രബീന്ദ്രനാഥ് ടാഗോര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രബീന്ദ്രനാഥ ടാഗോര്‍ |
|
|---|---|
രബീന്ദ്രനാഥ് ടാഗോര്‍ കോല്‍ക്കട്ടയില്‍, 1915 |
|
| തൊഴില്‍ | കവി, നാടകകൃത്ത്, തത്ത്വചിന്തകന്‍, ഗാനരചയിതാവ്, ചിത്രകാരന്‍ |
| ദേശീയത | |
| എഴുതിയിരുന്ന കാലം | ബംഗാളി നവോദ്ധാനം |
|
Influenced
|
|
| Signature | |
രബീന്ദ്രനാഥ ടഗോര്‍(রবীন্দ্রনাথ ঠাকুর) 'ഗുരുദേവ്' എന്ന സ്വീകൃത നാമത്തില്‍ അറിയപ്പെട്ടിരുന്ന ബംഗാളി കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവല്‍ രചയിതാവ്, സാമൂഹികപരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നല്‍കുകയും ചെയ്തു. 1913-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോര്‍. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നോറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് കല്‍ക്കത്തയിലെ ജെറാസങ്കോ ടാഗോര്‍ കുടുംബം. രബീന്ദ്രനാഥ ടാഗോര്‍, അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ ജെറാസങ്കോ ടാഗോര്‍ കുടുംബത്തിലുണ്ട്.
കോല്‍ക്കട്ടയില്‍ പീരലി ബ്രാഹ്മണ വംശത്തില്‍ പിറന്ന ടാഗോര്‍ എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ ആദ്യ് കവിതാസമാഹാരം പുറത്തിറക്കി. 1877ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോര്‍ തന്റെ പ്രാധമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോര്‍, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയൂം പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂര്‍ണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോര്‍ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.
ടാഗൊറിന്റെ കൃതികളില്‍ അനവധി നോവലുകള്‍, ചെറുകഥകള്‍, ഗാന സമാഹാരങ്ങള്‍, നൃത്ത്യ-നാടകങ്ങള്‍, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഘനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കര്‍ത്താവായിരുന്ന ടാഗോര്‍, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങള്‍ ഇന്‍ഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്. ജനഗണമനയും അമര്‍ ഷോണാര്‍ ബാംഗ്ലയും.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
റാബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോര്‍ കൊല്‍ക്കട്ടയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തില്‍ 1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സില്‍ ഉപനയനത്തിനു ശേഷം ടഗോര്‍ തന്റെ പിതാവിനോടൊപ്പം മാസങ്ങള്‍ നീണ്ട ഭാരത പര്യടനത്തിന് തിരിച്ചു. ഈ യാത്രയില്‍ അവര്‍ കുടുംബ തോട്ടമായ ശാന്തിനികേതനം, അമൃത്‌സര്‍വഴി ഹിമാലയ സാനുക്കളിലെ ഡാല്‍ഹസീ സുഖ വാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച് ടാഗോര്‍ ജീവചരിത്രങ്ങള്‍, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികള്‍ തുടങ്ങിയവ പഠിച്ചു.തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളില്‍ പോകാന്‍ താല്പര്യം കാണിച്ചില്ല,വീട്ടുകാര്‍ രബീന്ദ്രനാഥിനെ സ്കൂളില്‍ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാന്‍ അധ്യാപകരെയും ഏര്‍പ്പാടാക്കി. 1877ല്‍ ടാഗോര്‍ പല കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതില്‍ മൈഥിലി ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ ഭാനുസിംഹന്‍ എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ് എന്ന് ടാഗോര്‍ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷകാരി) ടാഗോര്‍ 1877ല്‍ രചിച്ചു. 1882ല്‍ “സന്ധ്യ സംഗീത്“ എന്ന സമഹാരത്തില്‍ പ്രസിദ്ധമായ “ഉറക്കമുണര്‍ന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുള്‍പ്പെട്ടിരുന്നു.
അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ല്‍ ടാഗോര്‍ ഇംഗ്ലണ്ടില ബ്രൈറ്റണ്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. ലണ്ടന്‍ സര്‍വ്വകലാശാല കലാലയത്തില്‍ നിയമ വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880ല്‍ ബംഗാളിലേക്കു മടങ്ങി. ഡിസംബര്‍ 9 1883ല്‍ ടാഗോര്‍ മൃണാളിനീ ദേവിയെ വിവാഹം കഴിച്ചു (ഭാബതരിണി 1873-1902). ഇവര്‍ക്ക അഞ്ചു മക്കള്‍ ജനിച്ചുവെങ്കിലും രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് മരണമടഞ്ഞു.
1890ല്‍ ടാഗോര്‍ ഇപ്പോല്‍ ബംഗ്ലാദേശിലുള്ള ഷിലൈധ എന്ന സ്ഥലത്തുള്ള തന്റെ കുടുംബ സ്വത്ത് ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന പത്തേമാരിയില്‍ താമസിച്ച ടാഗോര്‍ നാട്ടുകാര്‍ക്കിടയില്‍ "സമീന്ദാര്‍ ബാബു" എന്നയിരുന്നു അറിയപ്പെട്ടിരുന്നത്. ഈ കാലത്ത് (1891-1895) ടാഗോറിന്റെ "സാധന" കാലഘട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എണ്‍പത്തിനാലു കഥകളടങ്ങിയ "ഗല്‍പ്പഗുച്ച്‌ഛ" യുടെ പകുതിയും പൂര്‍ത്തിയാക്കിയത് ഈ കാലത്താണ്. ഇതില്‍ ടാഗോര്‍ ഗ്രാമീണ ബംഗാളി ജീവിതങ്ങള്‍ വരച്ചു കാണിച്ചിരിക്കുന്നു.
[തിരുത്തുക] ശാന്തിനികേതനം
1901ല്‍ ടാഗോര്‍ ഷിലൈധ വിട്ട് പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തില്‍ താമസമാരംഭിച്ചു. അവിടെ തറയില്‍ വെണ്ണക്കല്ല് പതിച്ച പ്രാര്‍ഥന മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും അദ്ദേഹം സ്ഥാപിച്ചു. ഇവിടെ വച്ച് ടാഗോറിന്റെ ഭാര്യയും രണ്ട് കുട്ടികളും മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് 19 ജനുവരി 1905ല്‍ മരണമടഞ്ഞു. ടാഗോറിന് ബംഗാളികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോര്‍ തന്റെ ബംഗാളി കവിതകള്‍ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബര്‍ 14-ന് ടാഗോറിന് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്ക്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. സ്വീഡിഷ് പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദര്‍ശപരവും, പാശ്ചാത്യ വായനക്കാര്‍ക്ക് ലഭിച്ച, അതി വിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ് ലഭിച്ചത്“ (1912ല്‍ രചിച്ച ഗീതാഞ്ജലിയും ഇതിലുള്‍പ്പെടും). 1915 ടാഗോര്‍ ബ്രിട്ടീഷ് രാജവംശത്തില്‍ നിന്ന് നൈറ്റ് പദവി സ്വീകരിച്ചു.
ശാന്തിനികേതനത്തിനടുത്ത് സുരുള്‍ ഗ്രാമത്തില്‍ 1921ല്‍ കാര്‍ഷിക സാമ്പത്തിക വിദഗ്ദനായിരുന്ന ലിയോണാര്‍ഡ് എല്‍ംഹേര്‍സ്റ്റുമൊത്ത് റ്റാഗോര്‍ ഗ്രാമീണ പുനര്‍നിര്‍മ്മാണ പഠന സ്ഥാപനത്തിന് രൂപം കൊടുത്തു.(പില്‍കാലത്ത് ഇത് ശ്രീനികേതന്‍ എന്ന പേരിലേക്ക് മാറ്റി). ഗാന്ധിയുടെ പ്രധിഷേധത്തിലൂന്നിയ സ്വരാജ് മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോര്‍ അതിനെതിരെ ഇന്‍ഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളില്‍ നിന്നും പണ്ഡിതരേയും മനുഷ്യ സ്നേഹികളെയും ഉദ്യോഗസ്ഥരേയും വരുത്തി. 1930കളില്‍ ഇന്‍ഡ്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതി വ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ ഗുരുവായൂര്‍ കൃഷ്ണ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട് ടാഗോര്‍ ആവശ്യപ്പെടു.
[തിരുത്തുക] അവസാന കാലം 1932-1941
ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ ടാഗോര്‍ ലോകപ്രസിദ്ധനായിരുന്നു - പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളില്‍. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ഗാന്ധി ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ടാഗോര്‍ പ്രസ്താവിച്ചു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കോല്‍ക്കട്ടയില്‍ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാകി ടാഗോര്‍ പ്രാസം ഇല്ലാതെ രണ്ട് തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പില്‍ക്കാലത്ത് രചിക്കപ്പെട്ട "അപരാജിതോ" പോലെയുള്ള കൃതികള്‍ക്ക് ചൂട്ടു പിടിച്ചു (ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യ, ഇത് സത്യ്ജിത് റേ മൂന്ന് പ്രസിദ്ധ ചലചിത്രങ്ങളുടെ പരമ്പരയാക്കി). ടാഗോര്‍ പതിനഞ്ച് വാല്യങ്ങളായി സമാഹരിച്ച കൃതികളില്‍ ഗദ്യ കാവ്യങ്ങളായ "പുനസ്ച"-1932, "ഷേഷ് സപ്തക്"-1935, "പത്രപുത്"-1936 എന്നിവ ചേര്‍ത്തിരുന്നു. ഗദ്യ കാവ്യങ്ങളിലും നൃത്ത്യ നാടകങ്ങളിലും ടാഗോര്‍ തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. അവയില്‍ പ്രധാനം നൃത്യനാടകങ്ങളായ "ചിത്രാംഗധന്‍"1914, "ശ്യാമ"1939, "ചണ്ഡാലിക"1938 യും, നോവലുകളായ "ദുയി ബോണ്‍"1933, "മലഞ്ച"1934, "ചാര്‍ അദ്ധ്യായ്"1934 ഉം ആണ്. തന്റെ അവസാന വര്‍ഷങ്ങളില്‍ ആധുനിക ശാസ്ത്രത്തോട് താല്‍പര്യം കണിച്ച ടാഗോര്‍ "വിശ്വ പരിചയ്" എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937ല്‍ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഖഗോള ശാസ്ത്രത്തിലും ടാഗോര്‍ നഠത്തിയ പഠനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഭലിച്ചു. "സെ"1937, "തീന്‍ സാംഗി"1940, "ഗല്‍പ്പസല്‍പ്പ"1941 തുടങ്ങി പലതിലും ശാസ്ത്രജ്ഞന്മാരുടെ വിവരണങ്ങളും അടങ്ങിയിരുന്നു.
അവസാന നാലു വര്‍ഷങ്ങള്‍ രോഗശയ്യയില്‍ കടുത്ത വേദനയിലായിരുന്ന ടാഗോര്‍, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതില്‍ നിന്ന് മോചിതനായെങ്കിലും 1940ല്‍ സമാനമായ അവസ്ഥയില്‍ നിന്ന് ശമനമുണ്ടായില്ല. ടാഗോര്‍ ഈ സമയത്ത് രചിച്ച കവിതകള്‍ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയില്‍ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു. ടാഗോറിന്റെ ചരമവാര്‍ഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികള്‍ അനുശോചിക്കുന്നു.
[തിരുത്തുക] യാത്രകള്‍
പ്രകടമായ സഞ്ചാര തൃഷ്ണയില്‍ 1878നും 1932നും ഇടയില്‍ ടാഗോര്‍ അഞ്ചു ഭൂഖണ്ടങ്ങളിലെ മുപ്പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഈ യത്രകള്‍ പലതും അദ്ദേഹത്തിന്റെ കൃതികളെ വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രത്യേക പങ്ക് വഹിച്ചു. 1912ല്‍ ഇംഗ്ലണ്ടിലെത്തിയ ടാഗോറിന്റെ ചില കൃതികളുടെ വിവര്‍ത്തനം, ഗാന്ധി ആരാധകനായ ചാര്‍ള്‍സ് എസ് ആണ്ട്രൂഫ്സ്, ആംഗ്ലോ-ഐറിഷ് കവി വില്ല്യം ബട്ലര്‍ യീറ്റ്സ്, എര്‍സ പൗണ്ട്, റോബര്‍ട് ബ്രിജസ്, ഏണസ്റ്റ് റൈസ്, തോമസ് സ്റ്റര്‍ജ് മൂര്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ക്ക് ഹൃദയഹാരിയായി. "ഗീതാഞ്ജലി"യുടെ ആംഗലേയ പതിപ്പിന് ആമുഖമെഴുതിയത് യീറ്റ്‌സ് ആയിരുന്നു. 1917 ഏപ്രില്‍ വരെ ടാഗോര്‍ അമേരിക്കന്‍ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ഉടനീളം യാത്ര ചെയ്ത് പ്രഭാഷണങ്ങള്‍ നടത്തി. ജപ്പാനിലും അമേരിക്കയിലും നടത്തിയ പ്രഭാഷണങ്ങളില്‍ അവരുടെ ദേശീയവാദത്തെ തള്ളിപ്പറഞ്ഞ് പ്രശംസയും അപഹാസവും ഏറ്റുവാങ്ങി. തിരികെ ഇന്‍ഡ്യയിലെത്തിയ ടാഗോര്‍ 63ആം വയസ്സില്‍ പെറു സര്‍ക്കരിന്റെ ക്ഷണം സ്വീകരിച്ച് അവിടം സന്ദര്‍ശിച്ചു. ഇതേ യാത്രയില്‍ അദ്ദേഹം മെക്സിക്കോയും സന്ദര്‍ശിച്ചു. രണ്ട് സര്‍ക്കാരുകളും ടാഗോറിന്റെ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം ഒരു ലക്ഷം ഡോളര്‍ വീതം ശാന്തിനികേതനത്തിന് സംഭാവന ചെയ്തു. 1924 നവംബര്‍ 6 ന് ടാഗോര്‍ അര്‍ജന്റീനയിലെത്തി. 1925 ജനുവരിയില്‍ ഇന്‍ഡ്യയിലേക്കു യാത്ര തിരിച്ച ടാഗോര്‍, ഇറ്റലിയിലെ സ്വേച്ഛാദിപതിയായിരുന്ന ബെനിറ്റൊ മുസ്സോളിനിയെ സന്ദര്‍ശിച്ചു. 1926 ജൂലയ് 20-ന് ടാഗോര്‍മുസ്സോളിനിക്കെതിരെ പ്രതികരിച്ചതു വരെ അവര്‍ തമ്മിലുണ്ടായിരുന്ന അടുപ്പം തുടര്‍ന്നു. 1927 ജൂലൈ 14-ന് ടാഗോര്‍ നാലുമാസത്തെ തെക്കു കിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിനു തിരിച്ചു. ആ യാത്രയില്‍ അദ്ദേഹം ബാലി, ജാവ ദ്വീപ്, ക്വാല ലംപൂര്‍, മലാക്ക, പെനാങ്ങ്, സിയാം, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതൊരു യാത്രാവിവരണമായി "ജാത്രി" എന്ന പേരില്‍ പുറത്തിറക്കി. 1930 ആദ്യത്തോടെ ടാഗോര്‍ ബംഗാള്‍ വിട്ട് ഒരു വര്‍ഷത്തോളം യൂറോപ്പിലും അമേരിക്കയിലും പര്യടനം നടത്തി. പാരീസിലും ലണ്ടനിലും ടാഗോറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അദ്ദേഹം ബെര്‍മിങ്ങ്‌ഹാമിലെ "റിലിജ്യസ് സൊസൈറ്റി ഫോര്‍ ഫ്രണ്ട്സ്" എന്ന സ്ഥാപനത്തില്‍ താമസിച്ച് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയ്ക്കു വേണ്ടി ഹിബ്ബര്‍ട് പ്രഭാഷണം തയ്യാറാക്കി.(അത് പ്രധാനമായും ദൈവത്തിന്റെ മനുഷ്യ ഗുണങ്ങള്‍ അധവാ അനശ്വരനായ മനുഷ്യന്റെ ദൈവ ഗുണങ്ങള്‍ എന്ന വിഷയത്തെ കുറിച്ചായിരുന്നു). ലണ്ടനിലെ "റിലിജ്യസ് സൊസൈറ്റി ഫോര്‍ ഫ്രണ്ട്സ്" സമ്മേളനത്തില്‍ ടാഗോര്‍ ബ്രിട്ടീഷുകാരും ഇന്‍ഡ്യക്കാരും തമിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയും, അതിനെ "വളരെ ആഴമുള്ള ഇരുണ്ട ഗര്‍ത്തം" എന്ന് സൂചിപ്പിക്കുകയും, ഇതേ വിഷയത്തില്‍ രണ്ട് വര്‍ഷത്തോളം പ്രഭഷണങ്ങള്‍ തുടരുകയും ചെയ്തു. അതിനു ശേഷം ആഗാഖാന്‍ മൂന്നാമനേയും, തുടറ്ന്ന് ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, എന്നീ രാജ്യങ്ങളും 1930 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മധ്യം വരെ ജര്‍മ്മനിയും, പിന്നീട് സൊവിയറ്റ് യൂണിയനും സന്ദര്‍ശിച്ചു. പേര്‍ഷ്യന്‍ ദാര്‍ശനികനയിരുന്ന ഹഫീസിന്റെ ഇതിഹാസങ്ങളിലും കൃതിയളിലും അവഗാഹമുണ്ടായിരുന്ന ടാഗോറിനെ ഇറാനിലെ ഷാ ആയിരുന്ന റേസാ ഷാ പഹ്‌ലവി ഏപ്രില്‍ 1932ല്‍ തന്റെ പ്രത്യേക അതിഥിയായി സ്വീകരിച്ചു.
ഇത്തരത്തിലുള്ള വിശാലമായ യാത്രാനുഭവങ്ങള്‍ ഹെന്രി ബെര്‍ഗ്സണ്‍, ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍, റൊബര്‍ട് ഫ്രോസ്റ്റ്, തോമസ് മാന്‍, ജോര്‍ജ്ജ് ബെര്‍നാര്‍ഡ് ഷൊ, എച്. ജി വെല്‍സ്, റൊമൈന്‍ റോളണ്ട് തുടങ്ങിയ മഹാന്മാരായ സമകാലീനരോട് ഇടപഴകുവാന്‍ ടാഗോറിന് സാധിച്ചു. ടാഗോറിന്റെ അവസാനത്തെ വിദേശ സഞ്ചാരം 1932-33ല്‍ പെര്‍ഷ്യ, ഇറാക്ക്, സിലോണ്‍ എന്നിവിടങ്ങളീലേക്കായിരുന്നു. ഈ യാത്രയിലും, മനുഷ്യരുടെ ഭിന്നിപ്പിനെയും ദേശീയവാദത്തെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ക്ക് ടാഗോര്‍ രൂക്ഷത കൂട്ടി.
[തിരുത്തുക] കൃതികള്‍
ടാഗോറിന്റെ സാഹിത്യ ഖ്യാതിയെ അനുപാതമില്ലാതെ സ്വാധീനിച്ചത് അദ്ദേഹമെഴുതിയ കവിത്കളാണ്. എന്നാലും, ടാഗോര്‍ അനേകം നോവലുകള്‍, പ്രബന്ധങ്ങള്‍, ചെറുകഥകള്‍, യാത്രാ വിവരണങ്ങള്‍, നാടകങ്ങള്‍ തുടങ്ങി അനേകായിരം ഗാനങ്ങളൂം രചിച്ചിച്ചുണ്ട്. ഗദ്യ വിഭാഗത്തില്‍ ടാഗോറിന്റെ ചെറുകഥകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബംഗാളി ഭാഷയില്‍ ചെറുകഥയ്ക്ക് പ്രചാരം ലഭിക്കുവാന്‍ ടാഗോര്‍ കഥകള്‍ വളരെ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ അവിശിഷ്ട വിഷയങ്ങളും സാധാരണക്കാര്‍ക്ക് പ്രീയപ്പെട്ടതായി.
[തിരുത്തുക] നോവലുകളും അനുഭവ കഥകളും
ടാഗോര്‍ എട്ടു നോവലുകളും "ചതുരംഗ", "ഷെഷര്‍ കോബിത", "ചാര്‍ ഒധ്യായ്", "നൗകാ ഡൂബി" എന്ന നാലു നോവെല്ലകളും രചിച്ചു.
[തിരുത്തുക] നോവലുകള്‍ (അപൂര്‍ണ്ണം)
- ഖൊറേ ബൈറേ (വീടും ലോകവും)
- ഗോറ (വെളുമ്പന്‍)
- യോഗയോഗ്(ബന്ധം)
- ശേഷേര്‍ കൊബിത (അവസാനത്തെ കവിത/വിടവാങ്ങല്‍ ഗാനം)
[തിരുത്തുക] സംഗീതവും ചിത്രകലയും
ടാഗോര്‍ 2230 നടുത്ത് ഗാനങ്ങള്‍ രചിച്ചു. ഇവ ബംഗാളി സംസ്കാരത്തില്‍ ഒഴിച്ചുകൂട്ടാനാകാത്ത "രബീന്ദ്ര സംഗീത്" എന്ന പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംഗീതത്തെ വേര്‍തിരിച്ചു കാണുവാന്‍ സാധിക്കാത്ത വിധം അവയെ സംയോജിപ്പിച്ചിരിക്കുന്നു. ടാഗോറിന്റെ സാഹിത്യ കൃതികളീല്‍ പലതും ഗാനങ്ങളുടെ വരികളായിട്ടുണ്ട്. അവയ്ക്ക് പ്രാധമികമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ തുമ്രി ശൈലിയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത് പ്രശസ്ത സംഗീതജ്ഞരായ വിലായത്ത് ഖാന്‍ (സിത്താര്‍, സരോദ്), ബുദ്ദദേവ് ദാസ് ഗുപ്ത, അംജദ് അലി ഖാന്‍ തുടങ്ങിയവരെ രബീന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്.
60 ആം വയസ്സില്‍ ചിത്ര രചന ആരംഭിച്ച ടാഗോര്‍, യൂറോപ്പില്‍ പലയിടത്തും തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
[തിരുത്തുക] നാടക സാഹിത്യം
പതിനാറാം വയസ്സു മുതല്‍ അഭിനയ പരിചയമുണ്ടായിരുന്ന ടാഗോര്‍, ഇരുപതാം വയസ്സില്‍ രചിച്ച നാടകമാണ് "വാല്മീകി പ്രതിഭ". തന്റെ നാടകങ്ങളില്‍ പരമ്പരാഗത കീര്‍ത്തനങ്ങളുടെ ശൈലിയും ഇംഗ്ലിഷ് ഐറിഷ് നാടോടി ഗാന ശൈലികളും ലയിപ്പിച്ചു.
- ടാക് ഖര്‍
- വിസര്‍ജ്ജന്‍ (ബലി)
- ചണ്ഡാലിക
- രക്തകറവി(അരളി)
- ചിത്രാംഗധ
- രാജ
- മയര്‍
- ഖേള
(അപൂര്‍ണ്ണം)
[തിരുത്തുക] ചെറുകഥകള്‍
- കാബൂളിവാല
- അഥിതി
- സ്ത്രീര്‍ പത്ര (ഭാര്യയുടെ കത്ത്)
- ഹൈമന്തി
- മുസല്‍മാനീ ദീദി
- ദര്‍പഹരണ്‍
- ജീബിതോ ഒ മൃതോ
(അപൂര്‍ണ്ണം)
[തിരുത്തുക] കവിത
- ആഫ്രിക
- കമാലിയ
- മാനസി
- സോണാര്‍ തോരീ
- ബാലക
- (സമാഹാരമായ) ഗീതാഞ്ജലി
(അപൂര്‍ണ്ണം)
[തിരുത്തുക] രാഷ്ട്രീയ കാഴ്ചപ്പാട്
ടാഗോറിന്റെ വളരെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ കാഴ്ചപ്പാടില്‍ യൂറോപ്യരുടെ സാമ്രാജ്യത്തെ എതിര്‍ക്കുകയും ഇന്‍ഡ്യന്‍ ദേശീയ വാദത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന് ലഭിച്ചിരുന്ന ജര്‍മ്മന്‍ പിന്തുണയെപ്പറ്റി ടഗൊര്‍ ബോധവാനായിരുന്നുവെന്നും, ജപ്പാന്റെ ഭരണാധികാരികളേയും അനുകൂലമാക്കുന്നതിനായി പ്രധാന മന്ത്രി തെരൗചി പ്രഭുവിനേയും മുന്‍ പ്രധാനമന്ത്രി ഓകുമ പ്രഭുവിനേയും സമീപിച്ചിരുന്നത്രെ. സ്വദേശി പ്രസ്ഥാനത്തെ "ചര്‍ക്കയുടെ മതമെന്ന" ലേഖനത്തില്‍ (1925) ടാഗോര്‍ പരിഹസിച്ചിരുന്നു. അതിനു പകരമായി അദ്ദേഹം ഭാരതീയ ജനതയെ അജ്ഞതയില്‍ നിന്ന ഉണര്‍ത്തുവാനും സ്വയം സഹായിക്കുവാനും ഉദ്ഘോഷിച്ചു. അര്‍ത്ഥമുള്ള വിദ്യാഭ്യാസമാണ് അന്ധമായ പ്രക്ഷോഭത്തിലും നല്ലത് എന്ന വീക്ഷണം അദ്ദേഹം പ്രചരിപ്പിച്ചു. 1916ല്‍ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ വച്ച് ടാഗോര്‍ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ടാഗോര്‍ തനിക്ക് ലഭിച്ച നൈറ്റ് പട്ടം ഉപേക്ഷിച്ചു.
[തിരുത്തുക] സ്വാധീനം
ടാഗോറിന്റെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു.
- കബിപ്രണാം വാര്‍ഷിക ആഘോഷം ബംഗാള്‍,
- ടാഗോര്‍ ഫെസ്റ്റിവല്‍,ഉര്‍ബാന, ഇല്ലിനോയി, യൂ എസ്.
- രബീന്ദ്ര പത് പരിക്രമ
(അപൂര്‍ണ്ണം)
യൂറോപ്പിലും,വടക്കന്‍ അമേരിക്കയിലും കിഴക്കന്‍ ഏഷ്യയിലും ടാഗോര്‍ വളരെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ പലതും ആംഗലേയം, ഡച്ച്, ജര്‍മ്മന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
ടാഗോര്‍ കൃതികളുടെ സ്പാനിഷ് വിവര്‍ത്തനങ്ങള്‍ പാബ്ലൊ നെരുദ, ഗബ്രിയേല മിസ്റ്റ്രല്‍, ഒക്ടാവിയോ പാസ്, ജോസി ഓര്‍ടെഗേ ഗസ്സറ്റ്, സിനോബിയ കമ്പ്രുബി, ജുവാന്‍ രാമോണ്‍ ജിമനീസ് തുടങ്ങിയ സ്പാനിഷ് ഭാഷാ സാഹിത്യകാരന്മാരെ സ്വാധീനിച്ചു.
[തിരുത്തുക] ഗ്രന്ഥസൂചി (അപൂര്‍ണ്ണം)
|


