രണ്ടാമൂഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രണ്ടാമൂഴം (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


രണ്ടാമൂഴം
പ്രമാണം:Randamoozham.jpg
2011 ലെ പതിപ്പിന്റെ പുറംചട്ട
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1984
മാധ്യമംPrint(Paperback)
ISBNISBN 8122607314

എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം.

കഥാസംഗ്രഹം[തിരുത്തുക]

മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.

മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ കഥാകാരൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകൻ. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു.

1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീർക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു.

അദ്ധ്യായങ്ങൾ[തിരുത്തുക]

യാത്ര[തിരുത്തുക]

മഹത്തായ കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പഞ്ചപാണ്ഡവൻമാരും ദ്രൗപദിയും സ്വർഗ്ഗം തേടിയുള്ള യാത്രയാണ് ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്.

കൊടുങ്കാറ്റിന്റെ മർമ്മരം[തിരുത്തുക]

പാണ്ഡുവിന്റെ മരണശേഷം മക്കളുമായി കുന്തിദേവി ഹസ്തിനപുരത്തേക്ക് വരുന്നതാണ് ഈ അദ്ധ്യായം വിവരിക്കുന്നത്. വരാൻ പോകുന്ന കുരുക്ഷേത്രയുദ്ധത്തിന്റെ ലക്ഷണങ്ങൾ ഇവിടെ കണ്ടുതുടങ്ങുന്നു. അഭ്യാസകാഴ്ചയും അവിടെ വെച്ച് കർണ്ണൻ അപമാനിക്കപ്പെടുന്നതും മറ്റും ഈ ഭാഗത്ത് വരച്ചുകാട്ടിയിരിക്കുന്നു. ദുര്യോധനന്റെ പാണ്ഡവർക്കു നേരെയുള്ള പകപോക്കലുകൾ ഇവിടെ ആരംഭിക്കുന്നു. ഭീമനെ ആണ് ഇവർക്ക് ഭയം , ഗംഗയിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുന്നു. പിന്നീട് ദൈവസഹായത്താൽ രക്ഷപ്പെട്ട ഭീമനെ നാഗൻമാർ സഹായിക്കുന്നു.

വനവീഥികൾ[തിരുത്തുക]

വാരണാവതത്തിലെ ചതി പ്രയോഗത്തിൽ നിന്നും രക്ഷപ്പെട്ട പാണ്ഡവരുടെ വനവാസകാലമാണ് വനവീഥികൾ എന്ന അദ്ധ്യായത്തിൽ പരാമർശിച്ചിരിക്കുന്നത്. ഹിഡിംബിയുമായി ഭീമൻ അടുക്കുന്നതും, അവളുടെ സഹോദരനായ ഹിഡിംബനെ കൊല്ലുന്നതും ഈ കാനനത്തിൽ വെച്ചാണ്. ഏകചക്രയിലെ ബകൻ എന്ന രാക്ഷസനെ ഭീമൻ വധിക്കുന്നതും ഈ കാലയളവിലാണ്. പാഞ്ചാലദേശത്തെ ദ്രുപദന്റെ മകളായ ദ്രൗപദിയെ അർജ്ജുനൻ വിവാഹം കഴിക്കുന്നതും, കുന്തിയുടെ നിർബന്ധത്താൽ ദ്രൗപദിയെ അഞ്ചുപേർക്കും കൂടി ഭാര്യ ആക്കാം എന്നും തീരുമാനിക്കുന്നു ഈ അദ്ധ്യായത്തിലാണ്. താൽപര്യത്തോടെ അല്ലെങ്കിലും ഭീമനും രണ്ടാമൂഴത്തിനായി കാത്തിരിക്കുന്നു.

അക്ഷഹൃദയം[തിരുത്തുക]

കുരുക്ഷേത്ര യുദ്ധത്തിന്റെ ആരംഭം ആയിരുന്നു ഹസ്തിനപുരത്തെ ചൂതാട്ടം. അധർമ്മത്തെ അന്ധനായ ധൃതരാഷ്ട്രരും, ഭീഷ്മനും ഉൾപ്പെടെയുള്ളവർ കണ്ടു നിന്നു. രജസ്വലയായി ഒറ്റ വസ്ത്രമുടുത്ത പാഞ്ചാലിയെ സദസ്യർക്കു മുമ്പിൽ വലിച്ചിഴച്ച് ആ യുദ്ധകാഹളം മുഴക്കുകയായിരുന്നു കൗരവർ ഹസ്തിനപുരത്തെ സദസ്സിൽ

പഞ്ചവർണ്ണപ്പൂക്കൾ[തിരുത്തുക]


വിരാടം[തിരുത്തുക]

പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് താമസിക്കാനായി തെരഞ്ഞെടുത്ത സ്ഥലമാണ് വിരാടം. താരതമ്യേന ചെറുതായ രാജ്യമാണ് ഇത്. ഈ സ്ഥലം എന്തുകൊണ്ടും യോജിച്ചതാണ് എന്ന് നിർദ്ദേശിക്കുന്നത് കൃഷ്ണനാണ്. ഇവിടെ ഭീമൻ പാചകക്കാരനായ വല്ലവനായി വേഷം മാറി ജീവിക്കുന്നു. ഇവിടെ വെച്ച് വിരാടരാജന്റെ സേനാപതിയായ കീചകനെ ഭീമൻ ദ്രൗപദിയുടെ നിർദ്ദേശപ്രകാരം വധിക്കുന്നു. വിരാടരാജധാനിയിൽ വെച്ചാണ് പാണ്ഡവർ അജ്ഞാതവാസം മതിയാക്കി പുറംലോകത്തേക്ക് വരുന്നത്.

ജീർണ്ണവസ്ത്രങ്ങൾ[തിരുത്തുക]

പൈതൃകം[തിരുത്തുക]

ഫലശ്രുതി[തിരുത്തുക]

കൃഷ്ണദ്വൈപായനൻ വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞുവെക്കുന്നു.

  1. ഉദാഹരണത്തിന് യുധിഷ്ഠിരന്റെ പിതൃത്വം, ജീവൻ വെടിഞ്ഞ വിദുരനെ നോക്കി കരയുന്ന ധൃതരാഷ്ട്രരോട് കൃഷ്ണദ്വൈപായനൻ പറയുന്നുണ്ട്

മരണത്തിന്റെ മുഹൂർത്തത്തിൽ വിദുരന്റെ ചൈതന്യം മുഴുവൻ യുധിഷ്ഠിരിനിലേക്ക് പ്രവേശിച്ചതും ശ്രദ്ധേയമാണ്.

  1. ഭീമൻ രാജാവാകട്ടെ എന്ന് പറഞ്ഞുകഴിഞ്ഞതിനുശേഷം പിന്നീടുള്ള ഒരു രാത്രികൊണ്ട് എന്താണ് സംഭവിച്ചെതന്നറിയേണ്ടത് കഥാകാരന്റെ ബാദ്ധ്യത ആണെന്ന് എം.ടി പറയുന്നു. ദാസീ പുത്രനായ തനിക്കോ നാടുവാഴാനൊത്തില്ല, തന്റെ പുത്രനെങ്കിലും രാജാവാകണം എന്ന് ആഗ്രഹിച്ച വിദുരർ കുന്തിയിലൂടെ മോഹം സാധിപ്പിച്ചെടുത്തു കാണും എന്ന് കാഥാകാരൻ വിശ്വസിക്കുന്നു. കൂടാതെ കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഭീമൻ രാജാവായാൽ തന്റെ സ്ഥാനം ബലന്ധരക്കു താഴെയായിരിക്കും എന്ന ദ്രൗപദിയുടെ പേടിമൂലം, ദ്രൗപദിയും ഈ തീരുമാനത്തിൽ നിന്നും പിൻമാറാൻ ഭീമനെ നിർബന്ധിച്ചിരിക്കാൻ സാധ്യത ഉണ്ട് എന്ന് കാഥാകൃത്ത് വിശ്വസിക്കുന്നു.

തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച രണ്ടാമൂഴം രണ്ടാം പതിപ്പിൽ നമ്പൂതിരി വരച്ച പുതിയ ചിത്രങ്ങളും നോവലിൽ ചേർത്തിട്ടുണ്ട്.[1]

ചലച്ചിത്ര ആവിഷ്ക്കാരം[തിരുത്തുക]

രണ്ടാമൂഴം വെള്ളിത്തിരയിൽ ഒരുത്തിരിയുതിനായുള്ള ചർച്ചകളും ആലോചനകളും വളരെ നാളുകൾക്കുമുമ്പേ ആരംഭിച്ചതാണ്. ഈ ചലച്ചിത്രത്തെ പറ്റി പല ഊഹാപോഹങ്ങളും കാലങ്ങളായി നിലനിന്നിരുന്നൂ. അവയിൽ ഒന്നായിരുന്നൂ മോഹൻലാൽ ഭീമന്റെ കഥാപാത്രം അവതരിപ്പിക്കും എന്ന്. 2017-ൽ എം. ടി.-യുടെ തിരക്കഥയിൽ യുഎഇ എക്സ്ചേഞ്ചിന്റെ സ്ഥാപകൻ ബി.ർ ഷെട്ടി ചിത്രത്തിന്റെ സകല നിർമ്മാണച്ചെലവുകളും ഏറ്റെടുത്തുകൊണ്ട് പരസ്യചിത്ര സംവിധയകാൻ വി. എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ രണ്ടാമൂഴം വെള്ളിത്തിരയിൽ ഒരുങ്ങുന്നതായി മോഹൻലാൽ വെളിപ്പെടുത്തി. ചിത്രം മലയാളതിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കിലുമായി നിർമ്മിക്കുന്നൂ.ചലച്ചിത്രം രണ്ടുഭാഗങ്ങളിലായി ചിത്രീകരിച്ച് 2020തോടെ ചിത്രം പ്രദർശിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട്‌ എം ടി കോടതിയെ സമീപിച്ചതിനാൽ ചിത്രം പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.

ശ്രീകുമാർ മേനോനും എംടിയുമായി ഉണ്ടായിരുന്ന കോടതി വ്യവഹാരം ഇരു കൂട്ടരും തമ്മിൽ ചർച്ച ചെയ്ത് പരിഹരിച്ചതിനാൽ രണ്ടാമൂഴത്തിൻറെ തിരക്കഥ എം.ടിക്ക് തിരികെ നൽകിയും എംടിക്ക് തിരക്കഥ രചനയ്ക്ക് നൽകിയ 1.25 കോടി രൂപ ശ്രീകുമാർ മേനോന് തിരികെ നൽകിയുമാണ് കോടതിക്ക് പുറമേ വെച്ച് കേസ് പരിഹരിച്ചത്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  1. 1985 ലെ വയലാർ പുരസ്കാരം ഈ കൃതിക്കാണ് ലഭിച്ചത്
  1. http://www.manoramaonline.com/literature/literaryworld/2017/05/15/randamoozham-on-glorious-fifty.html
  2. "കേസ്".
"https://ml.wikipedia.org/w/index.php?title=രണ്ടാമൂഴം&oldid=4012832" എന്ന താളിൽനിന്ന് ശേഖരിച്ചത്