യുക്രെയിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഴക്കന്‍ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍തീര രാഷ്ട്രം ഒമ്പതാം ശതകത്തില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍. വലുപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കള്‍ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കൂട്ടത്തില്‍ സമ്പന്നമായ മേഖലകള്‍ കൈയടക്കാന്‍ അതിര്‍ത്തിരാജ്യങ്ങള്‍ തയാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘര്‍ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാര്‍ഷികമേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് യുക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ല്‍ റഷ്യന്‍വിപ്ലവത്തെ തുടര്‍ന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവര്‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവര്‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറി.
ഉള്ളടക്കം |
[തിരുത്തുക] ഭൗതിക ഭൂമിശാസ്ത്രം
[തിരുത്തുക] ഭൂപ്രകൃതി
പൂര്‍വ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് യുക്രയിന്‍. ശരാശരി ഉയരം 175 മീറ്റര്‍. റിപ്പബ്ലിക്കിന്റെ അതിര്‍തിക്കു സമീപം കാര്‍പേത്തിയന്‍, ക്രീമിയന്‍ എന്നീ പര്‍വതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങള്‍ കാണാം. ഈ പ്രദേശം മൊത്തം വിസ്തീര്‍ണത്തിന്റെ 5% മാത്രമേ വരൂ. പൊതുവേ സമതല ഭാഗങ്ങള്‍ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതല്‍ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പര്‍, യൂസ്നീബൂഗ് എന്നീ നദികള്‍ക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പര്‍ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ്വരകളും അഗാധ ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകള്‍ ഇവയില്‍ പെടുന്നു. പടിഞ്ഞാറുനിന്നും ഈ പീഠഭൂമിയിലേക്കു തുളഞ്ഞുകയറുന്ന മട്ടില്‍ കിടക്കുന്ന വോളിന്‍ പോഡോള്‍ കുന്നുകള്‍ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീര്‍ണമായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇടതുപാര്‍ശ്വത്തില്‍ നിപ്പര്‍പീഠ പ്രദേശത്തിന്റെ അതിര്, റിപബ്ലിക്കിന്റെ വ. കി. ഭാഗത്തായുള്ള ഡൊണെറ്റ്സ് മലനിരകളാണ്; മധ്യ-റഷ്യാ പീഠഭൂമിയുടെ ശാഖയാണിവ.
റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികള്‍ ഒഴുകുന്നു. മധ്യ ഉക്രെയിന്‍ നീപ്പര്‍ നദീതടവും ആ നദിയുടെ ആവാഹക്ഷേത്രമായ താഴ്വര പ്രദേശവുമാണ്. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്വരപ്രദേശം ക്രിമിയന്‍ സമതലത്തില്‍ ലയിക്കുന്നു. പടിഞ്ഞാറ് കാര്‍പേത്തിയന്‍ സാനുക്കളിലും ടീസാനദീവ്യൂഹത്തിന്റെ തടപ്രദേശമായ സമതലം കാണാം. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരിക് കാര്‍പേത്തിയന്‍ പങ്‌തിയില്‍പെട്ട സമാന്തരനിരകളാണ്. 610 മുതല്‍ 1980 വരെ മീറ്റര്‍ ഉയരമുള്ളവയാണിവ. യുക്രെയിനിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം കാര്‍പേത്തിയന്‍ നിര്‍കളില്‍ ഉള്‍പ്പെട്ട ഹവേല (2061 മിറ്റര്‍) കൊടുമുടിയാണ്. ക്രിമിയന്‍ മലനിരകള്‍ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയില്‍ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. കരിങ്കടല്‍, അസോവ് കടല്‍ എന്നിവയുടെ ഓരങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.[2]
[തിരുത്തുക] അപവാഹം
സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികള്‍ ഈ റിപ്പബ്ലിക്കിനുള്ളില്‍ ഉള്ളതയി കണക്കാക്കപ്പെടുന്നു. ഇവയില്‍ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്റരിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പര്‍ നദി (2,187 കി. മീ.) മാര്‍ഗ്ത്തിലെ 1,197 കി. മീ. ദൂരം ഉക്രെയിന്‍ അതിര്‍ത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പര്‍ നദിയുടെ ആവാഹക്ഷേത്രത്തില്‍ പെടുന്നു. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇന്‍ഗൂര്‍. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന നെസ്റ്റര്‍ (1342 കി. മീ.) നദീവ്യൂഹവും പ്രാധന്യമര്‍ഹിക്കുന്നതാണ്. ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാന്‍സ്കാര്‍പേത്തിയന്‍ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോണ്‍ നദിയുടെ പോഷകനദിയായ ഡോണെറ്റ്സ് (1046 കി. മീ.) യത്രാമധ്യത്തില്‍ ഏറിയ ദൂരവും യുക്രെയിനിലൂടെയാണ് ഒഴുകുന്നത്. ക്രിമിയാ സമതലത്തിലെ പ്രധാന ന്ദിയാണ് സാല്‍ഗീര്‍ (230 കി. മീ.)[3]
നദികളിലെ ജലത്തിന്റെ പൂര്‍ണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് യുക്രെയിനിലുള്ളത്. കനാല്‍വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കര്‍ഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങള്‍ അങ്ങേയറ്റം വികസിപ്പീച്ചിരിക്കുന്നു. വടക്കന്‍ പ്രദേശങ്ങളിലെ നദികള്‍ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കള്‍ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാര്‍ഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വര്‍ധിപ്പിച്ചിരിക്കുന്നു. ഊര്‍ജോത്പാതന സാധ്യതകള്‍ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്[4]
യുക്രെയിനില്‍ ധാരാളം തടാകങ്ങള്‍ ഉണ്ടെങ്കിലും മിക്കവയും നന്നേ ചെറുതും ചതുപ്പു കെട്ടിയവയുമാണ്. റിപ്പബ്ലിക്കിന്റെ 3 ശതമാനത്തോളം ഭൂമി ചതുപ്പുകളാണ്. ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചിട്ടുള്ളവ ഉള്‍പ്പെടെ നിരവധി കൃത്രിമ തടാകങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്; നിപ്പര്‍ ജലവൈദ്യുത പധതിയോടു ചേര്‍ന്നുള്ള ലെനിന്‍ റിസര്‍വോയര്‍ ഇക്കൂട്ടത്തില്‍ എടുത്തുപറയവുന്ന ഒന്നാണ്. ഭൂജലത്തിന്റെ പര്യാപ്തമായ ഉപഭോഗവും സാധിച്ചുവരുന്നു.[4]
[തിരുത്തുക] കാലാവസ്ഥ
സമശീതോക്ഷ്ണ മേഖലയിലാണ് യുക്രെയിന്‍ സ്ഥിതിചെയ്യുന്നത്. അത്‌ലാന്തിക്കില്‍ നിന്നുള്ള നീരാവി സമ്പൂര്‍ണവും സാമാന്യം ഉയര്‍ന്ന താപനിലയിലയിലുള്ളതുമായ കാറ്റുകള്‍ വീസുന്നത് ശീതകാലത്ത് യുക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കന്‍ ഭാഗങ്ങളില്‍ വടക്കുള്ള ഉച്ചമര്‍ദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കന്‍ ഭാഗങ്ങളില്‍ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടില്‍ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങള്‍ ഉണ്ടായിരിക്കും; ഗ്രീഷ്മകാലത്തും വര്‍ഷപാതമുണ്ടാകാം. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് മഴ പെയ്യുന്നത്. നവമ്പറിലും ഡിസമ്പര്‍ ആദ്യപാദത്തിലും മഞ്ഞുവീഴ്ച്ച സാധാരണമാണ്. കാര്‍പേത്തിയന്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഹിമപാദം ഉണ്ടാവുന്നത്.[5]
ക്രിമിയയുടെ തെക്കുഭാഗത്ത് മെഡിറ്ററേനിയന്‍ കാലാവസ്ഥ അനുഭവപ്പെടുന്നു; വരണ്ട ഗ്രീഷ്മകാലവും 40 മുതല്‍ 60 വരെ സെ. മീ. മഴപെയ്യുന്ന ശൈത്യ കാലവുമാണുള്ളത്. ശൈത്യകാലം പൊതുവെ കാഠിന്യം കുറഞ്ഞതാണ്. ഈ ഭാഗത്തു മഞ്ഞ് പെയ്യുന്നില്ല.[5]
[തിരുത്തുക] സസ്യജാലം
മഴക്കൂടുതലുള്ള വടക്കന്‍ യുക്രെയിനില്‍ വനങ്ങളും മധ്യഭാഗത്ത് കുറ്റിക്കാടുകള്‍ ഇടകലര്‍ന്ന സ്റ്റെപ്പ് മാതൃകയിലുള്ള പുല്‍മേടുകളും തെക്കന്‍ യുക്രെയിനില്‍ തുറസ്സായ വനങ്ങളുമാണ് നൈസര്‍ഗിക പ്രകൃതി. നദീതീരങ്ങളിലും ചുരങ്ങളുടെ പാര്‍ശ്വങ്ങളിലും വനങ്ങള്‍ നിബിഡമായി കാണപ്പെടുന്നു. യുക്രെനില്‍ മൊത്തം 80 ലക്ഷം ഹെക്റ്റര്‍ വനങ്ങളാണുള്ളത്; ഇവയില്‍ മൂന്നില്ലൊരു ഭാഗവും ആവശ്യാനുസരണം വച്ചുപിടിപ്പിച്ചവയാണ്. തഴച്ചവനങ്ങള്‍ കാര്‍പേത്തിയന്‍ സാനുക്കളിലാണ് മുഖ്യമായും കാണപ്പെടുന്നത്.[5]
പ്രധാനമായും മൂന്നു പ്രകൃതി വിഭവങ്ങളാണ് ഈ റിപ്പബ്ലിക്കിലുള്ളത്; ചതുപ്പുകള്‍ ഇടകലര്‍ന്ന കുറ്റിക്കാടുകള്‍ പോലിസൈ, കുറ്റിക്കാടു കലര്‍ന്ന പുല്‍മേടുകള്‍ ലിസോസ്റ്റെപ്പ്, പുല്‍മേടുകള്‍ സ്റ്റെപ്പ്. റിപ്പബ്ലിക്കിന്റെ വടക്കും വടക്കു പടിഞ്ഞാറും ഭാഗങ്ങളിലായുള്ള 1,13,960 ച. കി. മീ. വ്യാപ്തിയുള്ള പോലിസൈ പ്രദേശം ഒട്ടുമുക്കാലും വെട്ടിത്തെളിക്കപ്പെട്ടു കഴിഞ്ഞു; ഇതില്‍ 35% മാത്രമാണു കൃഷിയോഗ്യമായുള്ളത്. ഈ മേഖലയ്ക്കു തെക്കാണ് ലിസോസ്റ്റെപ്പ്; 2,02,020 ച. കി. മീ. വിസ്തീര്‍ണമുള്ള ഈ പ്രദേശത്തിന്റെ 67% കര്‍ഷികമേഖലയും 12% വനങ്ങളുമണ്. ലിസോസ്റ്റെപ്പിനു തെക്ക് കരിങ്കടല്‍, അസോവ്കടല്‍, ക്രിമിയന്‍ മലനിരകള്‍ എന്നിവയ്ക്കു സ്മീപത്തായി കിടക്കുന്ന ഭൂഭാഗമാണ് സ്റ്റെപ്പ് ഇതിന്റെ വിസ്തീര്‍ണം 25,510 ച. കി. മീ. വരും.[5]
പൊലിസൈ പ്രദേശത്തെ നല്ലൊരുഭാഗം ചതുപ്പുകളും വെള്ളകെട്ടുള്ള മൈതാനങ്ങളുമാണ്. ഈ പ്രദേശങ്ങളിലെ വെള്ളം ചോര്‍ത്തിക്കളഞ്ഞ് അവയെ കൃഷിയോഗ്യം ആക്കി തീര്‍ക്കുവനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടന്നുവരുന്നു. പോലിസൈ മേഖലയുടെ 5% പീറ്റ്ചതുപ്പുകളാണ്. ഇവിടത്തെ വനങ്ങളില്‍ ഓക്ക്, യെം, പോപ്ലാര്‍, ബര്‍ച്ച്, ഹോണ്‍ബീം, ആഷ്, മേപ്പിള്‍, പൈന്‍, വില്ലോബീച്ച് തുടങ്ങിയസമ്പദ്പ്രധാനങ്ങളായ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. തെക്ക് സ്റ്റെപ്പ് പ്രദേശത്ത് മഴക്കുറവുമൂലം ജലസേചനത്തിന്റെ ആവശ്യം നേരിടുന്നു. ജലസേചനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഗവണ്മെന്റ് ദത്തശ്രദ്ധമാണ്. ഇവിടത്തെ അസ്കാനിയാനോവ എന്ന ഉപവനത്തില്‍ സ്റ്റെപ്പ് മാതൃകയിലുള്ള നൈസര്‍ഗിക സസ്യജാലം സംരക്ഷിക്കപ്പെട്ടുവരുന്നു.[5].
മേല്പറഞ്ഞവ കൂടതെ തന്നെ വിസ്തൃതി കുറഞ്ഞ മറ്റുചില സസ്യമേഖലകളും യുക്രെയിലുണ്ട്; കാര്‍പ്പേത്തിയന്‍ പ്രദേശം, ക്രിമിയണ്‍ മലമ്പ്രദേശം, ക്രിമിയയിലെ മെഡിറ്ററെനിയന്‍ മേഖല എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. മെഡിറ്ററേനിയന്‍ മേഖലയിലെ യാള്‍ട്ടാപട്ടണത്തിനു സമീപം സ്ഥാപിതമയിട്ടുള്ള നിഖിട്സ്കി ബൊട്ടാണിക്കല്‍ ഗര്‍ഡന്‍സില്‍ ലോകത്തെമ്പാടുമുള്ള സസ്യജാലങ്ങള്‍ ആധുനീക സങ്കേതങ്ങളുപയോഗിച്ച് പരിപാലിക്കപ്പെട്ടു വരുന്നു.[5]
[തിരുത്തുക] ജന്തുജാലം
നൂറിലേറെയിനം സസ്തനികളും 350 - ലേറെ പക്ഷിവര്‍ഗങ്ങളും 200 - ലധികം മത്സ്യയിനങ്ങളും ഉക്രെയിനില്‍ കാണപ്പെടുന്നു. ചെന്നായ്, കുറുനരി, കാട്ടുപൂച്ച, മാര്‍ട്ടെന്‍ (Martes americana), കാട്ടുപന്നി, കാട്ടാട്, ഹരിണവര്‍ഗങ്ങള്‍ എന്നിവ സാധാരണമാണ്. കരളുന്ന ജന്തുക്കളും കുളക്കോഴി, പാത്ത, കാട്ടുതാറാവ്, മൂങ്ങ തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്. ശലഭം, ചാഴി തുടങ്ങിയവയുടെ നിരവധിയിനങ്ങളെയും ഇവിടെ കാണാം. പൈക്ക്, കാര്‍പ്, പെര്‍ച്ച്, സ്റ്റര്‍ജിയോണ്‍ തുടങ്ങിയയിനം മത്സ്യങ്ങള്‍ സമൃദ്ധമായുണ്ട്. അന്യദേശങ്ങളില്‍ നിന്ന് ഇവിടത്തെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് കുടിയേറ്റിയിട്ടുള്ള മസ്ക്റാറ്റ്, റാക്കൂണ്‍, ബീവര്‍ തുടങ്ങിയ ഇനങ്ങളും സാമാന്യമായ തോതില്‍ വംശാബിവൃ നേടിയിരിക്കുന്നു. വന്യജീവിസംരക്ഷണത്തില്‍ കാര്യമായ നിഷ്കര്‍ഷ പാലിക്കുന്നുണ്ട്.[5]
[തിരുത്തുക] മണ്ണ്
യുക്രെയിനിലെ 65% പ്രദേശത്തും ഫലഭൂയിഷ്മായ കരിമണ്ണാണുള്ളത്. ജൈവാംശ സമൃദ്ധമായ് പോഡ്സോള്‍, ചെമ്മണ്ണ് തുടങ്ങിയ ഇനങ്ങളും ഫലപുഷ്ടി ഉള്ളവയാണ്. കടല്‍ത്തീരത്തും ചതുപ്പുകളിലും മാത്രമാണ് ഉള്‍വരത കുറഞ്ഞ ലവണമണ്ണു കാണപ്പെടുന്നത്.[6]
[തിരുത്തുക] ധാതുസമ്പത്ത്
ധാതുസമ്പന്നമായ ഒരു മേഖലയാണ് യുക്രെയിന്‍. 72 - ലധികം ധാതുക്കള്‍ ഈ റിപ്പബ്ലിക്കില്‍ നിന്നു ഖനനം ചെയ്യപ്പെടുന്നു. കൃവോയ്റോഗ്, കെര്‍ഷ്, ബെലോസിയോര്‍ക്ക്, ക്രീമെന്‍ഷുഗ്, ഷാഡനെഫ് എന്നിവിടങ്ങളില്‍ മൊത്തം 1,940 കോടിടണ്‍ ഇരുമ്പയിര്‍ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങനീസ് നിക്ഷേപങ്ങള്‍ ഉക്രെനിലാണ് അവസ്ഥിതമായിട്ടുള്ളത്. ഡോണെറ്റ്സ്, നീപ്പര്‍ എന്നീ നദീതടങ്ങളില്‍ കനത്ത കല്‍ക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്സ് നദീ തടത്തില്‍ മാത്രം 3,900 കോടി ടണ്‍ മുന്തിയ ഇനം കല്‍ക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പര്‍ നദീ തടത്തില്‍ 600 കോടി ടണ്‍ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന കുറഞ്ഞയിനം കല്‍ക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും യുക്രെയിന്‍ സമ്പന്നമാണ്. സിര്‍ കാര്‍പേത്തിയന്‍, നിപ്പര്‍-ഡോണെറ്റ്സ്, ക്രീമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. ടൈറ്റനിയം, അലൂമിനിയം, നെഫെലൈറ്റ്, മെര്‍ക്കുറി, അലൂനെറ്റ്, പാരാഫിന്‍ വക്സ്, പൊട്ടാസ്യം, കല്ലുപ്പ്, ഗന്ധകം, ഫോസ്ഫറസ് എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു.[6]
ട്രാന്‍സ് കര്‍പേത്തിയന്‍ മേഖലയിലും കരിങ്കടല്‍, അസോവ് കടല്‍ എന്നിവയുടെ തീരത്തുമുള്ള ധാതൂഉറവകള്‍ വളരെ പ്രസിദ്ധി ആര്‍ജിച്ചവയാണ്.[6]
[തിരുത്തുക] ജനങ്ങള്‍
സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ രണ്ടാംസ്ഥാനം യുക്രെയിനാണ്. അനുപാദം ശതമാനത്തില്‍ കൊടുത്തിരിക്കുന്നു.
- ഉക്രേനിയന്‍ - 74.9%
- റഷ്യന്‍ - 19.4%
- യഹൂദര്‍ - 1.6%
- പോള്‍ - 0.6%
- ബെലോറഷ്യന്‍ - 0.8%
- ബള്‍ഗേറിയന്‍ - 0.5% . എന്നിവരാണ് പ്രധാന വിഭാഗങ്ങള്‍. ഗ്രീക്ക്, റൂമേനിയന്‍, അര്‍മീനിയന്‍, ജിപ്സി, ഹംഗേറിയന്‍, ടാര്ട്ടാര്, ലിഥുവേനിയന്‍, ബാഷ്കിര്, കസാക് , ചുവാഷ് തുടങ്ങിയ ന്യൂനപക്ഷങ്ങളെ കൂടി കണക്കിലെടുത്താല്‍ നൂറിലേറെ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന മേഖലയാണ് യുക്രെയിന്‍. ഭാഷാപരമായി നോക്കുമ്പോള്‍ റിപ്പബ്ലിക്കിലെ ജനങ്ങളില്‍ 96% - വും സ്ലാവ് വിഭാഗത്തില്‍ പെടും.[6]
യു. എസ്സ്. എസ്സ്. ആറിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളില്‍ ഒന്നാണ് ഉക്രെയിന്‍; ജനസാന്ദ്രത ച. കി. മിറ്ററിന് 77 ആണ്. വ്യാവസായികമായി മുന്നിട്ടുനില്‍ക്കുന്ന ഡോണെറ്റ്സ് തടത്തിലും നിപ്പര്‍ താഴ്വരയിലും ജനസാന്ദ്രത തുലോം കൂടുതലാണ്. റിപ്പബ്ലിക്കിലെ 55% ജനങ്ങള്‍ നഗരവാസികളാണ്. 1975 - ലെ കണക്കനുസരിച്ച് യുക്രെയിനില്‍ 387 നഗരങ്ങളും 865 പട്ടണങ്ങളും 8,592 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള 40 നഗരങ്ങളാണുണ്ടായിരുന്നത്. ക്കീവ് (16,32,000), കാര്‍കോവ് (12,23,000) എന്നിവ മാത്രമാണ് വ്യത്യസ്ഥമായിട്ടുള്ളത്. മറ്റു പ്രധാനനഗരങ്ങളില്‍ ഒഡീസ, ഡോണെറ്റ്സ്ക്, ദ്നൈപ്രോപെട്രോഫ്സ്ക്, സാപോറഷ്യ, കൃവോയ്റോഗ്, ല്വൂഫ് എന്നിവ ഉള്‍പ്പെടുന്നു. ഗ്രാമങ്ങളില്‍ പകുതിയിലേറെ 1,000 - ത്തിനും 5,000 - ത്തിനുമിടയ്ക്ക് ജനസംഖ്യ ഉള്ളവയാണ്.[6]
[തിരുത്തുക] സമ്പദ്‌വ്യവസ്ഥ
[തിരുത്തുക] കൃഷി
രാജ്യത്തിന്റെ വരുമാനത്തില്‍ 18% കര്‍ഷികാദായമാണ്. ധാന്യങ്ങള്‍, ഉരുളക്കിഷങ്ങ്, മലക്കറിവര്‍ഗങ്ങള്‍, പുല്‍വര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍, മുന്തിരി എന്നിവയാണ് പ്രധാന വിളകള്‍; മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങള്‍ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്.[6]
കന്നുകാലിവളര്‍ത്തല്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയല്‍, കോഴി, താറവ്, പാത്തക്കോഴി എന്നിവയെ വന്‍തോതില്‍ വളര്‍ത്തുന്നു. തേനിച്ച വളര്‍ത്തലും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും വിപുലമായ രീതിയില്‍ നടന്നുവരുന്നു.[6]
[തിരുത്തുക] മത്സ്യബന്ധനം
അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായമാണ് മത്സ്യബന്ധനം. കരിങ്കടല്‍ തീരത്തു നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത്. അസോവ് തീരത്തും, നദികള്‍, കായലുകള്‍, റിസര്‍വോയറുകള്‍, കുളങ്ങള്‍ തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളിലും സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നു. യു. എസ്. എസ്. ആറില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ 12% ഉക്രെയിനില്‍ നിന്നാണു ലഭിക്കുന്നത്. സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യം വളര്‍ത്തുന്ന 21,000 കുളങ്ങള്‍ യുക്രെയിനിലുണ്ട്. ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ചുള്ള കൃത്രിമ തടകങ്ങള്‍ക്കു പുറമേയാണിവ. നീപ്പര്‍, ഡാന്യൂബ്, നെസ്റ്റര്‍, യൂസിനിബുഗ്, ഡോണെറ്റ്സ് എന്നി നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്.[6]
[തിരുത്തുക] ഖനനം
കല്‍ക്കരിഖനനമാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. 90% ശതമാനം കല്‍ക്കരിയും ഡോനെറ്റ്സ് തടത്തില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്നു. പെട്രോളിയവും പ്രകൃഇവതകവും രണ്ടാം സ്ഥാനം വഹിക്കുന്നു. ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം തുടങ്ങിയ മിക്ക ധാതുക്കളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. അയിരു സംസ്കരണത്തിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പബ്ലിക്കിനുള്ളില്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു.[6]
വ്യവസായാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന്റെ 99% - വും കല്‍ക്കരി, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്. കേവലം 1% മാത്രമാണ് ജലവൈദ്യുതിയുടെ പങ്ക്. സോവിയറ്റ് യൂണിയനിലെ വൈദ്യുതി ഉത്പാതനത്തില്‍ 19% യുക്രെയിനില്‍ നിന്നാണ്. ബൃഹത്തായ താപവൈദ്യുത കേന്ദ്രങ്ങള്‍ യുക്രെയിനില്‍ എമ്പാടും സ്ഥാപിക്കപ്പെട്ടിരിക്കുന്നു[6]
[തിരുത്തുക] വ്യവസായം
സോവിയറ്റു യൂണിയനിലെ ആകെ ഉത്പാതനത്തിന്റെ 50% ഇരുമ്പും, 40% ഉരുക്കും, 25% - ത്തോളം ഉരുക്കു കുഴലുകളും ഉക്രെയ്നിലാണു നിര്‍മ്മിക്കുന്നത്. ഇരുമ്പുരുക്കു വ്യവസായത്തില്‍ അസൂയാവഹമായ ആധിപത്യം പുലര്‍ത്തുന്ന ഒരു മേഖലയാണിത്. ഫെറസ് ലോഹങ്ങളും വന്‍തോതില്‍ ഉത്പാതിപ്പിക്കുന്നുണ്ട്. എണ്ണശുദ്ധീകരണവും പെട്രോളിയം ഉത്പന്നങ്ങളുടെ നിര്‍മാണവുമാണ് മറ്റൊരു മുന്തിയ വ്യവസായം. ലോക്കോമോട്ടിവുകള്‍, കപ്പലുകള്‍, വന്‍കിട ആവിയന്ത്രങ്ങള്‍, വൈദ്യുതയന്ത്രങ്ങള്‍, ആട്ടോമൊബൈലുകള്‍, വാസ്തുസാമഗ്രികള്‍ തുടങ്ങിയവ വന്‍തോതില്‍ നിര്‍മിച്ചു വരുന്നു. വന്‍കിടവ്യവസായങ്ങള്‍ വളരെയേറെ അഭിവൃത്തിപ്പെട്ടിട്ടുണ്ട്. സൂപ്പര്‍ജറ്റ് വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഏകാധിപത്യം പുലര്‍ത്തുന്ന കേന്ദ്രമാണിത്.[6]
ഭക്ഷ്യസംസ്കരണം, ഔഷധനിര്‍മാണം, രാസവ്യവസായം, ഗവേഷണം, വൈദ്യോപകരണനിര്‍മാണം തുടങ്ങിയവക്കാവശ്യമായ പ്രത്യേകയിനം യന്ത്രങ്ങളും ഇതര സാങ്കേതിക സംവിധാനങ്ങളും നിര്‍മിക്കുന്നതില്‍ യുക്രെയിന്‍ അന്താരാഷ്ട്ര പ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. കാര്‍ഷിക യന്ത്രങ്ങളും വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഘനവ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത് കീവ്, സൂമി, ഫസ്റ്റാവ്, കാര്‍ക്കോവ്, ഓഡീസാ, ല്വൂഫ്, ഖെര്‍സന്‍ എന്നീ നഗരങ്ങളിലാണ്. ഇടത്തരം വ്യവസായങ്ങള്‍ നാടിന്റെ നാനാഭാഗത്തും അഭിവൃദ്ധികരമായി നടന്നുവരുന്നു. മെഷീന്‍ടൂള്‍, ചെറുകിടയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, വാര്‍ത്താവിനിമയോപകര്‍ണങ്ങള്‍, ക്യാമറ, ശീതീകരണയന്ത്രങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, അലക്കുയന്ത്രങ്ങള്‍, രാസവളം, കീടനാശിനികള്‍, ഔഷധങ്ങള്‍, അമളങ്ങള്‍, പഞ്ചസാര, മദ്യം, തുണിത്തരങ്ങള്‍, കൃത്രിമപട്ടുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഏറെ വികസിച്ചിരിക്കുന്നു. ഭക്ഷ്യസംസ്കരണവും കാനിങ്ങും വന്‍തോതില്‍ നടന്നുവരുന്ന മറ്റു വ്യവസായങ്ങളാണ്. ചെറുകിട വ്യവസായ രംഗത്തും അഭൂതപൂര്‍വമായ പുരോഗതി ദര്‍ശിക്കാം.[7]
[തിരുത്തുക] ഗതാഗതം
വളരെയേറെ വികസിതമായ ഗതാഗതവ്യവസ്ഥയാണ് യുക്രെയ്നില്‍ ഉള്ളത്. മൊത്തം 2,24,000 കി. മീ. റോഡുകളുണ്ട്; ഇവയില്‍ 96,000 കി. മീറ്ററും ഒന്നാംതരം ഹൈവേകളാണ്. റിപ്പബ്ലിക്കിനുള്ളിലെ വ്യവസായ കേന്ദ്രങ്ങളെയും അധിവാസ കേന്ദ്രങ്ങളെയും പ്രസ്പരം കൂട്ടിയിണക്കുന്നതിനു പര്യാപ്തമാണ് ഇവിടത്തെ റോഡുവ്യവസ്ഥ. കൂടാതെ കീവ് - മോസ്കോ, കീവ് - ലെനിന്‍ഗ്രാഡ്, സിംഫറോപോള്‍ - കാര്‍കോവ് - മോസ്കോ, കാര്‍കോവ് - റൊസ്റ്റോവ് തുടങ്ങിയ ഹൈവേകളിലൂടെ നഗരങ്ങള്‍ക്ക് രാഷ്ട്രതലസ്ഥാനവുമായും, യു. എസ്. എസ്. ആര്‍ലെ ഇതര കേന്ദ്രങ്ങളുമായും ഉള്ള ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[7]
അയല്‍ റിപ്പബ്ലിക്കുകളുമായും, വിദേശരാജ്യങ്ങളുമായിപ്പോലും ബന്ധം പുലര്‍ത്തുവാനാവുന്ന റയില്‍വ്യൂഹവും പ്രവര്‍ത്തിക്കുന്നുണ്ട്. 22,060 കി. മി. തീവണ്ടിപ്പാതകള്‍ ഈ റിപ്പബ്ലിക്കിലുണ്ട്. കാര്‍കോവ്, കീവ്, കോവല്‍, ദ്നൈപ്രോ, പെട്രോഫ്സ്ക്, ബാക്മാഷ് തുടങ്ങിയവയാണു പ്രധാന റയില്‍ കേന്ദ്രങ്ങള്‍. [7]
ജലഗതാഗതത്തിലും യുക്രെയിന്‍ മുന്നിലാണ്; മൊത്തം കപ്പല്‍ ചരക്കുകളുടെ 20% - ത്തോളം കരിങ്കടല്‍ - അസോവ് കടല്‍ത്തീരങ്ങളിലുള്ള ഓഡിസ്, ഇലിഷേവിസ്ക്, നിക്കൊളേയേവ്, ഖെര്‍സന്‍, കെര്‍ഷ്, ഷ്ദാനഫ് എന്നീ തുറമുഖങ്ങളിലൂടെയാണ് നീങ്ങുന്നത്. യുക്രെനിന്റെ വകയായ കപ്പലുകള്‍ തിമിംഗലവേട്ടയ്ക്കായി ഓഡിസയില്‍ നിന്ന് ആര്‍ട്ടിക്കിലേക്കു പോയിവരുന്നു. നീപ്പര്‍, യൂസ്‌നിബൂഗ്, ഡാന്യൂബ് എന്നിനദികള്‍ കപ്പല്‍ ഗതാഗതത്തിനു സൗകര്യമുള്ളവയാണ്. യുക്രെനിലെ കനാലുകളെ ബൈലോറഷ്യയിലെ കനാലുകള്‍ വഴി പോളന്‍ഡിലെ വിസ്തുലയുമായും അങ്ങനെ ബാള്‍ട്ടിക് കടലുമായും യോജിപ്പിച്ചിരിക്കുന്നു. നദീമാര്‍ഗത്തിന്റെ ആഴം വര്‍ധിപ്പിച്ച് നിപ്പര്‍ ഉടനീളം സഞ്ചാരയോഗ്യമാക്കി തീര്‍ക്കുവാനുള്ള പദ്ധതി പ്രാവര്‍ത്തികമായി വരുന്നു. കീവ്, ദ്നൈപ്രോ പെട്രോഫ്സ്ക്, സാപോറഷ്യ, ഖെര്‍സന്‍ എന്നിവയാണ് നീപ്പര്‍ തീരത്തെ പ്രധാന തുറമുഖങ്ങള്‍.[7]
പെട്രോളിയം വിനിമയത്തിനുള്ള പൈപ്പുലയിനുകളും യുക്രെയിനിലെ ചരക്കുഗതാഗതത്തില്‍ വലുതായ പങ്കുവഹിക്കുന്നു. ഇവിടെ 9,920 കി. മീ. പൈപ്പുകളാണുള്ളത്. എണ്ണഖനികളെയും സംസ്കരണ വിപണനകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നവയാണിവ.
യുക്രെയിനിലെ മിക്ക പ്രാദേശിക കേന്ദ്രങ്ങള്‍ക്കും കീവ്നഗരവുമായി വ്യോമബന്ധമുണ്ട്; പ്രസ്തുത നഗരവും യു. എസ്. എസ്. ആറിലെ പ്രമുഖ നഗരങ്ങളുമായി ദൈനംദിന വ്യോമസമ്പര്‍ക്കം സ്ഥാപിച്ചിട്ടുണ്ട്. പ്രാഗ്, ബുഡാപെസ്റ്റ്, ബെല്‍ഗ്രേഡ്, സോഫിയ, ബുക്കാറെസ്റ്റ്, വിയന്ന തുടങ്ങിയ വിദേശതലസ്ഥാനങ്ങളിലേക്ക് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ യുക്രെയിനിലൂടെയാണ് കടന്നു പോവുന്നത്. കീവ്, കാര്‍കോവ്, ഓഡീസ എന്നീ നഗരങ്ങളില്‍ ഒന്നാംകിട വിമാനത്താവളങ്ങളുണ്ട്.[7]
യുക്രെയിനിലെ നഗരങ്ങളില്‍ നിന്നും മേല്‍പ്പറഞ്ഞ വിനിമയമാധ്യമങ്ങളെ ആശ്രയിച്ച് സോവിയറ്റു യൂണിയനിലെമ്പാടുമുള്ള വിപണന കേന്ദ്രങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുന്നു; കമ്മിവസ്തുക്കളായ പെട്രോളിയം, തുകല്‍സാധനങ്ങള്‍, വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവയും പ്രസിദ്ധീകരണങ്ങളും യുക്രെയിലേക്കു കൊണ്ടു വരികയും ചെയ്യുന്നു. കാപ്പി, തേയില, കൊക്കോ, ചണം, പഴവര്‍ഗങ്ങള്‍ എന്നിവയും ഇറക്കുമതികളില്‍ പെടുന്നു[7]
[തിരുത്തുക] യുക്രേനിയന്‍ ഭാഷയു സാഹിത്യവും
[തിരുത്തുക] ഭാഷ
യുക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തില്‍ ഇരിക്കുന്നതും റഷ്യയിലെ കീവില്‍ പ്രചരിക്കുന്ന സംസാരഭാഷയുടെ ഒരു അപഭ്രംശരൂപവും ആണ് യുക്രേനിയന്‍ ഭാഷ. തനി റഷ്യന്‍ ഭാഷയുമായി ഇതിനേതെങ്കിലും സാദൃശ്യം ഉണ്ടെന്നു പറയുന്നതു ശരിയല്ല. 13 - ം നൂറ്റാണ്ടില്‍ കീവ്നു നേരിട്ട പതനത്തിനുശേഷം യുക്രെയിന്‍ രാജ്യത്തിന്റെ ഏറിയഭാഗവും ലിത്വേനിയയില്‍ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട പദപ്രവാഹത്തെ ബൈലോറഷ്യന്‍ (White Russian) എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16 - ം നൂറ്റാണ്ടില്‍ പോളിഷ് ആധിപത്യത്തോടു കൂടി അസ്തമിത പ്രായമായി. 17 - ം നൂറ്റാണ്ടില്‍ ക്രൈസ്തവസഭകള്‍ ഉപയോഗിച്ചിരുന്ന സ്ലാവിക്‌രൂപങ്ങള്‍ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയില്‍ കലരാന്‍ തുടങ്ങി. ഈ മിശ്രഭാഷയില്‍ നിന്നാണ് 18 - ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു യുക്രേനിയന്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ് പദങ്ങളും ശൈലികളും ഇടകലര്‍ന്ന്‍ ഒരു യുക്രേനിയന്‍ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്ദശാസ്ത്രാപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യയില്‍ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്.[7]
[തിരുത്തുക] സാഹിത്യം
ക്രിസ്തുമത സമ്പര്‍ക്കത്തോടു കൂടി ചര്‍ച് - സ്ലാവോണിക് എന്ന് പിന്നിടു ഭാഷാശാസ്ത്രജ്ഞന്മാര്‍ നാമകര്‍ണം ചെയ്ത ഒരു വങ്മയരൂപം ബൈസാന്തിയത്തില്‍ നിന്ന് കീവില്‍ എത്തിച്ചേര്‍ന്നു (988). അതില്‍ രചിക്കപ്പെട്ട ചില അദ്ധ്യാത്മിക സൃഷ്ടികള്‍ യുക്രേനിയന്‍ സാഹിത്യത്തിന്റെ ആദ്യകാലസന്തതികള്‍ എന്ന നിലയില്‍ ഗണിക്കപ്പെട്ടുവരുന്നു. മതോത്ഥാനവും മതനവീകരണവും യൂറോപ്പില്‍ പ്രബലമായ കാലത്ത് അതിന്റെ അലയടികള്‍ യുക്രേനിയനിലും അനുഭവപ്പെട്ടു. വിവിധ പ്രത്യയശാസ്ത്ര വിവാദങ്ങളോടുകൂടിയും അല്ലാതെയും പല ബൈബിള്‍ തര്‍ജുമകള്‍ ഈ നാട്ടില്‍ ആവിര്‍ഭവിച്ചത് ഇക്കാലത്താണ്.[8]
പതിനേഴാം നൂറ്റാണ്ടിനുശേഷം പല കാരണങ്ങളാലും ക്ലാസിക്കല്‍ സാഹിത്യസൃഷ്ടി ഈ ഭാഷയില്‍ വികാസം പ്രാപിക്കുകയുണ്ടായില്ല. 1805 - ല്‍ ഖാര്‍ക്കോവ് സര്‍വകലാശാല സ്ഥപിതമായതോടുകൂടി ഈ സ്ഥിതിക്ക് മാറ്റം വന്നു. ചരിത്രകൃതികളും റൊമാന്റിക് കാവ്യങ്ങളുമാണ് ഇക്കാലത്തെ പ്രമുഖ സാഹിത്യ സൃഷ്ടികള്‍. ബൈബിളും ഷേക്‌സ്പിയര്‍കൃതികളും യുക്രേനിയനിലേക്ക് വിവര്‍ത്തനം ചെയ്ത പാന്റലൈയ്മോന്‍ കുലീഷ് (1819 - 97) കവിയും നോവലിസ്റ്റും ഉപന്യാസകൃത്തുമായിരുന്നു. മാര്‍ക്കോ വൊവ്ചെക്ക് (1834 - 1907) ഗദ്യശാഖയെയും കാര്‍പെകോ കാറി (1845 - 1907) നാടക പ്രസ്ഥാനത്തെയും വികസിപ്പിച്ചെടുത്തവരില്‍ പ്രമുഖരാണ്.[9]
ഐവാന്‍ ഫ്രാന്‍കോ (1856 - 1916) ആണ് ആധുനിക യുക്രേനിയന്‍ സാഹിത്യത്തിന്റെ പിതാവെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്. ലെസാ യുക്രെയിന്‍കാ (1871 - 1913) പേരെടുത്ത ഒരു കവയിത്രിയും നാടകകര്‍ത്രിയും ആയിരുന്നു. ഇമ്പ്രഷണിസ്റ്റ് സാഹിത്യ രൂപങ്ങളെ പ്രചരിപ്പിച്ചവരില്‍ മൈഖേലൊ കോട്സ്യൂബൈന്‍സ്കിയും (1864 - 1903) പാസൈല്‍ സ്റ്റെഫാനൈക്കും (1871 - 1936) ഭാവഗീത പ്രസ്ഥാനത്തില്‍ ഒ. ഓലെസ്സും (1878 - 1944) മുന്‍പന്തിയില്‍ നില്‍ക്കുന്നു.[9]
ഒന്നാം ലോകയുദ്ധവും റഷ്യന്‍ വിപ്ലവവും, അതോടുകൂടി യുക്രെയിന്‍ കൈക്കൊണ്ട സോവിയറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും (1918 - 1922) അവിടത്തെ സാഹിത്യത്തിന് പുതിയ രൂപഭാവങ്ങള്‍ നല്‍കി. ഇക്കാലത്തെ ഏറ്റവും പ്രശസ്തനായ കവി മാക്‌സൈം റൈന്‍സ്കി (1895 - ) ആണ്. നവീന ക്ലാസിസിറ്റ് പ്രസ്ഥാനത്തിനു രൂപം നല്‍കിയ മൈക്കോലാ സെരോവ് (1890 - ) 1933 - നാട്ടില്‍നിന്ന് ബഹിഷ്കൃതനായി. സോവിയറ്റ് ആധിപത്യം സ്ഥപിതമായ ശേഷം (1923) യുക്രേനിയന്‍ സാഹിത്യം കുറേക്കാലത്തേക്കു മുരടിച്ചു കിടക്കുകയാണുണ്ടായത്. 1929 - 30 കാലത്ത് പല യുക്രേനിയന്‍ സാഹിത്യകാരന്മാരും സംഹരിക്കപ്പെട്ടതായും അവരുടെ സൃഷ്ടികള്‍ വന്‍തോതില്‍ നശിപ്പിക്കപെട്ടതായും ചില ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു.[9]
ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം യുക്രേനിയന്‍ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാന ബോധത്തിന്റെ സ്ഥാനം 1930 - നു ശേഷം പുതിയ സാമൂഹിക സാംസ്കാരിക മൂല്യങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. യുക്രെനിന്റെ പശ്ചിമ പ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ഇക്കാലത്ത് ശക്തമായ ചില സ്വകീയ ശൈലീപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രൈനെവൈച്ച് (1875 - 1947), കവികളായ ഓലെഹ് ഓള്‍ഷൈച്ച് (1907 - 44), യൂറിയ്‌ലൈപാ (1900 - 44), യൂറിയ്ക്ലെന്‍ (1891 - 1947), സാഹിത്യ വിമര്‍ശകനായ ദിമിത്രോവ് ഡൊണ്‍സോവ് തുടങ്ങിയവര്‍ ഉയിര്‍ത്തെഴുന്നേറ്റ ഉക്രേനിയന്‍ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയില്‍ കരുതപ്പെട്ടുവരുന്നു.[9]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Ukrainian GDP (PPP). IMF, World Economic Outlook Database, October 2007. ശേഖരിച്ചത് 2008-03-10.
- ↑ "Ukraine - Relief". Encyclopædia Britannica (fee required). http://www.britannica.com/eb/article-30093/Ukraine. Retrieved 2007-12-27.
- ↑ Ml Encyclopedia vol IV page - 563
- ↑ 4.0 4.1 Mal Encyclopedia vol IV page - 564
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 Mal Encyclopedia vol IV page 564
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 Mal Encyclopedia vol IV page 565
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 Mal Encyclopedia vol IV Page - 566 Official website of state institute of encyclopaedic publicatins
- ↑ Mal Encyclopedia vol IV page - 567
- ↑ 9.0 9.1 9.2 9.3 Mal Encyclopedia vol IV page - 567