രാമു കാര്യാട്ട്
മലയാള സിനിമയെ ലോകപ്രശസ്തിയിലേക്കുയർത്തിയ സംവിധായകനായ ശ്രീ. രാമു കാര്യാട്ട് 1926ൽ തൃശ്ശൂരിലെ ചേറ്റുവയിൽ കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി ജനിച്ചു.[1] നീലക്കുയിൽ എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് (ജനനം - 1928, മരണം - 1979). അദ്ദേഹത്തിന്റെ ചെമ്മീൻ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്.മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ പി. ഭാസ്കരനുമൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.
1965-ൽ തകഴി ശിവശങ്കരപ്പിള്ളയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ചെമ്മീൻ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് സംഗീത സംവിധാനം, ചലച്ചിത്ര സംയോജനം, എന്നിങ്ങനെയുള്ള പല ജോലികൾക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു.
രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.കാര്യാട്ട് സംവിധാനം ചെയ്ത 12 ചിത്രങ്ങളിൽ ഒന്നു തെലുങ്കാണ്.1975-ലെ മോസ്‌കോ ചലച്ചിത്രമേളയിലെ ജൂറി. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഭാര്യ പരേതയായ സതി കാര്യാട്ട്.മക്കൾ: പരേതനായ സോമൻ, സുധീർ, സുമം.നടൻ ദേവനാണ് സുമയുടെ ഭർത്താവ്.
രാമു കാര്യാട്ടിന്റെ ചലച്ചിത്രങ്ങൾ [തിരുത്തുക]
- നീലക്കുയിൽ (1954)
- ഭരതനാട്യം (1956)
- മിന്നാമിനുങ്ങ് (1957)
- മുടിയനായ പുത്രൻ (1961)
- മൂടുപടം (1963)
- ചെമ്മീൻ (1965)
- ഏഴു രാത്രികൾ (1968)
- അഭയം (1970)
- മായ (1972)
- നെല്ല് (1974)
- ദ്വീപ് (1976)
- കൊണ്ടഗളി (1978)
- അമ്മുവിന്റെ ആട്ടിങ്കുട്ടി (1978)
