വട്ടെഴുത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരിസാപ്പള്ളി ശാസനങ്ങൾ, വട്ടെഴുത്തിൽ
പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്.പാറയോ ചെമ്പുതകിടോ ചൂഴ്‌ന്നെടുത്ത് എഴുതുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു `വെട്ടെഴുത്ത്' എന്നും പറയാറുള്ള ലേഖനസമ്പ്രദായം. ദക്ഷിണേന്ത്യൻ ബ്രാഹ്മിയാണ് ഇതിന്റെ പ്രഭാവം. ഒരു കാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട് . തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശത്ത് പ്രചരിച്ചിരുന്ന വട്ടെഴുത്തിന്റെ വകഭേദമാണ് കോലെഴുത്ത്. ലഭ്യമായ ഏറ്റവും പഴയ വട്ടെഴുത്തുരേഖ എട്ടാം ശതകത്തിലെതാണ്.