യഹൂദമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(യഹൂദര്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യഹൂദരുടെ മതഗ്രന്ഥം തോറ ഹീബ്രു ഭാഷയില്‍ രേഖപ്പെടുത്തിയ ചുരുള്‍

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. യഹൂദര്‍ ഏകദൈവത്തില്‍ വിശ്വസിയ്ക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങള്‍ യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം.യൂദായുടെ ഗോത്രത്തില്പ്പെട്ടവന്‍ എന്നര്‍ത്ഥം വരുന്ന യഹൂദ എന്ന വാക്ക് കാലക്രമേണ രൂപപ്പെടുകയും അവരുടെ വിശ്വാസസംഹിതയുടെ പേരായി മാറുകയും ചെയ്തു. ദൈവകല്പിതമായ ന്യായപ്രമാണങ്ങള്‍ ജനങ്ങള്‍ക്ക് നള്‍കിയവനായി യഹൂദര്‍ മോസസിനെ കണക്കാക്കുന്നു. തങ്ങളുടെ പൂര്‍വികരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും വിമോചനത്തിലേക്ക് നയിച്ച മോസസിന്‌, സീനായ് മലമുകളില്‍ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകള്‍ സ്വന്തം വിരല്‍ കൊണ്ട് കല്‍പലകകളില്‍ എഴുതി നല്‍കിയതായി അവര്‍ കരുതുന്നു.

ഹെബ്രായ ബൈബിള്‍ ആയ തനക് ആണ് ഈ മതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കെന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ തോറാ നബിയിം ക്ത്തുബിം എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. ആദ്യവിഭാഗമായ തോറായില്‍ നിയമസംബന്ധിയായ ഗ്രന്ഥങ്ങളാണെന്ന് പറയാം. തോറാ എന്ന ഹെബ്രായ പദത്തിന്റെ അര്‍ത്ഥം വഴികാട്ടുക എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നിവയാണ്‌ തോറായില്‍ അടങ്ങിയിരിക്കുന്നത്. നബിയിമില്‍ പ്രവചനഗ്രന്ഥങ്ങളും ക്ത്തുബിമില്‍ മറ്റ് ലിഖിതങ്ങളുമാണ്.

"http://ml.wikipedia.org/wiki/%E0%B4%AF%E0%B4%B9%E0%B5%82%E0%B4%A6%E0%B4%AE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം