റോസമ്മ പുന്നൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസമ്മ പുന്നൂസ്

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി എം.എം. സുന്ദരം
മണ്ഡലം ദേവികുളം

എട്ടാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1987 – 1991
മുഖ്യമന്ത്രി ഇ.കെ. നായനാർ
മുൻ‌ഗാമി കെ.പി. രാമചന്ദ്രൻ നായർ
പിൻ‌ഗാമി കെ.പി. രാമചന്ദ്രൻ നായർ
മണ്ഡലം ആലപ്പുഴ

ജനനം 1913 മേയ് 13 (1913-05-13) (വയസ് 99)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിതപങ്കാളി പി.ടി. പുന്നൂസ്
മക്കൾ തോമസ് പുന്നൂസ്(1948),
ഗീത ജേക്കബ്ബ്
താമസം പത്തനംതിട്ട
മതം ക്രിസ്തുമതം
As of ഡിസംബർ 14, 2011
ഉറവിടം: നിയമസഭ

കേരളനിയമസഭയിൽ ആദ്യമായി[1] സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ് (ജനനം:13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറും റോസമ്മ പുന്നൂസാണ്[1]. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13നു് ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്[2].

[തിരുത്തുക] രാഷ്ട്രീയ ജീവിതം

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതു്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി 1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. അന്നു തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊത്തം ആറു സ്ത്രീ സാമാജികരുണ്ടായിരുന്നു. ഇവരിൽ കേരളത്തിലെ ആദ്യവനിതാമന്ത്രിയായി നിയമിക്കപ്പെട്ട കെ.ആർ. ഗൗരി, അയിഷാ ബായ്, റോസമ്മ പുന്നൂസ് എന്നിവർ കമ്യൂണിസ്റ്റ് പ്രതിനിധികളും ലീലാ ദാമോദരമേനോൻ, കുസുമം ജോസഫ്, ശാരദ കൃഷ്ണൻ എന്നിവർ പ്രതിപക്ഷ അംഗങ്ങളുമായിരുന്നു. [3]

ഒന്നാംനിയമസഭയുടെ പ്രോടേം സ്പീക്കർ (സാമാജികർ സത്യപ്രതിജ്ഞ ചെയ്യുന്നതടക്കമുള്ള ആദ്യസമ്മേളനം നിയന്ത്രിക്കുന്ന ആൾ) റോസമ്മ പുന്നൂസ് ആയിരുന്നു. ഏപ്രിൽ 10നു് പ്രോടേം സ്പീക്കർ ആകുന്നതിനുമുമ്പേ ചട്ടപ്രകാരം അവർ സ്വന്തം സത്യപ്രതിജ്ഞാനിർവ്വഹണം നടത്തി. അങ്ങനെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം എന്ന ഖ്യാതി റോസമ്മയ്ക്കു സ്വന്തമായി.[3] 1982ൽ ആലപ്പുഴയിൽനിന്നും സി.പി.ഐ. പ്രതിനിധിയായി മത്സരിച്ച റോസമ്മ അപ്രാവശ്യം എൻ.ഡി.പി.യുടെ കെ.പി. രാമചന്ദ്രൻ നായരോട് 1590 വോട്ടുകളുടെ കുറവിനു് പരാജയപ്പെട്ടു. പക്ഷേ, പിന്നീട് 1987ൽ എട്ടാം നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ അവർ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കളർകോട് നാരായണൻ നായരെ (എൻ.ഡി.പി.) 23908 നെതിരെ 36742 വോട്ടുകൾക്കു് തോൽ‌പ്പിച്ച് വീണ്ടും നിയമസഭയുടെ അകത്തലത്തിലേക്കു പ്രവേശിച്ചു.[4]

സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ടു്. ആധുനികകേരളത്തിന്റെ ആദ്യകാലരാഷ്ട്രീയചരിത്രത്തിലെ ഒരു തിളങ്ങുന്ന കഥാപാത്രമായിരുന്ന റോസമ്മ പുന്നൂസ് ഇപ്പോൾ പത്തനംതിട്ടയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്നു. മക്കൾ തോമസ് പുന്നൂസ്, ഗീത ജേക്കബ്ബ്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=റോസമ്മ_പുന്നൂസ്&oldid=1181425" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി