വിധുബാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയാണ് വിധുബാല (ജനനം:1954 മെയ് 22[1]). 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു.[2] പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥ് അച്ഛനും ചലച്ചിത്ര ഛായാഗ്രാഹകൻ മധു അമ്പാട്ട് മൂത്ത സഹോദരനുമാണ്.

അഭിനയജീവിതം[തിരുത്തുക]

നൂറിലധികം മലയാള ചിത്രങ്ങളിൽ വിധുബാല അഭിനയിച്ചു. ആദ്യചിത്രം സ്കൂൾ മാസ്റ്റർ ആയിരുന്നു. അതിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു. പിന്നീട് പത്തുവർഷങ്ങൾക്ക് ശേഷം 1974 ൽ ഹരിഹരന്റെ കോളേജ് ഗേൾ എന്ന ചിത്രത്തിൽ പ്രേം നസീറിന്റെ നായികയായി വേഷമിട്ടു.[3] പ്രേം നസീർ,മധു,വിൻസെന്റ്, മോഹൻ,ജയൻ, സോമൻ, കമലഹാസൻ തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. ബേബി സംവിധാനം ചെയ്ത അഭിനയം എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.

ഡബ്ബിംഗ് കലാകാരി[തിരുത്തുക]

ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ഓർമ്മകൾ മരിക്കുമോ, ഓപ്പോൾ, തൃഷ്ണ എന്നീ ചിത്രങ്ങളിൽ യഥാക്രമം ശോഭ, മേനക, രാജലക്ഷ്മി എന്നിവർക്ക് വേണ്ടി ശബ്ദം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങൾ എന്ന ചിത്രത്തിലെ നന്ദിത ദാസിന്റെ ശബ്ദവും വിധുബാലയുടേതായിരുന്നു.[4]

ടെലിവിഷൻ അവതാരക[തിരുത്തുക]

അമൃത ടി.വി യിൽ പ്രക്ഷേപണം ചെയ്തുവരുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിയിലെ അവതാരകയാണ് വിധുബാല.

സ്വകാര്യജീവിതം[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകരായ ഭാഗ്യനാഥും സുലോചനയുമാണ് വിധുബാലയുടെ മാതാപിതാക്കൾ. വിധുബാലയുടെ ചില ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന മുരളി കുമാർ ആണ് ഭർത്താവ്

അവലംബം[തിരുത്തുക]

  1. http://manojambat.tripod.com/ambat.htm
  2. "The girl next door". The Hindu. 18 August 2008. ശേഖരിച്ചത് 2009-04-13. 
  3. "The evergreen hero". The Hindu. 16 January 2009. ശേഖരിച്ചത് 2009-04-13. 
  4. സിനിമയല്ല,ഇതു ജീവിതം- മനോരമ ഓൺലൈൻ-15-02-2011

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വിധുബാല&oldid=1766617" എന്ന താളിൽനിന്നു ശേഖരിച്ചത്