രവീന്ദ്രൻ
| രവീന്ദ്രൻ | |
|---|---|
| ജനനം | 1943 |
| സ്വദേശം | കേരളം, ഇന്ത്യ |
| മരണം | മാർച്ച് 3, 2005 |
| തൊഴിലുകൾ | ചലച്ചിത്ര സംഗീത സംവിധായകൻ, സംഗീത സംവിധായകൻ |
| ഉപകരണം | Music Composer (playback singing), Harmonium |
| സജീവമായ കാലയളവ് | 1985 – 2005 |
| വെബ്സൈറ്റ് | രവീന്ദ്രന്മാഷിന്റെ ഒരു വെബ്ബ്‌പേജ് |
മലയാളത്തിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു രവീന്ദ്രൻ (ജനനം: 1943-ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ. മരണം: 2005). 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാൾ. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവഹിച്ചു.
[തിരുത്തുക] ജീവിതരേഖ
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഏഴാമത്തെ മകനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. പിൽക്കാലത്ത് തനിക്കുവേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു[1]. യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു[2].
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണിഗായകനാകാൻ അവസരം തേടി മദ്രാസി(ചെന്നൈ)ലെത്തി. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്[3]. ചെന്നൈയിലെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പുവെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു[1]. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗായകനായി[3]. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. [2] ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനുവേണ്ടി മിക്കചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.
ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴിതിരിച്ചുവിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ഐ.വി. ശശിക്കു പരിചയപ്പെടുത്തുകയായിരുന്നു[4]. . അങ്ങനെ 1979-ൽ ശശിയുടെ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീത സംവിധായകനായി. സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി..” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽത് നന്ദനതിലെ ഗാനങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.
യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം.... എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന് ആദ്യതെ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം... (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്.
[തിരുത്തുക] രവീന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച സിനിമകൾ
- അഗ്നിനക്ഷത്രം
- അങ്കിൾ ബെൻ
- അമരം
- അരയന്നങ്ങളുടെ വീട്
- അയാൾ കഥയെഴുതുകയാണ്
- അഹം
- ആട്ടക്കലാശം
- ആറാം തമ്പുരാൻ
- ഇംഗ്ലീഷ് മീഡിയം
- എൻറെ ഹുദയത്തിൻറെ ഉടമ
- ഏയ് ഓട്ടോ
- ഒരു അഭിഭാഷകൻറെ കേസ് ഡയറി
- ഒരു മെയ്മാസപ്പുലരിയിൽ
- കന്മദം
- കല്യാണപ്പിറ്റേന്ന്
- കമലദളം
- കളിയിൽ അല്പം കാര്യം
- കണ്ണൂർ
- കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
- ഗജരാജമന്ത്രം
- ഗീതംസംഗീതം
- ചക്കരക്കുടം
- ചക്രം
- ചിരിടോചിരി
- ചൂള
- ഞാൻ സൽപ്പേര് രാമൻകുട്ടി
- തച്ചിലേടത്തുചുണ്ടൻ
- തേനും വയമ്പും
- ദി പ്രസിഡൻറ്
- ധനം
- ധിംതരികിടതോം
- നന്ദനം
- നീലക്കടമ്പ്
- പകൽപ്പൂരം
- പല്ലാവൂർദേവനാരായണൻ
- പഞ്ചലോഹം
- പാവം ഐ എ ഐവാച്ചൻ
- ബെൻസ് വാസു
- ഭരതം
- മഴ
- മനയൂരിലെമഴ
- മഴയെത്തുംമുമ്പേ
- മിഴിരണ്ടിലും
- യുവജനോത്സവം
- രാജശില്പി
- ലാൽസലാം
- വടക്കുംനാഥൻ
- വെങ്കലം
- വിഷ്ണു
- വിഷ്ണുലോകം
- സാഫല്യം
- സായ്വർതിരുമേനി
- സവിധം
- സൂത്രധാരൻ
- സൂര്യഗായത്രി
- ഹിസ് ഹൈനസ് അബ്ദുള്ള
- കളഭം
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "മധുരഗാനങ്ങളുടെ രാജശില്പി" (മലയാളം ഭാഷയിൽ). മലയാള മനോരമ. 2005-03-04. p. 8.
- ↑ 2.0 2.1 "Life and times of a music director" (ഇംഗ്ലീഷ് ഭാഷയിൽ). ദ് ഹിന്ദു. 2002-10-24. http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm, ശേഖരിച്ചത്: 2007-09-20.
- ↑ 3.0 3.1 "മദിരാശിപ്പഴമയും മലയാള സിനിമയും" (മലയാളം ഭാഷയിൽ). വെബ്‌ലോകം. 2007-08-25. http://malayalam.webdunia.com/miscellaneous/special07/onam/0708/25/1070825045_5.htm, ശേഖരിച്ചത്: 2007-09-20.
- ↑ കെ.ജെ. യേശുദാസ് (2005-03-04). "എന്റെ അനിയൻ" (മലയാളം ഭാഷയിൽ). മലയാള മനോരമ. p. 8.