വാക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഷയിലെ അര്‍ത്ഥയുക്തമായ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഏകകമാണ് പദം(word). പദം ഒരൊറ്റ രൂപിമത്തെയോ സന്ധിചെയ്തതോ അല്ലാത്തതോ ആയ ഒന്നിലധികം രൂപിമങ്ങളെയോ ഉള്‍ക്കൊള്ളാം. പദങ്ങള്‍ ചേര്‍ന്നാണ് വാക്യങ്ങള്‍ ഉണ്ടാകുന്നത്. രണ്ടോ അതിലധികമോ പദങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാക്കുകളെ സംയുക്തപദങ്ങള്‍(സമസ്തപദം) എന്നുവിളിക്കുന്നു. പദാംശങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പുതിയ പദങ്ങളാണ് സങ്കരപദങ്ങള്‍(portmanteau).
[തിരുത്തുക] നിര്‍വചനം
പദനിര്‍വ്വചനം ഭാഷാശാസ്ത്രത്തിലെ കീറാമുട്ടിയാണ്. ഏറ്റവും ചെറിയ സ്വതന്ത്ര ഭാഷായൂണിറ്റ് എന്ന് ബ്ലൂംഫീല്‍ഡ് നിര്‍വ്വചിക്കുന്നു.
ഭാഷയില്‍ ചില ശബ്ദങ്ങലെ വിഭക്തിയോഗാദി സംസ്കാരം ചെയ്തും ചിലതിനെ യാഥാസ്ഥിതികമായും പ്രയോഗിക്കാറുണ്ട്. സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു തയ്യാറുള്ള ശബ്ദത്തിന് പദം എന്നു പേര്‍.
എന്ന് കേരളപാണിനി.
[തിരുത്തുക] പദവിഭാഗങ്ങള്‍
പദങ്ങളുടെ വര്‍ഗ്ഗീകരണം ഭാഷാശാസ്ത്രത്തിന്റെ പ്രാരംഭകാലം മുതല്‍ തുടങ്ങിയിരുന്നു. യാസ്കന്റെ നിരുക്തത്തില്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്ന് നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പ്ലാറ്റോ റീമ(ക്രിയ), ഒനോമ(നാമം) എന്ന് രണ്ട് പദവിഭാഗങ്ങളെ സൂചിപ്പിക്കുന്നു. അരിസ്റ്റോട്ടില്‍ ലോഗോസ് (ദ്യോതകം) എന്ന മൂന്നാം വിഭാഗം കുടി ഇതില്‍ ഉള്‍പ്പെടുത്തി.
ഇംഗ്ലീഷ് ഭാഷയില്‍ പദത്തെ നാമം(noun), ക്രിയ(verb), നാമവിശേഷണം(adjective), ക്രിയാവിശേഷണം(adverb), ഗതി(preposition), സര്‍വ്വനാമം(pronoun), ഘടകം(conjunction), വ്യാക്ഷേപകം(interjection) എന്ന് എട്ടായി തിരിക്കുന്നു.
തമിഴില്‍ നാമം(പെയര്‍), ക്രിയ(വിനൈ), വിശേഷണം(ഉരി), ദ്യോതകം(ഇടൈ) ഇവയാണ് പദത്തിന്റെ(ചൊല്‍) വിഭാഗങ്ങള്‍. മലയാളത്തില്‍ പദത്തെ വാചകം, ദ്യോതകം എന്ന് രണ്ടായും വാചകത്തെ നാമം, ക്രിയ, വിശേഷണം എന്നും ദ്യോതകത്തെ ഗതി, ഘടകം, വ്യാക്ഷേപകം എന്നും തിരിക്കുന്നു.
എല്ലാ ഭാഷയ്ക്കും അംഗീകരിക്കാവുന്നതോ ഒരേ മാനദണ്ഡത്തിലൂന്നിയതോ ആയ ഒരു പദവര്‍ഗ്ഗീകരണം ഇല്ല. നാമം, ക്രിയ എന്നുള്ള അടിസ്ഥാനവിഭജനം പോലും പല ഭാഷകളിലും സാധ്യമല്ല.

