വിയുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് ജ്യോതിശാസ്ത്രവസ്തുക്കളെ എവിടെനിന്നെങ്കിലും (സാധാരണയായി ഭൂമി) ദർശിക്കുമ്പോൾ ആ വസ്തുക്കൾ ആകാശത്തിന്റെ നേർ വിപരീതഭാഗങ്ങളിലാണെങ്കിൽ അതിനെ സൂചിപ്പിക്കാൻ സ്ഥാനീയ ജ്യോതിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സംജ്ഞയാണ് വിയുതി (Opposition). ക്രാന്തിവൃത്തത്തിൽ, രണ്ടു ഗ്രഹങ്ങളുടെ രേഖാംശങ്ങളുടെ വ്യത്യാസം 180° ആണെങ്കിൽ ആ ഗ്രഹങ്ങൾ വിയുതിയിലാണെന്നു പറയാം.

വിയുതിയെ സൂചിപ്പിക്കുന്ന ചിഹ്നം ആണ്. (യൂണികോഡ് #x260d, കൈയെഴുത്ത്: )

പൊതുവെ ഒരു വസ്തു വിയുതിയിലാണെന്ന് പറയുമ്പോൾ സൂര്യനുമായുള്ള വിയുതിയാണ്‌ അർത്ഥമാക്കുന്നത്. ഒരു ഗ്രഹം (അല്ലെങ്കിൽ ഛിന്നഗ്രഹം/ധൂമകേതു) ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യന് എതിർഭാഗത്താണെങ്കിൽ അത് വിയുതിയിലാണെന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ള ഒരു ഗ്രഹം

  1. രാത്രി മുഴുവനും ദൃശ്യമാകുന്നു. സൂര്യനസ്തമിക്കുമ്പോൾ ഉദിക്കുകയും സൂര്യനുദിക്കുമ്പോൾ അസ്തമിക്കുകയും ചെയ്യുന്നു.
  2. വിയുതിലായിരിക്കുമ്പോൾ ആ ഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിയോടടുക്കുകയും, അതിനാൽ അതിനു വലിപ്പവും തിളക്കവും കൂടുതലുള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നു.
  3. ഭൂമിയിൽ നിന്നും നോക്കിയാൽ കാണൂന്ന ആ ഗ്രഹത്തിന്റെ അർദ്ധഭാഗം പൂർണ്ണമായി പ്രകാശിതമായിരിക്കും. ('പൂർണ്ണഗ്രഹം')
  4. വിയുതിപ്രഭാവം മൂലം പരുക്കൻ പ്രതലമുള്ള വസ്തുക്കളിൽ നിന്നുമുള്ള പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവ് കൂടുന്നു.

സൂര്യനിൽ നിന്ന് ഭൂമിയെക്കാൾ അകലത്തിലുള്ള ഗ്രഹങ്ങളേ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനുമായി വിയുതിയിലാവുകയുള്ളൂ. ഭൂമിയെ പരിക്രമണം ചെയ്യുന്ന ചന്ദ്രൻ പൗർണ്ണമി ദിവസങ്ങളിൽ വിയുതിയിലായിരിക്കും. ആ വിയുതി പൂർണതയിലാകുമ്പോഴാണ്‌ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനോട് കൂടുതൽ സമീപത്തായുള്ള ഗ്രഹങ്ങളിലേതെങ്കിലും നീചയുതിയിലാണെങ്കിൽ ആ ഗ്രഹത്തിൻ നിന്ന് നോക്കുമ്പോൾ ഭൂമി വിയുതിയിലായിരിക്കും

"https://ml.wikipedia.org/w/index.php?title=വിയുതി&oldid=3772490" എന്ന താളിൽനിന്ന് ശേഖരിച്ചത്