മൈക്കൽ എല്ലിസ് ഡിബാക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കൽ എല്ലിസ് ഡിബാക്കി
Michael Ellis DeBakey
ജനനം(1908-09-07)സെപ്റ്റംബർ 7, 1908
മരണംജൂലൈ 11, 2008(2008-07-11) (പ്രായം 99)
കലാലയംTulane University

മൈക്കൽ എല്ലിസ് ഡിബാക്കി ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ അമേരിക്കൻ ഭിഷഗ്വരനായിരുന്നു. ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുന്നത്.

ഹാർട്ട്-ലങ് മെഷീൻ[തിരുത്തുക]

1908 സെപ്റ്റംബർ 7-ന് ലോസ് ആഞ്ചലസിലെ ലേക്ക് ചാൾസിൽ ജനിച്ചു. ടൂലെയ് ൻ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും (1932) ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും (1935) നേടിയ ശേഷം യു. എസ്സിലേയും യൂറോപ്പിലേയും വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായി സേവനം അനുഷ്ഠിച്ചു. 1937-48 കാലത്ത് ടൂലെയ്നിൽ അധ്യാപകനായി പ്രവർത്തിച്ചു വരവേ രക്ത വ്യതിവ്യാപനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ മുഴുകി. ഈ കാലഘട്ടത്തിൽ ഇദ്ദേഹം നിർമിച്ച റോളർ പമ്പാണ് ഇന്നും ബൈപ്പാസ് ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഹാർട്ട്-ലങ് മെഷീന്റെ ഒരു അനിവാര്യ ഘടകം. ശസ്ത്രക്രിയയുടെ സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ച് പകരം റോളർ പമ്പ് ഘടിപ്പിച്ച ഹാർട്ട്-ലങ് മെഷീൻ പ്രവർത്തിപ്പിക്കാനായത് ഹൃദയ ശസ്ത്രക്രിയാ രംഗത്തെ വഴിത്തിരിവായി.

ടെക്സാസ് ടൊർനാഡോ[തിരുത്തുക]

1948-ൽ ഇദ്ദേഹം ഹൂസ്റ്റണിലെ ബെയ്ലർ യൂണിവേഴ്സിറ്റി കോളജ് ഒഫ് മെഡിസിനിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായി പ്രവേശിച്ചു. ടെക്സാസ് ടൊർനാഡോ എന്ന പേരിൽ ഡിബാക്കി അറിയപ്പെട്ടു തുടങ്ങിയത് ഇക്കാലത്താണ്. അനവധി ശസ്ത്രക്രിയകൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്തിരുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണമുണ്ടായത്. കഴുത്തിലെ കരോറ്റിഡ് ആർട്ടറിയിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ 1953-ൽ ഡിബാക്കി നടത്തിയ ശസ്ത്രക്രിയ പക്ഷാഘാതത്തിനുളള ആധുനിക ശസ്ത്രക്രിയയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. അടഞ്ഞുപോയ ഹൃദയ ധമനിക്ക് പകരം രോഗിയുടെ കാലിൽ നിന്നു മുറിച്ചെടുത്ത രക്തക്കുഴൽ സ്ഥാപിച്ച് ഡിബാക്കി നടത്തിയ ബൈപ്പാസ് ശസ്ത്രക്രിയ ചരിത്ര സംഭവമായി. 1965-ൽ ഡിബാക്കി നടത്തിയ ഹൃദയം തുറന്നുളള ഒരു ശസ്ത്രക്രിയ ടെലിവിഷനിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്തത് വിസ്മയജനകമായിരുന്നു.

അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ[തിരുത്തുക]

കൃത്രിമ ഹൃദയം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചതും ഡിബാക്കിയാണ്. 1967-ൽ ഇദ്ദേഹം ഒരു കൃത്രിമ ഹൃദയ പമ്പ് ഒരു രോഗിയുടെ ഹൃദയത്തിൽ സ്ഥാപിച്ചു. ഡാക്രോൺ ട്യൂബുകളുപയോഗിച്ച് ആദ്യമായി കൃത്രിമ രക്തക്കുഴലുണ്ടാക്കിയതും ഇദ്ദേഹം തന്നെ. ക്രിസ്ത്യൻ ബർണാഡിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും (1967) ഒരു പടി മുന്നിലായി 1970 കളിൽ ഒന്നിലധികം അവയവങ്ങൾ മാറ്റിവയ്ക്കുന്ന (Multiple transplant) ശസ്ത്രക്രിയ നടത്തി ഡിബാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ഹൃദയം, രണ്ടു വൃക്കകൾ, ശ്വാസകോശം എന്നിവ നാലു പേരിലേക്ക് പറിച്ചു നടുകയാണ് ഇദ്ദേഹം ചെയ്തത്. ലോകത്തെ ആദ്യ ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റ് (യു.എസ്.) സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഹൃദയധമനികൾക്ക് കനം ഏറുന്ന അഥിറോസ് ക്ലീറോസിസ് എന്ന അവസ്ഥയുടെ ഒരു കാരണം സൈറ്റോമെഗാലോ വൈറസ് ആണെന്ന് ഡിബാക്കിയുടെ നേതൃത്വത്തിൽ ബെയ്‌ലർ കോളജ് ഒഫ് മെഡിസിനിൽ പ്രവർത്തിച്ച ഗവേഷക സംഘം 1983-ൽ തെളിയിച്ചു. ബെയ്‌ലർ കോളജിന്റെ പ്രസിഡന്റ്, ചാൻസലർ എന്നീ നിലകളിൽ ഏതാണ്ട് 53 വർഷം ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയുണ്ടായി. 2008 ജൂലൈ 11-ന് തന്റെ 99ആം വയസ്സിൽ ടെക്സാസിലുള്ള ഹ്യൂസ്റ്റണിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-20. Retrieved 2012-10-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിബാക്കി, മൈക്കൽ എല്ലിസ് (1908 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.