ലിയോ ടോള്‍സ്റ്റോയി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജനനം: | ആഗസ്റ്റ് 28 1828 യാസ്നയ പോല്യാന, റഷ്യ |
|---|---|
| മരണം: | നവംബര്‍ 20 1910 അസ്റ്റാപ്പോവ്, റഷ്യ |
| തൊഴില്‍: | നോവലിസ്റ്റ് |
| രചനാ സങ്കേതം: | യാഥാര്‍ഥ്യവാദി |
| സ്വാധീനം: | അലക്സാണ്ടര്‍ പുഷ്കിന്‍, ലോറന്‍സ് സ്റ്റെണ്‍, ഹാരിയറ്റ് ബീച്ചര്‍ സ്റ്റോ, ചാള്‍സ് ഡിക്കന്‍സ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, റൂസ്സോ, ആര്‍തര്‍ ഷോപ്പനാര്‍, നിക്കോളായ് വാസിലിയേവിച്ച് ഗോഗോള്‍,ബൈബിള്‍ |
| സ്വാധീനിച്ചവര്‍: | മോഹദാസ് ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്., വിര്‍ജീനിയ വുള്‍ഫ്, ഒര്‍ഹാന്‍ പാമുക്, ലുഡ്‌വിഗ് വിറ്റ്ഗന്‍സ്റ്റൈന്‍, എഡ്നാ ഓബ്രിയന്‍, ജെയിംസ് ജൊയ്സ്, വ്ലാഡിമീര്‍ നബക്കോവ്, ജെ.ഡി. സാലിഞ്ഞര്‍, ആധുനികതാവാദം |
ലിയോ നിക്കോളെവിച്ച് ടോള്‍സ്റ്റോയ് (സെപ്റ്റംബര്‍ 9, 1828 - നവംബര്‍ 20, 1910) റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ആദ്യകാലജീവിതം
പടിഞ്ഞാറന്‍ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോള്‍സ്റ്റോയി ജനിച്ചത്. അഞ്ചു മക്കളില്‍ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുന്‍പ് അമ്മയും ഒന്‍പതാമത്തെ വയസ്സില്‍ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തില്‍ വളര്‍ന്ന ടോള്‍സ്റ്റോയി കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു.
[തിരുത്തുക] സൈന്യസേവനം, ആദ്യരചനകള്‍
ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദര്‍ങ്ങള്‍ക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോള്‍സ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തില്‍ നിന്നു രക്ഷപ്പെടാനായി 1851-ല്‍ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. ക്രീമിയന്‍ യുദ്ധത്തില്‍ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 1854-55-ല്‍ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോള്‍ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോള്‍സ്റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോള്‍സ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയില്‍ ശ്രദ്ധേയനാക്കി. സൈന്യത്തില്‍ വിരമിച്ചശേഷം 1857-ല്‍ ടോള്‍സ്റ്റോയി ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്യന്‍ പര്യടനത്തിനൊടുവില്‍ യാസ്നിയ പോല്യാനായില്‍ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കര്‍ഷകരുടെ കുട്ടികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.
[തിരുത്തുക] വിവാഹം, കുടുംബം
1862-ല്‍ 34 വയസ്സുള്ളപ്പോള്‍, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോള്‍സ്റ്റോയി കൃതികളുടെ കയ്യെഴുത്തുപ്രതികള്‍ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്ഥയായ സെക്രട്ടറിയുടേയും കൂടി ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവര്‍ ഏഴുവട്ടം പകര്‍ത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോള്‍സ്റ്റോയ് ദമ്പതിമാര്‍ക്ക് പതിമൂന്നു കുട്ടികള്‍ ജനിച്ചു. വിവാഹത്തിനുമുന്‍പു ടോള്‍സ്റ്റോയി, തന്റെ പൂര്‍വകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാന്‍ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴല്‍ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
[തിരുത്തുക] യുദ്ധവും സമാധാനവും
വിവാഹത്തെ തുടര്‍ന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളിലാണ് ടോള്‍സ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി ഈ നോവലില്‍. ചരിത്രഗതിയില്‍ എല്ലാം മുന്‍നിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയില്‍ ടോള്‍സ്റ്റോയി തെളിയിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു.[1] വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കില്‍ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവര്‍. അങ്ങനെയുള്ളവരെക്കാള്‍ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യന്‍ സൈന്യാധിപന്‍ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്. മോസ്കോയിലും പീറ്റേഴ്സ്ബര്‍ഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോള്‍സ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവല്‍ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതില്‍. [2]
[തിരുത്തുക] അന്നാ കരേനിന
പത്തൊന്‍പതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert)മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്ഥതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.[3] സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാല്‍ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തില്‍ തുടങ്ങുന്ന നോവല്‍, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അര്‍ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുന്‍പില്‍ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.[4]
പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകള്‍ എഴുതുന്നത് നിര്‍ത്തിയപ്പോള്‍ ടോള്‍സ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയില്‍ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവല്‍ക്കരിക്കപ്പെട്ടിട്ടുണട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നില്‍ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാര്‍ബോ ആയിരുന്നു. 2007 ജനുവരിയില്‍ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളില്‍ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.[5]
[തിരുത്തുക] ആത്മീയപ്രതിസന്ധി, പരിവര്‍ത്തനം
അന്നാ കരേനിനയുടെ രചനക്കുശേഷം ടോള്‍സ്റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവില്‍, താന്‍ ജനിച്ചുവളര്‍ന്ന റഷ്യന്‍ ഓര്‍ത്തോഡൊക്സ് സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901-ല്‍ ഒര്‍ത്തൊഡോക്സ് സഭ ടോള്‍സ്റ്റോയിയെ അതിന്റെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കുകപോലും ചെയ്തു. മുഖ്യധാരാ സഭകളുടേതില്‍ നിന്ന് വ്യത്യസ്ഥമായ ഒരുതരം ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പരിവര്‍ത്തിതനാകുകുകയാണ് ചെയ്തതെന്നു പറയാം. ബൈബിളില്‍ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നല്‍ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമര്‍ശനബുദ്ധ്യാ വിലയരുത്തുന്ന കുംബസ്സാരങ്ങള്‍ എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവില്‍(1879) എഴുതിയതാണ്.[6]
[തിരുത്തുക] പില്‍ക്കാല രചനകള്‍
ടോള്‍സ്റ്റോയിയുടെ പിന്നീടുള്ള രചനകളില്‍ ഒരു മുഖ്യപങ്ക്, സാധാരണ വായനക്കാര്‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയില്‍ പലതിലും സാഹിത്യകാരനായ ടോള്‍സ്റ്റോയിക്കും മേലെ വായനക്കാര്‍ കണ്ടെത്തുന്നത് ധര്‍മ്മപ്രഭാഷകനായ ടോള്‍സ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകള്‍ ടോള്‍സ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇവാന്‍ ഇല്ലിച്ചിന്റെ മരണം എന്ന ലഘുനോവല്‍ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയില്‍ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യന്‍, മദ്ധ്യവയസ്സിലെത്തിയപ്പോള്‍, രോഗപീഢയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കല്‍ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്.[7] ലൈഗികതയോടുള്ള ടോള്‍സ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ല്‍ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സര്‍ സൊണാറ്റ (Kreutzer Sonata) എന്ന ലഘുനോവല്‍.[8] റഷ്യയില്‍ ഈ നോവല്‍ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോള്‍സ്റ്റോയിയുടെ ആശയങ്ങള്‍ സ്ഥാപിക്കാന്‍വേണ്ടി എഴുതിയവയെങ്കിലും, ഇവാന്‍ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സര്‍ സൊണാറ്റയും കഥനകലാസാമര്‍ഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.[9] യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോള്‍സ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിര്‍ത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമര്‍ശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയില്‍ നിരോധിക്കപ്പെട്ടു.[10]ഓര്‍ത്തൊഡോക്സ് സഭയില്‍ നിന്ന് ടോള്‍സ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിര്‍ത്തെഴുന്നേല്പ്പും ക്രൊയിറ്റ്സര്‍ സൊണാറ്റയും ആണ്.
ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ല്‍ പ്രസിദ്ധീകരിച്ച ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാകുന്നു[11]എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തില്‍ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോള്‍സ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. 1897-ല്‍ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവര്‍ത്തിതനായ ടോള്‍സ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതില്‍ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയര്‍, ഡാന്റേ, സംഗീതജ്ഞരായ വാഗ്നര്‍, ബീഥോവന്‍ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുന്‍കൃതികളില്‍ മിക്കവയേയും തള്ളിപ്പറയുന്നു.
ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഹാദ്ജി മുറാദ് എന്ന ശ്രദ്ധേയമായ നോവല്‍ ടോള്‍സ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സില്‍ റഷ്യന്‍ സാമ്രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഗോത്രനേതാക്കളില്‍ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോള്‍സ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.[12]
[തിരുത്തുക] ജീവിതാന്ത്യം
അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാര്‍മ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോള്‍സ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീര്‍ഥാടനകേന്ദ്രം പോലെയായി. എന്നാല്‍ പുതിയ വിശ്വാസങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ടോള്‍സ്റ്റോയിയുടെ ശ്രമം കുടുംബത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി. എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍, വിശ്വാസങ്ങള്‍ക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയില്‍ നിന്ന് 80 മൈല്‍ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷന്‍ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷന്‍ മാസ്റ്ററുടെ വീട്ടില്‍ 1910 നവംബര്‍ ഇരുപതാം തിയതി അന്തരിച്ചു.
[തിരുത്തുക] വിലയിരുത്തല്‍
ടോള്‍സ്റ്റോയിയുടെ മത-ധാര്‍മ്മിക ചിന്തകള്‍ കര്‍ക്കശവും അപ്രായോഗികവുമെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്‍ട്. മനുഷ്യരുടെ ദുഖങ്ങളുടേയും ദാരിദ്ര്യത്തിന്റേയും പേരില്‍ മാത്രമല്ല അവരുടെ സന്തോഷങ്ങളുടേയും സുഖങ്ങളുടേയും പേരില്‍ കൂടി ടോള്‍സ്റ്റോയി കണ്ണീരൊഴൊക്കി എന്ന് ജി.കെ. ചെസ്റ്റര്‍ട്ടന്‍ വിമര്‍ശിച്ചിട്ടുണ്ട്. [13] പ്രബോധനത്തില്‍ ശ്രദ്ധയൂന്നിയത്, അദ്ദേഹത്തിന്റെ രചനകളുടെ സാഹിത്യമൂല്യത്തെ ബാധിച്ചു എന്ന് പരക്കെ വിമര്‍ശിക്കപെട്ടിട്ടുണ്ട്. അതേസമയം, ധര്‍മ്മപ്രഭാഷകനാകാന്‍ ശ്രമിച്ചപ്പോഴും ടോള്‍സ്റ്റോയി ജീവിതത്തിന്റെ സങ്കീര്‍ണ്ണതയും വൈവിദ്ധ്യവും ചിത്രീകരിക്കുന്ന കലാകാരന്‍ അല്ലാതായില്ല എന്നും പറയേണ്ടതുണ്ട്. ഐസയാ ബെര്‍ളിന്‍(Isaiah Berlin, 1909-1997) 1953-ല്‍ യുദ്ധവും സമാധാനവും എന്ന കൃതിയിലെ ചരിത്രവീക്ഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പേരുകേട്ട പ്രബന്ധത്തിന്, വേലിപ്പന്നിയും കുറുക്കനും (The Hedgehog and the Fox)എന്നാണ് പേരിട്ടത്.[14] "കുറുക്കന് ഒരുപാടു കാര്യങ്ങള്‍ അറിയാം, എന്നാല്‍ വേലിപ്പന്നിക്ക് ഒരു വലിയ കാര്യം അറിയാം" എന്നു പുരാതനഗ്രീസിലെ കവി ആര്‍ക്കിലോക്കസ് എഴുതിയിട്ടുണ്ടത്രെ. ഇതിനെ പിന്തുടര്‍ന്ന്, ബുദ്ധിജീവികളിലും കലാകാരന്മാരിലും വേലിപ്പന്നികളും കുറുക്കന്മാരുമുണ്ടെന്ന് ബെര്‍ളിന്‍ എഴുതി. ലോകത്തെ ഒരു അടിസ്ഥാന ആശയത്തിന്റെ കണ്ണാടിയിലൂടെ കണ്ട് അവതരിപ്പിക്കുന്നവരാണ് വേലിപ്പന്നികള്‍. പ്ലേറ്റോ, ഡാന്റേ, ഡോസ്റ്റെയെവ്സ്കി തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടുമത്രെ. യാഥാര്‍ഥ്യത്തെ അത്തരം ലളിതവല്‍ക്കരണത്തിന് വിധേയമാക്കാതെ അവതരിപ്പിക്കുന്നവരാണ് കുറുക്കന്മാര്‍. അരിസ്റ്റോട്ടില്‍, ഷേക്സ്പിയര്‍, ഗേയ്ഥേ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലാണ്. ജീവിതത്തിലയും ചരിത്രത്തിലേയും പ്രക്രിയകളെ ഒരു സമഗ്രദര്‍ശനത്തില്‍ ഒതുക്കാനുള്ള ടോള്‍സ്റ്റോയിയുടെ ശ്രമത്തെക്കുറിച്ച് പ്രബന്ധകാരന്‍ പറയുന്നത്, വേലിപ്പന്നി ആകാന്‍ ആഗ്രഹിച്ച കുറുക്കന്‍ ആണ് ടോള്‍സ്റ്റോയി എന്നാണ്.
[തിരുത്തുക] കുറിപ്പുകള്‍
1↑ Happy families are alike, every unhappy family is unhappy in its own way എന്ന് ആംഗലം
2↑ ടോള്‍സ്റ്റോയിയുടെ ബഹിഷ്കരണം റദ്ദാക്കണമെന്ന ആവശ്യം ഓര്‍ത്തോഡോക്സ് സഭ നിരാകരിച്ചുവെന്ന് ഈയിടെയും വാര്‍ത്തയുണ്ടായിരുന്നു(http://www.christianitytoday.com/ct/2001/marchweb-only/3-5-44.0.html)
3↑ ഈ കവിവാക്യത്തിന് അത്ര ഗഹനമായ അര്‍ഥമൊന്നുമില്ലെന്നു വരാം. കുറുക്കന്റെ മുഴുവന്‍ കൗശലവും വേലിപ്പന്നിയുടെ മുള്ളിനെ നേരിടാന്‍ മതിയാവില്ല എന്നേ കവി ഉദ്ദേശിച്ചിട്ടുണ്ടവുകയുള്ളു എന്ന് ബെര്‍ളിന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.(Scholars have differed about the correct interpretation of these dark words, which may mean no more than that the fox, for all his cunning, is defeated by the hedgehog's one defense, വേലിപ്പന്നിയും കുറുക്കനും - ഐസയാ ബെര്‍ളിന്‍)
4↑ The first kind of intellectual and artistic personality belongs to the hedgehogs, the second to the foxes; and without insisting on a rigid classification, we may, without too much fear of contradiction, say that, in this sense, Dante belongs to the first category, Shakespeare to the second; Plato, Lucretius, Pascal, Hegel, Dostoevsky, Nietzsche, Ibsen, Proust are, in varying degrees, hedgehogs; Herodotus, Aristotle, Montaigne, Erasmus, Molière, Goethe, Pushkin, Balzak, Joyce are foxes.(വേലിപ്പന്നിയും കുറുക്കനും - ഐസയാ ബെര്‍ളിന്‍)
[തിരുത്തുക] ആധാരസൂചിക
- ↑ Tolstoy - MSN Encarta - http://encarta.msn.com/encyclopedia_761579029/tolstoy.html
- ↑ ഓണ്‍ലൈന്‍ യുദ്ധവും സമാധാനവും - Great Books Index: http://www.friends-partners.org/oldfriends/literature/war_and_peace/war-peace_intro.html
- ↑ Books and Writers - Lev Tolstoi - http://www.kirjasto.sci.fi/ltolstoi.htm
- ↑ അന്നാ കരേനിന ഓണ്‍ലൈന്‍ - Gret Books Index - http://www.friends-partners.org/oldfriends/literature/anna_karenina/karenina_intro.html
- ↑ The literature network - http://www.online-literature.com/tolstoy/
- ↑ കുംബസ്സാരങ്ങള്‍ ഓണ്‍ലൈന്‍ - Great Books Index - http://flag.blackened.net/daver/anarchism/tolstoy/confession.html
- ↑ ഇവാന്‍ ഇല്ലിച്ചിന്റെ മരണം - Louise and Aylmer Maude-ന്റെ പരിഭാഷ - http://www.geocities.com/short_stories_page/tolstoydeath.html
- ↑ Classic Authors - ക്രൊയിറ്റ്സര്‍ സൊണാറ്റ - http://tolstoy.classicauthors.net/kreutzer/ ബീഥോവന്റെ ഒന്‍പതാമത്തെ വയലിന്‍ സൊണാറ്റയുടെ പേരാണ് ഈ കൃതിക്ക്.
- ↑ ENotes.com - http://www.enotes.com/twentieth-century-criticism/tolstoy-leo
- ↑ Classic Authors - ഉയിര്‍ത്തെഴുന്നേല്പ്പ് - http://tolstoy.classicauthors.net/resurrection/
- ↑ ഓണ്‍ ലൈന്‍ - ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലാകുന്നു - Full Books.com - http://www.fullbooks.com/The-Kingdom-of-God-is-within-you.html
- ↑ ebooks.adelaide - ഹാദ്ജി മുറാദ് ഓണ്‍ ലൈന്‍ - http://ebooks.adelaide.edu.au/t/tolstoy/leo/t65h/
- ↑ ഇംഗ്ലീഷ് വിക്കിപ്പീഡിയയില്‍ ടോള്‍സ്റ്റോയിയുടെ ക്രൊയിറ്റ്സര്‍ സൊണാറ്റ എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം കാണുക
- ↑ The Hedgehog and the Fox - Isaiah Berlin (excerpt)-http://www.cc.gatech.edu/home/idris/Essays/Hedge_n_Fox.htm

