വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പത്രക്കുറിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിസംഗമോത്സവം ലോഗോ

വിക്കിസംഗമോത്സവത്തിന് കൊല്ലം ഒരുങ്ങുന്നു

വിക്കിസംഗമോത്സവം - 2012 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെയും വിക്കിപീഡിയ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള പൊതുജനങ്ങളുടെയും വാർഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലത്താണ് നടക്കുക.

സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാന വ്യാപനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിക്കിപീഡിയയുടെ മലയാളം പതിപ്പാണ് http://ml.wikipedia.org. തങ്ങളുടെ അറിവുകൾ മാനവരാശിക്കായി സ്വതന്ത്രവും സൗജന്യവുമായി പങ്കുവെയ്കുവാൻ താല്പര്യമുള്ള ആർക്കും വിക്കിപീഡിയ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം. വിപുലമായ ജനപങ്കാളിത്തത്തോടെ വിക്കിമീഡിയരുടെ കോൺഫറൻസ് കേരളത്തിൽ നടക്കുന്നത് ഇതാദ്യമായാണ്.

2012 ഏപ്രിൽ 28 ന് രാവിലെ ജില്ലാപഞ്ചായത്ത് ഹാളിൽ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ചെയർമാൻ ഡോ. വി.എൻ രാജശേഖരൻ പിള്ള വിക്കിസംഗമോത്സവം ഉദ്ഘാടനം ചെയ്യും. വിക്കിമീഡിയ ഫൗണ്ടേഷൻ ചീഫ് ഗ്ലോബൽ ഡവലപ്പ്‌മെന്റ് ഓഫീസർ ബാരി ന്യൂസ്റ്റെഡ് മുഖ്യപ്രഭാഷണം നടത്തും. ഡോ.ബി. ഇക്ബാൽ, അൻവർ സാദത്ത്, അച്യുത് ശങ്കർ എസ്. നായർ തുടങ്ങിയവർ രണ്ടു ദിവസങ്ങളിലുമായി വിവിധ വിഷയങ്ങളിൽ പൊതു പ്രഭാഷണങ്ങൾ നടത്തും. രണ്ടാം ദിവസം 'ഗവൺമെന്റ് രേഖകളുടെ പകർപ്പവകാശം, വിജ്ഞാന സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും. വിക്കിപീഡിയ എഡിറ്റിംഗ് പരിചയപ്പെടുത്തുന്ന പഠനശിബിരം, വിക്കിവിദ്യാർത്ഥി സംഗമം എന്നിവയും സംഗമോത്സവത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. സമാപനോത്സവം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉത്ഘാടനം ചെയ്യും.

സമൂഹം, അറിവ്, സാങ്കേതികത, വിക്കിപീഡിയവ്യാപനം എന്നീ പൊതുവിഷയങ്ങളെ അധികരിച്ച് മുപ്പതോളം പ്രബന്ധങ്ങൾ വിക്കിസംഗമോത്സവത്തിലെ വിവിധ സമാന്തര സെഷനുകളിലായി അവതരിപ്പിക്കും. ഇ-മലയാളം, സ്വതന്ത്രവും തുറന്നതുമായ വിജ്ഞാനം, പൊതുപകർപ്പവകാശം, സൈബർസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിലെ പ്രബന്ധങ്ങളാണ് ഇത്തരത്തിൽ അവതരണങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

വിക്കിപീഡിയ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക് സംഗമോത്സവത്തിൽ പ്രതിനിധികളായി പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഗമോത്സവ പരിപാടികളെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങൾക്കായി http://www.ml.wikipedia.org/wiki/WP:WS2012 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447560350 എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യാം.

വിശ്വസ്തതയോടെ
കണ്ണൻ ഷണ്മുഖം
(ജന. കൺവീനർ)
സംഘാടക സമിതി