മോഹന്‍ജൊ ദാരോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മോഹന്‍ജൊ ദാരോയിലെ പുരാവസ്തു ശേഷിപ്പുകള്‍* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്മാരകം | |
|
|
|
| രാജ്യം കക്ഷി | |
| തരം | സാംസ്കാരികം |
| മാനദണ്ഡം | ii, iii |
| അവലംബം | 138 |
| മേഖല† | ഏഷ്യാ-പസഫിക്ക് |
| Inscription History | |
| Inscription | 1980 (4-ആം Session) |
| * Name as inscribed on World Heritage List. † Region as classified by UNESCO. |
|
മോഹന്‍ജൊ-ദാരോ സിന്ധൂ നദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് മോഹന്‍ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ല്‍ നിര്‍മ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകള്‍ക്ക് സമകാലീനമായിരുന്നു മോഹന്‍ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു..വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയില്‍പ്പെട്ടിരുന്നതിനാല്‍ ഒന്നിനുകീഴെ ഒന്നായി ഒന്‍പതു തട്ടുകളിലാണ് ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയില്‍ തന്നെയായിരുന്നു നഗരത്തിന്റെ പുനര്‍നിര്‍മ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതല്‍ വികസിച്ച അവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന നിര്‍മ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് (?).
ഉള്ളടക്കം |
[തിരുത്തുക] പേരിനുപിന്നില്‍
സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും സിന്ധ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാര്‍ത്ഥ പേര് അജ്ഞാതമാണ്. സിന്ധി ഭാഷയില്‍ "മോഅന്‍" അല്ലെങ്കില്‍ "മോയെന്‍" എന്ന പദത്തിന്റെ അര്‍ത്ഥം "മൃതര്‍" എന്നും (ഹിന്ദിയില്‍ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദാരോ" എന്നത് "കുന്ന്" എന്നുമാണ്. "മോഎന്‍ ജോ ദരോ" (देवनागरी- मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അര്‍ത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാല്‍ "മോഹന്‍ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഡിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.
[തിരുത്തുക] കണ്ടുപിടിത്തവും ഖനനവും
ഏകദേശം ക്രി.മു. 2600-ല്‍ ആണ് മോഹന്‍ജൊ-ദാരോ നിര്‍മ്മിച്ചത്. ഈ നഗരം ക്രി.മു. 1900-ഓടെ ഉപേക്ഷിക്കപ്പെട്ടു. 1922-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന രാഖേല്‍ദാസ് ബന്ദോപാദ്ധ്യയ് ഈ നഗരം വീണ്ടും കണ്ടെത്തി[1]. ഈ കുന്ന് ഒരു സ്തൂപം ആയിരിക്കാം എന്ന് വിശ്വസിച്ച ഒരു ബുദ്ധമത സന്യാസിയായിരുന്നു അദ്ദേഹത്തെ ഈ കുന്നിലേയ്ക്ക് നയിച്ചത്. 1930-കളില്‍ പുരാവസ്തു ഗവേഷകരായ ജോണ്‍ മാര്‍ഷല്‍, കെ.എന്‍. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ വന്‍തോതില്‍ ഖനനങ്ങള്‍ നടന്നു.[2] സൈറ്റ് ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ജോണ്‍ മാര്‍ഷലിന്റെ കാര്‍ ഇന്നും മോഹന്‍ജൊ-ദാരോ കാഴ്ച്ചബംഗ്ലാവില്‍ ഉണ്ട്. ഇവരുടെ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി ഇത് പരിരക്ഷിച്ചിരിക്കുനു. 1945-ല്‍ അഹ്മദ് ഹസന്‍ ദാനി, മോര്‍ട്ടീമര്‍ വീലര്‍ എന്നിവര്‍ കൂടുതല്‍ ഖനനങ്ങള്‍ നടത്തി.
മോഹന്‍ജൊ-ദാരോയിലെ പ്രധാനപ്പെട്ട അവസാനത്തെ ഖനനം നടത്തിയത് 1964-65-ല്‍ ഡോ. ജി.എഫ്.ഡേത്സ് ആയിരുന്നു. ഇതുവരെ കുഴിച്ചെടുത്ത രൂപങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും കാലാവസ്ഥകൊണ്ട് സംഭവിച്ച നാശത്തെപ്രതി ഈ തിയ്യതിയ്ക്കു ശേഷം ഖനനങ്ങള്‍ നിരോധിച്ചു. 1965 മുതല്‍ ഈ സ്ഥലത്ത് അനുവദിച്ച ഖനനങ്ങള്‍ പരിരക്ഷാ ഖനനങ്ങള്‍ (salvage excavation), ഉപരിതല സര്‍വ്വേകള്‍, സംരക്ഷണ പ്രോജക്ടുകള്‍ എന്നിവ മാത്രമാണ്. പ്രധാന പുരാവസ്തു പദ്ധതികള്‍ക്ക് വിലക്ക് ഉണ്ടെങ്കിലും 1980-കളില്‍ ഡോ. മൈക്കല്‍ ജാന്‍സന്‍, ഡോ. മൌരിസിയോ റ്റോസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ പുരാവസ്തു രേഖപ്പെടുത്തല്‍, ഉപരിതല സര്‍വ്വേകള്‍, ഉപരിതലം ചുരണ്ടല്‍, ചൂഴല്‍ (probing), തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ പുരാതന നാഗരികതയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ശേഖരിച്ചു.[3]
[തിരുത്തുക] സ്ഥാനം
സിന്ധൂനദിയുടെ വെള്ളപ്പൊക്ക സമതലത്തിന്റെ നടുക്ക് ഒരു പ്ലീസ്റ്റോസീന്‍ മലയിലാണ് മോഹന്‍ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. സമതലത്തിലെ വെള്ളപ്പൊക്കങ്ങള്‍ കാരണം ഈ മല ഇന്ന് മൂടപ്പെട്ടിരിക്കുന്നു. ഈ മല കാരണം നഗരം ചുറ്റുമുള്ള സമതലത്തെക്കാളും ഉയര്‍ന്നുനിന്നു. പടിഞ്ഞാറ് സിന്ധൂനദീതടത്തിനും കിഴക്ക് ഘാഗ്ഗര്‍-ഹക്രയ്ക്കും ഇടയ്ക്ക് ഏകദേശം മദ്ധ്യത്തിലാണ് മോഹന്‍ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. ഇന്നും സിന്ധൂനദി മോഹന്‍ജൊ-ദാരോയ്ക്ക് കിഴക്കായി ഒഴുകുന്നു എങ്കിലും ഘാഗ്ഗര്‍-ഹക്ര നദീതടം വരണ്ടുപോയി. [4]
വര്‍ഷങ്ങള്‍ നീണ്ടുനിന്ന മനുഷ്യനിര്‍മ്മിതികള്‍ നഗരത്തിന്റെ വികാസം ആവശ്യമാക്കി. ഇതിനായി കുന്ന് ഭീമാകാരമായ ചെളിത്തിട്ടകള്‍ കൊണ്ട് വലുതാക്കപ്പെട്ടു. ഒടുവില്‍, ഈ വാസസ്ഥലത്തിന്റെ വികാസം കൊണ്ട് ചില കെട്ടിടങ്ങള്‍ ഇന്നത്തെ സമതലനിരപ്പില്‍ നിന്നും 12 മീറ്ററും, പുരാതന സമതലത്തില്‍ നിന്നും വളരെ ഉയരത്തിലും വരെ നിര്‍മ്മിച്ചു.[5]
[തിരുത്തുക] പ്രാധാന്യം
മോഹന്‍ജൊ-ദാരോ പുരാതന കാലത്ത് പുരാതന സിന്ധൂ നദീതട നാഗരികതയുടെ ഭരണകേന്ദ്രങ്ങളില്‍ ഒന്നായിരിക്കാം എന്ന് അനുമാനിക്കുന്നു. [6] മോഹന്‍ജൊ-ദാരോയുടെ പരമോന്നതിയുടെ കാലത്ത് തെക്കേ ഏഷ്യയിലെയും ഒരുപക്ഷേ ലോകത്തിലെ തന്നെയും ഏറ്റവും വികസിച്ചതും പുരോഗമിച്ചതുമായ നഗരവും അതായിരുന്നു. നഗരത്തിന്റെ ആസൂത്രണവും സാങ്കേതികവിദ്യയും സിന്ധൂ നദീതടത്തിലെ ജനങ്ങള്‍ നഗരത്തിനു കല്‍പ്പിച്ച പ്രാധാന്യം കാണിക്കുന്നു.[7]
[തിരുത്തുക] വാസ്തുവിദ്യയും നഗര സൌകര്യങ്ങളും
നഗരത്തിന്റെ പഴക്കം പരിഗണിക്കുമ്പോള്‍ മോഹന്‍ജൊ-ദാരോയുടെ നിര്‍മ്മിതി സവിശേഷമാണ്. ആസൂത്രിതമായി നിര്‍മ്മിച്ച, തെരുവുകള്‍ ലംബമായും തിരശ്ചീനമായും നിശ്ചിത അകലത്തില്‍ ക്രമമായ ശ്രേണികളില്‍ നിര്‍മ്മിച്ച നഗരമായിരുന്നു മോഹന്‍ജൊ-ദാരോ. അതിന്റെ ഉന്നതിയില്‍ നഗരത്തില്‍ ഉദ്ദേശം 35,000 പേര്‍ താമസിച്ചിരുന്നു. നഗരത്തിലെ കെട്ടിടങ്ങള്‍ വളരെ പുരോഗമിച്ചിരുന്നു, കളിമണ്ണിലും മരക്കരിയിലും നിര്‍മ്മിച്ച് വെയിലില്‍ ഉണക്കിയ ഒരേ വലിപ്പമുള്ള ചുടുകട്ടകള്‍ കൊണ്ടായിരുന്നു വീടുകളുടെ നിര്‍മ്മിതി. ഈ ചുടുകട്ടകളുടെ വലിപ്പത്തില്‍ വളരെയധികം നിഷ്കര്‍ഷത പുലര്‍ത്തിയതായി കാണാം.
കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു നഗരങ്ങളും ഏകദേശം ഒരേരൂപകല്പനയാണ് അനുസരിച്ചിരിക്കുന്നത്. രണ്ടിനും പടിഞ്ഞാറായി ഒരു മേനോട്ടപ്പുര (Citadel) ഉണ്ടായിരുന്നു. ഇത് തറയില്‍ നിന്ന് 30-50 അടി ഉയരത്തില്‍ ഏകദേശം 400x200 അടി വലിപ്പമുള്ളതാണ്‍. ഇത് കനമുള്ള മതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഈ മതിലുകളില്‍ തന്നെ ചില കാര്യാലയങ്ങളും പൊതുകെട്ടിടങ്ങളും പ്രവര്‍ത്തിച്ചുവന്നു.
ഈ നഗരത്തിലെ പൊതു കെട്ടിടങ്ങളും വലിയ അളവിലുള്ള സാമൂഹികാസൂത്രണത്തെ കാണിക്കുന്നു. മോഹന്‍ജൊ-ദാരോയിലെ "മഹത്തായ ധാന്യശാല" എന്നറിയപ്പെടുന്ന കെട്ടിടത്തെ 1950-ല്‍ സര്‍ മോര്‍ട്ടീമര്‍ വീലര്‍ വ്യാഖ്യാനിച്ചത് അനുസരിച്ച് ഗ്രാമങ്ങളില്‍ നിന്നും ധാന്യങ്ങളുമായി വരുന്ന വണ്ടികളെ സ്വീകരിക്കാനുള്ള തുറസ്സുകളോടും, ശേഖരിച്ചിരിക്കുന്ന ധാന്യം ഉണക്കുന്നതിനായി വായൂസഞ്ചാരത്തിനായി നാളികളോടും കൂടിയാണ് ഈ ഈ കെട്ടിടം ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ്. എന്നാല്‍, ജോനാഥന്‍ മാര്‍ക്ക് കെനോയര്‍ ഈ "ധാന്യശാല"യില്‍ നിന്നും ധാന്യങ്ങളുടെ ഒരു തെളിവും കിട്ടിയിട്ടില്ല എന്ന് രേഖപ്പെടുത്തുന്നു. ഇതിനാല്‍ കെനോയര്‍ പറയുന്നത് ഈ കെട്ടിടത്തിന് കൂടുതല്‍ ചേരുന്ന നാമം "മഹത്തായ മുറി" എന്നായിരിക്കും എന്നാണ്.[8]
ധാന്യശാലയ്ക്ക് അടുത്തായി, പൊതു ആവശ്യത്തിനായുള്ള മറ്റൊരു കെട്ടിടം - ഒരു വലിയ പൊതു കുളിസ്ഥലം ഉണ്ട്. വരിയായ മുറ്റത്തിനുള്ളില്‍, ചുടുകട്ടകള്‍ പാകിയ കുളത്തിലേയ്ക്ക് ഇറങ്ങാന്‍ പടികളോട് കൂടിയതാണ് ഇത്. ഈ വിശാലമായ പൊതു കുളിസ്ഥലം വളരെ നന്നായി നിര്‍മ്മിച്ചിരുന്നു, ചോരുന്നതില്‍ നിന്നും തടയാന്‍ പ്രകൃതിദത്തമായ ടാറിന്റെ ഒരു പാളി പാകിയിരുന്നു, കുളിസ്ഥലത്തിനു നടുവിലായി 12 മീ x 7 മീ വലിപ്പത്തിലും, 2.4 മീ ആഴത്തിലും ഒരു കുളവും ഉണ്ടായിരുന്നു.
നഗരത്തിനുള്ളില്‍, ഓരോ വീടുകളും, അല്ലെങ്കില്‍ വീടുകളുടെ കൂട്ടങ്ങള്‍, കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചു. ഈ വീടുകളില്‍ ചിലവയില്‍ കുളിക്കാനായി നീക്കിവെച്ചിരിക്കുന്നു എന്നു തോന്നിക്കുന്ന മുറികളും ഉണ്ട്. അഴുക്കുജലം നേരിട്ട് മൂടിയ ഓടകളിലേയ്ക്ക് ഒഴുകി, മൂടിയ അഴുക്കുചാലുകള്‍ പ്രധാന നിരത്തുകള്‍ക്ക് വശങ്ങളിലായി ഉണ്ടായിരുന്നു. വീടുകളുടെ വാതിലുകള്‍ നടുമുറ്റങ്ങളിലേയ്ക്കോ ചെറിയ നിരത്തുകളിലേയ്ക്കോ മാത്രമായിരുന്നു. പല കെട്ടിടങ്ങളും ഇരുനില കെട്ടിടങ്ങളായിരുന്നു.
ഒരു കാര്‍ഷിക നഗരമായിരുന്നതുകൊണ്ട്, നഗരത്തില്‍ ഒരു വലിയ കുളവും, ഒരു പൊതു ചന്തയും ഉണ്ടായിരുന്നു. ഭൂഗര്‍ഭ ചൂളയുള്ള (ഹൈപോകോസ്റ്റ്) ഒരു കെട്ടിടവും (ഒരുപക്ഷേ ചൂടുവെള്ളത്തില്‍ കുളിക്കാന്‍) ഈ നഗരത്തില്‍ ഉണ്ടായിരുന്നു.
നന്നായി സൈനികമായി സംരക്ഷിക്കപ്പെട്ട ഒരു നഗരമായിരുന്നു മോഹന്‍ജൊ-ദാരോ. ചുറ്റും മതിലുകള്‍ ഇല്ലാതിരുന്ന ഈ നഗറരത്തിന് പ്രധാന ആവാസ സ്ഥലത്തിനു പടിഞ്ഞാറായി ഗോപുരങ്ങളും (കാവല്‍ മാടങ്ങള്‍) തെക്കായി പ്രതിരോധ സന്നാഹങ്ങളും (കെട്ടിടങ്ങളും) ഉണ്ടായിരുന്നു.ഹാരപ്പ തുടങ്ങിയ സിന്ധൂ നദീതടത്തിലെ മറ്റ് നഗരങ്ങളിലെ ആസൂത്രണവും, ഈ സൈനീക ശക്തിപ്പെടുത്തലുകളും പരിഗണിക്കുമ്പോള്‍, മോഹന്‍ജൊ-ദാരോ ഒരു ഭരണ കേന്ദ്രമായിരുന്നോ എന്ന ചോദ്യം ഉയരുന്നു. ഹാരപ്പയ്ക്കും മോഹന്‍ജൊ-ദാരോയ്ക്കും ഏകദേശം ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്, മറ്റ് സിന്ധൂനദീതട ആവാസകേന്ദ്രങ്ങളെപ്പോലെ ഇവ വളരെയധികം സൈനികമായി സംരക്ഷിക്കപ്പെട്ടില്ല. സിന്ധൂനദീതടത്തിലെ എല്ലാ സ്ഥലങ്ങള്‍ക്കുംപൊതുവായി ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്. ഇതില്‍ നിന്നും ഭരണപരമായോ രാഷ്ട്രീയപരമായോ ഒരു കേന്ദ്രീകൃത ഘടന ഉണ്ടായിരുന്നു എന്ന് മനസിലാക്കാം. എന്നാല്‍ ഒരു ഭരണ സിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഭരണപരിധിയും ഇന്നും വ്യക്തമല്ല.
നഗരം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരുന്നു, കോട്ട എന്ന് അറിയപ്പെടുന്ന ഭാഗവും കീഴ്-നഗരവും. കീഴ് നഗരത്തിന്റെ ഭൂരിഭാഗവും ഇനിയും അനാവരണം ചെയ്തിട്ടില്ല, എന്നാല്‍ കോട്ട എന്നറിയപ്പെടുന്ന ഭാഗത്ത് ഒരു പൊതു കുളിസ്ഥലവും, ജനങ്ങള്‍ കൂടുന്നതിനുള്ള രണ്ട് വലിയ മുറികളും, 5,000 പേര്‍ക്ക് താമസിക്കാവുന്ന ഒരു വലിയ ഗാര്‍ഹിക നിര്‍മ്മിതിയും ഉണ്ട്.
മോഹന്‍ജൊ-ദാരോ, ഹാരപ്പ, എന്നിവയും ഇവയുടെ സംസ്കൃതിയും 1920-കളില്‍ വീണ്ടും കണ്ടെത്തുന്നതുവരെ ചരിത്രത്തില്‍ ഒരു അവശിഷ്ടവും ശേഷിപ്പിക്കാതെ മണ്മറഞ്ഞു. ഇവയെ 1920-കളില്‍ വ്യാപകമായി ഖനനം ചെയ്തു, പക്ഷേ 1960-കള്‍ക്കു ശേഷം ആഴത്തില്‍ ഒരു ഖനനവും നടത്തിയിട്ടില്ല.
[തിരുത്തുക] പുരാവസ്തുക്കള്‍
മോഹന്‍ജൊ-ദാരോയിലെ "നൃത്തംചെയ്യുന്ന പെണ്‍കുട്ടി" ഏകദേശാം 4500 വര്‍ഷം പഴക്കമുള്ള ഒരു പുരാവസ്തുവാണ്. 10.8 സെമീ ഉയരമുള്ള ഈ വെങ്കല ശില്പം മോഹന്‍ജൊ-ദാരോയിലെ ഒരു വീട്ടില്‍ നിന്നും 1926-ല്‍ കണ്‍റ്റെത്തുകയായിരുന്നു. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മോര്‍ട്ടീമര്‍ വീലര്‍ക്ക് ഏറ്റവും പ്രിയങ്കരമായ പുരാവസ്തുവായിരുന്നു ഇത്. 1973-ല്‍ ഒരു ടെലെവിഷന്‍ പരിപാടിയില്‍ മോര്‍ട്ടീമര്‍ വീലര്‍ ഇങ്ങനെ പറഞ്ഞു:
- "വളഞ്ഞ ചുണ്ടുകളും കണ്ണുകളില്‍ കുസൃതി നോട്ടവുമായി അതാ, അവളുടെ ചെറിയ ബലൂചി-രീതിയിലെ മുഖം. എനിക്കുതോന്നുന്നത് അവള്‍ക്ക് ഏകദേശം പതിനഞ്ച് വര്‍ഷം പ്രായം കാണും, അതില്‍ക്കൂടുതല്‍ ആവില്ല, പക്ഷേ അവള്‍ കൈനിറയെ വളകളുമണിഞ്ഞ്, മറ്റൊന്നും ധരിക്കാതെ നില്‍ക്കുന്നു. ഒരു പെണ്‍കുട്ടി, പൂര്‍ണ്ണമായി, ഒരു നിമിഷത്തേയ്ക്ക്, തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും പൂര്‍ണ്ണമായി ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു. എനിക്കുതോന്നുന്നത്, അവളെപ്പോലെ ലോകത്തില്‍ മറ്റൊന്നുമില്ല എന്നാണ്."
മോഹന്‍ജൊ-ദാരോയില്‍ ഖനനം നടത്തിയവരില്‍ ഒരാളായ ജോണ്‍ മാര്‍ഷല്‍ അവളെ യുവത്വത്തിന്റെ വര്‍ണ്ണാഭമായ പ്രതീതി എന്ന് വിശേഷിപ്പിച്ചു ... "പെണ്‍കുട്ടി, അവളുടെ അരയില്‍ ഊന്നിയ കയ്യും, പകുതി-ധാര്‍ഷ്ട്യം നിറഞ്ഞ നില്‍പ്പുമായി, കാലുകള്‍ അല്പം മുന്നോട്ടുവെച്ച്, അവളുടെ കാലുകള്‍ കൊണ്ടും പാദം കൊണ്ടും സംഗീതത്തിന് താളം പിടിക്കുന്നു."[9]
ഈ ശില്പത്തിന്റെ ചാതുര്യം ഇന്നും മികച്ചതാണ്, ഇത് സവിശേഷവും, എന്നാല്‍ ക്ഷണനേരത്തേക്കെങ്കിലും തിരിച്ചറിയാനാവുന്നതായ ഒരു ഭൂതകാലത്തെക്കുറിച്ച് പറയുന്നു. പുരാവസ്തു ഗവേഷകനായ ഗ്രിഗറി പോസ്സെലിന്റെ അഭിപ്രായത്തില്‍, "നമുക്ക് അവള്‍ ഒരു നര്‍ത്തകിയായിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ അവള്‍ ചെയ്യുന്നതില്‍ അവള്‍ മിടുക്കിയായിരുന്നു, അത് അവള്‍ക്ക് അറിയുള്ളതുമായിരുന്നു". ഈ രൂപം സ്ഫുരിക്കുന്ന അധികാരഭാവത്തില്‍ നിന്നും മനസിലാക്കാവുന്നത് ഈ ശില്പം ഒരുപക്ഷേ സിന്ധൂനദീതട സംസ്കാരത്തിലെ ഏതെങ്കിലും രാജ്ഞിയുടേതോ മറ്റ് ഏതെങ്കിലും പ്രധാനപ്പെട്ട സ്ത്രീയുടേതോ ആവാം എന്നാണ്.
പുരോഹിത രാജാവ് എന്നറിയപ്പെടുന്ന (ഈ നഗരത്തെ രാജാക്കന്മാരോ പുരോഹിതരോ ഭരിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഒന്നും ഇല്ലെങ്കിലും) ഇരിക്കുന്ന പുരുഷന്റെ ശില്പം പ്രശസ്തമാണ്. 17.5 സെ.മീ ഉയരമുള്ള ഈ ശില്പം സിന്ധൂ നദീതട നാഗരികതയുടെ ഒരു ചിഹ്നമായി കരുതപ്പെടുന്ന ശില്പമാണ്. പുരാവസ്തു ഗവേഷകര്‍ 1927-ല്‍ മോഹന്‍ജൊ-ദാരോയിലെ കീഴ്-പട്ടണത്തില്‍ നിന്നാണ് ഈ ശില്പം കണ്ടെത്തിയത്. അലങ്കരിച്ച ചുടുകല്ലുകളും ചുമരില്‍ ബിംബത്തിനായി കുഴിയും ഉള്ള ഒരു അസാധാരണമായ വീട്ടില്‍ നിന്നാണ് ഈ ശില്പം കണ്ടെത്തിയത്. ഒരിക്കല്‍ മച്ചിനെ താങ്ങിനിറുത്തിയിരുന്നതും വീണുകിടക്കുന്നതുമായ ചുമരുകള്‍ക്ക് ഇടയില്‍ നിന്നാണ് ശില്പം ലഭിച്ചത്.
ഈ താടിയുള്ള ശില്പത്തിന്റെ തലയ്ക്കു ചുറ്റും ആഭരണം കൊത്തിവെച്ചിരിക്കുന്നു. ഒരു കൈത്തളയും, അലങ്കരിച്ച തൃഫല രൂപങ്ങളുള്ള വസ്ത്രവും കൊത്തിവെച്ചിരിക്കുന്നു. വസ്ത്രം മുന്‍പ് ചുവന്ന ചായം കൊണ്ട് പൂശിയിരുന്നു.
[തിരുത്തുക] ഇന്നത്തെ യുണെസ്കോ സ്ഥിതി
സര്‍ക്കാരില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള ധനസഹായം നിന്നുപോയതില്‍പ്പിന്നെ മോഹന്‍ജൊ-ദാരോയിലെ പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ 1996 ഡിസംബറില്‍ നിറുത്തിവെയ്ക്കപ്പെട്ടു. എന്നാല്‍, 1997 ഏപ്രിലില്‍ യുണെസ്കോ (യു.എന്‍. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന) മോഹന്‍ജൊ-ദാരോയിലെ നിര്‍മ്മിതികളെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി പത്ത് ദശലക്ഷം ഡോളറിന്റെ രണ്ട് ദശകം നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതിക്കായി ധനം അനുവദിച്ചു
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ http://www.ancientindia.co.uk/indus/explore/his03.html
- ↑ Mohenjo-Daro: An Ancient Indus Valley Metropolis. ശേഖരിച്ചത് 2008-05-19.
- ↑ Mohenjo-Daro: An Ancient Indus Valley Metropolis. ശേഖരിച്ചത് 2008-05-19.
- ↑ Mohenjo-Daro.
- ↑ Mohenjo-Daro.
- ↑ Beck, Roger B.; Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, (1999). World History: Patterns of Interaction. Evanston, IL: McDougal Littell. ISBN 0-395-87274-X.
- ↑ A H Dani (1992), Critical Assessment of Recent Evidence on Mohenjodaro, Second International Symposium on Mohenjodaro, 24-27 February.
- ↑ Kenoyer, Jonathan Mark. “Indus Cities, Towns and Villages.” Ancient Cities of the Indus Valley Civilization. Islamabad: American Institute of Pakistan Studies, 1998. 65.
- ↑ Gregory L. Possehl (2002), The Indus Civilization: A Contemporary Perspective, AltaMira Press. ISBN 978-0-7591-0172-2.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- {{{2}}} travel guide from w:Wikitravel
- ഹാരപ്പ
- archaeology.about.com
- ഹാരപ്പ ഭൂമിശാസ്ത്രം
- HistoryWorld
- Mohenjo-daro
- Mohenjo-daro
- പാക്കിസ്ഥാനിലെ സംസ്കാരങ്ങള്‍
- മോഹന്‍ജൊ-ദാരൊ ജീവിതരീതി
- The Telegraph