വിമോചന സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിമോചനസമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ് മന്ത്രിസഭയ്ക്ക് എതിരായി ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു വിമോചന സമരം. 1958-ൽ ആണ് വിമോചന സമരം ആരംഭിച്ചത്. വിമോചന സമരത്തിനു പിന്നിലുള്ള പ്രധാന ശക്തികൾ കത്തോലിക്കാ സഭ, നായർ സർ‌വ്വീസ് സൊസൈറ്റി (എൻ.എസ്.എസ്, മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തിൽ), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചതായിരുന്നു വിമോചന സമരത്തിനു കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന വിപ്ലവകരമായ കാര്യങ്ങൾ ഈ ബില്ലിൽ ഉണ്ടായിരുന്നു. അന്ന് കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടെയും എൻ.എസ്.എസ്-ന്റെയും നിയന്ത്രണത്തിലായിരുന്നു.

അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ മാനദണ്ഡങ്ങൾ കൊണ്ടുവരിക, അദ്ധ്യാപകരുടെ ശമ്പളം ഖജനാവു വഴി വിതരണം ചെയ്യുക എന്നിവ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുവാൻ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കുവാനുള്ള നിബന്ധനകൾ ഈ ബില്ലിൽ ഇല്ലായിരുന്നു.

സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി), ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു. സംസ്ഥാനത്ത് സർക്കാരിനെതിരായി വമ്പിച്ച റാലികൾ സംഘടിപ്പിക്കപ്പെട്ടു. ആസൂത്രിതമായ പ്രക്ഷോഭങ്ങളിലൂടെ സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി. അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരായി പോലീസ് വെടിവെയ്പ്പ് നടന്നു. ഇതിൽ 15 പേർ കൊല്ലപ്പെട്ടു. മത്തായി മഞ്ഞൂരാൻ, ആർ. ശങ്കർ, ഫാ. ജോസഫ് വടക്കൻ, സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങൾ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം സമരത്തെ അനുകൂലമായി സ്വാധീനിച്ചു.

വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. വിമോചനസമരത്തിന്റെ ഒരു പ്രത്യേകത വമ്പിച്ച വിദ്യാർത്ഥി പങ്കാളിത്തം ആയിരുന്നു.

"http://ml.wikipedia.org/w/index.php?title=വിമോചന_സമരം&oldid=1070686" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ