംബന്ധിച്ച് ഈ ഗ്രന്ഥത്തില്‍ പറയുന്നത്, "രാഷ്ട്രങ്ങള്‍ സം‌യമചിന്തയില്‍ ജനിക്കുകയും, ഭോഗഹര്‍ഷത്തില്‍ മരിക്കുകയും ചെയ്യുന്നു" (A nation is born stoic and dies epicurean.) എന്നാണ്.

[തിരുത്തുക] സീസറും ക്രിസ്തുവും

പരമ്പരയിലെ 1944-ല്‍ പ്രസിദ്ധീകരിച്ച മൂന്നാം വാല്യത്തിന് "സീസറും ക്രിസ്തുവും" എന്നാണ് പേരിട്ടത്. ചരിത്രത്തിലെ മഹാസം‌രംഭങ്ങളിലൊന്നായ റോമാ സാമ്രാജ്യത്തിന്റേയും അതിന്റെ പിന്നാമ്പുറങ്ങളിലൊന്നില്‍ പാര്‍ശ്വവല്‍കൃത മുന്നേറ്റമായി തുടങ്ങിയ ക്രിസ്തുമതം ക്രമേണ അതിനെ ഗ്രസിച്ച് കീഴടക്കി അതിജീവിക്കുന്നതിന്റേയും കഥയാണ് ഈ വാല്യം പറഞ്ഞത്. ഡുറാന്റിന്റെ ശൈലിയും സമീപനരീതിയും ഈ വാല്യത്തിലും പ്രകടമാണ്. റോമന്‍ ചിന്തകനായ സെനെക്കയെക്കുറിച്ചുള്ള ഒരു നിരീക്ഷണം ഇങ്ങനെയാണ്:-


അദ്ദേഹത്തിന്റെ ആശയങ്ങളില്‍ പുതിയതായൊന്നുംതന്നെയില്ല. എന്നാല്‍ അത് ക്ഷമിക്കാവുന്നതേയുള്ളു. കാരണം, തത്ത്വചിന്തയില്‍ സത്യമായുള്ളതെല്ലാം പുരാനവും മൗലികമെന്നു തോന്നുന്നവ അബദ്ധങ്ങളുമാണ്. സെനെക്കയുടെ എല്ലാ കുറവുകളും കണക്കിലെടുത്താലും, റോമിലെ ചിന്തകന്മാരില്‍ ഏറ്റവും മഹാനും, തന്റെ ഗ്രന്ഥങ്ങളിലെങ്കിലും, അവിടത്തെ ഏറ്റവും ബുദ്ധിമാനും ദയാവാനുമായ മനുഷ്യനുമായിരുന്നു അദ്ദേഹം. സിസറോ കഴിഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും സ്നേഹാര്‍ഹനായ കാപട്യക്കാരനായിരുന്നു(lovable hypocrite) സെനെക്ക.[10]

[തിരുത്തുക] വിശ്വാസത്തിന്റെ യുഗം

"വിശ്വാസത്തിന്റെ യുഗം" (The Age of Faith) എന്നു പേരിട്ട നാലാം ഭാഗം 1950-ലാണിറങ്ങിയത്. പരമ്പരയിലെ ഏറ്റവും വലിയ വാല്യങ്ങളിലൊന്നായിരുന്ന അത്, റോമാ സാമ്രാട്ടായിരുന്ന കോണ്‍സ്റ്റന്റൈനില്‍ തുടങ്ങി ഇറ്റലിയന്‍ കവി ഡാന്റെയില്‍ അവസാനിക്കുന്ന ആയിരം വര്‍ഷക്കാലത്തെ യഹൂദ, ക്രൈസ്തവ, ഇസ്ലാമിക സംസ്കാരങ്ങളുടെ കഥയാണ് പറഞ്ഞത്. [11]

[തിരുത്തുക] നവോദ്ധാനം, മതനവീകരണം

അഞ്ചും ആറും വാല്യങ്ങള്‍ യഥാക്രമം യൂറോപ്യന്‍ "നവോത്ഥാനം", "മതനവീകരണം" എന്നിവയെയാണ് വിഷയമാക്കിയത്. മതനവീകരണത്തെ വിഷയമാക്കി എഴുതുമ്പോള്‍ ചരിത്രകാരന്റെ നിഷ്പക്ഷത വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് അറിഞ്ഞ ഡുറാന്റ് ഇങ്ങനെ എഴുതി:-

ആകര്‍ഷകമെങ്കിലും ബുദ്ധിമുട്ടുള്ള ഈ വിഷയത്തില്‍ എഴുതുന്ന ഓരോ വാക്കും ചോദ്യം ചെയ്യപ്പെട്ടെന്നോ എതിര്‍പ്പിന് കാരണമായെന്നോ വരാം.നിഷ്പക്ഷത പുലര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. അതേസമയം മനുഷ്യന്റെ നിലപാടുകളില്‍ അവന്റെ ഭൂതകാലത്തിന്റെ നിറം കലര്‍ന്നിരിക്കുമെന്നും നിഷ്പക്ഷതയോളം അരോചകമായി മറ്റൊന്നുമില്ലെന്നും എനിക്കറിയാം. അടിയുറച്ച കത്തോലിക്കാ വിശ്വാസത്തിലാണ് എന്നെ വളര്‍ത്തിയതെന്നും എന്റെ പരുക്കന്‍ യൗവ്വനത്തെ സഹിച്ച അര്‍പ്പണമനസ്കരായ വൈദികരേയും, ജ്ഞാനികളായ ഈശോസഭാസന്യാസികളേയും ദയാവതികളായ കന്യാസ്ത്രീകളേയും ഞാന്‍ നന്ദിയോടെ ഇപ്പോഴും ഓര്‍ക്കുന്നെന്നും വായനക്കാരന്‍ അറിഞ്ഞിരിക്കട്ടെ. അതോടൊപ്പം എന്റെ വിദ്യാഭ്യാസത്തില്‍ ഒരു വലിയ പങ്ക്, ഒരു പ്രിസ്ബിറ്റേറിയന്‍ പള്ളിയില്‍ ഗുണപൂര്‍ണ്ണരായ പ്രൊട്ടസ്റ്റന്റുകളുടെ സഹിഷ്ണുതയുടെ തണലില്‍ പതിമൂന്നു വര്‍ഷം പ്രഭാഷണം നടത്തി നേടിയതാണെന്നുകൂടി വായനക്കാരന്‍ അറിയണം. മുന്‍വിധിക്ക് ന്യായീകരണമായി ഒന്നും പറയാനില്ലാത്തവനാണ് ഞാന്‍. യുക്തിബോധത്തിലുള്ള ശരണംപോലും ദുര്‍ബ്ബലമായ വിശ്വാസമാണെന്നും നാമെല്ലാം സൂര്യനെ തപ്പിനടക്കുന്ന ഇരുട്ടിന്റെ കണങ്ങളാണെന്നുമുള്ള അറിവ് എല്ലാ മതങ്ങളോടും ഊഷ്മളമായ സഹാനുഭൂതി പുലര്‍ത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. അന്തിമസത്യങ്ങളെക്കുറിച്ച്, ലളിതബുദ്ധിയായ ഒരു തെരുവുബാലനുള്ള അറിവ് മാത്രമേ എനിക്കുള്ളു.[12]

[തിരുത്തുക] ഏരിയലുമായി സഹകരിച്ച്

വില്‍ ഡുറാന്റിന്റെ പത്നിയും സംസ്കാരത്തിന്റെ കഥയുടെ രചനയില്‍ അദ്ദേഹത്തിന്റെ സഹകാരിയും ആയിരുന്ന ഏരിയല്‍ ഡുറാന്റ് - 1961-ലെ ചിത്രം

സംസ്കാരത്തിന്റെ കഥയുടെ നിര്‍മ്മിതിയില്‍ തുടക്കം മുതല്‍ തന്നെ ഡുറാന്റിന്റെ പത്നി ഏരിയലും പങ്കാളിയായിരുന്നു. മുന്നോട്ടുള്ള വാല്യങ്ങളില്‍ അവരുടെ സംഭാവന ഏറി വന്നു. പരമ്പരയില്‍ ഏഴാമത്തേതായിരുന്ന "യുക്തിയുഗത്തിന്റെ തുടക്കം" മുതലുള്ള വാല്യങ്ങള്‍ വില്‍, ഏരിയല്‍ ഡുറാന്റുമാര്‍ ഇരുവരുടേയും പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

[തിരുത്തുക] യുക്തിയുഗത്തിന്റെ തുടക്കം

1558 മുതല്‍ 1642 വരെയുള്ള ചരിത്രം പരിഗണിച്ച ഈ വാല്യം 1961-ലാണ് വെളിച്ചം കണ്ടത്. ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞി മുതല്‍ ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഗലീലിയോ വരെയുള്ളുവരുടെ കാലത്തെ കഥയായിരുന്നു ഈ വാല്യത്തിനു വിഷയം.

[തിരുത്തുക] ലൂയി പതിനാലാമന്റെ കാലം

1963-ല്‍ പ്രസിദ്ധീകരിച്ച അടുത്ത വാല്യം, 1648-ല്‍ അഞ്ചാമത്തെ വയസ്സില്‍ സിംഹാസനാരോഹണം ചെയ്ത്, 1715 വരെയുള്ള 67 വര്‍ഷക്കാലം ഭരിച്ച ഫ്രാന്‍സിലെ ലൂയി പതിനാലാമന്റെ കാലത്തിന്റെ പഠനമായിരുന്നു. പാസ്കല്‍, മോളിയേര്‍, ക്രോംവെല്‍, മില്‍ട്ടണ്‍, ന്യൂട്ടന്‍, സ്പിനോസ, റഷ്യയിലെ പീറ്റര്‍ ചക്രവര്‍ത്തി തുടങ്ങിയ അതികായന്മാരുടെ കാലത്തെ യൂറോപ്യന്‍ സംസ്കാരത്തിന്റെ ചിത്രം അത് വര്‍ച്ചുകാട്ടി.

[തിരുത്തുക] വോള്‍ട്ടയറുടെ യുഗം

ഈ വാല്യം 1965-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1715 മുതല്‍ 1756 വരെയുള്ള യൂറോപ്പിന്റെ ചരിത്രം ഇതില്‍ പരിഗണിക്കപ്പെട്ടു. സുദീര്‍ഘമായ വാഴ്ചക്കുശേഷമുണ്ടായ ലൂയി പതിനാലാമന്റെ മരണം മുതല്‍, മുഖ്യയൂറോപ്യന്‍ രാഷ്ട്രശക്തികള്‍ തമ്മില്‍ നടന്ന പ്രസിദ്ധമായ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലമായിരുന്നു അത്.

[തിരുത്തുക] റുസ്സോയും വിപ്ലവവും

ഫ്രഞ്ച് വിപ്ലവത്തിന്റെ ബൗദ്ധികപശ്ചാത്തലമൊരുക്കിയ ചിന്തകന്മാരില്‍ മുഖ്യനായ റുസ്സോയുടെ പേരില്‍ അറിയപ്പെട്ട ഈ വാല്യം 1967-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1756-ല്‍ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം മുതല്‍ 1789-ല്‍ ഫ്രഞ്ചുവിപ്ലവത്തിന് നാന്ദികുറിച്ചുകൊണ്ട് കുപ്രസിദ്ധമായ ബസ്റ്റീല്‍ ജെയില്‍ തകര്‍ക്കപ്പെട്ടതുവരെയുള്ള ചരിത്രമായിരുന്നു ഇതിലുണ്ടായിരുന്നത്. സംസ്കാരത്തിന്റെ ചരിത്രം ഈ വാല്യത്തിന്റെ പേരിലാണ് ഡുറാന്റുമാര്‍ക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.

[തിരുത്തുക] നെപ്പോളിയന്റെ യുഗം

"റുസ്സോയും വിപ്ലവവും" എന്ന പത്താം വാല്യമായിരിക്കും സംസ്കാരത്തിന്റെ കഥയില്‍ അവസാനത്തേത് എന്നാണ് ഡുറാന്റുമാര്‍ ആദ്യം കരുതിയത്. അതിനാല്‍, ആ വാല്യത്തെ തുടര്‍ന്ന്, "ചരിത്രത്തിന്റെ പാഠങ്ങള്‍" എന്ന ഒരു ലഘുരചന അവലോകനവും സംഗ്രഹവുമെന്നോണം അവര്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ പിന്നീട് കഥ കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയ "നെപ്പോളിയന്റെ യുഗം" എന്ന വാല്യം കൂടി പ്രസിദ്ധീകരിച്ചു. 1789-ലാരംഭിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ കഥ വിസ്തരിച്ചു പറയുന്ന ഈ വാല്യം നെപ്പോളിയന്റെ വളര്‍ച്ചയും തകര്‍ച്ചയുമെല്ലാം വിശദമായി പരിഗണിക്കുന്നു. ഫ്രഞ്ചു വിപ്ലവം മുതല്‍ 1840 വരെയുള്ള കാലത്തെ ചരിത്രമാണ് ഇതിലുള്ളത്. 1975-ലാണ് ഡുറാന്റുമാരുടെ ബൃഹദ്സം‌രംഭത്തിന്റെ ഈ അന്തിമവാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

[തിരുത്തുക] എഴുതപ്പെടാതെ പോയ വാല്യങ്ങള്‍

സംസ്കാരത്തിന്റെ കഥയെ 1945 വരെ എത്തിക്കാന്‍ പദ്ധതിയിട്ട്, "ഡാര്‍വിന്റെ യുഗം" എന്ന പേരില്‍ ഒരു വാല്യത്തിനുവേണ്ട കുറിപ്പുകളും, "ഐന്‍സ്റ്റീന്റെ യുഗം" എന്ന പേരിലൊന്നിന്റെ രൂപരേഖയും ഡുറാന്റുമാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ആ വാല്യങ്ങള്‍ എഴുതപ്പെടാതെയിരുന്നു.

[തിരുത്തുക] മറ്റു രചനകള്‍

1929-ല്‍ പ്രസിദ്ധീകരിച്ച "തത്ത്വചിന്തയുടെ സദനങ്ങള്‍"(Mansions of Philosophy) വില്‍ ഡുറാന്റിന്റെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ്. തത്ത്വചിന്തയുടെ ആനന്ദം (Pleasures of Philosophy) എന്ന പേരില്‍ അത് പിന്നീട് പുന:പ്രസാധനം ചെയ്തു. ഡുറന്റിന്റെ രണ്ടു രചനകള്‍ അദ്ദേഹത്തിന്റെ ജീവിതാനന്തരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ചരിത്രനായകന്മാര്‍ (Heros of History) എന്ന കൃതി 2001-ലും "എക്കാലത്തേയും ഏറ്റവും മഹത്തായ ധിഷണകളും ആശയങ്ങളും" എന്നത് 2002-ലും ആണ് പ്രസിദ്ധീകരിച്ചത്. ഡുറാന്റുമാര്‍ ഒന്നു ചേര്‍ന്ന് അവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ഇരട്ട ആത്മകഥ (Dual Autobiography) എന്നാണ് അതിന്റെ പേര്.

[തിരുത്തുക] മരണം

ഡുറാന്റുമാര്‍ തങ്ങളുടെ അസാധാരണമായ രചനാസം‌രംഭമെന്നപോലെ ശ്രദ്ധേയമായ ഒരു പ്രേമകഥയും പങ്കിട്ടു. അവരുടെ ഇരട്ട ആത്മകഥ ഈ പ്രേമത്തിന്റെ ആഖ്യാനമാണ്. 1981-ല്‍ ഹൃദയാസ്വാസ്ഥ്യം മൂലം വില്‍ ഡുറാന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന്, അദ്ദേഹം മടങ്ങിവന്നേക്കില്ല എന്നു ഭയന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയ ഏരിയല്‍ ഒക്ടോബര്‍ 25-ന് മരിച്ചു. അമ്മയുടെ മരണം പിതാവില്‍ നിന്ന് മറച്ചുവക്കാന്‍ മകള്‍ ഈഥലും പേരക്കിടാങ്ങളും ശ്രമിച്ചെങ്കിലും ഏരിയലിന്റെ മരണവാര്‍ത്ത റേഡിയോയിലെ സായാഹ്നവാര്‍ത്തയില്‍ കേട്ട വില്‍ നവംബര്‍ 7-ന് 96-ആം വയസ്സില്‍ അന്തരിച്ചു. ലോസാഞ്ചലസിലെ വെസ്റ്റ്വുഡ് മെമ്മോറിയല്‍ പാര്‍ക്ക് സിമിത്തേരിയില്‍ അടുത്തടുത്തായാണ് അവരെ സംസ്കരിച്ചിരിക്കുന്നത്.

[തിരുത്തുക] കുറിപ്പുകള്‍

ക.^  സ്കോളാസ്റ്റിക് ചിന്ത തത്ത്വചിന്തയല്ല, പ്രച്ഛന്നവേഷത്തിലുള്ള ദൈവശാസ്ത്രമാണ് എന്ന് ഡുറാന്റ് കരുതി. സെമിനാരിയില്‍ അതിന്റെ പീഡനം ഏറെ അനുഭവിച്ചിട്ടുള്ള തന്നെപ്പോലൊരാള്‍ അതിനെ അവഗണിക്കുന്നതിന് മാപ്പര്‍ഹിക്കുന്നുവെന്നും അദ്ദേഹം എഴുതി.


ഖ.^  ജ്ഞാനസിദ്ധാന്തികളില്‍ ആകെ പരിഗണിക്കപ്പെട്ടിരുന്നത് ഇമ്മാനുവേല്‍ കാന്റ് ആയിരുന്നു. കാന്റിനെക്കുറിച്ച് തത്ത്വചിന്തയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിരുന്ന നാല്പതു പുറം വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തയുടെ അര്‍ഥം തനിക്ക് ആദ്യമായി മനസ്സിലായതെന്ന്, മദ്ധ്യ-പശ്ചിമ അമേരിക്കയിലെ സര്‍വകലാശാലകളിലൊന്നില്‍ പതിനഞ്ചു വര്‍ഷം കാന്റിന്റെ തത്ത്വചിന്ത പഠിപ്പിച്ച ഒരു പ്രൊഫസര്‍ ഡുറാന്റിന് എഴുതിയത്രെ.

[തിരുത്തുക] വില്‍ ഡുറാന്റിന്റെ ഗ്രന്ഥങ്ങള്‍

[തിരുത്തുക] സംസ്കാരത്തിന്റെ കഥ

  • നമ്മുടെ പൗരസ്ത്യപൈതൃകം (1935)
  • ഗ്രീസിന്റെ ജീവിതം (1939)
  • സീസറും ക്രിസ്തുവും (1944)
  • വിശ്വാസത്തിന്റെ യുഗം (1950)
  • നവോത്ഥാനം (1953)
  • മതനവീകരണം (1957)
  • യുക്തിയുഗത്തിന്റെ തുടക്കം - ഏരിയലുമായി ചേര്‍ന്നെഴുതിയത്(1961)
  • ലൂയി പതിനാലാമന്റെ കാലം - ഏരിയലുമായി ചേര്‍ന്നെഴുതിയത് (1963).
  • വോള്‍ട്ടയറുടെ കാലം - ഏരിയലുമായി ചേര്‍ന്നെഴുതിയത് (1965)
  • റുസ്സോയും വിപ്ലവവും - ഏരിയലുമായി ചേര്‍ന്നെഴുതിയത് (1967)
  • നെപ്പോളിയന്റെ യുഗം - ഏരിയലുമായി ചേര്‍ന്നെഴുതിയത്(1975)

[തിരുത്തുക] മറ്റു ഗ്രന്ഥങ്ങള്‍

  • തത്ത്വചിന്തയും സാമൂഹ്യപ്രശ്നവും(1917)
  • തത്ത്വചിന്തയുടെ കഥ(1926)
  • പരിവര്‍ത്തനം (1927)
  • തത്ത്വചിന്തയുടെ സദങ്ങള്‍(1929)
  • ഇന്‍ഡ്യയുടെ പക്ഷം(1930)
  • ധിഷണയുടെ സാഹസങ്ങള്‍(1931)
  • തത്ത്വചിന്തയുടെ ആനന്ദം (1953)(തത്ത്വചിന്തയുടെ സദനങ്ങളുടെ പരിഷ്കരിച്ച പുന:പ്രകാശനം)
  • ചരിത്രത്തിന്റെ പാഠങ്ങള്‍ (1968 - ഏരിയലുമായി ചേര്‍ന്നെഴുതിയത്)
  • ജീവിതത്തിന്റെ വ്യാഖ്യാനങ്ങള്‍ (1970 - ഏരിയലുമായി ചേര്‍ന്നെഴുതിയത്)
  • ഇരട്ട ആത്മകഥ (1977 - ഏരിയലുമായി ചേര്‍ന്ന്)
  • ചരിത്രത്തിലെ നായകന്മാര്‍ (2001)

[തിരുത്തുക] പുറം കണ്ണികള്‍

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:

[തിരുത്തുക] അവലംബം

  1. Will Durant Online: The Gentle Philosopher - http://www.willdurant.com/bio.htm
  2. Story of Philosophy - രണ്ടാം പതിപ്പിന്റെ മുഖവുര, പുറം (vii)
  3. Story of Philosophy - രണ്ടാം പതിപ്പിന്റെ മുഖവുര - പുറം (x)
  4. Story of Philosophy - പുറം 130
  5. Story of Philosophy, രണ്ടാം പതിപ്പിനെഴുതിയ ആമുഖം - പുറം (viii)
  6. Our Oriental Heritage, Prefare പുറം (ix),
  7. സുകുമാര്‍ അഴീക്കോട് (1993). "7-സ്വാതന്ത്ര്യപ്പിറ്റേന്ന്" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 138. ISBN 81-7130-993-3. 
  8. Our Oriental Heritage - പുറം 53
  9. Our Oriental Heritage - പുറം 68
  10. Ceasar and Christ - പുറം 307
  11. Will Durant Online: The Gentle Philosopher - ലിങ്ക് മുകളില്‍
  12. Will Durant Online: The Gentle Philosopher
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം