ലൂയി അഗാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയി അഗാസി
ജനനം 1807 മേയ് 28(1807-05-28)
Haut-Vully, Switzerland
മരണം 1873 ഡിസംബർ 14(1873-12-14) (പ്രായം 66)
Cambridge, Massachusetts
മേഖലകൾ Paleontology, Glaciology
Geology, Natural History
ബിരുദം University of Erlangen-Nuremberg
ഒപ്പ്

സ്വിസ് - യു.എസ്. പ്രകൃതിശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും ആയിരുന്നു ലൂയി അഗാസി. സ്വിറ്റ്സർലണ്ടിൽ മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 മേയ് 28-ന് ജനിച്ചു. സർവകലാശാലാവിദ്യാഭ്യാസം സൂറിച്ചിലും ഹൈഡൽബർഗിലും മ്യൂണിച്ചിലുമായി പൂർത്തിയാക്കി. പിന്നീട് തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഡോക്ടർ ബിരുദങ്ങൾ സമ്പാദിച്ചു.

പ്രകൃതി ശസ്ത്രജ്ഞൻ[തിരുത്തുക]

മ്യൂണിച്ചിലെ പ്രകൃതിശാസ്ത്രജ്ഞനായ ജെ.ബി. സ്പിക്സ് തുടങ്ങിവച്ച ബ്രസീലിയൻ മത്സ്യങ്ങളുടെ വർഗീകരണത്തെക്കുറിച്ചുള്ള ഗവേഷണം 22-ാമത്തെ വയസ്സിൽ അഗാസി പൂർത്തിയാക്കി. 1830-ൽ പ്രസിദ്ധീകൃതമായ മധ്യയൂറോപ്പിലെ ശുദ്ധജല മത്സ്യങ്ങളുടെ ചരിത്രം (Histroy of the Fresh Water Fishes of Central Europe) അഗാസിയുടെ വിലപ്പെട്ട കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റ അസ്തമിത മത്സ്യങ്ങൾ (Fossil Fishes) കഴിവുറ്റ ഒരു പുരാജീവിശാസ്ത്രകാരനെ നമുക്ക് കാണിച്ചുതരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബാരൺ ക്യൂവിയറുടെ (1769-1832) ശിഷ്യനും സുഹൃത്തും ആയിരുന്നു അഗാസി. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായി അഗാസി 1832-ൽ സ്വിറ്റ്സർലണ്ടിൽനിന്നും പാരിസിലേക്കുപോയി . അന്നുമുതൽ 1846 വരെ ഇദ്ദേഹം ന്യൂഷാടെൽ സർവകലാശാലയിൽ പ്രകൃതിശാസ്ത്രത്തിന്റെ പ്രൊഫസറായിരുന്നു. ജൂറാ പർവതനിരകളിലെ ഹിമാനി നിരീക്ഷണങ്ങളിലൂടെ ഇദ്ദേഹം 1836-ൽ ഹിമനദികളെക്കുറിച്ചുള്ള പഠനമാരംഭിച്ചു. 1840-ൽ ഹിമാനികളുടെ പഠനം (Studies of Glaciers) പ്രസിദ്ധീകൃതമായി.

ജന്തുശാസ്ത്ര പ്രൊഫസർ[തിരുത്തുക]

1846-ൽ യു.എസ്സിൽ ബോസ്റ്റണിലുള്ള ലോവൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രഭാഷണ പരമ്പരയ്ക്കായി അഗാസി ക്ഷണിക്കപ്പെട്ടു. 1848-ൽ ഹാർവാഡ് സർവകലാശാലയിൽ ഇദ്ദേഹം ജന്തുശാസ്ത്ര പ്രൊഫസറായി. അവിടെനിന്നും 1851-ൽ ചാൾസ്ടൺ മെഡിക്കൽ കോളജിൽ പ്രൊഫസറായി പോയെങ്കിലും 1854-ൽ ഹാർവാഡിലേക്ക് മടങ്ങിവരികയും മരണംവരെ അവിടെ തുടരുകയും ചെയ്തു. 1859-ൽ പാരീസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പുരാജീവി വിജ്ഞാനീയ പ്രൊഫസറായി ക്ഷണിക്കപ്പെട്ടുവെങ്കിലും അമേരിക്കയിലെ ജോലികൾ അവിഘ്നം തുടരുന്നതിനായി അത് നിരസിക്കുകയാണദ്ദേഹം ചെയ്തത്. 1860-ൽ ഹാർവാഡിൽ മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി, (Museum of Comparative Zoology) സ്ഥാപിക്കാൻ ഇദ്ദേഹം മുൻകൈയെടുത്തു; അതിന്റെ ആദ്യത്തെ ഡയറക്ടറും ഇദ്ദേഹമായിരുന്നു. 1861-ൽ ഇദ്ദേഹം അമേരിക്കൻ പൌരത്വം സ്വീകരിച്ചു. അമേരിക്കയുടെ പ്രകൃതിശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ പൂർണമാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1873-ൽ ഇദ്ദേഹം പെനിക്കീസ് ദ്വീപിൽ അമേരിക്കയിലെ പ്രഥമ സമുദ്ര ജന്തുശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചു.

കുടുംബം[തിരുത്തുക]

ആദ്യഭാര്യയായിരുന്ന സെസിൽ ബ്രൊണിന്റെ മരണശേഷം (1850) എലിസബത്ത് കാബട്കാരിയെ ഇദ്ദേഹം വിവാഹം ചെയ്തു. റാഡ്ക്ലിഫ് കോളജിന്റെ സ്ഥാപകയായ എലിസബത്ത് സ്ത്രീവിദ്യാഭ്യാസ പ്രവർത്തകയായിരുന്നു. ബ്രസീലിലൂടൊരു യാത്ര (Journey in Brazil) അഗാസിയുടെയും കാബട്കാരിയുടെയും സംയുക്ത കർതൃത്ത്വത്തിലുള്ള ഒരു കൃതിയാണ്. പ്രസിദ്ധ ജലജന്തുശാസ്ത്രജ്ഞനായ അലക്സാണ്ടർ അഗാസി (1835-1910) ഇദ്ദേഹത്തിന്റെ പുത്രനാണ്.

അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രകാരൻമാരിൽ ഒരാളായിരുന്നു അഗാസി. തന്റെ ശിഷ്യൻമാരെ സഹപ്രവർത്തകാരായാണദ്ദേഹം കണ്ടത്. മാസ്സാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിൽ വച്ച് 1873 ഡിസംബർ 13-ന് ഇദ്ദേഹം നിര്യാതനായി. മൌണ്ട് ഓബേൺ സെമിത്തേരിയിലാണ് ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം സംസ്കരിച്ചത്.

പുറംകണ്ണിൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലൂയി അഗാസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ലൂയി_അഗാസി&oldid=1716631" എന്ന താളിൽനിന്നു ശേഖരിച്ചത്